വിവരണം – ശുഭ ചെറിയത്ത്.
യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം
അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള ഓരോ യാത്രയിലും പ്രതിഫലിക്കും. നമ്മിലെ ശിശുവായ സഞ്ചാരി ആ യാത്രയിൽ ഒട്ടേറെ അനുഭവ പാഠംങ്ങൾ സ്വായത്തമാക്കി കാണും.
വ്യത്യസ്തമായ ദേശത്ത് അപരിചിതമായ ആളുകൾക്കിടയിൽ ആദ്യമായി കടന്നു ചെല്ലുമ്പോൾ ഇതുവരെയും പൊട്ടക്കിണറ്റിലെ തവളയെപ്പോലെ ഒതുങ്ങിക്കഴിഞ്ഞിരുന്ന നാം വിശാലമായ ലോകത്തെ ആദ്യമായി അനുഭവിക്കുമ്പോൾ നമ്മിൽ ഉളവാകുന്ന അനുഭൂതി , വികാരം ആ യാത്രയുടെ ആകെ തുകയായിരിക്കും അത് .പിന്നീട് മനസ്സിലേക്ക് കടന്നു വരുന്ന ആ ഓർമ്മകൾ നമ്മെ മത്തുപിടിപ്പിക്കുമ്പോൾ അടുത്ത യാത്രയെക്കുറിച്ച് നാം സ്വപ്നം കാണാൻ തുടങ്ങും …..
എന്നെ സംബന്ധിച്ച് എന്റെ ഓർമയിലെ ആദ്യ യാത്ര ഊട്ടിയിലേക്ക് ആയിരുന്നു . അച്ഛന്റെ ജോലി സ്ഥലമായതിനാൽ തന്നെ ബാല്യത്തിലെ ഓർമ്മകളിൽ നിറഞ്ഞുനിന്ന ഇടം , അതുകൊണ്ടുതന്നെ ഊട്ടിയോട് വൈകാരികമായ ഒരു അടുപ്പമുണ്ടായിരുന്നു. ഇന്ത്യൻ മിലിട്ടറി എഞ്ചിനിയറിങ്ങ് സർവ്വീസിൽ ആയിരുന്നു അച്ഛന് ജോലി . ഹൈദരബാദിൽ നിന്നും നീലഗിരി ജില്ലയിലെ വെല്ലിംങ്ങ്ണിലേക്ക് അച്ഛന് സ്ഥലം മാറ്റം ലഭിക്കുമ്പോൾ തണുപ്പു കാരണം ഞങ്ങൾ നാട്ടിൽ സ്ഥിരതാമസമാക്കുകയായിരുന്നു…
പിന്നീട് അച്ഛൻ അവധിക്കു നാട്ടിലെത്തിയാൽ ഊട്ടിയെക്കുറിച്ചുള്ള വർണ്ണന കേട്ട് ആ നീലമലകളെ ഞാനും സ്വപ്നം കണ്ടു തുടങ്ങി. നാലാം ക്ലാസ്സിലെ മദ്ധ്യ വേനലവധി സമയത്താണ് അടുത്ത വരവിൽ ഞങ്ങളേയും കൂടെ കൂട്ടുമെന്ന അച്ഛന്റെ കത്ത് ലഭിച്ചത് .പിന്നീടുള്ള രാത്രികളിൽ സ്വപ്നങ്ങളിൽ നിറയെ ഊട്ടി മാത്രം .കൂട്ടുകാരോടും അയൽക്കാരോടു മൊക്കെ ഈ വിവരം പങ്കിട്ടു . അങ്ങനെ നാട്ടിലെങ്ങും പാട്ടായി … എന്റെ ഊട്ടി യാത്ര …
ഞങ്ങളെ കൂട്ടാനായി അച്ഛൻ എത്തി , മൂന്നു നാലു ദിനം കഴിഞ്ഞേ യാത്രയുള്ളൂ . എനിക്കാണെങ്കിൽ ഇനി ഒരു നിമിഷം പോലും കാത്തിരിക്കാൻ വയ്യ .. എത്രയും പെട്ടെന്ന് ഊട്ടിയിൽ എത്തിയാൽ മതി … കാരമുള്ളിൽ ചവിട്ടി നിൽക്കുന്ന അവസ്ഥ…. മിനിട്ടുകൾക്ക് മണിക്കൂറിന്റെ ദൈർഘ്യം .. !! തേങ്ങ ,മാങ്ങ ,ചക്ക ,ഉണ്ണിയപ്പം , ഇത്യാദികളൊക്കെ അമ്മ പാക്കു ചെയ്തു തുടങ്ങി … ദീപാവലിക്കും മറ്റു വിശേഷ അവസരങ്ങളിലുമൊക്കെ അച്ഛന്റെ അയൽക്കാരായ തമിഴർ ധാരാളം പലഹാരങ്ങൾ കൊടുത്തു വിടും . അതിനു പകരമെന്നോളം നമ്മുടെ വക അവർക്കു കൊടുക്കാനായിട്ടുള്ളത് .
