വിവരണം – ജിതിൻ ജോഷി.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ജനിച്ച ഞങ്ങളൊക്കെയാണ് സത്യത്തിൽ ഭാഗ്യം ചെയ്തവർ. കാലഘട്ടങ്ങളുടെ മാറ്റങ്ങൾ കണ്മുന്നിൽ കണ്ടവർ. പഴമയും പുതുമയും ഒരേപോലെ തൊട്ടനുഭവിച്ചവർ..
സ്കൂളിൽ പോകുമ്പോൾ തെരുവപ്പുല്ല് പറിച്ചു അതിന്റെ കമ്പിന്റെ അറ്റം മടക്കി വണ്ടിപോലെ ഓടിച്ചു പോയിട്ടുണ്ടോ? വൈകുന്നേരം സ്കൂൾ വിടുമ്പോൾ ആ “വണ്ടിയിൽ” തന്നെ തിരികെവരാനായി റോഡരികിലെ പുല്ലിനുള്ളിൽ അത് ഒളിച്ചു വച്ചിട്ടുണ്ടോ? ഞങ്ങളുടെ ബാല്യകാലങ്ങളിൽ ദിവസം ആരംഭിച്ചിരുന്നത് ആകാശവാണിയിൽ 6.25 നു തുടങ്ങുന്ന ഭക്തിഗാനങ്ങൾ കേട്ടുകൊണ്ടായിരുന്നു.പള്ളിക്കാരുടെയും അമ്പലക്കാരുടെയും മുസ്ലീംപള്ളിക്കാരുടെയും പാട്ടുകൾ മാറിമാറി വരുന്നത് കേട്ടുണർന്ന ബാല്യം.
മലയാള വാർത്തകൾക്ക് ശേഷം “ശമ്പതി വാർത്താകാം ഷൂവാൻതാം.. പ്രവാചക ബലതിവാനന്തസാഗര” എന്ന് സംസ്കൃത വാർത്ത തുടങ്ങുമ്പോൾ മുതൽ സ്കൂളിൽ പോവാനുള്ള ഒരുക്കങ്ങൾ തുടങ്ങും. അലക്കിത്തേച്ച വെള്ളഷർട്ടും നീലപ്പാന്റും. പിന്നെ നേരത്തെ കഴുകി ഉണക്കാൻ ഭിത്തിയിൽ ചാരിവച്ച പാരഗൺ ചെരിപ്പും. ആഹാ.. അന്തസ്..
ഇന്നത്തെപ്പോലെ പടിക്കൽ വന്നു ഹോൺ മുഴക്കുന്ന സ്കൂൾ ബസ്സുകൾ ഞങ്ങൾ അന്ന് കണ്ടിട്ടില്ല. പക്ഷെ നീല നിറത്തിലുള്ള വലയ്ക്കുള്ളിൽ പാത്രം ഇറക്കിവച്ചു ഒരു കയ്യിൽ വലയും മറുകൈകൊണ്ടു ബാഗും പിടിച്ചു സ്കൂളിലേക്കുള്ള നടത്തം ഒരുകാലത്തും ഞങ്ങൾ മറക്കില്ല.
ടാറിടാത്ത മൺറോഡിലേക്ക് ചെറിയ നടപ്പാതകൾ ചേരുന്നിടങ്ങളിൽ ജോമിറ്റും ഷിന്റോയും സന്ദീപും ധനേഷുമൊക്കെ കാത്തുനിൽപ്പുണ്ടാവും. അന്നൊക്കെ പതിവുസമയം കഴിഞ്ഞിട്ടും ആളെ കണ്ടില്ലെങ്കിൽ വഴിയിൽ ഒരു ചപ്പ് പറിച്ചിട്ടതിനുശേഷമേ പോകാൻ പാടുള്ളു. വഴിയിൽ കിടക്കുന്ന ആ ചപ്പ് ഒരു അറിയിപ്പാണ്. ഞാൻ പോയി എന്ന അറിയിപ്പ്..
വല്ലപ്പോഴും കിട്ടുന്ന പത്തുപൈസായും ഇരുപത് പൈസയും ആയിരുന്നു കൂട്ടുകാർക്കുള്ള “ട്രീറ്റുകൾ”. പെപ്സി മുട്ടായി, പുളിയച്ചാർ, പൊടിയച്ചാർ, തേൻമിട്ടായി, കടിച്ചാപൊട്ടി, പഞ്ഞിമുട്ടായി എന്നിങ്ങനെ ബാല്യം വർണശബളമാക്കിയ എത്രയോ മുട്ടായികൾ. സോപ്പ്കൂട് ശേഖരണവും, ട്രംപ് കാർഡ് കളികളും ആയിരുന്നു പ്രധാന സമയംകൊല്ലികൾ. ഫോറിൻ സോപ്പിന്റെ കൂട് കൈവശമുള്ളവനെ കൂട്ടത്തിൽ നേതാവാക്കുന്നതും ആരാധനയോടെ നോക്കുന്നതും ഇന്നത്തെ തലമുറയ്ക്ക് സങ്കല്പിക്കാനാകുമോ?
DPEP – “ഡാൻസും പാട്ടും ഇടയ്ക്ക് പഠിത്തവും” ഇതായിരുന്നു ഞങ്ങൾ വിദ്യാഭാസത്തിന് നൽകിയ നിർവചനം. അത്യാവശ്യം തരികിടകൾ ഒക്കെ കളിച്ചിരുന്നുവെങ്കിലും ആരും മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആത്മഹത്യ ചെയ്തതായി ഓർമ്മയിലില്ല. അധ്യാപകർ തല്ലിയിട്ടുണ്ട്. ഒത്തിരി വഴക്ക് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇന്ന് അവരിൽ ആരെ കണ്ടാലും ഓടി അരികിൽ ചെല്ലാനും അവരുടെ കൈകളിൽ പിടിക്കാനുമുള്ള സ്നേഹം കാലം ഞങ്ങളിൽ ബാക്കിവച്ചിട്ടുണ്ട്.
അന്ന് ഞങ്ങൾക്ക് ശീതികരിച്ച സ്മാർട് ക്ലാസ്സ്മുറികൾ ഇല്ലായിരുന്നു. പക്ഷെ ഇടയ്ക്ക് മാഷ് ക്ളാസ്സുകൾ മുറ്റത്തെ ഏതെങ്കിലും മരച്ചുവട്ടിലേക്ക് മാറ്റാറുണ്ട്. ഏറ്റവും നന്നായി ആസ്വദിച്ച ക്ലാസ്സുകളും അതൊക്കെയായിരുന്നു..
സ്കൂൾ വിട്ടു വീട്ടിലേക്കുള്ള യാത്രയും രസമാണ്. പുല്ലേചവിട്ട് എന്നൊരു കളിയുണ്ട്. പുല്ലിൽ ചവിട്ടി മാത്രമേ നടക്കാൻ പാടുള്ളു. പുല്ലില്ലാത്ത സ്ഥലത്ത് നിക്കുമ്പോൾ നമ്മളെ പുറത്ത് നിൽക്കുന്നയാൾ പിടിച്ചാൽ നമ്മൾ ഔട്ട് ആകും. ഇതൊക്കെ കളിച്ചു വീട്ടിൽ എത്തുമ്പോൾ ഒരു നേരം ആയിട്ടുണ്ടാകും. വീട്ടിലെത്തിയാൽ ബാഗും വച്ചിട്ട് ഒരു ഓട്ടമാണ്. റബ്ബർ തോട്ടത്തിലേക്ക്. ബാക്കി കളികൾ അവിടെ. റബ്ബർകായ ഉരച്ചു ദേഹത്തുവച്ചു പൊള്ളിക്കുക എന്നതായിരുന്നു അന്നത്തെ ക്രൂര വിനോദം.
