മലയാളികൾക്ക് പണ്ടുമുതലേ ടൂർ എന്നു വെച്ചാൽ ഊട്ടിയോ കൊടൈക്കനാലോ ഒക്കെയാണ്. എങ്കിലും കൊടൈക്കനാലിനെക്കാളും ഒരുപടി മുന്നിലാണ് ഊട്ടിയെ നമ്മൾ പ്രതിഷ്ഠിച്ചിരിക്കുന്നത്. കോളേജ് ടൂർ, ഫാമിലി ടൂർ, ഹണിമൂൺ എന്നുവേണ്ട മിക്കവരുടെയും ടൂർ ലൊക്കേഷൻ ഊട്ടിയായിരിക്കും. ഊട്ടിയിൽ ചിത്രീകരിച്ച മലയാള സിനിമകൾ ഒരു പരിധിവരെ അവിടേക്ക് നമ്മളെ ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു എന്നുവേണം പറയുവാൻ.
ശരിക്കും ഊട്ടിയിൽ കുറെയേറെ സ്ഥലങ്ങളുണ്ട് സഞ്ചാരികൾക്ക് കാണുവാൻ. എന്നാൽ ഭൂരിഭാഗം ആളുകളും ബൊട്ടാണിക്കൽ ഗാർഡൻ, ബോട്ട് ഹൗസ്, റോസ് ഗാർഡൻ, പൈൻ ഫോറസ്റ്റ് തുടങ്ങിയവ മാത്രം കണ്ട് ആസ്വദിച്ചു പോരുന്നു. എത്ര പ്രാവശ്യം പോയാലും മിക്കവരും ഈ സ്ഥലങ്ങളിലൊക്കെ തന്നെ ചുറ്റിത്തിരിയുവാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ ഇവയെക്കൂടാതെ ഊട്ടിയിൽ കാണുവാനായി കുറെയേറെ സ്ഥലങ്ങളുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ടു തീർക്കാവുന്നതല്ല ഊട്ടിയുടെ സൗന്ദര്യം എന്നോർക്കുക. ഇനി അടുത്ത തവണ ഊട്ടിയിൽ പോകുമ്പോൾ നിങ്ങൾക്ക് സന്ദർശിക്കുവാനായി കുറച്ചു വ്യത്യസ്തമായ സ്ഥലങ്ങളെ ഇവിടെ പരിചയപ്പെടുത്തി തരാം.
1. ഗ്ലെൻ മോർഗൻ : ഊട്ടിയിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സ്ഥലമാണ് ഇത്. ഇവിടെയുള്ള കുന്നും തേയിലത്തോട്ടങ്ങളും ഒക്കെ ഏതൊരു സഞ്ചാരിയുടെയും മനസ്സ് കീഴടക്കും എന്നുറപ്പാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഡാം, പവർ ഹൗസ്, ട്രെക്കിങ്, ടീ എസ്റ്റേറ്റ് എന്നിവയിൽ സമയം ചെലവഴിക്കാം.
2. പൈക്കര : ഊട്ടിയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് പൈക്കര. പൈക്കരയിലുള്ള തടാകമാണ് ഇവിടത്തെ എടുത്തു പറയേണ്ട പ്രത്യേകത. ഈ തടാകത്തിൽ സഞ്ചാരികൾക്ക് ബോട്ടിംഗ് നടത്തുന്നതിനുള്ള സൗകര്യങ്ങളുണ്ട്. 8 സീറ്റുള്ള മോട്ടോർ ബോട്ടിനു 20 മിനിറ്റ് സമയത്തേക്ക് 750 രൂപയാണ് ചാർജ്ജ്. രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളും ഇവിടെയുണ്ട്. രാവിലെ 9 മണി മുതൽ വൈകീട്ട് ആറുമണി വരെയാണ് ഇവിടെ സഞ്ചാരികൾക്ക് പ്രവേശനമുള്ളത്. തടാകത്തെ കൂടാതെ ഇവിടെ ഒരു വെള്ളച്ചാട്ടവും ഡാമും ഒക്കെയുണ്ട്. വെള്ളച്ചാട്ടം കാണുവാനായി ഒരാൾക്ക് പത്തു രൂപയിൽ താഴെ മാത്രമേ ചാർജ്ജ് വരികയുള്ളൂ.
3.കാമരാജ് സാഗർ ഡാം : സാന്ദിനല്ല റിസർവോയർ എന്ന പേരിൽക്കൂടി അറിയപ്പെടുന്ന കാമരാജ് സാഗർ ടം സ്ഥിതി ചെയ്യുന്നത് ഊട്ടിയിൽ നിന്നും പത്തു കിലോമീറ്റർ അകലെയാണ്. ഫോട്ടോഗ്രാഫിയിൽ കമ്പമുള്ളവർക്കും പ്രകൃതി സ്നേഹികൾക്കും പറ്റിയൊരു സ്ഥലമാണിത്. പ്രശസ്തമായ ഷൂട്ടിംഗ് പോയിന്റിൽ നിന്നും ഇവിടേക്ക് അഞ്ചോ ആരോ കിലോമീറ്റർ ദൂരമേയുള്ളൂ.
