വിവരണം – ജോഷ്‌ന ഷാരോൺ ജോൺസൻ.
പല തരത്തിലുള്ള യാത്രികരെ കാണാറുണ്ട് ഞാൻ. ഒരു രൂപ പോലും കയ്യിൽ വയ്ക്കാതെ ഹിച്ച് ഹൈക്കിങ് ചെയ്തു വരുന്നവർ, നടന്നു വരുന്നവർ, സൈക്കിൾ ചവിട്ടി വരുന്നവർ, ബസ്സിൽ വരുന്നവർ, ടാക്സിയിൽ വരുന്നവർ, ബൈക്ക് – കാർ ഓടിച്ചു വരുന്നവർ, വണ്ടി റെന്റിനെടുത്തു വരുന്നവർ, ഫ്ലൈറ്റിൽ വരുന്നവർ… എന്നാൽ അവരെന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.
നാലു ദിവസം മുൻപാണ് നിയാസും ഷാഫിയും വരുന്നത്. മാർക്കറ്റിലെ ചുറ്റലും കറക്കവും കഴിഞ്ഞു ഇനി വന്നില്ലെങ്കിൽ നിന്റെ ചിക്കൻ തീറ്റ ഞാൻ നിർത്തും എന്ന സുധിയുടെ ഭീഷണിയിൽ വഴങ്ങി ഞാൻ ഹോട്ടലിൽ മടങ്ങിയെത്തി. ആദ്യം കണ്ടപ്പോൾ തന്നെ മലയാളികളാണെന്ന് മനസിലായി. അതുകൊണ്ടു പതിവ് കത്തിവപ്പ് തുടങ്ങി.
എത്ര ദിവസമായി വീട്ടിൽ നിന്നിറങ്ങിയിട്ട്.. എന്ന ചോദ്യത്തിന് 50 ദിവസം എന്ന മറുപടി എന്നെയാദ്യം ഞെട്ടിച്ചു. സൈക്കിൾ ചവിട്ടി വന്നു എന്നത് എന്നെ പിന്നെയും ഞെട്ടിച്ചു. ഇതുപോലുള്ള യാത്രകൾ അഞ്ചു വർഷമായി ഒരുമിച്ചു ചെയ്യുന്നുവെന്ന അടുത്ത മറുപടി വീണ്ടും ഞെട്ടിച്ചു. ഉറക്കം പള്ളികളിലും പൊതു ഇടങ്ങളിലും. ഏറ്റവുമൊടുവിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഹോട്ടലിന്റെ മുകളിൽ കിടന്നോട്ടെ എന്നവർ ചോദിച്ചു. മുൻപ് ഞങ്ങൾ അതനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ സെക്യൂരിറ്റി പ്രോബ്ലെംസ് കാരണം അത് ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചില്ല.
രാവിലെ കർതുന്ഗ്ലക്ക് പോകേണ്ടതിനാൽ ഞങ്ങളുടെ ഒപ്പം വീട്ടിലേക്ക് വരാനും അവർ തയ്യാറായില്ല. ഒടുവിൽ താഴെ മാർക്കറ്റിനരികിലുള്ള റോഡിൽ കാവൽ നിൽക്കുന്ന മിലിട്ടറിക്കാരുടെ അടുത്ത് കാര്യം പറഞ്ഞു. നല്ല ഏലക്കാ ചായയും ഇഞ്ചി ചായയും ഇടനയപ്പവും ഉണ്ണിയപ്പോം കൊഴുക്കട്ടമൊക്കെ എല്ലാ ദിവസവും കൊടുത്തു ഞാനവരെ കൂട്ടുകാരാക്കിയിട്ടുണ്ട്. അതിന്റെ നന്ദിയിൽ അവർ സമ്മതിച്ചു. ആർമി ചേട്ടന്മാർ അടുത്തുള്ള ട്രാഫിക് പോലീസ് സ്റ്റേഷനിൽ അവരെ ഉറങ്ങാൻ സമ്മതിച്ചു. അവർ തന്നെ നിലം വൃത്തിയാക്കി കാർബോർഡ് വിരിച്ചു മാറ്റ് ഇട്ടു അവർക്കു എല്ലാം ചെയ്തു കൊടുത്തു.
രാവിലെ കർതുന്ഗ്ലക്ക് പോകേണ്ടതിനാൽ ഹോട്ടലിലെ ടോയ്ലറ്റ് കീ അവരെ ഏൽപ്പിച്ചു ഞാനും സുധിയും വീട്ടിലേക്കും പൊന്നു. എന്നാൽ പിറ്റേന്ന് മൂന്നുമണിക്ക് എത്തുമെന്ന് പറഞ്ഞവർ അഞ്ചു മണിയായിട്ടും എത്തിയില്ല. എനിക്കധിയായി. കാലാവസ്ഥ വളരെ മോശം.
അവസാനം അന്വേഷിച്ച് പോകാൻ സുധി ഇറങ്ങിയപ്പോഴേക്കും പതുക്കെ രണ്ടു പേരും കിതച്ചും പ്രാഞ്ചിയും എത്തി. കർതുന്ഗ്ല പോയി തിരിച്ചു വരും വഴിയിൽ മഞ്ഞിൽ പെട്ടുപോയ രണ്ടുപേരെയും ഒരു ലോറി ഡ്രൈവർ സഹായിച്ച് സൈക്കിളും കയറ്റി തിരിച്ചെത്തിച്ചു.
രാത്രി നിസ്കാരം കഴിഞ്ഞു, ബിരിയാണീം കട്ടൻചായയും കുടിച്ചു തലേന്ന് സഹായിച്ച ആർമിക്കാർക്കു എന്റെയൊപ്പം ചായേം വട്ടായപ്പോപ്പോം കൊടുത്തു, കെട്ടിപ്പിച്ചു ഉമ്മയും കൊടുത്തു, ഞങ്ങളോട് യാത്രയും പറഞ്ഞു പിള്ളേർ ബസ് പിടിക്കാൻ പോയി.
ഇവിടുത്തെ നായ്ക്കൾക്ക് അപരിചിതരെ കാണാൻ വയ്യ. രാത്രിയായതുകൊണ്ടു സേഫ് ആയി എത്തിയെന്നു അറിയാൻ ഞങ്ങൾ പോയി നോക്കി. ബസ് സ്റ്റാൻഡിൽ സൈക്കിൾ ചാരി വച്ച് ഒരു വശം ചരിഞ്ഞിരുന്ന ഉറങ്ങുന്നു. എഴുന്നേൽപ്പിച്ചു വീണ്ടും യാത്ര പറയാൻ നിൽക്കാതെ ഞങ്ങളും തിരികെ പോന്നു.
നിയാസിനും ഷാഫിക്കും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. രണ്ടു പേർക്കും തിരികെ ചെല്ലുമ്പോൾ ജോലിയുമുണ്ടാകില്ല. എന്നാൽ ഇതൊന്നും യാത്രകളിൽനിന്നു അവരെ തിരികെ വിളിക്കുന്നില്ല. കാരണം യാത്രയെ പ്രണയിക്കുന്നവരാണവർ..
ലഡാക്കിൽ എന്താവശ്യങ്ങൾക്കും വിളിക്കാം: 8848392395, 8086932149.
1 comment
ചേച്ചിയും സുധി ചേട്ടനും പോളി ആണ്… നിങ്ങളെ രണ്ടു പേരെയും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്.. അതിലുപരി നന്ദിയും.. നേരത്തിനു നേരത്തിനു ഫ്രീ ആയി ഭക്ഷണം തന്നതിനും, പട്ടാളക്കാർക്കിടയിൽ കിടന്നുറങ്ങാൻ ഒരു അവസരം ഒരുക്കി തന്നതിലും അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും.. Thankyou chechi,, thankyou sudhi chetta.. 😘😘😘