സ്വാതന്ത്ര്യ സമരത്തിന്റെ വീരകഥകൾ ഉറങ്ങുന്ന നാടാണ് മലപ്പുറം. അതുകൊണ്ട് അവരുടെ പിന്മുറക്കാരിലും ആ വീര്യം ഇന്നും നമുക്ക് കാണാം. പുതു തലമുറയിൽ ആ വീര്യം സഞ്ചാരത്തിലും യാത്രകളിലുമാണ് കൂടുതലായി കാണപ്പെടുന്നത്. മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം അറേബ്യന്‍, കേരള രുചികള്‍ സമന്വയിപ്പിച്ചുള്ള ഒരു പുത്തൻ ഭക്ഷണസംസ്കാരവും കേരളത്തിന് പരിചയപ്പെടുത്തി കൊടുത്തു. ഇന്ന് ഫേസ്ബുക്കിലെ സഞ്ചാര ഗ്രൂപ്പുകൾ എടുത്തു നോക്കിയാൽ അതിൽ ഭൂരിഭാഗവും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണെന്നു കാണാം. ഭക്ഷണത്തെപ്പോലെ തന്നെ യാത്രകളെയും സ്നേഹിക്കുന്ന കൂട്ടരാണ് മ്മടെ മലപ്പുറം ചങ്കുകൾ..
മലപ്പുറം – പേര് പോലെ തന്നെ മലകളും ചെറുകുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയുള്ള വടക്കന്‍ കേരളത്തിലെ ഈ ജില്ല ടൂറിസം രംഗത്തും അതിന്‍േറതായ സംഭാവനകള്‍ നല്‍കുന്നുണ്ട്. മലപ്പുറത്തു നിന്നും ഒരു ദിവസം കൊണ്ട് പോയി വരാവുന്ന ചില സ്ഥലങ്ങളെ ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണ്.
1) നിലമ്പൂർ : മലപ്പുറം ടൗണിൽ നിന്നും ഏകദേശം 40 കിലോമീറ്റർ അകലെയായി ഗൂഡല്ലൂരിലേക്ക് പോകുന്ന റൂട്ടിലാണ് നിലമ്പൂർ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻതോട്ടം ഇവിടെ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് നിലമ്പൂരിനു ഇത്രയും പ്രശസ്തി വരാൻ കാരണം. കനോലി പ്ലോട്ട് എന്നു പേരുള്ള ഇവിടേക്ക് നിലമ്പൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്ററുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കളക്ടറും മജിസ്റ്റ്രേട്ടും ആയിരുന്ന സർ ലെഫ്റ്റനന്റ് ഹെന്രി വാലന്റൈൻ കനോലി 1846ൽ ആദ്യമായി തോക്കുതോട്ടം വെച്ചുപിടിപ്പിച്ചതു് ഇവിടെയായിരുന്നു. അങ്ങനെയാണ് ഈ സ്ഥലത്തിന് കനോലി പ്ലോട്ട് എന്ന പേര് വരാൻ കാരണം. അരുവാക്കോട് എന്ന പ്രദേശത്ത് ചാലിയാറിന്റെ തീരത്താണ് 2.31 ഹെക്ടറോളം വിസ്തൃതിയുള്ള കനോലി തോട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് തേക്ക് മ്യൂസിയവും ചാലിയാര്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലവും സന്ദര്‍ശിക്കാം. ഒപ്പം ചാലിയാറില്‍ ബോട്ടു സവാരി നടത്താനും സൗകര്യമുണ്ട്. കുടുംബമായി ഒരു യാത്രയ്ക്ക് ഇറങ്ങുന്നവർക്ക് പറ്റിയ ഒരു സ്ഥലമാണിത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മനോഹര സ്ഥലം. നിലമ്പൂരിൽനിന്ന് വയനാട്ടിലൂടെ കർണാടകയിലെ നഞ്ചൻകോടിലേക്കൊരു റെയിൽപ്പാതക്കു വേണ്ടി സർവേ നടന്നിട്ടുണ്ട്. എങ്കിലും റെയിൽവേ ഇതുവരെ ഈ പാതക്കായി അനുമതി നൽകിയിട്ടില്ല.