പട്ടാള ക്വാർട്ടേഴ്സിലല്ലാതെ ചെറിയ റൂം വാടക കെടുത്തായിരുന്നു അച്ഛൻ താമസിച്ചിരുന്നത് .അയൽക്കാർ കൂടുതലും തമിഴർ … ദൂരേയുള്ള മലയാളികളുമായും നല്ല സൗഹൃദം ( അല്ലെങ്കിലും പുറത്തെത്തിയാൽ നമ്മൾ മലയാളികൾക്ക് ഭയങ്കര ഐക്യമാണല്ലോ? ) എന്റെ സ്വപ്നങ്ങളുടെ തിരശ്ശീല നീക്കികൊണ്ട് തലശ്ശേരിയിൽ നിന്നും കൊയമ്പത്തൂർ പാസ്റ്റ് പാസഞ്ചർ ഞങ്ങളെയും വഹിച്ച് കൊണ്ട് യാത്ര തുടർന്നു …. എന്റെ ഓർമയിലെ ആദ്യ ട്രെയിൻ യാത്രയും അതു തന്നെ ….. കോഴിക്കേട് , മലപ്പുറം അങ്ങനെ കേട്ടറിഞ്ഞ കുറേയേറെ സ്ഥലങ്ങൾ പിന്നിട്ട് യാത്ര …. ഓരോ സ്ഥലത്തെത്തുമ്പോഴും അച്ഛൻ സ്ഥലങ്ങളുടെ പ്രാധാന്യം വിവരിച്ചു തരും …
ബസിലെ പോലെ പിടിക്കേണ്ട ….ആടുന്നില്ല .. വീഴുന്നില്ല … നിൽക്കാൻ നല്ല സുഖം …. എറേ നേരം നിന്നും നടന്നും ,പിന്നെ മടുപ്പുളവായപ്പോൾ സീറ്റിലിരുന്നു പുറം കാഴ്ചകളിലേക്ക് തിരിഞ്ഞു ….അടുത്തിരിക്കുന്ന ആളുകളുമായി അമ്മ കഥ പറയാൻ (നാട്ടുവിശേഷം വീട്ടു വിശേഷം ) തുടങ്ങി . അവരൊക്കെ നമുക്കു പ്രിയപ്പെട്ടവരായി മാറി. ആഹാര സാധനങ്ങൾ പങ്കുവെച്ചും , ഞങ്ങൾ കുട്ടികൾ പാട്ടു പാടിയുമൊക്കെ ഒരു വീടുപോലെ .. ട്രെയിൻ ഷോർണൂരിലെത്തുമ്പോൾ ഒരെണ്ണം കഴിച്ചാൽത്തന്നെ വയറു നിറയുന്ന രുചികരമായ “ഷോർണൂർ പഴംപൊരി ” വാങ്ങി തന്നു . പലവട്ടം പറഞ്ഞു കൊതിപ്പിച്ച പലഹാരം കൈയിൽ കിട്ടിയപ്പോൾ വെറുതെയല്ല രുചിക്കൊണ്ടു തന്നെയാണ് അത് പ്രസിദ്ധമായതെന്ന് തോന്നി .
