എഴുത്ത് – പ്രിനു കെ ആർ പടിയൂർ.
അച്ഛമ്മയുടെ അയൽ വീട്ടിലെ പകൽ സമയങ്ങളിലെ കളി ഓർമ്മകൾ മാത്രമല്ല മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന ചില രാത്രി ഓർമ്മകൾ കൂടിയുണ്ട്. എന്റെ സ്വന്തം അച്ഛമ്മ വല്യമ്മയുടെ വീട്ടിലേക്ക് കുറച്ചു ദിവസങ്ങൾ താമസിക്കാൻ പോകുമ്പോൾ വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രം തനിച്ചാവും.
അച്ഛൻ പണികഴിഞ്ഞ് വൈകുന്നേരങ്ങളിൽ നാട്ടിലെ ക്ലബ്ബ് പ്രവർത്തനങ്ങളും നാടകം പഠിക്കലും അല്പം രാഷ്ട്രീയ പ്രവർത്തനങ്ങളും ഒക്കെയായി സജീവമായിരുന്ന കാലമാണത്. അച്ഛമ്മ വീട്ടിലില്ലാത്ത ദിവസങ്ങളിൽ അമ്മയുടെ പുറകെ വാലുപോലെ ചുറ്റിത്തിരിയുന്ന എനിക്കും വൈകുന്നേരം ചില പണികൾ ഉണ്ടാവും ഇരുട്ട് പതിയെ പടരുമ്പോൾ ശ്രദ്ധ മുറ്റത്ത് കൊത്തിപ്പെറുക്കി നടക്കുന്ന കോഴികളുടെ മേൽ ആയിരിക്കും.
മാവിന്റെ പുറകിലെ കോഴി കൂട്ടിലേക്ക് ഓരോരുത്തരായി കയറിത്തുടങ്ങി. ചാണകം മെഴുകിയ അടുക്കള വരാന്തയിൽ സ്ഥിരമായി വൃത്തികേടാക്കി അമ്മയ്ക്ക് സ്ഥിരം പണി കൊടുക്കുന്ന ആ പൂവനും കറുത്ത പുള്ളിയുള്ള ആ പിടക്കോഴിയും മാത്രം കൂട്ടിൽ കയറാതെ പിന്നെയും സല്ലപിച്ചു നടപ്പാണ്.
അവർ കൂട്ടിൽ കയറുന്നത് നോക്കി കുറെ സമയം കാത്തിരുന്നു. ഇനി നോക്കി നിന്നിട്ട് കാര്യമില്ല. അവരെ ഓടിച്ച് കൂട്ടിൽ കയറ്റി വാതിലിന്റെ കൊളുത്തിട്ടു. ദൗത്യം പൂർത്തിയാക്കി വരാന്തയിൽ കയറുമ്പോ അമ്മ മണ്ണെണ്ണ വിളക്കുകൾ ഓരോന്നായി നിരത്തിവെച്ച് വിളക്കിന്റെ മൂടി തുറന്ന് ചെറിയ ചോർപ്പ് വെച്ച് കന്നാസിൽ നിന്നും മണ്ണെണ്ണ ഒഴിച്ച് വിളക്കിൽ നിറയ്ക്കുകയാണ്.
ഇന്നലെ വരെ അച്ഛമ്മയുടെ പണിയായിരുന്ന മണ്ണെണ്ണ നിറക്കലും സന്ധ്യാസമയത്തെ നിലവിളക്ക് കത്തിക്കലും ഞാനും അമ്മയും കൂടി തിടുക്കത്തിൽ പൂർത്തിയാക്കി. ഇപ്പോൾ ശരിക്കും ഇരുട്ട് പരന്നിരിക്കുന്നു. വീടു പൂട്ടി മണ്ണെണ്ണ വിളക്കും കത്തിച്ച് ഞാനും അമ്മയും അയൽ വീടായ അച്ഛമ്മയുടെ വീട്ടിലേക്ക്.
അച്ഛമ്മ ചാണകം മെഴുകിയ വരാന്തയിൽ കൊരട്ടി പലകയിൽ ഇരിപ്പുണ്ട്. അടുത്തുതന്നെ അച്ഛമ്മയുടെ പ്രിയപ്പെട്ട മുറുക്കാൻ ഇടിക്കുന്ന ചെറിയ കുഴിയുള്ള മരക്കടയും ഇരുമ്പിന്റെ ചെറിയ ഉരുളൻ ഇടി കോലും, പിന്നെയാ തുപ്പൽകോളാമ്പിയും, വെറ്റില പെട്ടിയും ഗമയിൽ തന്നെ ഇരിപ്പുണ്ട്. വരാന്തയിലെ ബഞ്ചിൽ ബാലേട്ടൻ ഇരിപ്പുണ്ട്. മുന്നിലെ ഡെസ്കിൽ ബാലേട്ടന്റെ വലിയ ബാറ്ററി ടോർച്ചും റേഡിയോയും മണ്ണെണ്ണ വിളക്കും ഇരിപ്പുണ്ട്.
