നിള ഒരു പ്രതീകമാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രതീക്ഷകളുടേയും പ്രതീകം. നിളയുടെ കരങ്ങളിലേക്കു പ്രണയത്തിന്റെ സമ്മോഹനമായ കരളും കാതരഭാവവും സമര്‍പ്പിക്കുകയാണ് ഐശ്വര്യറാവു എന്ന ഗായിക. ‘നിള-ഫോര്‍ ദ ലവ് ഓഫ് എ ലൈഫ്ടൈം’ എന്ന തന്റെ കന്നി സംഗീത ആല്‍ബത്തിലൂടെയാണ് ഐശ്വര്യറാവു തന്റെ വഴി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ആല്‍ബത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഗാനരചനയും സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് ഐശ്വര്യറാവു തന്നെയാണെന്നതാണ്. ഗാനത്തിന്റെ പ്രോഗ്രാമിംഗ് ചെയ്തിരിക്കുന്നത് പ്രമുഖ ഗിറ്റാറിസ്റ്റ് സുമേഷ് പരമേശ്വരനാണ്.
എന്തുകൊണ്ടാണ് തന്റെ കന്നി ആല്‍ബത്തിന് ഐശ്വര്യ പ്രണയം തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്? ഐശ്വര്യറാവു: പ്രണയത്തിന് ഒരിക്കലും നശിച്ചുപോകാത്ത ഒരു സ്ഥായീഭാവമുണ്ട്. മനുഷ്യനും പ്രകൃതിയും ഒന്നാവുന്ന ഒരു സമ്മേളനമാണത്. പ്രണയത്തിന് അനേകതരം ഭാവങ്ങളും നമുക്കു കാണാം. അവിടെ പ്രതീക്ഷയുണ്ട്. മനസ്സിനെ തരളിതമാക്കുന്ന വികാര കല്ലോലങ്ങളുണ്ട്. വിരഹമുണ്ട്. നോവുണ്ട്. ഒരു നദിയുടെ ഭാവമാണ് പ്രണയത്തിന്. ഓളങ്ങളുടെ ഗതിവിഗതികളെപ്പോലെ പ്രണയവും നിറപ്പകര്‍ച്ചയുമുണ്ട്. അതുകൊണ്ടാണ് ഈ ആല്‍ബത്തിന് നിള എന്നു പേരിടാന്‍ തന്നെ കാരണം. അനുസ്യൂതവും അഭംഗുരവുമായൊരു ഒഴുക്കാണത്.
ഈ ആല്‍ബത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ആലാപനത്തിനു പുറമേ രചനയും സംഗീതവും ഐശ്വര്യ തന്നെ നിര്‍വഹിച്ചു എന്നതാണ്. ഐശ്വര്യ: “ഇതെന്റെ പ്രഥമ സംരംഭമാണ്. അവിടെ വാക്കുകളിലൂടേയും സംഗീതത്തിലൂടേയും എനിക്കു പറയാനോ, പ്രകടിപ്പിക്കാനോ ഉള്ളതായി ചില കാര്യങ്ങളുണ്ടായിരുന്നു. സത്യത്തില്‍ സംഗീതത്തില്‍നിന്നാണ് ആ വരികള്‍ പിറക്കുന്നത്. അതുകൊണ്ടുതന്നെ ചിട്ടപ്പെടുത്തുക എന്നൊരു ജോലി ഈ ഗാനത്തിനുണ്ടായിരുന്നില്ല. എന്നാല്‍ പാ്ട്ടിന്റെ പ്രോഗ്രാമിംഗ്, ഓര്‍ക്കസ്ട്രേഷ്ന്‍, മിക്സിംഗ് എല്ലാം നിര്‍വഹിച്ചത് സുമേഷ് പരമേശ്വരനാണ്. അദ്ദേഹത്തിന്റെ സഹായവും ഈ ആല്‍ബത്തിന് കിട്ടിയ ശക്തിയാണ്. ഏറ്റവും എടുത്തുപറയേണ്ട കാര്യം ഈ ആല്‍ബം റിലീസ് ചെയ്ത പ്ലാറ്റുഫോമാണ്. പ്രമുഖ സംഗീതസംവിധായകനായ ബിജിബാല്‍ സാറിന്റെ ഉടമസ്ഥതയിലുള്ള ബോധി സൈലന്റ് സ്കേപിലാണ്. അത്തരമൊരു പ്രശസ്തമായ പ്ലാറ്റുഫോമില്‍ എന്റെ കന്നിസംരംഭം റിലീസ് ചെയ്യപ്പെടാന്‍ സാധിച്ചതില്‍ ഒരു ഗായിക എന്ന നിലയില്‍ എനിക്കു അളവറ്റ സന്തോഷമുണ്ട്.”