കേരളത്തിലെ രണ്ടാമത്തെ നീളമേറിയ നദിയായ ഭാരതപ്പുഴ ഒളിഞ്ഞും തെളിഞ്ഞും കണ്ടു … വേനൽക്കാലമായതിനാലാകാം വറ്റിവരണ്ടിരിക്കുന്നു . കേരളത്തിന് കാവലെന്നോണം നിൽക്കുന്ന പശ്ചിമഘട്ട മലനിരകൾ … ആദ്യമായി കാണുന്നതിനാൽ തന്നെ ജനലരികിലിരുന്ന് കൗതുക പൂർവ്വം ഞാനവയെ വീക്ഷിച്ചു ..
ഇടയ്ക്ക് വലിയ തീവണ്ടികൾ ചൂളമടിച്ച് പോകുന്നു .. അന്തമില്ലാത്ത ബോഗികൾ… കാതടപ്പിക്കുന്ന ശബ്ദം … തമിഴ്നാട്ടിലേക്ക് കടക്കുമ്പോൾ കാഴ്ചയുടെ നിറം മാറി തുടങ്ങി പുക തുപ്പുന്ന ചെറുതും വലുതുമായ ഫാക്ടറികൾ …. അങ്ങനെ … അടുത്തിരുന്ന പലരും വിടപറഞ്ഞു പോകുമ്പോഴുള്ള വേദന നമ്മുടെ മനസ്സിൽ എത്രമാത്രം അവർ കടന്നു എന്നതിന് തെളിവായിരുന്നു …
കൊയമ്പത്തൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങുമ്പോൾ യാത്രക്കാരുടെ തിരക്ക് … ഉച്ചത്തിലുള്ള അനൗൺസ്മെൻറ്… പാളങ്ങളിൽ നിരനിരയായ് നിർത്തിയിട്ട ധാരാളം ട്രെയിനുകൾ ,ഇത്രയേറെ ട്രെയിൻ ഒരുമിച്ച് കാണുന്നത് ആദ്യം .. അതിന്റെ അമ്പരപ്പ് ഒരു ഭാഗത്ത് ….ഊട്ടി കാണാൻ എത്തിയ ഞാൻ അപ്പോഴേക്കും ഒരു വിധം അവശയായി കഴിഞ്ഞിരുന്നു . ഉച്ചഭക്ഷണത്തിനായി ഒരു ഹോട്ടലിലേക്ക് കയറുമ്പോൾ സമീപത്തു കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു . ഭക്ഷണാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന വീപ്പയ്ക്കരികിൽ നിന്നും പത്രത്താളു കൊണ്ട് നഗ്നത മറഞ്ഞ മനുഷ്യർ ആർത്തിയോടെ അവ ഭക്ഷിക്കുന്നു. ഇന്നും മനസ്സിൽ തറച്ചു നിൽക്കുന്ന ആദ്യ യാത്രയിലെ വിറങ്ങലിച്ച ചിത്രം …!!
പിന്നെ ബസിൽ കയറി ചൂടിൽ പുകഞ്ഞു നിൽക്കുന്ന നഗരതിരക്കിലൂടെ ഊട്ടിയുടെ കുളിരിലേക്ക് യാത്ര തുടർന്നു. മേട്ടുപാളയത്തിൽ നിന്ന് കുത്തനെയുള്ള ആ വലിയ ചുരം കയറുമ്പോൾ ബസ് പലയിടങ്ങളിലും നിർത്തി നിർത്തിയാണ് കയറുക .ബസിനകത്ത് കുളിര് കൂടി തുടങ്ങി .ഞാൻ ഉറക്കത്തിലേക്ക് വഴുതി .പിന്നീട് അമ്മ വിളിച്ചുണർത്തുമ്പോഴാണ് ഊട്ടി ബസ്സ്റ്റാൻഡിലെത്തിയെന്നറിത്തത്.. നിർത്താതെയുള്ള തമിഴ് സംസാരം ,അസഹനീയമായ തണുപ്പ് ,കോട്ടും സൂട്ടും സ്വറ്ററുമൊക്കെയിട്ട മനുഷ്യർ . മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന സുന്ദരി …അതായിരുന്നു എന്റെ ഊട്ടി …
അച്ഛന്റെ താമസസ്ഥലം കൂനൂരിലാണ് . ഊട്ടിയിൽ (15 Km) നിന്നും പിന്നെയും ബസിൽ കയറി പോകണം . ആ യാത്ര ഞാനെന്ന നാലാം ക്ലാസ്സുകാരിയെ സംബന്ധിച്ച് ഭീതിജനകമായിരുന്നു .ഒരു വശം കൂറ്റൻ മലനിരകൾ, മറുവശം അഗാധമായ കൊക്ക,മഞ്ഞ് പുതഞ്ഞു നിൽക്കുന്നതിനാൽ അവ്യക്തമായ വഴികൾ .ബസ് ചെറുതായി ഒന്നു മാറിയാൽ കൂറ്റൻ കൊക്കയിലേക്ക് പതിക്കും …!!