നമ്മുടെ വരവ് കണ്ട് അച്ഛമ്മ വിലാസിനി ചേച്ചിയോട് ആജ്ഞാപിച്ചു. “ബിന്ദു വരുന്നു, നീ ആ പായ ഇങ്ങ് എടുക്ക്.” നമ്മൾ വരാന്തയിലേക്ക് കയറുമ്പോഴേക്കും പായ വിരിച്ച് വിലാസിനി ചേച്ചി നമ്മളെ വരവേറ്റു. പായ കയ്യടക്കി ഞാനും അമ്മയും അവിടെ ഇരുന്നു.
നാണി ചേച്ചി പതിവുപോലെ അടുക്കളയിൽ തന്നെയാണ്. അച്ഛമ്മയും ബാലേട്ടനും അമ്മയും ഒക്കെയായി സംസാരം ആരംഭിച്ചിട്ടുണ്ട്. അച്ഛമ്മ അടുത്ത മുറുക്കാൻ ചവക്കാൻ ഉള്ള ഒരുക്കത്തിലാണ്. ഇത്തവണ മുറുക്കാൻ ഇടിക്കാനുള്ള ഊഴം എന്റെതാണ്. ഇടി മരവും ഇടി കോലും കയ്യിലാക്കി ഞാൻ തയ്യാറായി.
വെറ്റിലയിലെ മുറിച്ച മുകൾഭാഗം ഇന്ന് സ്ഥാനം പിടിച്ചത് എന്റെ നെറ്റിയിൽ ആണ്. വെറ്റിലയിൽ ചുണ്ണാമ്പ് തേച്ച് മുറിച്ചുവെച്ച അടക്കയും പൊതിഞ്ഞ് അച്ചമ്മ എന്റെ കൈകളിൽ തന്നു. അത് ശ്രദ്ധയോടെ ഇടിമര കട്ടയുടെ കുഴിയിൽ വച്ച് ഞാൻ ഇടി തുടങ്ങി.
അമ്മ അരി പൊടിക്കാൻ ഉരലിൽ ഉലക്കകൊണ്ട് ഇടിക്കുന്നത് പോലെ ഞാൻ ആഞ്ഞ് ഇടിച്ചു. വെറ്റിലയും അടക്കയും ചതഞ്ഞ് ചുവന്ന രൂപത്തിലായി മാറിയിരിക്കുന്നു. കുഴിയിൽ നിന്നും അത് തോണ്ടിയെടുത്ത് അച്ഛമ്മയ്ക്ക് കൊടുത്തു. അത് വായിലിട്ട് പുകയില നുള്ളി അതും വായിലേക്ക് ഇട്ട് അച്ഛമ്മ ചവ തുടങ്ങിയിരിക്കുന്നു.
ദിനേശ് ബീഡി കത്തിച്ച് വലിച്ചുകൊണ്ട് ബാലേട്ടൻ റേഡിയോ തുറന്നു. ആകാശവാണി കണ്ണൂർ നിലയത്തിലെ ശബ്ദം വീടാകെ നിറഞ്ഞു.
അടുക്കളയിൽ നിന്നും നാണി ചേച്ചിയുടെ കറിയുടെ മണം എനിക്ക് പതുക്കെ കിട്ടിത്തുടങ്ങി. മറ്റാരും കഴിക്കും മുമ്പ് കുറച്ച് ചോറും ഉണക്ക മീൻ കറിയും എന്റെ മുന്നിലേക്ക് എത്തി. അത് കഴിച്ച് പായയിൽ കിടക്കാൻ ഒരുങ്ങുമ്പോൾ എല്ലാവരുടെയും ശ്രദ്ധ റേഡിയോയിലേക്ക് തിരിഞ്ഞു. എല്ലാവരും നിശബ്ദരായി.
“റേഡിയോ നാടകോത്സവം രണ്ടാം ദിവസം. അവതരണം കോഴിക്കോട് നിലയം. നാടകം :കാലൻ കാലുമാറി.” നാടകത്തിലെ ചിരിയും സങ്കടവും എല്ലാം എല്ലാവരുടെയും മുഖത്ത് വിരിഞ്ഞു. എന്റെയും. രാത്രിയുടെ ഇരുട്ട് വല്ലാതെ കൂടി. ഞാൻ പതിയെ ഉറക്കം തൂങ്ങി.
ദൂരെ നിന്നും ഒരു മെഴുകുതിരി വെട്ടം വീട്ടിലേക്ക് അടുത്തടുത്തു വന്നു. മേശപ്പുറത്തെ ടോർച്ച് എടുത്ത് ബാലേട്ടൻ നീട്ടി അടിച്ചു. ദാ അച്ഛൻ. ടോർച്ച് വെട്ടത്തിൽ അച്ഛന്റെ കയ്യിലെ ചിരട്ടയിൽ ഇരുന്ന മെഴുകുതിരി നാണിച്ചു പോയി.
തിരികെ വീട്ടിലേക്ക് അച്ഛൻറെ കയ്യിൽ പിടിച്ച് അമ്മയോടൊപ്പം നടക്കുമ്പോൾ അയൽ വീട്ടിലെ വരാന്തയിൽ നിന്നു ബാലേട്ടന്റെ ടോർച്ച് വെളിച്ചം റോഡ് വരെ നീണ്ടു. ചിവീടിന്റെ മൂളലും തവള കരച്ചിലും ശബ്ദവും നൽകി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം കൂടി കൂടി വന്നു..