ഗാനം റിലീസ് ചെയ്തപ്പോഴുണ്ടായ പ്രതികരണം, ഐശ്വര്യ: “ആദ്യം എനിക്കൊരു ഭയമുണ്ടായിരുന്നു. ബോധി സൈലന്റെ സ്കേപ് പോലുള്ളൊരു അതിപ്രശസ്തമായ യൂട്യൂബ് പ്ലാറ്റുഫോറത്തില്‍ റിലീസ് ചെയ്യപ്പെടുമ്പോള്‍ അതു വേണ്ടവിധം വ്യൂ ചെയ്യപ്പെട്ടില്ലെങ്കില്‍ സകല തകരാറും എന്റേതു തന്നെയായിരിക്കും. എന്നാല്‍ എന്റെ ആശങ്കകളെ ഇല്ലാതാക്കുന്ന രീതിയിലാണ് ആ ഗനത്തിനു ലഭിച്ച സ്വീകരണം. റിലീസ് മൂന്നാം ദിവസംതന്നെ ഏതാണ് 18K വ്യൂ ചെയ്യപ്പെട്ടു. വളരെ നല്ല കമന്റുകളുമാണ് വരുന്നത്.”
സംഗീതമാണോ ജീവിതത്തില്‍ ഇഷ്ടമുള്ളത്? ഐശ്വര്യ: “ഞാന്‍ ഏതാണ്ട് എന്റെ മൂന്നുവയസ്സുമുതല്‍ കര്‍ണാടകസംഗീതം അഭ്യസിച്ചുവരുന്നുണ്ട്. സ്വാഭാവികമായും സംഗീതത്തോട് എനിക്കു അടങ്ങാത്ത അഭിനിവേശമുണ്ട്. അതും ഒരു പ്രണയമാണെന്നു പറയാം. സംഗീതത്തില്‍ എത്രത്തോളം പോകാമോ അത്രത്തോളം മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ ഞാന്‍ ഹിന്ദുസ്ഥാനി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്താദ് ഫയാസ് ഖാന്റെ കീഴിലാണ് പരിശീലനം.”
സംഗീതപരിപാടികള്‍? ഐശ്വര്യ: “എന്റെ പന്ത്രണ്ടു വയസ്സുമുതല്‍ ഞാന്‍ സ്റ്റേജ് ഷോകളില്‍ പങ്കെടുത്തുവരുന്നുണ്ട്. മലയാളത്തിലെ ഏതാണ്ടെല്ലാ ഗായകരോടൊപ്പവും പാടിയിട്ടുണ്ട്. ഡിവോഷണലും അല്ലാ്ത്തതുമായ ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്ത ‘ദേ മാവേലി കൊമ്പത്ത്’ എന്ന സീരിസില്‍ പാടകയും ഡബ്ബ് ചെയ്യുകയും ചെയ്തിട്ടുണ്ട്.”
എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത ഐശ്വര്യറാവു ഇപ്പോള്‍ എം.ജി. യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം നടത്തുന്നു. കുവൈത്തില്‍ എഞ്ചിനീയറായ സന്ദീപ് റാം ആണ് ഭര്‍ത്താവ്. നാലു വയസ്സുകാരനായ ആദിദേവ് മകന്.