“ഈശ്വരാ എന്റെ അച്ഛൻ എന്നും ഈ വഴിയേ ആണല്ലോ നാട്ടിലേക്ക് വരുന്നത് ഓർക്കുമ്പോൾ നെഞ്ച് പാളി ” ( പിന്നീട് അച്ഛൻ വരുന്നുണ്ടെന്ന വിവരമറിഞ്ഞാൽ ആ കൊക്കെയെക്കുറിച്ചുള്ള ഭയമായിരുന്നു മനം നിറയെ , അച്ഛന് അപത്ത് വരുത്തരുതേ എന്ന പ്രർത്ഥനയും). കൂനൂരെത്തുമ്പോൾ സമയം സന്ധ്യ കഴിഞ്ഞിരുന്നു. വലിയ പട്ടണം തന്നെയാണ് കൂനൂരും. ദക്ഷിണേന്ത്യയിലെ പേപട്ടി വിഷത്തിനുള്ള മരുന്നു നിർമാണ കേന്ദ്രവും ചികിത്സാ കേന്ദ്രവും (ലൂയി പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ) ഇവിടെയാണ്.
ചുറ്റുമുള്ള മലമുകളിൽ നിറയെ ദീപങ്ങൾ തെളിയിച്ചു വച്ച കൂനൂർ നഗരത്തിൽ നിന്നുള്ള രാത്രിദൃശ്യം നയന മനോഹരമായിരുന്നു .മലമുകളിലെ വീടുകളിലെ വൈദ്യുത വിളക്കുകളാണ് ഇത്ര സുന്ദരമായ വിരുന്നൊരുക്കുന്നതെന്ന് അച്ഛൻ പറഞ്ഞറിഞ്ഞു. തണുപ്പു കൊണ്ട് പല്ലുകൾ കൂട്ടിയിടിക്കാൻ തുടങ്ങി .ഓട്ടോയിൽ റൂമിലെത്തി . എത്തിയ ഉടൻ തന്നെ ഞങ്ങൾ കുട്ടികൾ കമ്പിളി പുതപ്പിനോട് കൂട്ടു കൂടി .
അപ്പോഴേക്കും അയൽക്കാർ കാണാൻ എത്തി തുടങ്ങി.ഭാഷ വലിയ പിടി ഇല്ലാത്തതിനാൽ തന്നെ പറയുന്നത് ഒന്നും തന്നെ മനസ്സിലായില്ല എങ്കിലും പാട്ടിയെ ഒറ്റനോട്ടത്തിൽ തന്നെ തിരച്ചറിഞ്ഞു . ജലദൗർലഭ്യം എറ്റവും കൂടുതൽ ഉള്ള സ്ഥലമാണ് ഇവിടം .ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ജലവിതരണമുള്ളൂ .പൊതു ടാപ്പിന് മുന്നിലെ നീണ്ട ക്യൂവിൽ മണിക്കൂറുകളോളം നിന്ന് വെള്ളവുമായി മടക്കുന്നവരെ കാണാം. അച്ഛന് അവശ്യത്തിനുള്ള വെള്ളം കഴിഞ്ഞാൽ ബാക്കി സമീപത്തുള്ള കൂടുതൽ അംഗങ്ങളുള്ള ഒരു പാട്ടി ( വയസ്സായ അമ്മ ) ക്കാണ് നൽകുക .അവർക്കതിന്റെ സ്നേഹം ഒരു മകനോടെന്ന പോലെ അച്ഛനോടുണ്ടു താനും. അവരാണ് ആവശ്യമായ വെള്ളം പിടിച്ചു വയ്ക്കുന്നതും മറ്റും … വീടിന്റെ ഒരു താക്കോൽ അവരുടെ കൈകളിൽ …
പിറ്റേന്ന് പ്രഭാതത്തിൽ ഉന്തുവണ്ടിയിൽ സാധനങ്ങൾ വില്ക്കുന്നവരുടെയും , വസ്ത്രങ്ങൾ ഇസ്തിരിയിട്ടു നല്ക്കുന്നവരുടേയും കുട്ടകളിൽ മൂല്ലപ്പൂക്കൾ വിൽക്കുന്നവരുടേയും ശബ്ദകോലാഹലം കേട്ടാണ് ഉണരുന്നത് .വാതിൽ തുറന്നു നോക്കുമ്പോൾ ആരെയും കാണാനില്ല .. മൂടൽ മഞ്ഞ് മാത്രം .. അടുത്തെത്തുമ്പോഴാണ് കണ്ടത്. അപ്പോഴാണ് അടുത്തുള്ള തമിഴത്തി പെണ്ണ് ശാരദമണി ഞങ്ങൾക്ക് മുടിയിൽ ചൂടാനുള്ള മുല്ലപ്പൂവുമായി വന്നത്. കൂടെ അവളുടെ ചേട്ടൻ, ദീപ അങ്ങനെ അവർ അഞ്ച് പേരുണ്ട്.
