എഴുത്ത് – പ്രിനു കെ ആർ പടിയൂർ.
കണ്ണുനീർ രുചി – ഞങ്ങൾ കുട്ടികൾ അച്ഛമ്മയുടെ പുളി മരച്ചുവട്ടിലും അച്ഛമ്മയുടെ വീടിനു ചുറ്റും പറമ്പിലും ആയി ഒളിച്ചും പാത്തും കള്ളനും പോലീസും കളിയും കളിച്ച് കളിച്ച് തിമിർക്കുന്ന ഞായറാഴ്ച ഒരു പ്രത്യേക ദിവസമാണ്. അച്ഛമ്മയുടെ വീട്ടിലെ അന്നത്തെ പാചകം ബാലേട്ടന്റെ വകയാണ് നാണി ചേച്ചിക്കും വിലാസിനി ചേച്ചിക്കും അന്ന് വിശ്രമിക്കാം നമ്മൾ കുട്ടികളുടെ കളി നോക്കി അവർ വരാന്തയിൽ തന്നെ ഇരിക്കുന്നുണ്ടാവും.
ഒളിച്ചും പാത്തും കളിക്കിടയിൽ ഓടി പാഞ്ഞു നടക്കുന്നതിനിടയിൽ അടുക്കളപ്പുറത്തെ മുറ്റത്തിരുന്ന് ചിരട്ടയുടെ മുകളിൽ വളയൻ വാക്കത്തി വച്ച് ഇറച്ചി കഷ്ണങ്ങൾ ഓരോന്നായി നുറുക്കി ഇടുന്ന ബാലേട്ടനെ കാണാം. ബാലേട്ടന് ചുറ്റും കുറച്ചുസമയം വട്ടം കറങ്ങി വീണ്ടും കളിക്കാനായി ഓടും.
അല്പം കഴിഞ്ഞാൽ കാണുന്ന കാഴ്ച അടുക്കള പുറത്തെ വരാന്തയിൽ ഇരിക്കുന്ന അരകല്ലിൽ ബാലേട്ടൻ ഭംഗിയായി മുളക് അരയ്ക്കുന്ന കാഴ്ചയാണ് അമ്മിക്കല്ലിൽ നിന്നും ചുവാ ചുവാ ഇരിക്കുന്ന അരപ്പ് വടിച്ചെടുത്ത് പാത്രത്തിൽ ഇടുമ്പോൾ ബാലേട്ടന്റെ കൈ ചുവന്നിരുന്നു. കളിക്കിടയിൽ തേക്കിന്റെ ഇലയുടെ ചെറിയ ഇല നുള്ളി ഞങ്ങൾ കുട്ടികൾ കയ്യിൽ ഉരച്ചപോൾ ഞങ്ങളുടെ കയ്യും ചുവന്നു.
ചുവന്ന കൈകളുമായി കള്ളനെ പിടിക്കാനുള്ള ഓട്ടത്തിനിടയിൽ അച്ഛമ്മയുടെ വീടിനുചുറ്റും ഓടുമ്പോൾ അടുപ്പത്ത് തിളയ്ക്കുന്ന ഇറച്ചി കറിയുടെ മണം മൂക്കിൽ അടിക്കും. അച്ഛമ്മയുടെ വരാന്തയിൽ ഒളിച്ചിരുന്ന രതീഷ് ഏട്ടന്റെ പിടിക്കാൻ പോലീസ് ആയ ഞാൻ അടുക്കള വഴി പതുങ്ങി കയറിയപ്പോൾ, അടുപ്പമായി മല്ലിടുന്ന ബാലേട്ടനെ കണ്ടു. അടുപ്പിലേക്ക് ഊതി ഊതി ബാലേട്ടൻ വിറകുകളെ ആളിക്കത്തിച്ചു. അടുക്കളയിൽ പുക നിറഞ്ഞു.
