സർക്കാർ സംവിധാനങ്ങൾ വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന് കീഴിലുള്ള മുഴുവൻ അതിഥി മന്ദിരങ്ങളിലേക്കും മുറികൾ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നിരിക്കുന്നു. താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഗവണ്മെന്റ് റസ്റ്റ് ഹൗസുകളിലെ മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും സർക്കാർ അതിഥി മന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്യുന്നതിന് https://resthouse.pwd.kerala.gov.in/ എന്ന സൈറ്റിലൂടെയും പൊതുഭരണവകുപ്പിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റായ gad.kerala.gov.in ലെ ഓൺലൈൻ സർവ്വീസസ് വിൻഡോയിലൂടെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
താമസത്തിന് മുറി ആവശ്യമുള്ള തീയതിയ്ക്ക് അഞ്ചു ദിവസം മുൻപ് മുതൽ ലഭ്യമായ അപേക്ഷകളിൽ മുറികൾ അനുവദിച്ചു തുടങ്ങുകയും ഓൺലൈൻ ബുക്കിംഗിൽ രേഖപ്പെടുത്തിയ മൊബൈലിലേക്ക് എസ്.എം.എസ്. ആയി സ്റ്റാറ്റസ് അറിയിക്കുകയും ചെയ്യും. ഔദ്യോഗികാവശ്യങ്ങൾക്കായുള്ള അപേക്ഷകൾക്ക് സ്വകാര്യ ആവശ്യങ്ങൾക്കായുള്ള അപേക്ഷകളേക്കാൾ മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
അടിയന്തിര ഘട്ടങ്ങളിൽ ഒരു പ്രത്യേക ദിവസത്തേക്ക് മുറികൾ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിക്കുന്നവർ അന്നേദിവസം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപായി തന്നെ അപേക്ഷ സമർപ്പിച്ചിരിക്കണം. ഒരു മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
റൂം ബുക്ക് ചെയ്തവർ അപേക്ഷയിൽ രേഖപ്പെടുത്തിയ വിലാസം തെളിയിക്കുന്ന ഔദ്യോഗിക ഒറിജിനൽ ഐഡന്റിറ്റി കാർഡ് കൈയിൽ കരുതേണ്ടതാണ്. ഇത് അതിഥിമന്ദിരത്തിലെ മാനേജരെ കാണിക്കേണ്ടി വരും. സസ്പെൻഷനിലുള്ള സർക്കാർ ജീവനക്കാരാണ് അപേക്ഷിക്കുന്നതെങ്കിൽ സസ്പെൻഷനിലുള്ള വിവരം രേഖപ്പെടുത്തിയിരിക്കണം. അതേപോലെതന്നെ ദീർഘകാല അവധിയിലുള്ള സർക്കാർ ജീവനക്കാർ ആ വിവരവും അറിയിക്കേണ്ടതാണ്.
മുറികൾ ബുക്ക് ചെയ്യുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ ഇനിമുതൽ സ്വീകരിക്കുകയുള്ളൂ. സാങ്കേതിക തകരാറു മൂലം ഏതെങ്കിലും ദിവസം ഓൺലൈൻ റിസർവേഷൻ ലഭ്യമല്ലാതെ വന്നാൽ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോമിൽ പൊതുഭരണവകുപ്പിൽ നേരിട്ടോ, ഇമെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ ഏതെങ്കിലും ദിവസം റിസർവേഷൻ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമല്ലാതെ വന്നാൽ പ്രസ്തുത ദിവസത്തെ റിസർവേഷൻ ലിസ്റ്റിന്റെ പകർപ്പ് പൊതുഭരണവകുപ്പിൽ ലഭ്യമായിരിക്കും.
റസ്റ്റ് ഹൗസ് കൂടുതല്‍ ജനസൗഹൃദമാക്കി പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമഡേഷന്‍ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ് ഉളളത്. റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു.
റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പു വരുത്തും. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ്ലറ്റ് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തി ജനകീയമാക്കും. സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും.
ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യുന്നവര്‍ക്ക് നല്‍കുന്ന മുറി സർക്കാർ ഉദ്യോഗസ്ഥൻമാർക്കും ഭരണകർത്താക്കൾക്കും വേണ്ടി ക്യാന്‍സല്‍ ചെയ്യില്ല എന്ന ഉറപ്പും മന്ത്രി നൽകുന്നുണ്ട്.
സ്വകാര്യ ഹോട്ടലുകളെക്കാൾ ചാർജ്ജ് വളരെ കുറവാണെന്നതും, അതോടൊപ്പം തന്നെ 100% സുരക്ഷയും ഉറപ്പുവരുത്താമെന്നതുമാണ് ഗവണ്മെന്റ് ഗസ്റ്റ് ഹൗസുകളിൽ താമസിക്കുന്നത് കൊണ്ടുള്ള ഗുണം. പല റസ്റ്റ് ഹൌസുകളും ആളുകൾ താമസിക്കാക്കത്തത് കൊണ്ട് കാടു പിടിച്ച് വൃത്തികേടായി കിടന്നിരുന്നു. സർക്കാരിന് വരുമാനവും പൊതുജനങ്ങൾക്ക് സൌകര്യവും ലഭിക്കുന്ന ഈ പുതിയ തീരുമാനം മികച്ചതാണ്. പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കൂടുതൽ ജനകീയമായി മാറി “പീപ്പിൾസ്റസ്റ്റ്ഹൗസ്” ആക്കുവാൻ നമുക്ക് സർക്കാരിനൊപ്പം കൈകോർക്കാം.