ഈ ലേഖനത്തിനു കടപ്പാട് – സമീർ .വി., സിദ്ധീഖ് ഒമാൻ.
വർണാഭമായി അലങ്കരിച്ച മസ്കറ്റിലെ റൂവി നഗരത്തിൽ ആയുധ വേഷധാരിയായി നിൽക്കുന്ന സുൽത്താൻ ഖാബൂസ് ബിൻ സൈദിൻ്റെ മനോഹര ചിത്രത്തിനു മുൻപിൽ ആരും ഒന്ന് ബഹുമാനത്തോടെ തലകുനിച്ചു നിന്നു പോകും. ഒമാനികൾക്ക് എന്നും ദൈവതുല്യനാണ് അവിടത്തെ ഭരണാധികാരിയായ സുൽത്താൻ ഖാബൂസ്. എന്ത് കൊണ്ട് ഒരു ഭരണാധികാരി ഇത്രമേൽ പ്രജകളാൽ ആദരിക്കപ്പെടുന്നു? ആ ചോദ്യം നമ്മളെ കൊണ്ടെത്തിക്കുന്നത് പൗരാണിക ഒമാൻ്റെ ചരിത്ര ഏടുകൾക്ക് മുന്നിലാണ്.
സലാലയിലെ ദോഫാറില്‍ 1940 നവംബര്‍ 18ന് ജനിച്ച സുല്‍ത്താന്‍ ഖാബൂസ് ലോകമറിയുന്ന മികച്ച ഭരണാധികാരികളിലൊരാളായി വളര്‍ന്ന ചരിത്രം മറ്റ് ഭരണാധികാരികള്‍ക്ക് മാതൃകയാണ്. സലാലയിലും ഇന്ത്യയിലെ പൂനയിലും വിദ്യാഭ്യാസ കാലം ചെലവിട്ട സുല്‍ത്താന്‍ ഖാബൂസ് ഒമാന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ല. പൂനയില്‍ ഖാബൂസെന്ന വിദ്യാര്‍ത്ഥിയുടെ പ്രിയപ്പെട്ട ഗുരു അന്തരിച്ച, മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇംഗ്ലണ്ടില്‍ പഠനം പൂര്‍ത്തിയാക്കി. 20-ാം വയസില്‍ റോയല്‍ മിലിട്ടറി അക്കാദമിയില്‍ ചേര്‍ന്ന ഖാബൂസ് അക്കാദമി പഠനം പൂര്‍ത്തിയാക്കി ബ്രിട്ടീഷ് ആര്‍മിയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ആര്‍മിയിലെ ജീവിതം അധികകാലം കൊണ്ടുപോയില്ല. ജോലി രാജിവെച്ച് ലോകം മുഴുവന്‍ സഞ്ചരിച്ച് ഒമാനിലേക്ക് തിരിച്ചെത്തുകയായിരുന്നു. 1970 ജുലായ് 23ന് സുല്‍ത്താന്‍ ഖാബൂസ് ഒമാന്‍ ഭരണം ഏറ്റെടുത്തു. ഖാബൂസിന്റെ ജന്മദിനമായ നവംബര്‍ 18 ആണ് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായി ആഹ്ലാദപൂര്‍വ്വം കൊണ്ടാടുന്നത്.
രാജ്യത്തെ വന്‍ പുരോഗതിയിലേക്ക് നയിച്ച സുല്‍ത്താന്‍ ഖാബൂസ് ഒമാന്‍ ജനതയുടെ കണ്ണിലുണ്ണിയായി തീര്‍ന്നത് വളരെ പെട്ടന്നാണ്. ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം രാജ്യത്തെ നന്നായി പഠിച്ചു. തന്റെ ജനതയുടെ വിദ്യാഭ്യാസ കാര്യത്തിലാണ് അദ്ദേഹം വലിയ ശ്രദ്ധ പതിച്ചത്. ഓരോ പൗരനും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കണമെന്നും എവിടെ നിന്ന് വിദ്യാഭ്യാസം നേടണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവോ അവിടങ്ങളിലെല്ലാം അയച്ച് ഉയര്‍ന്ന വിദ്യയുടെ മധുരം നുകരാന്‍ അവരെ പ്രാപ്തരാക്കണമെന്നും പ്രഖ്യാപിക്കുക മാത്രമല്ല, അത് അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി കാണിക്കുകയും ചെയ്തു.