അടുപ്പ് നോക്കിനിന്ന എന്നെ കണ്ടു കള്ളൻ രതീഷ് ഏട്ടൻ ഓടി പിന്നാലെ ഞാനും. ഇറച്ചി മണം വീട്ടിലും പുള്ളി മരച്ചുവട്ടിലും പറമ്പിലും ആകെ നിറഞ്ഞു. പറമ്പിലെ വാഴയില വെട്ടാൻ ബാലേട്ടൻ എത്തി അത് ഞങ്ങൾക്കുള്ള സൂചനയാണ്. ഞങ്ങൾ കുട്ടികളെ ബാലേട്ടൻ നീട്ടി വിളിച്ചു. ഞങ്ങൾ അഞ്ചാറ് കുട്ടികൾ. കാത്തുനിന്ന വിളിക്ക് ഒപ്പം അച്ഛമ്മയുടെ വരാന്തയിലേക്ക് ഓടി.
ബക്കറ്റിലെ വെള്ളം ഞങ്ങളുടെ കൈകളിൽ തട്ടി ജമന്തി ചെടിയുടെ ചുവട്ടിലേക്ക്. കൈകഴുകി എന്തോ അധികാരത്തോടെ വരാന്തയിൽ ഞങ്ങൾ നിരനിരയായി ഇരുന്നു. ബാലേട്ടൻ ഇലകൾ ഞങ്ങളുടെ മുന്നിലേക്ക് വെച്ചു. ചോറും ആവിപറക്കുന്ന ചുവന്ന നിറത്തിലുള്ള പന്നിയിറച്ചിയും ബാലേട്ടൻ തന്നെ വിളമ്പിത്തന്നു.
റെഡി വൺ ടൂ ത്രീ ഫോർ.. ഞങ്ങൾ യുദ്ധമാരംഭിച്ചു. എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി പന്നിയിറച്ചിയുടെ എരിവും ചൂടും. എന്നാലും വിടൂല. ഊ..ഹ ഉ…ഹ… എന്ന് ഊതി ഇറച്ചി കഷ്ണവും ചോറും വായിലേക്ക്. എന്തൊരു മുടിഞ്ഞ രുചിയാണ് ഇറച്ചിക്ക്. ആശ്വാസം പകർന്ന് അച്ഛമ്മയുടെ കഞ്ഞിവെള്ളം എത്തി.
എന്നും ബാലേട്ടൻ കറി വെച്ചാൽ മതിയായിരുന്നു. അമ്മയോട് പറയണം ബാലേട്ടന്റെ കറി കണ്ടുപിടിക്കാൻ. എന്നെപ്പോലെ തന്നെ മറ്റുള്ളവരുടെയും കണ്ണ് നിറഞ്ഞു. ഒപ്പം വയറും. ഞങ്ങൾ വിയർത്തു കുളിച്ചു.
കൈ കഴുകി എല്ലാവരും സ്വന്തം വീട്ടിലേക്ക് പിരിയാനൊരുങ്ങി. “ബാലേട്ടാ.. നമ്മൾ പോട്ടെ, വൈകുന്നേരം കളിക്കാൻ വരാം.”
ബാലേട്ടന്റെ ചോറു കഴിക്കൽ തുടങ്ങിയിട്ടേയുള്ളൂ. ആസ്വദിച്ച് എരിവുള്ള ഇറച്ചിക്കഷണങ്ങൾ എടുത്ത് ബാലേട്ടൻ കഴിക്കുന്നത് കാണാൻ നല്ല ഭംഗി.
കൈ കഴുകി കഴിഞ്ഞിട്ടും എരിവ് പോയിട്ടില്ല കണ്ണ് ഇപ്പോഴും ചെറുതായി നിറയുന്നുണ്ട്. ഉഹ ഉഹ എന്ന് വായിൽ കിടന്ന നാവ്
എരി പിരി കൊണ്ടു. കാല് വീട്ടിലേക്കുള്ള നടത്തം ആരംഭിച്ചു കഴിഞ്ഞു.