ഈ ചിത്രത്തിന് ഒരു കഥ പറയാനുണ്ട്. 1998ൽ തുടങ്ങിയ എന്റെ നേഴ്സിങ് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രിയുടെ കഥ. അന്ന് ജനറൽ ഹോസ്പിറ്റൽ പത്തനംതിട്ടയിലെ ഒരു കാഷ്വാലിറ്റി നൈറ്റ് ഡ്യൂട്ടി വേറൊരു സിസ്റ്ററിന് വേണ്ടി അഡ്ജസ്റ്റ് ചെയ്ത് കയറിയതാണ് ഞാൻ. ഏകദേശം പത്തു മണിയായി കാണും കുറെ ആൾക്കാർ ഒന്നര വയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞിനെയുമെടുത്ത് കാഷ്വാലിറ്റിയിലേക്ക് ഓടിക്കയറി വന്നു.
സീതത്തോട് ട്രൈബൽ കോളനിയിൽ നിന്നാണ് അവർ വന്നത്. അവന്റെ അമ്മയോട് വഴക്കുണ്ടാക്കി അച്ഛൻ അവനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്രേ! അയാളുടെ ഉപദ്രവം സഹിക്കാനാവാതെ ഗർഭിണിയായ അമ്മ കാട്ടിലേക്കും ഓടിപ്പോയിരുന്നു. ഇതൊക്കെ കണ്ടു നിന്നവരാണ് ആ കുഞ്ഞിനെയുമെടുത്ത് കാഷ്വാലിറ്റിയിലേക്ക് ഓടിവന്നത്. പരിചയമില്ലാത്ത ആളുകളുടെ മുഖങ്ങളിലേക്ക് ആ കുഞ്ഞു മിഴികൾ പകച്ചു നോക്കുന്നത് ഞാൻ കണ്ടു.
വല്ലാതെ പേടിച്ചരണ്ടിരുന്ന അവനുനേരെ ഞാനെന്റെ കൈകൾ നീട്ടി. പെട്ടെന്ന് ഒരഭയം കിട്ടിയതുപോലെ ആ കുഞ്ഞ് എന്റെ കൈകളിലേക്ക് ചാടിവീണ് എന്നെ കെട്ടിപ്പിടിച്ചു. എന്നിലെ മാതൃത്വം തരളിതമായി പോയി! ഞാനും അവനെ നെഞ്ചോട് ചേർത്ത് മുറുകെ പിടിച്ചു.” ഒന്നുമില്ലടാ മോനെ ഒന്നുമില്ലെടാ എന്ന് ആവർത്തിച്ച് ആവർത്തിച്ച് ഞാൻ പറഞ്ഞു കൊണ്ടിരുന്നു”. അവനു സിസ്റ്ററിനെ അവന്റെ അമ്മയായി തോന്നി കാണും എന്ന് കൂട്ടത്തിൽ വന്ന ഒരാൾ പറയുന്നുണ്ടായിരുന്നു. ശരിയാണ് ആ രാത്രി മുഴുവൻ ഞാൻ അവന്റെ അമ്മയായി.
ഒരു കൈകൊണ്ട് എന്റെ കോട്ടിന്റെ കോളറിൽ മുറുകെപ്പിടിച്ച് ഞാൻ കൂടെയുണ്ടെന്ന് ഉറപ്പിക്കാൻ എന്നപോലെ ഇടയ്ക്കിടെ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു. എന്നെ കൈവിടല്ലേ എന്ന് അവന്റെ നിറകണ്ണുകൾ എന്നോട് പറയാതെ പറയും പോലെ എനിക്ക് തോന്നി. പിറ്റേന്ന് നേരം വെളുക്കുന്നതുവരെ അവൻ ഒരു കുഞ്ഞ് പൂവ് പോലെ വാടിതളർന്നു എന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു മയങ്ങി.
സി റ്റി സ്കാൻ ചെയ്യാൻ പോയപ്പോൾ അവനെ ഞാൻ ടേബിളിൽ കിടത്താൻ ശ്രമിച്ചു. പക്ഷേ അപ്പോഴും അവൻ എന്നെ അങ്ങനെ തന്നെ മുറുകെ പിടിച്ചിരിക്കുകയാണ് ചെയ്തത്. ആ പിടിവിടുവിക്കാൻ എനിക്കും തോന്നിയില്ല.അവനോടൊപ്പം ഞാനും സിറ്റി ടേബിളിൽ അഡ്ജസ്റ്റ് ചെയ്ത് കിടന്നു. ഒരു പരുവത്തിൽ കിടന്നു എന്ന് പറയുന്നതാവും ശരി. അവനെ നെഞ്ചിൽനിന്ന് മാറ്റാതെ തന്നെ അവന്റെ മുഷിഞ്ഞ ഡ്രസ്സു മാറി വേറെ ധരിപ്പിച്ചു. ബിസ്ക്കറ്റും ജ്യൂസും കൊടുത്തു.
ഒരു കൈയിൽ അവനെയും എടുത്തു മറ്റേ കൈകൊണ്ട് ആവുംവിധം ആ രാത്രി ഞാൻ ഡ്യൂട്ടി ചെയ്തു. ഇടയ്ക്കിടെ മയക്കത്തിൽ നിന്ന് ഉണർന്ന് അവൻ എന്റെ മുഖത്തേക്ക് നോക്കുമായിരുന്നു. അപ്പോഴൊക്കെ അവനോട് പറഞ്ഞു “ഉറങ്ങിക്കോ കുട്ടാ ഞാനുണ്ടല്ലോ കൂടെ” എന്ന്. അവനത് മനസ്സിലായോ എന്തോ.
പിറ്റേന്ന് വെളുപ്പിനെ എന്റെ ദേഹം മുഴുവൻ അവൻ ശർദ്ദിച്ചു. അവന്റെ ഉള്ളിൽ വിഷം ചെന്നിട്ടുണ്ടോ എന്ന്അപ്പോഴാണ് ഞങ്ങൾക്ക് സംശയം ഉണ്ടായത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സ്റ്റൊമക്ക് വാഷ് ഒക്കെ കൊടുത്തിട്ട് അവനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. പിന്നെയും അവനെ കുറിച്ച് ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നു. കുഴപ്പമൊന്നുമില്ല എന്നറിഞ്ഞപ്പോൾ ആശ്വാസമായി. കോട്ടയത്ത് നിന്ന് ഡിസ്ചാർജ് ആയപ്പോൾ തണൽ പോലെ ഒരു സന്നദ്ധ സംഘടന അവനെ ഏറ്റെടുത്തു എന്നറിഞ്ഞു.
കുറെ നാളുകൾക്കു ശേഷം അവർ അവനെ കാഷ്വാലിറ്റിയിൽ ചെക്കപ്പിന് കൊണ്ടുവന്നു. എന്നെ കണ്ടിട്ട് അവന് മനസ്സിലായിഎന്ന് എനിക്ക് തോന്നിയില്ല. എന്തോ ഒരു വിഷമം ഇടനെഞ്ചിൽ ഒരു വിങ്ങലായി എനിക്ക് തോന്നി. പിന്നെ ഞാൻ സ്വയം തിരുത്തി കുഞ്ഞല്ലേ അവന് എന്തറിയാം. പക്ഷേ കാഷ്വാലിറ്റി യുടെ പുറത്തേക്കിറങ്ങിയപ്പോൾ എടുത്തിരുന്ന ആളുടെ തോളിൽ നിന്ന് മുഖമുയർത്തി അവനെന്നെ നോക്കി ഒരു ചിരി ചിരിച്ചു ഒപ്പം ഒരു flying കിസ്സും. എന്റെ ദൈവമേ!!! ഒരു നിമിഷം…..
ആ കുഞ്ഞു മനസ്സിന്റെ ഉള്ളിൽ എവിടെയോ എന്റെ മുഖം പതിഞ്ഞു കിടപ്പുണ്ട് എന്നുള്ള അറിവിൽ എന്റെ മനസ്സ് തുളുമ്പിപ്പോയി. ജീവിതത്തിലെ വിലമതിക്കാനാവാത്ത സമ്മാനം കിട്ടിയ ചാരിതാർഥ്യം ഞാൻ അനുഭവിച്ചു. അവന്റെ നിഷ്കളങ്കമായ ആ ഉമ്മയാണ് എന്റെ സർവീസിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്!!!! അവനെക്കുറിച്ചുള്ള ഓർമ്മകളെ ഞാനിന്നും നെഞ്ചോടു ചേർത്തു വയ്ക്കുന്നു.
അതേ രാത്രിയിൽ എടുത്ത ഈ ഫോട്ടോ ഫേസ്ബുക്കിൽ വൈറലായി ഇത് കണ്ട് പലരും എന്നോട് ചോദിച്ചു ഒരു അന്യ കുഞ്ഞിനെ എങ്ങനെ നിനക്ക് ഇങ്ങനെ നെഞ്ചോട് ചേർത്തു പിടിക്കാൻ തോന്നി എന്ന്. അവരോട് ഞാൻ പറഞ്ഞു എല്ലാ കുഞ്ഞുങ്ങളും സ്വന്തം കുഞ്ഞുങ്ങൾ ആണെന്ന് കരുതിയാൽ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം കിട്ടും എന്ന്. ഒരിക്കൽ കൂടി ഞാൻ മാതൃത്വം അനുഭവിച്ചറിഞ്ഞ എന്റെ സർവീസ് ജീവിതത്തിലെ അതിമനോഹരമായ ആ രാത്രി ഒരിക്കലും എനിക്ക് മറക്കാൻ ആവില്ല.
ജീവിതവഴിയിലെ പ്രതിസന്ധികളെ എല്ലാം സധൈര്യം തരണം ചെയ്തു തലയുയർത്തിപ്പിടിച്ച് ജീവിക്കാൻ, മറ്റുള്ളവരുടെ ജീവിതത്തിൽ നന്മയുടെയും കരുണയുടെയും പ്രകാശം പരത്താൻ, സഹായം തേടുന്നവരുടെ നേരെ ഇരുകൈകളും നീട്ടി ഞാനുണ്ട് കൂടെ എന്ന് സ്നേഹത്തോടെ പറയാൻ, എല്ലാ ഐശ്വര്യങ്ങളും നിറയെ നൽകി അവനെ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
കടപ്പാട് : Nancymol K S Biji.
Nurses day യോട് അനുബന്ധിച്ചു Muthoot group ഓൺലൈൻ ആയി ഒരു മത്സരം നടത്തിയിരുന്നു. ” നിങ്ങൾ ഒരു നേഴ്സ് ആണോ എങ്കിൽ നിങ്ങളുടെ service life ലെ മറക്കാനാവാത്ത അനുഭവക്കുറിപ്പ് അയയ്ക്കുക” എന്നതായിരുന്നു subject. അതിൽ ഒന്നാം സ്ഥാനം നേടിയ അനുഭവകുറിപ്പാണിത്. എന്റെ പ്രിയ സ്നേഹിത രഹനകൃഷ്ണന്റെ ഈ അനുഭവക്കുറിപ്പ് ഞാൻ അഭിമാനത്തോടെ സന്തോഷത്തോടെ നിങ്ങൾക്കായി സമർപ്പിക്കുന്നു.