കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ…

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ വസിക്കുന്നത് മലബാർ മേഖലകളിലാണ്. സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളിൽ നിറഞ്ഞ സാന്നിധ്യത്തോടെയാണ് ഇവരുടെ മുന്നേറ്റം. ഇവരിൽ കൂടുതൽപേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. അതുകൊണ്ട് ഇത്തവണ സ്വൽപ്പം വടക്കൻ വിശേഷങ്ങളാണ് നിങ്ങള്ക്ക് മുന്നിൽ പങ്കുവെയ്ക്കാൻ പോകുന്നത്. കോഴിക്കോടിനെക്കുറിച്ച് നിങ്ങൾക്ക് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ അല്ലെ. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ കോഴിക്കോടിനടുത്തുണ്ട്. അവയിൽ ചിലതൊക്കെ അധികമാരും അറിയാതെ കിടക്കുകയാണ് ഇന്നും. കോഴിക്കോട് നിന്നും വൺ ഡേ ട്രിപ്പ് പോകാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ? ആലോചിച്ചു വിഷമിക്കേണ്ട, പറഞ്ഞുതരാം.

1) കക്കയം : കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 45 കി.മീ. ദൂരത്തായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വനമേഖലയാണ് കക്കയം. ഈ പേര് ഒരിടയ്ക്ക് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കക്കയം പോലീസ് ക്യാമ്പിൽ വെച്ച് രാജൻ എന്ന വിദ്യാര്തഥി കൊല്ലപ്പെട്ടതോടെയാണ് കക്കയം എന്ന പേര് കൂടുതലാളുകൾ അറിഞ്ഞത്. പക്ഷേ ഈ വാർത്തയ്ക്കപ്പുറം കക്കയത്തെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ ചിലപ്പോൾ ഇന്നും കുറവായിരിക്കും. കക്കയത്തിന്റെ പ്രകൃതഭംഗി ആരെയും ആകർഷിക്കുന്നതാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മേഖലയിലാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്.മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റിയാടി ഹൈഡ്രോ ഇലക്ട്രിക്‌ പവർ ഹൌസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട് പട്ടണത്തിൽനിന്നും 67 കിലോമീറ്ററാണ് കക്കയം ഡാം സൈറ്റിലേക്കുള്ളത്. കോഴിക്കോട് നിന്നും ബാലുശ്ശേരി എസ്‌റ്റേറ്റ് മുക്ക്-തലയാട് വഴി കക്കയം ടൗണിലേക്ക് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നു.കക്കയം ടൗണിൽനിന്നും 14 കിലോമീറ്റർ സഞ്ചരിച്ച് വേണം ഡാം സൈറ്റിലെത്താൻ. ഈ ദൂരമത്രയും കുത്തനെയുള്ള കയറ്റമാണ്. ട്രക്കിങ് ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആകര്‍ഷകമായ ഒരു വിനോദസഞ്ചാര പ്രദേശം കൂടിയാണിത്.

കോഴിക്കോട് നഗരത്തിൽനിന്ന് 45 കിലോമീറ്റർ അകലെയാണ് കക്കയം. ബാലുശ്ശേരി-തലയാട് വഴിയും പേരാമ്പ്ര കൂരാച്ചുണ്ട് വഴിയും എത്തിച്ചേരാം. കക്കയം ടൌൺ വരെ ബസ് സർവ്വീസുകളും ലഭ്യമാണ്. കക്കയം ടൗണിൽനിന്നും 14 കിലോമീറ്റർ സഞ്ചരിച്ച് വേണം ഡാം സൈറ്റിലെത്താൻ. ഈ ദൂരമത്രയും കുത്തനെയുള്ള കയറ്റമാണ്. ട്രക്കിങ് ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആകര്‍ഷകമായ ഒരു വിനോദസഞ്ചാര പ്രദേശം കൂടിയാണിത്. ഇവിടെ എല്ലാദിവസങ്ങളിലും സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. വൈകീട്ട് 4.30 വരെയാണ് കക്കയം വനമേഖലയിലേക്ക് വനംവകുപ്പ് പ്രവേശനം അനുവദിക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് നിരക്ക്.

2) തുഷാരഗിരി വെള്ളച്ചാട്ടം : കോഴിക്കോട് നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ വയനാട്ടിലെ വൈത്തിരിക്ക് സമീപമാണ് തുഷാരഗിരി. മഞ്ഞു മൂടിയ മല പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തില്‍ നിന്നാണ് തുഷാരഗിരിക്ക് ആ പേര് ലഭിച്ചത്. തുഷാരഗിരിയിൽ നിന്നും വയനാട് ജില്ലയിലെ വൈത്തിരിയിലേക്ക് ട്രെക്കിങ്ങ് നടത്താന്‍ അവസരമൊരുക്കുന്നു എന്നതാണ് സഞ്ചാരികളെ കൂടുതലായും തുഷാരഗിരിയിലേക്ക് ആകര്‍ഷിക്കുന്നത്. വയനാട്, വൈത്തിരി എന്നൊക്കെ കേട്ട് ഇത് വയനാട് ജില്ലയിലാണെന്നു കരുതിയോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. തുഷാരഗിരി സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിൽത്തന്നെയാണ്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. ഈരാറ്റുമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. വെള്ളച്ചാട്ടത്തിനേക്കാളും പ്രശസ്തമാണ് ഇവിടത്തെ ജോണേട്ടന്റെ വെറൈറ്റി ഫുഡ് എന്ന ഹോട്ടൽ. താറാവ്, കോഴി, മുയല്‍ എന്നുവേണ്ട ഇറച്ചിയും മീനും പുട്ടും ചോറും കപ്പയും എന്തുവേണമെങ്കിലും ജോണേട്ടനോടൊരു വാക്കു പറഞ്ഞാല്‍ മതി.വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന സമയത്ത് ഭക്ഷണം മുൻകൂട്ടി പറഞ്ഞിട്ടുപോയാൽ ആടിത്തിമിർത്ത് വിശന്നു വരുമ്പോൾ നിങ്ങൾക്ക് രുചിയോടെ വയററിഞ്ഞു ഭക്ഷണം കഴിക്കാം.

സ്വന്തമായി വാഹനമില്ലാതെ ഇവിടേക്ക് വരുന്നവർ ആദ്യം കോഴിക്കോട് KSRTC ബസ് ടെർമിനലിലേക്ക് ചെല്ലുക. അവിടുന്ന് നേരിട്ട് തുഷാരഗിരി യ്ക്ക് ബസ് കുറവായിരിക്കും എന്നതിനാൽ താമരശ്ശേരി വഴി വയനാട്ടിലേക്ക് പോകുന്ന ഏതെങ്കിലും ബസ്സിൽ കയറി അടിവാരത്ത് ഇറങ്ങുക.അവിടെ നിന്നും ഒരു ഓട്ടോ പിടിച്ച് തുഷാരഗിരിയിൽ എത്തിച്ചേരാം. ഇനി പ്രൈവറ്റ് ബസ്സിൽ യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ കോഴിക്കോട് നിന്നും കോടഞ്ചേരിയിലേക്കുള്ള പ്രൈവറ്റ് ബസ്സിൽ കയറുക. കോടഞ്ചേരിയിൽ നിന്നും തുഷാരഗിരിയിലേക്ക് ഓട്ടോയോ ജീപ്പോ കിട്ടും.

3) വയലട : ബാലുശ്ശേരിയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്ന കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന വളരെ മനോഹരമായ ഒരു മലയോര മേഖലയാണ് വയലട.സമുദ്ര നിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിലാണ് ഈ മനോഹര സ്ഥലം. വയലടയെക്കുറിച്ച് ഭൂരിഭാഗം കോഴിക്കോടുകാര്‍ക്കും അറിയില്ല എന്നതാണ് സത്യം. സത്യത്തിൽ ഫേസ്‌ബുക്കിലെ ട്രാവൽ ഗ്രൂപ്പുകൾ കാരണം പ്രസിദ്ധമായ ഒരു സ്ഥലമാണ് വയലട. മലയാളികളെക്കാളും കൂടുതലായി ഇവിടം സന്ദര്ശിക്കുവാനായി എത്തുന്നത് തമിഴ്നാട്ടുകാർ ആണത്രേ. ഇവർ ഇതൊക്കെ എങ്ങനെ അറിയുന്നോ എന്തോ? അവിടുത്തെ പ്രകൃതിഭംഗിയും കാലാവസ്ഥയും ഏതൊരു മനുഷ്യന്റെയും മനസ് ഇളക്കുന്നതാണ്. വയലടയും അവിടയുള്ള മുള്ളന്‍പാറയും ഒരുപോലെ സഞ്ചാരികളെ മാടിവിളിച്ചു കൊണ്ടിരിക്കുകയാണ്. മുള്ളൻപാറയിൽ ഒരു കിടിലൻ വ്യൂ പോയിന്റും ഉണ്ട്. ‘ഐലന്റ് വ്യൂ’ എന്നാണ് ഈ വ്യൂ പോയിന്റിനെ ആളുകൾ വിശേഷിപ്പിക്കുന്നത്. പ്രകൃതിയുടെ മായക്കാഴ്ചകള്‍ തേടി പോകുന്ന യാത്രികര്‍ക്ക് തീര്‍ച്ചയായും തെരെഞ്ഞെടുക്കാവുന്ന സ്ഥലമാണ് വയലട.

കോഴിക്കോടുനിന്ന് ബാലുശേരിയിലേക്ക് ധാരാളം ബസ് സർവ്വീസുകൾ ലഭ്യമാണ്. ബാലുശ്ശേരിയിൽ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയലടയെത്താം. വയലടയില്‍നിന്ന് കോട്ടക്കുന്ന് റോഡിലൂടെ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുള്ളന്‍പാറയായി. ഇവിടേക്ക് ഇപ്പോൾ ജീപ്പ് സർവ്വീസുകൾ നടത്തുന്നുണ്ട്. ഈ വഴി കൂടാതെ താമരശേരി–എസ്റ്റേറ്റ്മുക്ക്–തലയാട് വഴിയും വയലടയിലും മുള്ളന്‍പാറയിലുമെത്താം.