2) കേരളാംകുണ്ട് വെള്ളച്ചാട്ടം – മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള ഒരു ഗ്രാമമാണ് കരുവാരക്കുണ്ട്. മലയോര പ്രദേശമായ ഇവിടെ മനോഹരമായ ഒരു വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നുണ്ട്. ആ വെള്ളച്ചാട്ടത്തിന്റെ പേര് പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ കേട്ടിട്ടുണ്ടാകും. കേരളാംകുണ്ട്.. കരുവാരകുണ്ടിലെ കല്‍കുണ്ടിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ അന്തരീക്ഷമായ ഇവിടേക്ക് ആധുനികതയുടെ പച്ച പരിഷ്ക്കാരങ്ങൾ കടന്നുവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കരുവാരകുണ്ട് ടൗണിൽ നിന്നും ആറുകിലോമീറ്റർ അകലെയുള്ള കേരളാംകുണ്ട് വെള്ളച്ചാട്ടം കാണുവാനായി ജീപ്പുകളെ ആശ്രയിക്കാവുന്നതാണ്. സ്വന്തം വാഹനത്തിൽ വരുന്നവർക്ക് അതിൽക്കയറിയും പോകാം. സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നല്ല തണുത്ത കാലാവസ്ഥയുള്ള സ്ഥലമായതിനാൽ മലപ്പുറത്തിന്റെ ഊട്ടി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ഉയരത്തിൽനിന്നുള്ള വെള്ളച്ചാട്ടത്തിനുകുറുകെ നിർമിച്ച ഇരുമ്പുപാലമാണ് ഇവിടത്തെ മറ്റൊരു മുഖ്യ ആകർഷണം. ഇത്രയൊക്കെ മനോഹരമാണെങ്കിലും മലപ്പുറം ജില്ലയ്ക്ക് പുറത്തു നിന്നുള്ള സഞ്ചാരികൾ ഇവിടെ വരുന്നത് വളരെ കുറവാണ്.
3) ആഢ്യൻപാറ വെള്ളച്ചാട്ടം : നിലമ്പൂർ പട്ടണത്തിൽ നിന്നും 15 കിലോമീറ്ററോളം അകലെ ചാലിയാർ പഞ്ചായത്തിലാണ് ആഡ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. നിലമ്പൂരില്‍ നിന്നും മൈലാടിപ്പാലം വഴി ഉള്‍പ്രദേശത്തുകൂടി യാത്ര ചെയ്താല്‍ ആഢ്യന്പാറയിൽ എത്താവുന്നതാണ്.അതിരപ്പിള്ളി പോലെ വലിയൊരു വെള്ളച്ചാട്ടം പ്രതീക്ഷിച്ചു കൊണ്ട് ആരും ഇവിടേക്ക് വരരുത്. എങ്കിലും ആഢ്യൻപാറ വെള്ളച്ചാട്ടത്തിന് അതിന്റേതായ ആഢ്യത്വം ഉണ്ട്. വേനൽക്കാലത്ത് ശാന്തമായി നേർത്തൊഴുകുന്ന വെള്ളച്ചാട്ടം മഴക്കാലമെത്തുമ്പോൾ അതിന്റെ രൗദ്രഭാവം കൈവരിക്കുന്നു.ആഢ്യന്‍പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്കെന്നും കുളിർമ്മയേകുന്ന കാഴ്ചയാണെങ്കിലും മഴക്കാലത്ത് ഏറെ അപകടകാരിയാണ്. ആരും കാണാത്ത ചില ചതിക്കുഴികൾ ആഢ്യൻ ഇവിടെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. വേനൽക്കാലത്ത് വെള്ളം വറ്റുമ്പോൾ മാത്രമാണ് നമുക്കിത് കാണാനാകുക. ആവേശം കയറി കുളിക്കാന്‍ ഇറങ്ങിയ കുറേ പേരുടെ ജീവന് ആഢ്യന്‍പാറ എടുത്തിട്ടുണ്ട്. അതുകൊണ്ട് വെള്ളത്തിൽ ഇറങ്ങിക്കൊണ്ടുള്ള കുളിയും കളിയുമൊക്കെ മാക്സിമം ഒഴിവാക്കാൻ ശ്രമിക്കുക. ആഡ്യൻ പാറയും പരിസരപ്രദേശങ്ങളും ഇടതൂർന്നതും നയനമനോഹരവുമായ കാടിനാൽ സമ്പന്നവും വിനോദയാത്രയ്ക്കും അനുയോജ്യമാണ്. വൈവിധ്യമാർന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ് ഇവിടം.
4) മുതുമല ടൈഗർ റിസർവ്വ് : മലപ്പുറം ജില്ലയിലുള്ളവർക്ക് ഒരു ദിവസം കൊണ്ട് പോയിവരാൻ പറ്റിയ ഒരു സ്ഥലമാണ് തമിഴ്നാട്ടിലെ മുതുമല ടൈഗർ റിസർവ്വ്. അതിരാവിലെതന്നെ ഇവിടേക്ക് യാത്രയാരംഭിക്കണം. നിലമ്പൂർ – വഴിക്കടവ് – ഗൂഡല്ലൂർ വഴിയാണ് പോകേണ്ടത്. രാത്രി യാത്രാ നിരോധനം നിലവിലുള്ള മുതുമല വനത്തിൽ രാവിലെ ആറുമണിയ്ക്കാണ് ചെക്ക്പോസ്റ്റ് തുറക്കുന്നത്. തുറക്കുന്ന സമയത്ത് തന്നെ ചെക്ക്പോസ്റ്റിൽ എത്തിച്ചേരാൻ കഴിഞ്ഞാൽ വളരെ നല്ലത്. പിന്നീട് അങ്ങോട്ട് നല്ല കിടിലൻ വനയാത്ര ആസ്വദിക്കാം. മാൻ, മയിൽ, കാട്ടുപോത്ത് തുടങ്ങി ആനകൾ വരെ നിങ്ങൾക്ക് അതിരാവിലെ നേരത്ത് ദർശനം തരും. മുതുമല വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന തെപ്പക്കാട് എന്ന സ്ഥലത്ത് നിരവധി ആക്ടിവിറ്റികൾ സഞ്ചാരികൾക്കായി ലഭ്യമാണ്. വനത്തിനുള്ളിലൂടെയുള്ള ജംഗിൾ സഫാരി, എലിഫന്റ് ക്യാമ്പ് എന്നിവയാണ് പ്രധാനം. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ബസ് മാർഗ്ഗവും ഇവിടേക്ക് എത്താവുന്നതാണ്. തിരികെ വരുമ്പോൾ രാത്രി 9 മണിക്ക് മുൻപ് ചെക്ക്പോസ്റ്റ് കടക്കാൻ നോക്കണം. അല്ലെങ്കിൽ പണിയാകും.