ഏകദേശം പത്തു മണിയായപ്പോൾ അവർ ഒരു മലയാളി പെൺകുട്ടിയെയും കൂട്ടി വന്നു വിവർത്തകയായി … അവർക്കു ഞങ്ങളോടു പറയാനുള്ളത് മലയാളത്തിൽ അവൾ മൊഴിമാറ്റം നടത്തും അങ്ങനെ തിരിച്ചും … അങ്ങനെ ഭാഷയ്ക്കും സംസ്കാരത്തിനുമപ്പുറം നല്ലൊരു സൗഹൃദം നമുക്കിടയിൽ പൂത്തു . പിന്നീടുള്ള അവധിക്കാലത്തെ ഊട്ടിയിലേക്കുള്ള ഓരോ യാത്രയിലും ഇവരായിരുന്നു എന്റെ പ്രിയപ്പെട്ട കൂട്ടുകാർ . ഇന്ന് വിവാഹിതരായി പലരും പല വഴിക്ക്…
റൂമിനോട് ചേർന്ന് എല്ലാവർക്കും കുറച്ച് സ്ഥലമുണ്ട് അവിടെ ഉരുളക്കിഴങ്ങ് കൃഷി ചെയ്യും ,അതിനോട് ചേർന്ന് ചെറിയൊരു അമ്പലവും .വൈകുന്നേരങ്ങളിൽ സ്ത്രീകളും കുട്ടികളുമൊക്കെ അവിടെ ഒത്തുകൂടും. ഞങ്ങൾ കുട്ടികൾ പന്തുകളിയിൽ ഏർപ്പെടും.പിന്നെ പച്ചപ്പുൽമെത്തയിലിരുന്ന് നീല മലകളെ സാക്ഷിയാക്കി പാട്ടു പാടിയും കഥ പറഞ്ഞും ( പറഞ്ഞു മനസ്സിലാക്കാൻ സമയമേറെ എടുക്കും ) ഒപ്പം തമിഴ് പഠിപ്പിക്കലും (തിരിച്ചു മലയാളവും ) മൊക്കെയായി കഴിയും . താഴെ തുണി അലക്കു കേന്ദ്രമുണ്ട് തട്ടു തട്ടായ പ്രദേശമായതിനാൽ തന്നെ അവിടെ ഉണ്ടാക്കാനിട്ടിരിക്കുന്ന പല നിറത്തിലുള്ള തുണികൾ കാറ്റിൽ ആടിയുന്നതു കാണാൻ പ്രത്യേക ചന്തമുണ്ട് .ഒട്ടേറെ സിനിമാ ചിത്രീകരണം നടന്ന സ്ഥലം.
പിന്നെ അടുത്തുള്ള ചെറിയ സ്ഥലങ്ങളിലേക്ക് കൂട്ടുകാർക്കൊപ്പം യാത്ര. രാത്രി വൈകുവോളം ഞങ്ങൾ കളിയും ചിരിയുമൊക്കെയായി കഴിച്ചു കൂട്ടും .തിരികെ ലഭിക്കാത്ത ഓർമയിലെ നല്ല നിമിഷങ്ങൾ ….. മൂന്നു നാലു ദിവസം ഇങ്ങനെ കഴിഞ്ഞതിനു ശേഷം ഊട്ടി കാഴ്ചകൾ കാണാനിറങ്ങി .കൂനൂരിൽ നിന്ന് വെല്ലിങ്ടണിലേക്ക് നടന്നാണ് യാത്ര അച്ഛൻ സ്ഥിരം റൂട്ട് .കൂനൂരിലെ വറ്റി വരണ്ട പുഴക്കു കുറുകെയുള്ള പാലവും കടന്ന് ധാരാളം പടികൾ കയറിയും ഇറങ്ങിയും മഞ്ഞിൽ പുതഞ്ഞ് യൂക്കാലിസ്റ്റ് മരങ്ങൾ ഇടതൂർന്നു വളർന്നു നിൽക്കുന്ന വഴികളിലൂടെ . കാറ്റിനു പോലും യൂക്കാലിയുടെ ഗന്ധം …. സിനിമയിലെ പാട്ടു രംഗങ്ങളിൽ മാത്രം കണ്ട സ്ഥലങ്ങൾ …
ആർമിയുടെ മദ്രാസ് റെജിമെന്റിനു കീഴിലെ എല്ലാ വിഭാഗങ്ങളും വെല്ലിങ്ങ്ടണിലുണ്ട് . ഇന്ത്യൻ ആർമിയുടെ ആയുധ നിർമാണ ശാലയും ഇവിടെ പ്രർത്തിക്കുന്നു പൂർണ്ണമായും ആർമിയുടെ നിയന്ത്രണത്തിലുള്ള പ്രദേശം . കടന്നു പോകുന്ന വാഹനങ്ങൾ കൂടുതലും മിലിട്ടറി ട്രെക്കുകൾ . ഒറ്റനോട്ടത്തിൽ പട്ടാളക്കാരുടെ മാത്രം ലോകമെന്ന് തോന്നിപ്പോകും . അച്ഛന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫീസിലുമൊക്കെ കയറിയിറങ്ങി. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ബംഗ്ലാവിലാണ് ഓഫീസ് കെട്ടിടം പ്രവർത്തിക്കുന്നത് .
വെല്ലിങ്ടണിൽ നിന്നും ഞങ്ങൾ ഊട്ടിയിലേക്ക് പോകുന്നത് ചെറിയ ട്രെയിനിലാണ്. വേറിട്ട അനുഭവമായിരുന്നു ആ ട്രെയിൻ യാത്ര . തുരങ്കങ്ങളിലൂടെ കടന്നു പോകുന്ന ഈ ട്രെയിൻ പൈതൃക തീവണ്ടിയിൽ ഇടം പിടിച്ചിട്ടുണ്ട് . ഊട്ടിയിൽ എത്തുമ്പോൾ തന്നെ അടുത്ത സുഹൃത്ത് വണ്ടിയുമായി ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു . കൂടെ മുത്തു സ്വാമിയും.
ഊട്ടിൽ നിന്നും ഞങ്ങളാദ്യം പോയത് ഊട്ടിയിലെ ഏറ്റവും ഉയർന്ന സ്ഥലമായ ദൊട്ടപേട്ടയിലേക്കാണ് . ആ മലമുകളിൽ നിന്നും മഞ്ഞിൻ പുതപ്പണിഞ്ഞ ഊട്ടി നഗരത്തിന്റെ ആകാശക്കാഴ്ച മുഴുവനായും ആസ്വദിക്കാം. വലിയ ദൂരദർശിനിയിൽ കൂടി ദൂരക്കാഴ്ചകളെ അടുത്തറിയാം .ഈ മലമുകളിൽ നിന്ന് വെല്ലിങ്ങ്ടണിലുള്ള ഓഫീസ് വരെ കാണുമെന്ന് അച്ഛൻ പറഞ്ഞു കേൾക്കാം. ശക്തിയേറിയ കാറ്റും തണുപ്പും അധിക സമയം അവിടെ ചെലവഴിച്ചില്ല .
ചുരമിറങ്ങി ഭക്ഷണശേഷം ഊട്ടിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ബൊട്ടാണിക്കൽ ഗാർഡനലേക്ക് പോയി . മെയ് മാസത്തെ ഫ്ലവർഷോയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു .വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൂക്കളും ചെടികളും കുറെയൊക്കെ എത്തി തുടങ്ങി . വൈവിധ്യമാർന്ന പനിനീർ പൂക്കൾ .. അതിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ .വലിയ ചെടികളിൽ മൃഗങ്ങളുടേയും പക്ഷികളുടേയും രൂപങ്ങൾ മനോഹരമായി വെട്ടിവച്ചിരിക്കുന്നു . പല ചെടികളെക്കുറിച്ചും അച്ഛൻ പറഞ്ഞു തരുമ്പോൾ അതിൽ ശ്രദ്ധ പതിയാതെ പുൽമെത്തയിൽ ഓടി മറഞ്ഞു കളിക്കാനായിരുന്നു എനിക്ക് തിടുക്കം .
അവിടെ നിന്നും ബോട്ട് ഹൗസിൽ എത്തുമ്പോൾ നല്ല തിരക്ക് . പഴയ കാല സിനിമയിലെ ഗാനചിത്രീകരണത്തിലെ സ്ഥിരം വേദി . വെല്ലിങ്ങ്ടണിലെ മിലിട്ടറി ഉദ്യോസ്ഥനായതിന്റെ പരിഗണന കിട്ടിയതിനാൽ ഞങ്ങൾക്ക് തിരക്കിൽ പെടാതെ കാഴ്ചകൾ ആസ്വദിക്കാൻ സാധിച്ചു . ബോട്ടിൽ കയറാനായി നിൽക്കുന്ന നേരം ബാഗിൽ നിന്നും എഞ്ചുവടി എടുത്ത് ഓരാവൃത്തി ഞാൻവായിച്ചു . ഗുണന പട്ടിക തെറ്റാതെ ചൊല്ലി കേൾപ്പിച്ചാൽ മാത്രമേ ബോട്ടിൽ കായറാൻ അനുവദിക്കൂന്ന് വരുന്നതിന് മുമ്പെ അമ്മയും മാമനും പറഞ്ഞു പേടിപ്പിച്ചിരുന്നു . അതിനാൽ തന്നെ അത് ഉറക്കമിഴിച്ചിരുന്ന് ഹൃദസ്ഥമാക്കി കഴിഞ്ഞിരുന്നു .
എഞ്ചവടി മറിച്ചു നോക്കുന്ന എന്നെ നോക്കി ” അയ്യേ പറ്റിച്ചേ ” എന്ന് പറഞ്ഞ് മാമൻ കളിയാക്കി ചിരിച്ചപ്പോൾ ഒരു മാസക്കാലം എന്നെ പറ്റിച്ച് അവധിയുടെ നല്ല ദിനങ്ങൾ നഷ്ടപ്പെടുത്തിയ അവരോടുള്ള ദേഷ്യം മനസ്സിൽ ഇരട്ടിച്ചു . പെട്ടെന്ന് ദേഷ്യം വരികയും വായിൽ തോന്നിയത് വിളിച്ചു പറയുകയും ചെയ്യുന്ന സ്വഭാവമുള്ള ഞാൻ അച്ഛനെ ഓർത്ത് അന്ന് നിശബ്ദമായിരുന്നെങ്കിലും നാട്ടിൽ തിരിച്ചെത്തിയപ്പോൾ അവരോട് ആ പ്രതികാരം വീട്ടുകയും ചെയ്തു….
അവിടെ നിന്നും ഹിന്ദുസ്ഥാൻ ഫിലിം ഫാക്ടറിക്കടുത്തുള്ള അച്ഛന്റെ സുഹൃത്തിന്റെ വീട്ടിൽ പോയി . H.P. F നെക്കുറിച്ച് സുഹൃത്ത് വാതോരാതെ പറയുന്നുണ്ട് . ഡിജിറ്റൽ ഫോട്ടോഗ്രാഫിക്ക് മുമ്പ് സകല പൗഢിയോടും കൂടി H.P. F വിരാജിക്കുന്ന കാലമായിരുന്നു അത് .പിൽക്കാലത്ത് ഒരു ഊട്ടിയാത്രയിൽ ജയലളിതയുടെ കോട്ടാരസദൃശ്യമായ ഊട്ടിയിലെ വേനൽക്കാല വസതിയും സന്ദർശിക്കാൻ സാധിച്ചിട്ടുണ്ട് .