അധിനിവേശ ശക്തികളുടെ പടയോട്ടം ഒമാൻ്റെ സാമ്പത്തിക മേഖലയെ തകർത്തു.ലോക സാമ്പത്തിക മാപ്പിൽ നിന്ന് അക്കാലത്ത് ഒമാൻ മായിക്കപ്പെട്ടു. അറുതിയില്ലാത്ത വറുതി ഈ നാടിനെ പിടികൂടി.അരാജകത്ത്വവും അന്ധവിശ്വാസവും ഇവിടെ കളിത്തൊട്ടിൽ കെട്ടി. ആയിടയ്ക്കാണ് സുൽത്താൻ ഖാബൂസ് എന്ന 30 വയസ്സ്കാരൻ 1970 ൽ ഒമാൻ്റെ സാരഥ്യം ഏറ്റെടുക്കുന്നത്. ശൂന്യതയിൽ നിന്ന് സ്വർഗ്ഗം നിർമ്മിക്കുക എന്ന ഭഗീരതപ്രയത്നമാണ് അദ്ദേഹത്തിനു ഏറ്റെടുക്കേണ്ടി വന്നത്.
‘ഒരു ബിഗ് സീറോ’ ആയിരുന്നു ഒമാൻ അന്ന് …. കുണ്ടുകുഴിയും നിറഞ്ഞ പാതകൾ… 1972 ലെ കണക്ക് അനുസരിച്ച് രാജ്യത്തുണ്ടായിരുന്നത് രണ്ടേ രണ്ട് ടാർ ചെയ്തറോഡുകൾ മാത്രമായിരുന്നു എന്നു പറഞ്ഞാൽ ദൈന്യതയുടെ ചിത്രം പൂർണമാകും. ഇതിൽ ഒന്നിന്റെ ദൈർഘ്യം (തലസ്ഥാനമായ മസ്കറ്റിൽ നിന്നു മത്രയിലേക്ക്) വെറും 5 കിലോമീറ്റർ മാത്രമായിരുന്നു. 1971ൽ ലോകത്തെ രണ്ട് രാജ്യങ്ങളുമായി മാത്രമേ ഒമാന് നയതന്ത്രബന്ധം ഉണ്ടായിരുന്നുള്ളൂ.. 1975 ൽ വൻ പാശ്ചാത്യസാമ്പത്തികശക്തികൾ ഒമാനെ എഴുതിത്തള്ളിയതാണ്. അറുപതുകളുടെ മധ്യത്തോടെ ഒമാനിൽ കണ്ടെത്തിയ എണ്ണനിക്ഷേപത്തിനു ആയുസ്സു തീർന്നു എന്നായിരുന്നു 75 ലെ പാശ്ചാത്യൻ നിഗമനം.
പക്ഷേ സുൽത്താൻ ഖാബൂസ് ആ കണക്ക് കൂട്ടലികൾ എല്ലാം തെറ്റിച്ചു.. ശൂന്യതയുടെ അവസാനത്തെ തുരുമ്പിൽ നിന്ന് അദ്ദേഹം ഇവിടെ ഒരു സ്വർഗ്ഗം പണിതു… ലോക സമ്പത്ത് ഘടനയിൽ ഒമാനെ മുൻപന്തിയിൽ അദ്ദേഹം എത്തിച്ചു….. പക്ഷേ വിധി അവിടെയും ഒമാന് എതിരായിരുന്നു. 21 നൂറ്റാണ്ടിൻ്റെ ആദ്യത്തിൽ ഘോനു എന്ന ചുഴുലിക്കാറ്റ് ഒമാൻ്റെ സമ്പത്ത് വെവസ്ഥയെ കടപുഴക്കി എറിഞ്ഞു. സർവതും ചീട്ട് കൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചയും ഒമാൻ ദർശ്ശിച്ചു. പക്ഷേ സഹായ ഹസ്തവുമായി വന്ന ലോകരാജ്യങ്ങളെ സ്നേഹപൂർവ്വം മടക്കി അയച്ച് അദ്ദേഹം വീണ്ടും ഒമാനെ പുനർസൃഷ്ടിച്ചു. പ്രതാപത്തിലേക്ക് എത്തിച്ചു.
