പുര കെട്ടിമേയുന്ന ദിവസം – മലയാളികളുടെ പഴയകാല ഓർമ്മകൾ..

എഴുത്ത് – Mansoor Kunchirayil Panampad.

മലയാളികളുടെ പഴയകാല ഓർമ്മകളായ പുര കെട്ടിമേയുന്ന ദിവസത്തെ കുറിച്ച് ചെറിയ ഒരു ഓർമ്മപ്പെടുത്തലാണ് ഇന്നത്തെ അറിവ്. എൻറെ ഓർമ്മകളിൽ നിന്നും, എൻറെ സുഹൃത്തുക്കളിൽ നിന്നും പിന്നെ പ്രവാസി ക്ഷേമനിധി കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗവുമായ ബാബുക്ക പറഞ്ഞു തന്ന കാര്യങ്ങളിൽ നിന്നും എനിക്ക് ലഭിച്ച അറിവ് ഞാൻ നിങ്ങൾക്ക് പകർന്നു നൽകാം….

ഗള്‍ഫ് പ്രവാസം ശക്തമാക്കുന്നതിന്മുമ്പ് 1970-80 കാലഘട്ടം വരെ കേരളത്തിലെ 80% വീടുകളും ഇങ്ങനെയായിരുന്നു. ഇത് കെട്ടിമേയുന്ന ദിവസം കുടുംബക്കാരുടെയും അയല്‍പക്കകാരുടെയും സേവന ദിവസമാണ്. കഞ്ഞിയും പുഴുക്കും (ചെറുപയര്‍, കപ്പ, പച്ചക്കായ എന്നിവയുടെ മിശ്രിതമാണ് പുഴുക്ക്) ഇഷ്ടം പോലെയുണ്ടാക്കും. അത്കൊണ്ട് തന്നെ കുട്ടികള്‍ ഒക്കെ വളരെ ഉല്‍സാഹത്തിലായിരിക്കും പുര കെട്ടിമേയുന്ന ദിവസവങ്ങളിൽ.

വര – സുനിൽ പൂക്കോട്.

 

പുര കെട്ടിമേയുന്ന ദിവസം പഴയ ഓല മുഴുവൻ പൊളിച്ചു കഴിഞ്ഞാൽ വീട്ടിന്നുള്ളിൽ ട്യൂബ് ലൈറ്റ് കത്തിച്ച പ്രതീതി ആയിരിക്കും. കാണാതെ പോയ പഴയ പുസ്തകം, പേന, പെൻസിൽ അങ്ങനെ പലതും അപ്പോഴാണു‌ കിട്ടുക. ഇതൊക്കെയാണ്‌ അന്നത്തെ മനോഹരമായ ഓർമ്മകളിൽ ചിലത്…

അത് പോലെ തന്നെ മറ്റൊരു മനോഹരമായ ഓർമ്മകളിൽ ചിലതായിരുന്നു ഓലയും കരിച്ചോലയും കുത്തി ചേർത്ത്‌ പുരക്ക്‌ മുകളിലിരിക്കുന്ന ഞങ്ങളുടെ പനബാടിൻെറ മൂത്തായ പുര കെട്ടിമേയുന്ന ജോലി ചെയ്തിരുന്ന വാസുചേട്ടൻ. അദ്ദേഹത്തിന്റെ സഹായി ഓലയും കരിച്ചോലയും മുകളിലേക്ക് എറിഞ്ഞു കൊടുക്കുന്ന രംഗങ്ങൾ മനസിലേക്ക് കടന്ന് വരുന്നു. അ കാലഘട്ടത്തിൽ കുട്ടിയായിരിക്കുന്ന സമയത്ത് ഞാൻ അങ്ങിനെ എറിഞ്ഞു കൊടുത്ത് പരാജയപ്പെട്ട രംഗങ്ങളും എൻറെ ചിന്തകളിലേക്ക് കടന്ന് വരുന്നു.