ഓർത്തുനോക്കിയാൽ ഒരുപാടുണ്ട്. ഇപ്പോളും ചുണ്ടിൽ ചിരി വിടർത്തുന്ന ഓർമ്മകൾ. പഴയ ലൈൻ അടികളും അവ ഉണ്ടാക്കിവച്ച പ്രശ്നങ്ങളും. കൂട്ടുകാർ തമ്മിലുള്ള ചെറിയ ചെറിയ പിണക്കങ്ങൾ. ഉച്ചക്ക് ചോറുണ്ടതിനുശേഷം അന്നത്തെ ചെറിയ ടൗണിലൂടെയുള്ള കറക്കം. ഒരു കടിച്ചാൽപൊട്ടി മേടിച്ചു നാലായി മുറിക്കാനുള്ള കഷ്ടപ്പാടുകൾ. അങ്ങിനെയങ്ങനെ..
സൈക്കിൾ ചക്രവും കറുത്ത ഓസ് പൈപ്പും വാഹനമാക്കി എത്രയോ ദൂരങ്ങൾ താണ്ടിയിരിക്കുന്നു. കശുമാമ്പഴത്തിന്റെ കറ വീണു നശിച്ചുപോയ എത്രയോ യൂണിഫോം ഷർട്ടുകൾ. ക്ലാസ്സ്മുറികളിലേ ഡെസ്കുകളിൽ ഞങ്ങൾ കോമ്പസ് ഉപയോഗിച്ചു കോറിയിട്ട പേരുകൾ ഇപ്പോളും അങ്ങനെതന്നെ കിടക്കുന്നുണ്ടാകും, ഇന്നലെകളുടെ ഓർമ്മകളുടെ തിരുശേഷിപ്പുകളായി.
അങ്ങനെ ഇന്നത്തെ തലമുറ കാണാത്ത, അനുഭവിക്കാത്ത ഒരുപാട് കാര്യങ്ങൾ അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് ഞങ്ങൾ. 5 പൈസയുടെ നാണയം മുതൽ പുതിയ 200 രൂപയുടെ നോട്ട് വരെ കണ്ടവർ. ഇൻലന്റുകളും പോസ്റ്റ്കാർഡുകളും നമ്മുടെ കണ്മുന്നിലൂടെയാണ് ലാൻഡ്ഫോണുകളായും പിന്നീട് മൊബൈൽ ഫോണുകളായും രൂപാന്തരം പ്രാപിച്ചത്.
ശക്തിമാനും കാട്ടിലെ കണ്ണനുമൊക്കെയായിരുന്നു നമ്മുടെ ഹീറോസ്. ദൂരദർശൻ ചാനലിലൂടെ നമ്മുടെ മുന്നിലേക്കെത്തിയ സിനിമകളിലെ സംഘട്ടനരംഗങ്ങൾ നമ്മൾ അഭിനയിച്ചു തീർത്തത് തൊടിയിലെ കമ്മ്യൂണിസ്റ്റ് പച്ചകളിലാണ്. എത്രയോ “കമ്മ്യൂണിസ്റ്റ് പച്ച തലകൾ” നമ്മൾ കൊയ്ത് വീഴ്ത്തിയിരിക്കുന്നു..
വെള്ളിയാഴ്ച വൈകുന്നേരമുള്ള ചിത്രഗീതത്തിനായും ഞായറാഴ്ചകളിലെ സിനിമയ്ക്കായും കാത്തിരുന്ന ബാല്യം. നമുക്കുള്ളത് കൂട്ടുകാരുമായി പങ്കുവച്ചിരുന്ന ആ നല്ല കാലം. ഇന്ന് പബ്ജിയുടെയും മറ്റ് ഗെയിമുകളുടെയും അതിപ്രസരത്തിൽ നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യങ്ങൾ മുങ്ങിത്താഴുമ്പോൾ നമുക്ക് ലഭിക്കുന്നത് യന്ത്രമനുഷ്യരെപ്പോലെയുള്ള ഒരു തലമുറയെയാണ്. അവരും അറിയണം എങ്ങനെയായിരുന്നു നമ്മുടെ ബാല്യകാലങ്ങളെന്ന്. എങ്ങനെയായിരുന്നു നമ്മളൊക്കെ ബാല്യം ആഘോഷമാക്കിയതെന്ന്.