എഴുത്ത് – Shaiju Elanjikkal (ചാലക്കുടി ചങ്ങായീസ്).
ഞാൻ പറയാൻ പോകുന്നത് 1983 – 85 കാലഘട്ടത്തിൽ എന്റെ ഓർമ്മയിൽ തെളിയുന്ന_നല്ല അനുഭവങ്ങൾ. സുന്ദരമായ നമ്മുടെ ചാലക്കുടിയിലെ വിശേഷങ്ങളും ഞാൻ ഓർത്തെടുക്കുന്നു. എന്റെ നന്നേ ചെറുപ്പത്തിൽ ചാലക്കുടിയിലെക്കു ഒരു യാത്ര പോവുക എന്നുപറഞ്ഞാൽ വലിയൊരു പട്ടണത്തിൽ നാം ചെന്നു കയറുന്ന പ്രതീതി തോന്നിയിരുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷത്തിൽ നിന്നും വളരെ വ്യത്യസ്തമായ ഒരനുഭവം നമ്മുടെ ചാലക്കുടി അങ്ങാടിയും, മാർക്കറ്റും എല്ലാം ഒരു പ്രത്യേകതകൾ തന്നിരുന്നു.
പരിയാരത്തു നിന്നും ബസ് കാത്തു നിന്നാൽ മണിക്കൂറിൽ ഒരു ബസ് എന്നപോലെ ആയിരുന്നു. വളരെ ചെറിയൊരു ബസ് ആയിരുന്ന B.B.T. ആയിരുന്നു എനിക്കോർമ്മ. ആ ബസ് വരുന്ന സമയത്ത് ആണ് മിക്കവാറും ചാലക്കുടിയിലേക്കു പോവുന്നതും.
അങ്ങനെ ബസ് നമ്മുടെ കൂടപ്പുഴ പാലം കടക്കുകയാണ്. വളരെ ഇടുങ്ങിയതും ഇരുവശവും കൈവരികളുടെ പൈപ്പുകൾ ദ്രവിച്ചതും രണ്ടു വശങ്ങളും മുൾപടർപ്പു നിറഞ്ഞുതിങ്ങി നിൽക്കുന്ന ഒരു ചെറിയ പാലം. കഷ്ടിച്ചു ഒരു വണ്ടിക്കു മാത്രം പോകുവാൻ മാത്രം ഉള്ള പാലം. ഈ പാലത്തിന്റെ മറ്റൊരു പതിപ്പാണ് പൂവത്തിങ്കൽ പാലത്തിന്റെ ഇപ്പോഴും നിലനിൽക്കുന്ന പഴയ പാലം. കഴിഞ്ഞുള്ള വളവ് അതി ഭീകരം ആയിരുന്നു. വണ്ടികൾ വരുന്നത് കാണാൻ കഴിയാത്ത വിധം കാടുപിടിച്ച ഇരുവശവും പേടിപെടുത്തുന്ന അവസ്ഥ. ഡ്രൈവർമാർ പോലും പേടിച്ചിരുന്ന ഒരു അപകട വളവ് തന്നയാണ്.
ബസ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നു. ആ പ്രദേശത്ത് ഒരൊറ്റ കുഞ്ഞു പോലും ഇല്ലാതിരുന്ന_കാലം. കൂടപ്പുഴ വളവിൽ ഇരുവശവും നിറച്ചും കാടും പടലും പടർന്നു വാഹനങ്ങൾ വരുന്നതും കാണാൻ ആവാത്ത വിധത്തിൽ ആയിരുന്നു. ഫാസ് ഓഡിറ്റോറിയവും കഴിഞ്ഞു ഇടതു വശത്തെ അമ്പലവും അതിനോട് ചേർന്ന് കെ സ് ഇ ബിയുടെ പൂപ്പൽ പിടിച്ചു നിൽക്കുന്ന മതിൽ കെട്ടും കുറച്ചു വലതു വശത്തായി ഒരു ബിസ്കറ്റ് ഗോഡൗൻ. പിന്നെ അസാദിന്റെ വീട്ടിലും മുൻവശത്തുമായി കുറെ ടാങ്കർ ലോറികളും കാണാം.
അങ്ങനെ നമ്മുടെ ആനമല ജംഗ്ഷനിൽ ബസ് പ്രവേശിക്കുന്നത് തന്നെ തിരക്കേറിയ ഒരു വാഹനവ്യൂഹം തന്നെ കാണാമായിരുന്നു. അന്നും ഇന്നും ആ വളവിൽ ഉള്ള ബി എ എം ഇസ്മയിൽ തുടങ്ങി വച്ച പെട്രോൾ പമ്പും, റോഡിന്റെ വശങ്ങളിൽ ഒന്നോ രണ്ടു കടകൾ പഴങ്ങൾ വിൽക്കുന്നതും, ടയർ പഞ്ചർ അടയ്ക്കുന്നതും, അസാദിന്റെ വർക് ഷോപ്പും, വൂഡ്ലാണ്ട് ഹോട്ടലും, സ്റ്റാൻഡേർഡ് സ്പെയർ പാർട്സ്, അതിനപ്പുറം ചിറയത്ത് ബേബിമാഷിന്റെ പെട്രോൾ പമ്പും, കരുണ ലോഡ്ജും അങ്ങനെ കുറച്ചു കടകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ഓർമ്മ.