ജനോപകാരപരമായ പല പദ്ധികളും അദ്ദേഹം നടപ്പിൽ വരുത്തി. അൻപതിനായിരത്തിനടുത്ത് വരുന്ന ആളുകൾക്ക് സർക്കാർജോലി വാഗ്ദാനവും, ഇസ്ലാമിക ബാങ്കിങ്ങും, തൊഴിലില്ലായ്മ വേതനത്തിൻ്റെ നിരക്ക് വർദ്ധനയും അവയിൽ ചിലതാണ്. പഠനകാലത്തെ ഇന്ത്യാ അനുഭവം ഈ രാജ്യത്തോട് സുല്‍ത്താന്‍ ഖാബൂസിന് ഏറെ സ്‌നേഹം ജനിക്കാന്‍ ഇടയാക്കി. സുല്‍ത്താന്‍ ഖാബൂസിന്റെ എളിമയാര്‍ന്ന സ്വഭാവത്തിന് നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് ആറ് പുരസ്‌കാരങ്ങള്‍ നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്. സൗദി അറേബ്യയും ഒമാന്‍ സുല്‍ത്താന് സ്‌നേഹാദരം സമര്‍പ്പിച്ചു. 2004ല്‍ ഇന്ത്യ അദ്ദേഹത്തിന് ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം നല്‍കി ആദരിക്കുകയുണ്ടായി. ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, ബ്രൂണ, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്തോനേഷ്യ, ഇറാന്‍, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, കുവൈത്ത്, ലബ്‌നാന്‍, മലേഷ്യ, നെതര്‍ലാന്റ്, പാക്കിസ്താന്‍, ഖത്തര്‍, സിംഗപൂര്‍, ആഫ്രിക്ക, ഷിറിയ, ടുനേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും സുല്‍ത്താന്‍ ഖാബൂസിന്റെ ഹൃദ്യമായ സ്വഭാവത്തിനും ഭരണമികവിനും ആദരവ് ചൂടിയിട്ടുണ്ട്.
ഇന്ന് ശരാശരി ഒരോ ഒമാനി പൗരനും രണ്ട് പിതാവുണ്ട്. ജന്മം തന്ന പിതാവിനെ കൂടാതെ ‘ബാബ’ എന്ന് അവർ സ്നേഹപൂർവ്വം വിളിക്കുന്ന, വേഷപ്രചന്നനായ് അവരിൽ ഒരാളായി ആൾകൂട്ടത്തിനടയിൽ ഇരിക്കുന്ന, അധികാരത്തിൻ്റെ അതിർവരമ്പുകളോ രാജകീയ പ്രൗഡിയോ ഇല്ലാത്ത പരിവാരങ്ങളില്ലാതെ അങ്ങാടിലേക്ക് ഇറങ്ങി വന്ന് അവരുടെ ആവലാതികളും പരാതികളും കേൾക്കുന്ന അവരുടെ സ്വന്തം ഭരണാധികാരി. 2011 ൽ ടുണീഷ്യയിൽ മൊട്ടിട്ട മുല്ലപൂക്കൾ അറബ് ലോകത്ത് വിടരുകയും പരിമളം പരത്തി പിന്നിട് ചീഞ്ഞ് നാറിയപ്പോഴും ഒമാൻ സുരക്ഷതമായിരുന്നു. കാരണം രാജ്യത്തിനു വേണ്ടികൂടും കുടുംബവും ഉപേക്ഷിച്ച അവരുടെ ബാബയുടെ കയ്യിൽ അവർ സുരക്ഷിതരാണ് എന്ന് അവർക്കറിയാം.
സ്വദേശി വിദേശി വ്യത്യാസമില്ലാതെ എല്ലാവരും അകമഴിഞ്ഞ് സ്നേഹിക്കുകയും, ഇനിയും നാളേറെ തൽസ്ഥാനത്തു തുടരണം എന്നാഗ്രഹിക്കുകയും ചെയ്യപ്പെടുന്ന ഭരണാധികാരികൾ ഈ ലോകത്ത് വളരെ വിരളമാണ്. പ്രവാസികളായ ജനതയ്ക്ക് ഏറ്റവും സുരക്ഷിതമായ ജീവിതം ഒരുക്കുന്ന ഒമാൻ, അവിടത്തെ സ്വദേശികളുടെ ആതിഥ്യമര്യാദയ്ക്കും, വിദേശികളോടുള്ള നല്ല പെരുമാറ്റത്തിനും പ്രശസ്തമാണ്. കുടുംബം ഉപേക്ഷിച്ചത്കൊണ്ട് ഒരിക്കൽ പോലും സങ്കടപെടാത്ത തങ്ങളുടെ ‘ബാബ’ യുടെ ജന്മദിനം ഇവിടുത്തെ ഒാരോ പൗരൻ മാത്രമല്ല ഇന്ത്യക്കാർ അടക്കമുള്ള വിദേശികളും ദേശിയദിനമായി ആചരിക്കുന്നു.
2020 ജനുവരി പത്താം തീയതി ഒമാനികൾക്കും, അവിടെ ജോലി ചെയ്യുന്ന പ്രവാസികൾക്കും എന്നും ദൈവതുല്യനായ സുൽത്താൻ ഖാബൂസ് ഈ ലോകത്തോട് വിട പറഞ്ഞു.മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസിൻ്റെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികളോടെ…