വിവരണം – Muhaimin Aboobaker.
എയർപോർട്ടിൽ ചെക് ഇൻ ചെയുമ്പോൾ ബാഗുകളുടെ തൂക്കം നോക്കുന്ന ഒരു ഏർപ്പാട് ഇല്ലേ! ഒരാളിന് തന്റെ യാത്രയിൽ കരുതാവുന്ന പരമാവധി തൂക്കം ഉണ്ട്. ഓരോ യാത്രക്കാരുടെയും ബാഗുകൾ ഇങ്ങനെ ഡിജിറ്റൽ ത്രാസുകളിൽ തൂക്കി നോക്കാറുമുണ്ട്. ട്രെയിനിന്റെ ടിക്കറ്റ് എടുക്കുമ്പോളും ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും ഒരാൾക്ക് കൊണ്ട് പോകാൻ കഴിയുന്ന പരമാവധി തൂക്കം അവിടെയും ഉണ്ട്. പക്ഷെ ആരെങ്കിലും അളന്നു നോക്കുന്നതായിട്ട് കണ്ടിട്ടുണ്ടോ?
ബ്രിട്ടീഷ് ഭരണകാലത്തെ തീവണ്ടി സ്റ്റേഷനിൽ ഉണ്ടായിരുന്നു ഒരു സംവിധാനം. അന്നത്തെ യാത്രകൾക്ക് ചിലവുകുറഞ്ഞതും അല്ലെങ്കിൽ സൗകര്യവും ഉണ്ടായിരുന്നു എന്നതിനാലും ആളുകൾ സ്ഥാവര ജംഗമ വസ്തുക്കളൊക്കെയായിട്ടാണ് യാത്ര പോയിരുന്നത്. ഇതിൽ നിയന്ത്രണം കൊണ്ട് വരാൻ ആയിരുന്നു യാത്രക്കാരന്റെ ലഗേജ് തൂക്കുന്നതിനുള്ള ഈ സംവിധാനം. അന്നത്തെ മദ്രാസ് ആസ്ഥാനം ആയുണ്ടായിരുന്ന സൗത്ത് ഇന്ത്യൻ റയിൽവേയുടെ സ്റ്റേഷനുകളിൽ ലിവർപൂളിൽ നിന്നും കൊണ്ടുവന്ന ത്രാസുകൾ ആണ് ഉപയോഗിച്ചിരുന്നത്. അങ്ങനെയുള്ള ത്രാസുകൾ മിക്കതും ഉപയോഗ ശൂന്യം ആകുകയോ പൊളിച്ചു മാറ്റുകയോ ചെയ്തുപോയി ഇന്ന്. അതിൽ ഒന്ന്.
തിരുവനന്തപുരത്തു നിന്നും രാജ്യറാണി എക്സ്പ്രെസ്സിൽ കയറി നിലമ്പൂർ വഴി ഗുഡലുർ, അതാണ് വീട്ടിൽ നിന്നും ജോലി സ്ഥലത്തെക്കുള്ള എന്റെ യാത്ര. നേരം പുലരുമ്പോൾ എവിടെയൊക്കെയോ പിടിച്ചിട്ട് ഒരു വിധം ഷൊർണ്ണൂർ കടക്കും വണ്ടി.
വിഖ്യാതമായ നിലമ്പൂർ റെയിൽപാതയെപ്പറ്റി നൂറിലധികം കുറിപ്പുകൾ ഇവിടെ ലഭ്യമായതിനാൽ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. എന്നിരുന്നാലും പുലർച്ചയുള്ള ആ യാത്ര, അതിമനോഹരമാണ്. പാടങ്ങളും മരങ്ങളും മലയും മിനാരങ്ങളും അമ്പലങ്ങളും പള്ളി മണിയുമൊക്കെ കാണാം. ചെറിയ സ്റ്റേഷനുകളിലെ നാട്ടിൻപുറത്തുകാരുടെ നാട്ടു വർത്തമാനങ്ങളും മഞ്ഞു വീഴുന്ന പുലരിയുടെ കുഞ്ഞു കുളിരുമൊക്കെയായി.
രാവിലെ ഏഴര കഴിഞ്ഞു എട്ടിനോടടുക്കുമ്പോളാണ് രാജ്യറാണി നിലമ്പൂരെത്തുന്നത്. ഉണർന്നിരിക്കുന്നവർ ഇറങ്ങി ഓടുന്നതും അര ഉറക്കത്തിലുള്ളവർ മടിയോടെ എണീറ്റു വരുന്നതും സ്ഥലമെത്തിയതറിയാതെ ഉറങ്ങുന്നവരും സ്ഥിരം കാഴ്ചയാണെന്ന സത്യം മൂന്നു ഗണത്തിലും പെടുന്ന ഞാൻ മനസിലാക്കുന്നു.
അന്നൊരു ദിവസം അലസമായി നിലമ്പൂരിൽ കാലു കുത്തിയ ഞാൻ രണ്ടു ബാഗും എടുത്തു പുറത്തേക്കു നടന്നു. അവിടെയാണ് ഒരല്പം വ്യത്യസ്തമായ വസ്തു കണ്ടത്. ഒരു വിധം #insta_look ഉള്ളത് കണ്ണിൽ പെട്ടാൽ ഒരു ക്ലിക് എടുക്കാറുണ്ട്. പിന്നെ സാഹചര്യം അനുസരിച്ചേ ഭംഗിയുള്ള ക്ലിക് കിട്ടാറുള്ളൂ എന്നതിനാൽ പലതും പോസ്റ്റ് ചെയ്യാൻ സാധിക്കാറില്ല. അങ്ങനെ പിന്നീട് എപ്പോളെങ്കിലും എടുക്കാം എന്നു കരുതിയതാണ് ഇതും.
ലിവർപൂളിൽ നിന്ന് എത്തിച്ച ആ പഴയ ത്രാസ്. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ. വലിയ ചരിത്രം പറയാൻ ഉണ്ടാകും ഇതിനും എന്നു മനസിലാക്കി തത്കാലം ഇവിടെ നിർത്തുന്നു. നിലമ്പൂരിലേക്ക് വണ്ടി കയറുമ്പോ ഇനി ഇതു കൂടി കാണുക.