ഓട്ടോറിക്ഷക്കാരുടെ അമിത ചാർജ്ജിനു പേരുകേട്ട സ്ഥലങ്ങളിൽ ഒന്നാണ് നമ്മുടെ കൊച്ചി. എന്നാലിതാ കൊച്ചിക്കാർക്ക് ഒരു പുതിയ സന്തോഷവാർത്ത.. കൊച്ചിയില്‍ മിനിമം ചാര്‍ജ് പത്ത് രൂപ നിരക്കില്‍ പുതിയ ഓട്ടോ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നു. സംഭവം സാധാരണ ഓട്ടോറിക്ഷകളുടെ കാര്യമല്ല പറഞ്ഞു വരുന്നത്. ഓട്ടോത്തൊഴിലാളി സംഘടനകളുടെ സംയുക്ത സമതിയുടെ കീഴില്‍ കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വ്വീസായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഓട്ടോകളാണ് മിനിമം 10 രൂപ നിരക്കിൽ സർവ്വീസ് നടത്തുന്നത്.
കൊച്ചി മെട്രോയുടെ ഫീഡർ സർവ്വീസുകളായി ഓടുന്നതിനു ആദ്യഘട്ടത്തിൽ 16 ഇ-ഓട്ടോകളാണ് രംഗത്തിറക്കിയിട്ടുള്ളത്. ഒരു തവണ ചാർജ്ജ് ചെയ്‌താൽ 70-80 കിലോമീറ്റർ ദൂരത്തോളം ഓടാൻ കാര്യക്ഷമമാണ് ഈ ഇലക്ട്രിക് ഓട്ടോകൾ. ഇത് ഒരിക്കലും പരിസ്ഥിതി മലിനീകരണത്തിന് കരണമാകുകയുമില്ല. അതോടൊപ്പം തന്നെ ഓട്ടോറിക്ഷയിൽ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടുള്ളതിനാൽ യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുവാൻ സാധിക്കും.
കൊച്ചിയിലെ ആറ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകൾ സംയുക്തമായി രൂപീകരിച്ച എറണാകുളം ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് സർവ്വീസുകൾ നടത്തുന്നതിനുള്ള ചുമതല. ഓട്ടോറിക്ഷ ഓടിക്കുന്നവരെല്ലാം ഈ സൊസൈറ്റിയിലെ അംഗങ്ങളുമായിരിക്കും. നിലവിൽ പുരുഷന്മാരോടൊപ്പം രണ്ടു വനിതാ ഡ്രൈവർമാർ കൂടി ഓട്ടോയോടിക്കുവാൻ രംഗത്തുണ്ട്. നിലവിലെ ഓട്ടോക്കാരിൽ നിന്നും വ്യത്യസ്തമായി ഇളംനീല നിറത്തിലുള്ള യൂണിഫോം ആയിരിക്കും ഇവർ ധരിക്കുക. കൈനറ്റിക് ഗ്രീൻ എനർജി ആന്റ് പവർ സൊല്യുഷൻസാണ് ഓട്ടോറിക്ഷകളുടെ വിതരണക്കാർ. ഒരു ദിവസം 100 രൂപ വാടകയായി കൈനറ്റിക് കമ്പനിക്ക് സൊസൈറ്റി നല്‍കണം.
ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിനാണ് 10 രൂപ ചാർജ്ജ്. ആദ്യത്തെ രണ്ടു കിലോമീറ്ററുകൾക്ക് 10 രൂപ നിരക്കിലും പിന്നീടുള്ള ഓരോ കിലോമീറ്ററുകൾക്കും 5 രൂപ നിരക്കിലുമായിരിക്കും ഓട്ടോ ചാർജ്ജ് ഈടാക്കുക. ഇലക്ട്രിക് ഓട്ടോയിൽ ഡ്രൈവറെ കൂടാതെ നാലുപേർക്ക് സഞ്ചരിക്കുവാൻ സാധിക്കും. ഷെയർ ഓട്ടോ മാതൃകയിൽ സർവ്വീസ് നടത്തുന്ന ഈ ഓട്ടോകളിൽ കയറുന്ന ഓരോ യാത്രക്കാരനും 10 രൂപ വീതം നൽകണം.
ആലുവ, കളമശ്ശേരി, ഇടപ്പള്ളി, കലൂര്‍, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നീ ആറ് മെട്രോ സ്‌റ്റേഷനുകളിലാണ് ഇലക്ട്രിക് ഓട്ടോയുടെ സര്‍വ്വീസുള്ളത്. ഇപ്പോൾ സർവ്വീസ് നടത്തുന്നവയെ കൂടാതെ ഇനിയും 22 ഓട്ടോകൾ കൂടി നിരത്തിലിറക്കുമെന്നു കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. സംഭവം വിജയമായാൽ ഇ-ഓട്ടോയുടെ സർവ്വീസ് മറ്റു സ്ഥലങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുവാൻ പദ്ധതിയുണ്ട്.
വിവരങ്ങൾക്ക് കടപ്പാട് – Asianet News, Flowersoriginals.