4.തണ്ടർ വേൾഡ് : ഊട്ടി ബോട്ട് ഹൗസിൽ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തായാണ് തണ്ടർ വേൾഡ് സ്ഥിതി ചെയ്യുന്നത്. കുട്ടികളുമായി പോകുന്നവർക്ക് സന്ദർശിക്കുവാൻ പറ്റിയ ഒരിടമാണിത്. ചലിക്കുന്ന ദിനോസർ, 5D തിയേറ്റർ, കൃത്രിമമായ മഞ്ഞിൽ കളിക്കാവുന്ന സൗകര്യം എന്നിവ ഇവിടെയുണ്ട്. ഒരേക്കർ സ്ഥലത്തായി പരന്നു കിടക്കുന്ന ഇവിടേക്കുള്ള പ്രവേശനം രാവിലെ 9.30 മണി മുതൽ 6.30 വരെയാണ്.
5. സെൻറ് സ്റ്റീഫൻസ് പള്ളി : ഊട്ടിയിലെ ആദ്യത്തെ കൊളോണിയൽ കെട്ടിടമാണിത്. 1820 നിർമ്മിക്കപ്പെട്ട ഇത് തോട ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നത്. ഗോഥിക് ശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഊട്ടി കളക്ടറേറ്റ് ഇതിനടുത്താണ്.
6. സർക്കാർ മ്യൂസിയം, ഊട്ടി : ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരമേയുള്ളൂ സർക്കാർ മ്യൂസിയത്തിലേക്ക്. ചരിത്രപ്രാധാന്യമുള്ള വസ്തുക്കൾ, ജില്ലയുടെ പാരിസ്ഥിതിക വിവരങ്ങൾ, കലാരൂപങ്ങൾ, തമിഴ് നാട്ടിലെ ശിൽപ്പങ്ങൾ എന്നിവയാണ് ഈ മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങൾ. ഊട്ടി ട്രൈബൽ മ്യൂസിയം എന്നുകൂടി വിളിപ്പേരുള്ള ഈ മ്യൂസിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മ്യൂസിയം ദേശീയ അവധി ദിവസങ്ങളിലും വെള്ളിയാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും പ്രവർത്തിക്കുന്നതായിരിക്കില്ല. സമയം – രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ, ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 5 വരെ.
7. വാക്സ് വേൾഡ് : പേരു പോലെത്തന്നെ മെഴുക് പ്രതിമകളുടെ ഒരു ലോകമാണിത്. ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും ഒരു കിലോമീറ്റർ ദൂരമേയുള്ളൂ വാക്സ് വേൾഡിലേക്ക്. ശ്രീജി ഭാസ്കരൻ എന്നു പേരായ ഒരു ഐടി പ്രൊഫഷണലാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളുടെയും ദേശീയ നേതാക്കളുടെയും ജീവൻ തുടിക്കുന്ന മെഴുകു പ്രതിമകൾ ഈ മ്യൂസിയത്തിൽ നമുക്ക് കാണാം. ഇവിടേക്കുള്ള പ്രവേശന ഫീസ് മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ്. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ മ്യൂസിയം തുറന്നിരിക്കുന്നതായിരിക്കും.
8. ലവ് ഡെൽ : ഊട്ടിയിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന, ഉയരമേറിയ ഒരു മനോഹര സ്ഥലമാണ് ലവ് ഡെൽ. ലവ്ഡെയ്ലില് ഏതു സമയത്തും തണുപ്പു നിറഞ്ഞ അന്തരീക്ഷമായിരിക്കും.പേരിനൊപ്പം ലവ് ഉള്ളത് ശ്രദ്ധിച്ചില്ലേ? ശാന്തമായി സമയം ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഹണിമൂൺ യാത്രികർക്കും തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലം കൂടിയാണിവിടം.
ഇവയെക്കൂടാതെ ധാരാളം വിനോദസഞ്ചാരകേന്ദ്രങ്ങൾ ഊട്ടിയിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ട്. അവ പിന്നീട് ഒരിക്കൽ പറഞ്ഞു തരാം. ഇനി അടുത്ത തവണ ഊട്ടിയിലേക്ക് ടൂർ പോകുന്നവർ ഈ സ്ഥലങ്ങളിൽ കൂടി ഒന്നു സന്ദർശിക്കുവാൻ ശ്രമിക്കുക.