വളരെയധികം വാഹനങ്ങൾ ചീറിപ്പായുന്ന ആനമല. അന്നത്തെ N.H:47 പോട്ടയിൽ നിന്നും വരുന്ന വഴിയിൽ കാർസ് ഇൻഡ്യയുടെ ഓർമ്മകൾ. ഇന്നത്തെ ജെയിംസ് ആശുപത്രി നിലവിൽ ഉണ്ടായിരുന്നില്ല. സെയിന്റ് ജെയിംസ് ആശുപത്രി കവാടത്തിന്റെ ഇടതു ഭാഗത്ത് ഒരു വർക്ഷോപ്പും അതിനു മുൻപിൽ ഒരു പോള കമ്പനിയും ഉണ്ടായിരുന്നു. അന്നാളിൽ വിറകു അടുപ്പിൽ നിന്നും തീ കൂട്ടുന്നതിനു പകരം അവിടെ നിന്നും അറക്കപൊടി വാങ്ങി ഇരുമ്പ് അടുപ്പിൽ തീകൂട്ടി കഞ്ഞി വച്ചിരുന്ന കാലം. കുറച്ചു മുന്നോട്ടു പോയാൽ ഐ.വി.ജി.എം ആശുപത്രി അന്ന് പേര് കേട്ടതായിരുന്നു. അവിടെയായി കൊച്ചപ്പൻ ചേട്ടന്റെ ഇലട്രിക്ക്ഷ്യൻ കടയും, കുറച്ചു താഴെ പ്രശാന്ത് വർക്ക് ഷോപ്പും, മുന്നോട്ട് പോവുമ്പോൾ ഒരു പെട്രോൾ പമ്പും, ലോറികൾ ഭാരം നോക്കുന്ന വെയ്ബ്രിഡ്ജും ഉണ്ടായിരുന്നു.
പ്രധാന ഓർമ്മകളായ ട്രാംവേ ഗൈറ്റും അതിനോട് ചേർന്നു പൊട്ടി പൊളിഞ്ഞ ട്രാംവേയുടെ അവശിഷ്ടങ്ങളും. റെയിലിൽ പിടിപ്പിച്ച വലിയ തടിയുടെ കഷണങ്ങൾ എല്ലാം കാണാമായിരുന്നു. ആ ട്രാംവേ ആയിരുന്നു പണ്ട് പറമ്പിക്കുളം വഴി ചാലക്കുടിയിലെക്കു തടികൾ കൊണ്ടു വന്നിരുന്നതും, പിന്നീട് റോഡ് ആയി മാറിയതും. അടുത്തായി ഒരു പെട്രോൾ പമ്പും അതിനോട് ചേർന്നു നീണ്ട ഒരു പഴയ കെട്ടിടവും. ക്ലിനിക്ക്, ചായപ്പൊടി ഗോഡൗൻ, തൊട്ടു അരികിലായി പഴങ്ങൾ സോഡ സർബത്ത് വിൽക്കുന്ന എന്റെ അച്ഛനും ഒരു കട ഉണ്ടായിരുന്നു.
പിന്നെ നമ്മുടെ പ്രശസ്തമായ പാരഡയ്സ് ഹോട്ടലിന്റെ പഴയകാല ബ്രൗൺ നിരത്തിൽ പെയിന്റ് അടിച്ച ഹോട്ടലും, ഒരു പ്രീമിയർ ലോഡ്ജും ഉണ്ടായിരുന്നു. കുറച്ചു മുൻഭാഗത്തായി ഇന്നത്തെ സിറ്റി ബേക്കറിയുടെ അവിടെയായി രാജു ഡ്രൈവിങ് സ്കൂൾ ഓഫീസും, പടക്ക കടയും, പിന്നെ ജൂമാമസ്ജിദ് കാണാമായിരുന്നു.
നമ്മുടെ പഴയകാല ഹൈവേ പോട്ടയിൽ നിന്നും ആനമല വഴി ചാലക്കുടി അങ്ങാടി വഴി സൗത്തിലേക്ക് നീണ്ടു നിവർന്ന് കിടക്കുന്നു. രാത്രികാലങ്ങളിൽ വലിയ വണ്ടികൾ പോയി അകലങ്ങൾ കഴിയുമ്പോൾ ഉണ്ടാവുന്ന ങ്യാം ങ്യാം ടയറിന്റെ ഒച്ച ഒരു അനുഭവം ആയിരുന്നു. പിന്നീട് നാളുകൾക്കു ശേഷം ബോയ്സ് സ്കൂൾ ഗ്രൗണ്ട് നെടുകെ കീറി. അതിലൂടെ ബൈപ്പാസ് പണിതു. ഗ്രൗണ്ടിന്റെ ഹൃദയം രണ്ടായി മുറിച്ചു. ഗ്രൗണ്ടിന്റെ അരികിൽ അറിയപ്പെടുന്ന ശാന്തി ഹോമിയോപ്പതി ഉണ്ടായിരുന്നു.
വീണ്ടും നമ്മുടെ യാത്രയിലേക്കു തിരിച്ചു വരാം. ബസ് തിരക്കുകളിൽ പെട്ടു മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. റോഡിൽ പഴയ മറ്റഡോർ വാനുകളും, ലംപേർട്ട ഓട്ടോറിക്ഷകളും, ലാംമ്പി സ്കൂട്ടറുകളും, മൂക്കൻ_ലോറികളും, സ്റ്റാൻഡേർഡ് വാനുകളും, പെട്രോൾ അംബാസിഡർ കാറുകളും, വില്ലീസ് ജീപ്പ്, ഇന്റർനാഷണൽ ജീപ്പ്, ഇരുമ്പ് അഴികൾ ഇട്ടതു പോലുളള ട്രാൻസ്പോർട്ട് ബസുകൾ, കൂടാതെ പുറമെ നിന്നും വരുന്ന തമിഴൻ ലോറികളും കൊണ്ടു നിരത്തു പൂർണ്ണമായി തിങ്ങിനിറഞ്ഞ അവസ്ഥ.