4) കക്കാടംപൊയിൽ : കോടമഞ്ഞ് പുതഞ്ഞ ഒരു സുന്ദരിയാണ് കക്കാടംപൊയിൽ. കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിർത്തിയ്ക്ക് അടുത്തായാണ് ഈ തകർപ്പൻ സ്ഥലം സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള ചുരവും, കയറ്റവും പ്രകൃതി രമണീയമായ കാഴ്ചകളുമാണ് കക്കാടം പൊയിലിനെ വേറിട്ടതാക്കുന്നത്. ഏതു സീസണിലും കക്കാടംപൊയിലിലേക്കുള്ള യാത്ര അതിമനോഹരമാണ്. എങ്കിലും സെപ്റ്റംബർ തൊട്ടു ഡിസംബർ വരേയുള്ള കാലയളവിലായിരിക്കും കക്കാടംപൊയിലിലെ ഏറ്റവും ദൃശ്യഭംഗി പ്രകടമാവുക. കോഴിക്കോട് നഗരത്തില്‍ ‌നിന്ന് 40 കിലോമീ‌റ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വിവിധ ആദിവാസി ജനവിഭാഗങ്ങളുടെ അധി‌വാസകേന്ദ്രം കൂടിയാണ്. തിരുവമ്പാടിയിൽ നിന്നും നിലമ്പൂരിലേക്ക് ഇതുവഴി KSRTC യുടെ ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. ഒട്ടും വീതിയില്ലാത്ത കയറ്റവും ഇറക്കവും കൂടിയ വളഞ്ഞുപുളഞ്ഞുള്ള ഈ വഴിയിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയ്ക്കും അവസമരണീയമായ മുഹൂർത്തങ്ങളായിരിക്കും സമ്മാനിക്കുന്നത്. കക്കാടം‌പൊയി‌ലിനെ പ്രകൃ‌തി സ്നേഹികളും സഞ്ചാരികളും ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് അഞ്ചോ ആറോ വർഷങ്ങളെ ആയിട്ടുള്ളൂ. അത്രയും നാൾ തന്റെ സൗന്ദര്യം പുറംലോകത്തെ ഒളിപ്പിച്ചുവെച്ച് മയങ്ങുകയായിരുന്നു ഈ സുന്ദരി.

5) ജാനകിക്കാട് : കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശമായ കുറ്റ്യാടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കാടാണ് ജാനകിക്കാട്. ഇന്ത്യയുടെ നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വമായിരുന്ന വി.കെ. കൃഷ്ണമേനോന്റെ സഹോദരി ജാനകി അമ്മയുടെ പേരിലായിരുന്നു ഈ കാടും പ്രദേശവും. പിന്നീട് ഈ സ്ഥലം സര്‍ക്കാരിലേക്ക് നല്‍കിയപ്പോള്‍ അവരുടെ പേരുതന്നെ ഈ പ്രകൃതി രമണീയമായ സ്ഥലത്തിന് നല്‍കി. അങ്ങനെയാണ് ജാനകിക്കാട് എന്ന പേര് വന്നതും. കേരള വനം വകുപ്പിന്റെയും, ജാനകികാട് വനം സംരക്ഷണസമിതിയുടേയും നേത്യത്വത്തിൽ ഇവിടെ ഇന്ന് എക്കോ ടൂറിസം പദ്ധതി നടപ്പിലാക്കി വരുന്നു. കാടിനെ സ്നേഹിക്കുന്നവര്‍ തീര്‍ച്ചയായും ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ജാനകിക്കാട്. പ്രകൃതി ദത്തമായ ഒരു ബൊട്ടാണിക്കൽ ഗാർഡൻ തന്നെയാണ് ഇവിടെ. കോഴിക്കോടു നിന്നും 60 കിലോ മീറ്റര്‍ ദൂരത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും യാത്രാ സൗകര്യങ്ങളേറെയാണ് ഇങ്ങോട്ടേക്കുള്ളത്. കുറ്റിയാടിയിൽ നിന്നും ഏഴു കിലോമീറ്ററോളം ദൂരമേയുള്ളൂ ഇവിടേക്ക്. (നിപ വൈറസ് പടർന്നിരിക്കുന്നതിനാൽ ഇവിടെ താൽക്കാലികമായി ഇപ്പോൾ സന്ദർശകർക്ക് പ്രവേശനം ഇല്ല.)

നിങ്ങൾ കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമാണ് താമസിക്കുന്നതെങ്കിൽ ഈ അഞ്ച് സ്ഥലത്തേക്കും ഓരോ വൺ ഡേ ട്രിപ്പ് പോകാവുന്നതാണ്. കുടുംബവും കുട്ടികളെയും യാത്ര ചെയ്യുവാൻ പറ്റിയ സ്ഥലങ്ങളാണ് ഇവ.