കോഴിക്കോട് കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും രാത്രിയായാൽ കൂറക്ക് പായസം കൊടുക്കൽ എന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. അടുത്ത വിടുകളിലും പരിസര പ്രദേശങ്ങളിലുളള എല്ലാം വീടുകളിലും അന്ന് പായസം വിതരണം ചെയാറുണ്ടായിരുന്നതായി കോഴിക്കോട് കൊയിലാണ്ടിയിലുളള ഒരു പ്രിയപ്പെട്ട സുഹൃത്ത് പങ്ക് വെച്ചതാണ് ഇങ്ങനെയൊരു അനുഭവം.

അത് പോലെ തന്നെ മറ്റൊരു ആചാരമായിരുന്നു ‘കരിക്കഞ്ഞി’. മലപ്പുറത്തിന്റെ ചില ഭാഗങ്ങളിലും പൊന്നാനിയിലും പരിസര പ്രദേശത്തും നിലനിന്നിരുന്ന ഒരു രീതിയായിരുന്നിത് കരിക്കഞ്ഞി ഉണ്ടാക്കി അത് അയൽവാസിക്കും കുടുംബക്കാർക്കും വിതരണം ചെയുകയും ചെയുമായിരുന്നു. വളരെയധികം രുചികരമായ ഭക്ഷണമായിരുന്നു അ കരിക്കഞ്ഞി. അതോർമ്മയുണ്ടോ നാട്ടുകാരേ….?

ചില നാട്ടിൽ പുര കെട്ടിമേയുന്ന ദിവസം രാത്രി കൂറപ്പായസമുണ്ടാക്കുന്നതും പതിവായിരുന്നു. കൂറ, പാറ്റ തുടങ്ങിയ ജീവികളുടെ ഉപദ്രവം ഇല്ലാതാക്കാൻ പായസം വെച്ച് ചുവരിലും, കെട്ടിമേഞ്ഞ ഓലയിലും ഒഴിക്കാറുണ്ടായിരുന്നു. അങ്ങനെ ചെയ്താൽ അടുത്ത കെട്ടിമേയൽ ഘട്ടം വരെ ഇത്തരം ജീവികളുടെ ശല്യമുണ്ടാകില്ലെന്നായിരുന്നു പലരുടേയും വിശ്വാസം…

അവസാനമായി അന്നത്തെ ചില്ല ഓർമ്മകളിൽ നിന്ന് – പുര കെട്ടിമെയ്യുന്ന ദിവസം ഉത്സവമാണ്. ചുറ്റും ഉളള അയൽവാസികളും നമ്മുടെ വീട്ടിൽ ഉളളവരും കറുത്ത ഓല കൊണ്ട് കുട്ടിപ്പുരയും വെച്ച് ഉളള കളിയും ദേഹമാസകലം കറുത്ത് രാത്രി ആകും നേരത്തെ കുളിയും വിഭവ സമൃദ്ധമായ ഒരു ചോറും കറീകളും പിന്നെ മധുരം കൂടിയ ഒരു കറീയും.

പിന്നെ അത് കഴിഞ്ഞാൽ ശർക്കരയും ചെറിയ ഉള്ളിയും ഇട്ട് കൊണ്ട് ഒരു വെള്ളമുണ്ട് അത് വളരെയധികം രുചികരമായ ഒന്നായിരുന്നു. ഇതിൽ ഇന്ന് ഇല്ലാതെ പോയി കൊണ്ട് ഇരിക്കുന്ന അയൽവാസി ബന്ധം അന്ന് വളരെയേറെ ദൃഢമായിരുന്നു. ഇന്നിൻെറ അവസ്ഥ ഉളള അഞ്ച് സെന്റ് മതിൽ കൊട്ടി പരസ്പരം അറിയാതെ ഒന്ന് തിരിഞ്ഞു നോക്കാതെ നമ്മൾ നമ്മളിലെക്ക് ചുരുങ്ങി സഹകരണ സഹായം പുതിയ തലമുറക്ക് അന്യായമായി…

ഇതുമായി ബന്ധപ്പെട്ട നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ ഇവിടെ വായനക്കാർക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിന് വേണ്ടി ഷെയർ ചെയണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. എല്ലാവർക്കും നന്മകൾ..