പതിയെ ഇരഞ്ഞു നീങ്ങുന്ന ബസിൽ നിന്നും ഇരുവശത്തും ഉള്ള കാഴ്ച്ചകൾ ഞാൻ കണ്ണോടിച്ചു. വലതുവശത്ത് ഒരു കടയിൽ ഐസ് കട്ടകൾ അടുക്കി വണ്ടിയിൽ കയറ്റുന്നു. ഇന്നും ആ കട ഉണ്ട്. ഇടതുഭാഗത്തായി അഴിയിട്ട ജനലിൽ ഒരു ഹോട്ടൽ. അതിനോട് ചേർന്നു ഒരു പഴയ കെട്ടിടത്തിൽ ഇന്നത്തെ പടിയ്ക്കല വാച്ചു റിപ്പയർ കടയും കാണാം. പിന്നീട് അത് ലിബർട്ടിയുടെ അരികിൽ ആയി. കുറച്ചു മുന്നോട്ടു പോവുമ്പോൾ വലതു വശത്ത് മുകളിൽ മൊയ്ലൻ ഡോക്ടറുടെ ആശുപത്രി. അതിന്റെ അടിയിൽ ആയിരുന്നു പരിയാരം ഭാഗത്തേക്ക് ഉള്ള ബസ് കയറാൻ നിന്നിരുന്നതും.
അവിടെ ഒരു പെട്ടി കട ഉണ്ട്. നല്ല കല്ലു സോഡ സർബത്ത് കിട്ടും. ഇടത്തു ഭാഗത്ത് ഹോട്ടൽ ലിബർട്ടിയും, അതിനോട് ചേർന്നു ഹോട്ടൽ ലൂസിയയിലേക്കുള്ള വഴിയിൽ തങ്ങിനിൽക്കുന്ന ആളുകളും. മുന്നിൽ നീങ്ങിയാൽ ദൃശ്യ മികവിൽ മിഴിവുറ്റതാക്കിയ നമ്മുടെ കണിച്ചായീസ് തിയേറ്റർ. മുൻപ് A.B.T ബസ്റ്റാന്റ് ആയിരുന്നുവെന്നും പിന്നീട് തിയേറ്റർ ആയി മാറിയതും കേട്ട ഓർമ്മകൾ. അന്നും ഇന്നും മാറാതെ നമ്മുടെ ഊക്കൻസിന്റെ മുൻവശത്തെ ആ കറുത്ത ഈഗൾ നിലനിൽക്കുന്നു. ആതു കാണുമ്പോൾ ഒരു പ്രത്യേകത തോന്നിയത് ഓർത്തു പോകുന്നു.
ബസ് മുന്നോട്ടു പോയി പതിയെ നിന്നു. മുൻവശത്തെ തിരക്കിന്റെ കാരണം അറിയാതെ പിന്നിൽ വന്ന ട്രാൻസ്പോർട്ട് ബസിന്റെ പോം പോം ഞെക്കി അടിച്ചു കൊണ്ടിരുന്നു. തിരക്കിന്റെ കാരണം അന്ന് ചന്ത ദിവസം ആയിരുന്നു. മാർക്കറ്റിലേക്ക് ഉള്ള അരിവണ്ടികൾ, കായ തുടങ്ങിയ സാമഗ്രഹികൾ വലിച്ചു കൊണ്ടു പോകുന്ന വലിവണ്ടികളെ കൊണ്ടും, കന്നുകാലികളെ കയറ്റിയ തമിഴൻ ലോറികളും കൊണ്ടു മിനർവയുടെ മുൻവശം വാഹന തടസ്സം നേരിട്ടിരിക്കുന്നു. പോരെങ്കിൽ മാർക്കറ്റ് റോഡ് ജനനിബിഡവും. ഇതിനെയൊക്ക നിയന്ത്രിക്കാൻ വേണ്ടി കുടയിൽ കീഴെ നിൽക്കുന്ന ട്രാഫിക് പോലീസ്.
ഇഴഞ്ഞു നീങ്ങുന്ന ബസിൽ നിന്നും ഞാൻ കേട്ടു വലിയ ഉച്ചത്തിൽ നഗരസഭയിൽ നിന്നും മുഴങ്ങുന്ന സൈറൻ. നിരത്തിൽ മറ്റെന്തോ ഉച്ചഭാഷിണിയും കേൾക്കുന്നു. ഞാൻ മാളക്കു പോകുന്ന വഴിയിലേക്കൊന്നു തല തിരിച്ചപ്പോൾ മുകളിൽ കാരിയർ പിടിപ്പിച്ച കറുപ്പും ഇളം മഞ്ഞ നിറത്തിലുള്ള ടാക്സി കാറുകൾ, ഇന്റർനാഷണൽ ജീപ്പുകൾ, ലംപേർട്ട ഓട്ടോറിക്ഷകൾ, തൊട്ടടുത്തായി സ്റ്റാൻഡേർഡ് വാനുകൾ, മൂക്കൻ ലോറികൾ തുടങ്ങിയവ നിരനിരയായി കിടക്കുന്നു.