5) നീലഗിരി – ഊട്ടി യാത്ര : ചുമ്മാ ഒരു യാത്ര മാത്രമാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ മലപ്പുറത്തു നിന്നും ഗൂഡല്ലൂർ വഴി നീലഗിരിയുടെ വിരിമാരിലൂടെ സഞ്ചരിച്ച് ഊട്ടിയൊക്കെ ഒന്ന് കറങ്ങി ഇങ്ങു പോരാം. അതിരാവിലെ ഇറങ്ങിയാൽ രാത്രിയോടെ കറക്കമൊക്കെ കഴിഞ്ഞു നിങ്ങൾക്ക് വീട്ടിലെത്താം. ഇനി സ്വന്തം വണ്ടിയില്ലെന്നും പറഞ്ഞു വിഷമിച്ചിരിക്കണ്ട. അതിരാവിലെ ബസ്സും പിടിച്ചു ഗൂഡല്ലൂർ എത്തിയാൽ അവിടെ നിന്നും ഊട്ടിയിലേക്ക് തമിഴ്നാട് സർക്കാർ ബസ്സുകൾ നിങ്ങൾക്ക് ലഭിക്കും. തിരികെ വരുവാനായി ഊട്ടിയിൽ നിന്നും വൈകീട്ട് 4.45 നു മലപ്പുറത്തേക്ക് KSRTC യുടെ സൂപ്പർഫാസ്റ്റ് ബസ് ഉണ്ട്. ബ്ലോക്ക് ഒന്നും കിട്ടിയില്ലെങ്കിൽ രാത്രി പത്തുമണിയോടെ നിങ്ങൾക്ക് മലപ്പുറത്ത് എത്തിച്ചേരാം. ഈ ബസ് സർവീസ് നടത്തിയിട്ടുണ്ടോ എന്ന് KSRTC ഡിപ്പോയിൽ വിളിച്ച് അന്വേഷിച്ചിട്ടു പോയാൽ മതി കേട്ടോ.
6) കക്കാടംപൊയിൽ : കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിർത്തിയ്ക്ക് അടുത്തായാണ് ഈ തകർപ്പൻ സ്ഥലം സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള ചുരവും, കയറ്റവും പ്രകൃതി രമണീയമായ കാഴ്ചകളുമാണ് കക്കാടം പൊയിലിനെ വേറിട്ടതാക്കുന്നത്. ഏതു സീസണിലും കക്കാടംപൊയിലിലേക്കുള്ള യാത്ര അതിമനോഹരമാണ്. എങ്കിലും സെപ്റ്റംബർ തൊട്ടു ഡിസംബർ വരേയുള്ള കാലയളവിലായിരിക്കും കക്കാടംപൊയിലിലെ ഏറ്റവും ദൃശ്യഭംഗി പ്രകടമാവുക. കോഴിപ്പാറ വെള്ളച്ചാട്ടവും, പഴശ്ശി ഗുഹയുമെല്ലാം കക്കാടംപൊയിലിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. നിലമ്പൂരിൽ നിന്നും ഏകദേശം 25 കിലോമീറ്ററോളം ദൂരത്താണ് കക്കാടംപൊയിൽ. അകമ്പാടം വഴിയാണ് ഇവിടേക്ക് വരേണ്ടത്. നിലമ്പൂരിൽ നിന്നും കക്കാടംപൊയിലിലേക്ക് KSRTC യുടെ ബസ് സർവ്വീസ് ലഭ്യമാണ്. സമയവിവരങ്ങൾ അറിയുവാൻ – CLICK HERE.
മലപ്പുറം ജില്ലയിലുള്ളവർക്ക് പോകാൻ പറ്റിയ കുറെയധികം സ്ഥലങ്ങൾ ഇനിയും ആരും അറിയപ്പെടാതെ കിടക്കുന്നുണ്ടാകാം. ഓരോ സഞ്ചാരികൾ ഓരോരോ സ്ഥലങ്ങളും കണ്ടെത്തുമ്പോൾ മാത്രമാണ് അത് പുറംലോകം അറിയുന്നത്. ഓരോരോ സ്ഥലങ്ങളും എല്ലാവരും അറിയട്ടെ.. പക്ഷെ വരുന്നവർ ആ സ്ഥലത്തിന്റെ തനിമ അതേപടി നിലനിർത്തുവാനും ശ്രദ്ധിക്കണം.