മുൻപ് കെ എം ബി തിയേറ്റർ ആയിരുന്ന പിന്നീട് ബാർ ആയി മാറിയ സിദ്ധാർഥ ബാർ. തല ഉയർത്തി നിൽക്കുന്നതും കാണാം. ഒരു മാറ്റവും ഇല്ലാതെ മാളക്കു ബസ് കാത്തു നിൽക്കുന്ന സ്റ്റോപ്പിൽ നിറയെ ആളുകളും, അവിടെ നിന്നും മുൻപോട്ടു നോക്കിയാൽ പടർന്നു പന്തലിച്ച വലിയ മദിരാശി മരങ്ങളുടെ തലയെടുപ്പും കാണാമായിരുന്നു. അന്നത്തെ വലിയ തുണികടകൾ ആയിരുന്ന വെള്ളാനിക്കാരന്റെ കടയും കഴിഞ്ഞു ഇന്നത്തെ മിനർവ ബേക്കറിയും, നമ്മുടെ അപ്സര ബാർ മഞ്ഞയും ബ്രൗൺ നിറത്തിൽ തെളിഞ്ഞു നിൽക്കുന്നത് കാണാം.
ബസ് ചാലക്കുടി അങ്ങാടിയിലുള്ള ഫാഷൻ ഫാബ്രിക്സ് തുണിക്കടയുടെ മുൻവശത്തു ബസ് ആളെ ഇറക്കാനായി നിർത്തി. അന്നൊക്കെ വലിയ പേരുകേട്ട തുണിക്കടകൾ ആയിരുന്നു ഇതെല്ലാം. വലതുവശത്തായി ഇരുമ്പുകടയും, സത്യപ്രകാശിനി സ്റ്റോഴ്സും എല്ലാം ഓർമ്മകളിൽ തിളങ്ങുന്നു. മുകളിൽ പറഞ്ഞ തുണികടകളിലേക്ക് മാർക്കറ്റിൽ വരുന്ന ആളുകൾ കയറി ഇറങ്ങുന്നതും കാണാകാഴ്ചകൾ. തുണിക്കടകളുടെ വലിപ്പത്തിൽ സാരികേന്ദ്ര, .ജോസ് ബ്രദേഴ്സ്, പ്രിയ ഫാബ്രിക്സ് എന്നൊരു ഓർമ്മയും മിന്നി മായുന്നു.
സ്വർണ്ണകടയിൽ മുമ്പൻ ചുങ്കത്ത്. അന്ന് ഇതുപോലുള്ള കട ഒന്നും ആയിരുന്നില്ല. ഇരുവശവും കൂടുതൽ ഓടുമേഞ്ഞ ചെറുകിട കടകൾ ആയിരുന്നു. അന്നത്തെ പഴമയിലെ ഒന്നു രണ്ടു പെട്ടികടകൾ ഇപ്പോഴും കാണാം. കടിച്ചീനിയും അനുഗ്രഹയും ശ്രീകുമാർ ബിൽഡിംഗ്സും വലിപ്പത്തിലും നിലനിന്നിരുന്നു.
ബസ് വീണ്ടും സ്റ്റാന്റിലേക്കു നീങ്ങുന്നു. അങ്ങാടി കഴിയുമ്പോൾ ഒട്ടു മിക്കവാറും മോഡേൻ ബ്രഡിന്റെ പരസ്യം_വച്ച കുതിരവണ്ടി പോവുന്നതും ഒരു കാഴ്ച്ചയായിരുന്നു. അതേപോലെ തന്നെ ചന്ത ദിവസങ്ങളിൽ ലേലം വിളിക്കാനായി കന്നുകാലികളെ കൂട്ടമായി റോഡിലൂടെ നടത്തിക്കൊണ്ടു പോവുന്ന കാഴ്ച്ചകളും. തോളിൽ വടി വച്ചു കുട്ടകൾ തൂക്കിയിട്ട് ഒറ്റമുണ്ടും കൈലിയുമെടുത്ത് അതിവേഗത്തിൽ നടന്നു പോകുന്ന മീൻ കച്ചവടക്കാർ പതിവായിരുന്നു. അവരുടെ മീൻ വില്പനയുടെ ഓരിയിടൽ അതൊരു പ്രത്യേകത തന്നെയാണ്.
കുറച്ചു മുന്നോട്ടു പോയി കഴിഞ്ഞാൽ ലോഡ് കൊണ്ടു പോവുന്നതിനായ വാഹനങ്ങൾ മറ്റഡോർ ടെമ്പോകൾ നിറുത്തിയിട്ടിരിക്കുന്നത് കാണുന്നതിനായി ഞാൻ വേഗം വലതു വശത്തേക്ക് നോക്കി ഇരിക്കും. എന്റെ അപ്പച്ചനെ കാണാൻ. അപ്പച്ചൻ ഒരു മറ്റഡോർ ടെമ്പോ ഡ്രൈവർ ആയിരുന്നു. അപ്പച്ചനെ കണ്ടാൽ ഞാൻ ഉറക്കെ വിളിക്കും. ഇന്നത് ഓർക്കുമ്പോൾ ന്തോ ഒരു സന്തോഷം.
ഇടതുഭാഗത്തായി ടയർ പഞ്ചർ അടക്കലും, വീനസ് ആശാന്റെ ഇലക്ട്രിക്ഷ്യൻ കടയും, മണി ആശാന്റെ വർക് ഷോപ്പും, ചായകടകളും ഉണ്ടായിരുന്നു. കൂടാതെ വ്യാപാരി സംഘടന ഓഫീസ് കാണാം. അന്നൊക്കെ സൈക്കിളിൽ വലിയ സ്റ്റീൽകാനുകൾ വച്ചു ചായ വില്പനയും ഉണ്ടംപൊരി പരിപ്പുവട കച്ചവടം നടത്തുന്ന രണ്ടോ മൂന്നോ പേര് ഉണ്ടായിരുന്നു.
അപ്പോൾ തന്നെ ഇടതു ഭാഗത്തെക്കു ഓടിവരും. എന്തിനെന്നോ? മഞ്ഞ പൂവിട്ട് നിൽക്കുന്ന വലിയ മരത്തിന്റെ കീഴെയുള്ള പ്രശസ്തമായ ചാലക്കുടിയിലെ മരകമ്പനിയിലെ സി.വി യുടെ ആനയെ കാണാൻ. ചിലപ്പോൾ ആനയെ കുളിപ്പിക്കാൻ കൊണ്ടു പോവുന്നതും കാണാൻ നല്ല ഒരു കാഴ്ച്ച. വഴി നീളെ പിണ്ഡവും അതിന്റെ ഗന്ധവും നിറഞ്ഞ ഒരു പ്രത്യേകത നമ്മുടെ ശ്വസനേന്ദ്രിയങ്ങളെ പിടിച്ചു കുലുക്കും.
മുൻപോട്ടു പോവുമ്പോൾ ഇരുവശവും കാട് പിടിച്ചു കിടക്കുന്നു. ഇടതു വലതു വശത്തായി പാടത്ത് പുല്ലുപിടിച്ചു കിടക്കുന്നു. അതിനോട് ചേർന്നു ഇന്നത്തെ മൂലൻസ് കൈതാരൻ കെട്ടിടത്തിന്റെ പിൻഭാഗത്ത് ചാലക്കുടിയിലെ ഏറ്റവും വലിയ വാഹനങ്ങളുടെ വർക്ക് ഷോപ്പ് ആയിരുന്ന വേലായുധൻ ആശാന്റെ വർക്ക് ഷോപ്പ് ഉണ്ടായിരുന്നു. കുറച്ചു നീങ്ങുമ്പോൾ റോഡിന്റെ ഇരു ഭാഗത്തുള്ള ഒരു കനാലിന്റെ വശങ്ങളിൽ നിറച്ചും കുടിലുകൾ, പിന്നെ ചെറിയ കടകൾ. പള്ളിയുടെ കുരിശുപള്ളി വലതുവശത്ത് വളരെ വ്യക്തമായി കാണാനും കഴിഞ്ഞിരുന്നു. വലത്തോട്ട് ഉള്ള വളവിനടുത്തായി ഒരു പൂക്കടയും കാണാം. ഹൈവേയിലൂടെ വാഹനങ്ങൾ കുരുക്കഴിഞ്ഞതിനു ശേഷം ഹോണുകൾ മുഴക്കി ചീറിപ്പായാൻ തുടങ്ങി.
വലത് തിരിഞ്ഞു പോയാൽ ഫിനോമിനൽ ഉണ്ടായിരുന്ന ആ ഭാഗത്തു ഒരു പഴയ കെട്ടിടം കാണാമായിരുന്നു. അന്നത്തെ പ്രശസ്തമായ ഡിഫി കോള ഇന്നത്തെ കൂൾ സിറ്റിയുടെ അവിടെ ആയിരുന്നു. തൊട്ടടുത്ത് ചാലക്കുടിയിലെ പ്രസിദ്ധമായ തിയേറ്റർ, ക്രീം കോഫി നിറത്തിൽ സുരഭിയും, മുൻപിലായി അർദ്ധനഗ്നപ്രതിമയും, അതിനടുത്തായി ഒരു കുന്തിരുക്കത്തിന്റെ ചെടിയും കാണാൻ നല്ലൊരു ഭംഗിയായിരുന്നു. കരിമ്പൂച്ച എന്ന സിനിമയിൽ ഈ പഴയ സുരഭിയുടെ ഭംഗി കാണിക്കുന്നുണ്ട്. .മുന്നോട്ട് പോയാൽ ഭാരത് ലബോറട്ടറി, നമ്മുടെ സുരഭിയുടെ ചുറ്റും മുനിസിപ്പൽ ബസ്റ്റാന്റ് ഇരിക്കുന്നയിടം എല്ലാം ആളൊഴിഞ്ഞ പാടം മാത്രമായിരുന്നു. കുറച്ചു മുന്നോട്ട് പോയാൽ നമ്മുടെ ട്രാൻസ്പോർട്ട് സ്റ്റാന്റും നിലവിൽ ഉണ്ടായിരുന്നു.
ട്രാഫിക് സിഗ്നലിൽ കൂടി നേരെ ഹൈവേയിൽ.. ഇടതുഭാഗം നിറച്ചും തമിഴൻ ലോറികളും തമിഴ് ബസുകളും നിർത്തിട്ടിരിക്കുന്നത് കാണാം. ആര്യഭവൻ ഹോട്ടലിലേക്കുള്ള ആളുകളുടെ വാഹനങ്ങളും. ഗവണ്മെന്റ് സ്കൂളിലേക്കുള്ള കവാടം കാണാം. പിന്നെ കുറച്ചു ഉള്ളിലായി അന്നാളിൽ വലിയ ആശുപത്രി ആയിരുന്ന ചാക്കോ ഡോക്ടറുടെ ആശുപത്രിയും ഉണ്ടായിരുന്നു.
വണ്ടികൾ ചീറിപ്പായുന്ന ഒച്ചയും ഹോണുകൾ മുഴക്കുന്ന ബഹളവും, എപ്പോഴും തിരക്കുപിടിച്ച ചാലക്കുടി ആയിരുന്നു അന്നും. ബസ് ഇടതു വശത്തേക്ക് തിരിയുകയാണ്. ഇടതു വശത്തായി ശ്രീകൃഷ്ണ ഉഡുപ്പി ഹോട്ടലും, മുകളിൽ കോർണറിൽ ഒരു വൈദ്യാരിഷ്ട്ടം നാഗാർജ്ജുന വിൽക്കുന്ന കടയും, തൊട്ടടുത്തായി പൈനാടത്തു ചിട്ടിഫണ്ടും കാണാമായിരുന്നു. മുകളിലേക്കുള്ള പഴകിയ കോണി ഓർമ്മകളിൽ സ്ഥാനം പിടിക്കുന്നു.
കുറച്ചു മുന്നോട്ട് പോയി വലതു തിരിഞ്ഞു കാണുന്ന നമ്മുടെ കൊച്ചു ബസ്റ്റാന്റ്, അതായത് ഇന്നത്തെ ഫയർ ഫോഴ്സ് കെട്ടിടം. ഏറിയാൽ മൂന്നോ നാലു ബസുകൾക്കു ഉള്ളിൽ കയറാൻ പറ്റുന്ന ഒരു ചെറിയ ബസ്റ്റാന്റ് ആയിരുന്നു. ബസ് ഇറങ്ങി ഞാൻ അമ്മച്ചിയും കയ്യിൽ സഞ്ചിയും_കന്നാസുമായി നടക്കുകയാണ് മാർക്കറ്റിലേക്ക്. ഇടതു വശത്തായി ചാലക്കുടിയിലെ ആദ്യത്തെ തിയേറ്റർ ആയിരുന്ന crown (ഇന്നത്തെ അക്കര തിയേറ്റർ) ഓലമേഞ്ഞ നിലയിൽ ഉള്ളിൽ കാണാവുന്നതാണ്. റോഡിന്റെ നേരെ തന്നെ ഒരു ആശുപതിയും കാണാം.
നടന്നു പോകുന്ന വളവിൽ നിന്നും ഞാൻ നോക്കും നമ്മുടെ പഴയ പോലീസ് സ്റ്റേഷനിലേക്ക്. എനിക്ക് വലിയ പേടി ആയിരുന്നു. കീശ മുഴപ്പിച്ച ട്രൗസർ ഇട്ട കൂർത്ത തൊപ്പി വച്ച പോലീസ് മുൻവശത്തു നിൽക്കുന്നത് കാണുമ്പോൾ തന്നെ പേടി ആയിരുന്നു. വളവിൽ ഉള്ള ചായ കടയിൽ നിന്നും പാലുംവെള്ളവും പഴം പുഴുങ്ങിയതും അമ്മച്ചി വാങ്ങി തരും. എന്നിട്ടു ആ മാർക്കറ്റ് ഇടവഴിയിലൂടെ നടക്കും. വലതു വശത്തായി കാണുന്ന ചാലക്കുടിയുടെ പഴയ ഓടിട്ട പള്ളിയുടെ ഉള്ളിൽ വെട്ടി തിളങ്ങുന്ന തങ്ക അൾത്താരയിൽ ഒന്നു നോക്കി പ്രാർത്ഥിച്ചു നേരെ. വീണ്ടും നടക്കുകയാണ്.
പാടത്തിന്റെ അരികിൽ വളർന്നു നിൽക്കുന്ന പുല്ലിൽ കൈ തട്ടി തെറിപ്പിച്ചു മുന്നോട്ട് പോവുമ്പോൾ കേൾക്കാം ചാലക്കുടി മാർക്കറ്റിന്റെ തനതായ ആ മധുര സ്വരങ്ങൾ. “നാളെയാണ് നാളെയാണ് കേരളസംസ്ഥാന ഭാഗ്യക്കുറി..” വിളിച്ചു പറയുന്ന കാറുകൾ വഴിയരികിൽ നിറുത്തിയിട്ടിരിക്കുന്നതും, കുഴമ്പ് – തൈലം കച്ചവടക്കാ, പാറ്റ,പല്ലി,ഈച്ച,കൊതുക് ഇവ ഓടിക്കാനുള്ള മരുന്നു കച്ചവടക്കാർ അങ്ങനെ.
ആ വലതു വശത്ത് ഉള്ള നീണ്ട പാടം ചൂണ്ടിക്കാട്ടി അമ്മച്ചി പറയും അവിടെയാണ് ചാലക്കുടി പെരുന്നാളിന് വെടിക്കെട്ട് നടത്തുന്നത്. അന്നത്തെ പള്ളിപെരുന്നാളിന്റെ വെടിക്കെട്ട് ഒന്നൊന്നര വെടിക്കെട്ട് ആയിരുന്നു മക്കളെ. അമിട്ടും ഗർഭം കലക്കിയും എല്ലാം കൂടി തിമിർത്തു തകർക്കുന്ന വെടികെട്ടിൽ വീടിന്റെ മുകളിൽ ചരൽ വാരി എറിയുന്ന അനുഭവം ആയിരുന്നു. അവസാനത്തെ ആ കൂട്ടപൊരിച്ചൽ… ന്റെ പൊന്നോ… ഒരു ഒന്നൊന്നര ഭൂകമ്പം പൊട്ടി വിടർന്നു. പുതിയൊരു പ്രദേശം സൃഷ്ടിച്ച അനുഭവങ്ങൾ ഒന്നും മറക്കാൻ ആവാത്ത ചാലക്കുടി പള്ളിയിലെ വെടിക്കെട്ടിന്റെ ഓർമ്മകൾ.
ഓരോ കാര്യങ്ങളും മനസ്സിലാക്കികൊണ്ട് ഞാനും അമ്മച്ചിയുടെ കയ്യിൽ പിടിച്ചു മുന്നോട്ടു നടക്കുകയാണ്. മാർക്കറ്റിന്റെ അടുത്ത് എത്തുന്തോറും ഒരു പൂജാ വസ്തുക്കളുടെ പ്രത്യേക മണം വായുവിൽ തങ്ങി നിന്നിരുന്നു. വണ്ടികളുടെ ഒച്ചയും, ജനങ്ങൾ അങ്ങോട്ട് മിങ്ങോട്ടും പരക്കം പായൽ, ലോറികളിൽ നിന്നും കടകളിലേക്കു അരി ചാക്കുകൾ, മുട്ടകൾ അങ്ങനെ പലവിധ ചരക്കുകൾ തൊഴിലാളികൾ ഇറക്കുന്നു. ലംപേർട്ട ഓട്ടോയിൽ കായ പോലുള്ള സാധനങ്ങൾ ചെറുകിട കച്ചവടക്കാർ കൊണ്ടുപോകുന്നു. പാർസൽ വണ്ടിയിൽ നിന്നും സാധങ്ങൾ താഴെ ഇറക്കുന്നു. ആളുകൾ കച്ചവട സാമാനങ്ങൾ വാങ്ങി ഓട്ടോയിൽ പോകുന്നു. ഇതിന്റെ ഇടയിൽ തിങ്ങി ഞെരുങ്ങി കുറച്ചു ലാംബി സ്കൂട്ടറുകളും.
മാർക്കറ്റിന്റെ ഹൃദയഭാഗത്താണ് മുനിസിപ്പൽ കെട്ടിടത്തിൽ പ്രവർത്തിയ്ക്കുന്ന മാവേലി സ്റ്റോർ. ഞങ്ങൾ നോക്കുമ്പോൾ മാവേലി സ്റ്റോറിൽ നിന്നും ഇപ്പോഴത്തെ ശ്രീലക്ഷ്മിയുടെ [അന്ന് ഈ തുണികടയില്ല] അടുത്തു വരെയും പാമൊയീൽ വാങ്ങാൻ നിൽക്കുന്ന ആളുകളുടെ നീണ്ടനിര. നട്ടപ്ര വെയിലിൽ വരിയിൽ കയറി കുടയും ചൂടി നിൽക്കുകയാണ് ഞങ്ങൾ. ഒച്ചിഴയും പോലെ വരി നീങ്ങുന്നു. അതാ കേൾക്കുന്നു ഓടിട്ട കെട്ടിടത്തിന്റെ മുകളിൽ നിന്നും നല്ല അടിപൊളി ബാൻഡ് സെറ്റ് പരിശീലന ക്ലാസ്.
അങ്ങനെ മാവേലിയുടെ അടുത്തെത്താറായി. കുറെ നേരമായി കേൾക്കുന്നു “ടിം ടിൻ” അങ്ങനെ. അപ്പോൾ അമ്മച്ചി പറഞ്ഞു അതു കാളകൾക്കു കാലിൽ ലാഡൻ അടിക്കുന്നതാണെന്നു. ഓയിൽ വാങ്ങിയിട്ട് കാണിച്ചു തരാമെന്നും പറഞ്ഞു. ഞാൻ എന്റെ കൊച്ചു സംശയങ്ങൾ അമ്മച്ചിയോട് ചോദിച്ചു കൊണ്ടിരുന്നു. നല്ല ചുട്ടുപഴുത്ത വെയിലിൽ വിയർത്തൊലിച്ച എന്റെ മുഖം അമ്മച്ചി ചേർത്തു പിടിച്ചു സാരിത്തലപ്പുകൊണ്ടു തുടച്ചു വൃത്തിയാക്കി തന്നു.
ഞങ്ങൾ മാവേലിയിൽ എത്തി പാമോയിൽ വാങ്ങി. അന്നാളിൽ ന്റെ അമ്മച്ചി പലഹാരങ്ങൾ ഉണ്ടാക്കി കടകളിൽ കൊടുത്തിരുന്നു. അതാണ് പാമോയിൽ വാങ്ങാൻ വരുന്നതും. ശേഷം അമ്മച്ചി എന്നെയും കൊണ്ട് മാർക്കറ്റിന്റെ ഉള്ളിൽ കയറി. അതാണ്_കാണേണ്ട_കാഴ്ച്ച. കന്നുകാലികളെ ലേലം വിളിക്കൽ, കായ ലേലം, കാളയ്ക്ക് ലാഡൻ അടിയ്ക്കൽ, ഉള്ളി സവാള കൂട്ടിയിട്ട് കച്ചവടം, പപ്പടം, നാരങ്ങാ, ഓറഞ്ച്, സബർജിൽ, മാങ്ങ എന്നിവ കച്ചവടം നടത്തുന്ന ഉന്തുവണ്ടികളും, പച്ചക്കറികൾ, കിഴങ്ങ്, പലവ്യഞജ്നങ്ങൾ എന്നിവയും. അവിടം ആകെ ഉള്ളി സവാളയുടെയും തോലിന്റെയും കൂടെ പച്ചക്കായയുടെയും കൂടിച്ചേർന്ന മണം വായുവിൽ തങ്ങി നിന്നിരുന്നു.
മുകൾ നിലയിൽ സ്ഥിതിചെയ്യുന്ന ഡിസ്പെൻസറി, മറന്നു പോവാത്ത ഒരു കാര്യം. ചന്തയുടെ ഒരു ഭാഗത്തായി തോർത്തുമുണ്ട്, ബനിയനുകൾ, ചെരിപ്പുകൾ വിൽക്കുന്നവരും, മറ്റൊരു വശത്തായി ഫോട്ടോകൾ, മണ്ച്ചട്ടികൾ, പ്ലാസ്റ്റിക് കുടങ്ങൾ, കുപ്പി ഉൾവശം ഉരച്ചു കഴുകുന്ന ബ്രഷുകൾ, പ്ളാസ്റ്റിക് കൊണ്ടുള്ള വസ്തുക്കൾ വിൽക്കുന്നവരും, കളരി മർമാണി തൈലം വില്പന നടത്തുന്നവരുടെ കൂടെ ഉള്ള റെക്കോർഡും. ഇതിന്റെയെല്ലാം ഇടയിലൂടെ ചായകച്ചവടം നടത്തുന്ന സൈക്കിളുകൾ കൂടെ ആവുമ്പോൾ ചാലക്കുടി മാർക്കറ്റിന്റെ അകം ജനസാഗരമായി തീരും.
ഞങ്ങൾ കുറച്ചു നാരങ്ങയും, ഉള്ളി, സവാള, പച്ചകറിയും വാങ്ങി സഞ്ചി നിറച്ചു. അന്നത്തെ സഞ്ചി ഒരു പ്രത്യേക പ്ലാസ്റ്റിക് നൂല് കൊണ്ടു ഉണ്ടാക്കിയതായിരുന്നു. ബിഗ് ഷോപ്പറിന്റെ കടന്നു വരവ് ഇത്തരം സഞ്ചിയെ താഴ്ത്തി കളഞ്ഞു. വാങ്ങിയ സാധനങ്ങൾ അമ്മച്ചി തലയിൽ ഏറ്റി. ഇന്ന് ഒരാളും അതുപോലെ തലയിലേറ്റില്ല.
ഞങ്ങൾ പതുക്കെ ചുട്ടുപൊള്ളുന്ന മാർക്കറ്റിലെ റോഡിലെ ഇളകുന്ന ടാറിൽ ചവിട്ടി വീണ്ടും വീട്ടിലേക്ക് പോകുവാൻ മിനർവയുടെ മുൻപിലുടെ, അന്നുണ്ടായിരുന്ന ട്രാഫിക് കുടയുടെ അടുത്തു കൂടെ മൊയ്ലൻ ഡോക്ടറുടെ ആശുപത്രിയുടെ അടിയിൽ ചെന്നു നിന്നു. വെയിലുകൊണ്ടു ക്ഷീണിച്ച എനിക്ക് അമ്മച്ചി ആ പെട്ടികടയിൽ നിന്നും ഐസ് ഇട്ടു വയ്ക്കുന്ന തെർമോകോളിന്റെ പെട്ടിയിൽ നിന്നും ഒരു കല്ലു സോഡാ. വാങ്ങിതന്നു. പരിയാരത്തെക്കുള്ള അടുത്ത ബസും കാത്തു നിൽപ്പായി വീണ്ടും.
എന്റെ ഓർമ്മകളിൽ തെളിഞ്ഞ ഈ വിവരണം ചാലക്കുടിയോടുള്ള എന്റെ സ്നേഹം മറക്കാത്ത എന്റെ ബാല്യകാല ഓർമ്മകൾ ആണ്. ഇതോടൊപ്പമുള്ള ചിത്രം അന്നത്തെ എന്റെ ഓർമ്മകളിൽ തെളിഞ്ഞു വന്ന അക്കാലത്തെ വാഹനങ്ങൾ എല്ലാം ഓരോന്നായി തപ്പിയെടുത്തു ഞാൻ തന്നെ ഫോട്ടോഷോപ്പിലൂടെ ചിത്രീകരിച്ച 1983 – 85 കാലഘട്ടത്തിൽ ചാലക്കുടി അങ്ങാടിയാണ്. ചിത്രത്തിൽ മാവേലിയിലേക്കുള്ള ക്യൂ കൂട്ടിച്ചേർത്തിട്ടുണ്ട്. തെറ്റുകൾ ക്ഷമിക്കണം. 35 വർഷങ്ങൾക്കു മുന്നേയുള്ള ഓർമ്മകൾ ചികഞ്ഞപ്പോൾ കുറച്ചു കൂടുതൽ വിവരിക്കേണ്ടി വന്നു. നീട്ടം കുറഞ്ഞാൽ വിവരങ്ങൾ കുറഞ്ഞുപോവും. ഓർമ്മകളെ വേരോടെ കൂട്ടിച്ചേർക്കാൻ ആഗ്രഹിച്ചു.