കൂനൂരിൽ തിരിച്ചെത്തുമ്പോൾ രാത്രി വൈകിയിരുന്നു. പിറ്റേന്ന് സായാഹ്നം അടുത്തുള്ള കുട്ടികളുമായി താമസ സ്ഥലത്തിനടുത്തുള്ള കൂനൂർ സിംസ് പാർക്കിലേക്കു പോയി. വലിയ വൃക്ഷങ്ങൾ ധാരാളം ഉള്ള പാർക്ക് ലോകത്തിന്റെ പല രാജ്യങ്ങളിലെയും വൃക്ഷങ്ങൾ ഇവിടെ കാണാം ..വൃക്ഷത്തലപ്പുകളിൽ പക്ഷികൾ കൂടു കൂട്ടിയിരിക്കുന്നു. മരച്ചില്ലകളിൽ നിറയെ വാനരൻമാർ …. ഒരു പറ്റം വാനരൻമാർ ഞങ്ങൾ കുട്ടി പട്ടാളത്തിന്റെ പിറകെ കൂടി .കൂട്ടത്തിൽ ഒരു വാനരൻ കൈയ്യിലുണ്ടായിരുന്നു ബിസ്ക്കറ്റ് പൊതിയും തട്ടിയെടുത്ത് മറഞ്ഞു .
അന്ന് രാത്രി കൂനൂർ നഗരകാഴ്ച കാണാനിറങ്ങി . ധാരാളം കടകളും വഴിവാണിഭങ്ങളും , ചെറിയ കോവിലുകൾ പല ഭാഗത്തായി ഉണ്ട് .കെട്ടിടങ്ങളുടെ രണ്ടാം നിലയിലേക്ക് പടികൾക്ക് പകരം റോഡാണ് ഇവിടെ . രാത്രി സവാരിക്കിടെ വാദ്യഘോഷങ്ങളോടെ ഒരു ഘോഷയാത്ര വരുന്നതു കണ്ടു . മുൻനിരയിലെ യുവാക്കൾ ആട്ടവും പാട്ടുമൊക്കെയായി നീങ്ങുന്നു. ഇവരുടെ പിറകെ പൂക്കൾ കൊണ്ടലംകൃതമായൊരു വാഹനം … അതിൽ നിന്നും മുല്ലപ്പൂക്കളും ചെണ്ടു മല്ലിയുമൊക്കെ ഉതിർന്നു വീഴുന്നു . അച്ഛന്റെ കൈ പതുക്കെ വിട്ട് ഞാൻ നാളെ മുടിയിൽ ചൂടാനായി ആ പൂക്കൾ പെറുക്കിയെടുത്തു , വീട്ടിലെത്തി മുല്ല മാല കോരുക്കുമ്പോഴാണ് “ഇതെവിടുന്നാ ” എന്നുള്ള അമ്മയുടെ ചോദ്യം. “ഇന്ന് ടൗണീ കണ്ട ഘോഷയാത്രലെ വണ്ടീന്ന് വീണ പൂക്കളാ…. ” എന്റെ മറുപടി .
” അത് മരിച്ച ആളെ ശ്മാശാനത്തേക്ക് കൊണ്ടുപോകുന്നതാ ” അമ്മ പറഞ്ഞപ്പോൾ ഞാൻ അമ്പരന്നു . .” ഒരാൾ മരിച്ചു കഴിച്ചാൽ ഇത്ര സന്തോഷമോ? എന്ന ചിന്തയ്ക്കൊപ്പം പ്രേതകഥകൾ കേട്ടു വളർന്ന എന്നെ സംബന്ധിച്ച് ഭയം ഇരട്ടിച്ചു . ” ഇന്നിനി ആയാൾ ശ്മാശനത്തിലൊന്നും പോവില്ല പ്രേതം നിന്റെ കൂടെ വന്നു കാണും .. ” മാമൻ ഭയപ്പെടുത്താൻ തുടങ്ങി .. കൈകൾ സോപ്പിട്ട് പലവട്ടം കഴുകി .. അമ്മ വായിൽ ഭക്ഷണം വച്ച് തന്നു . കൈകളിലേക്ക് നോക്കുന്തോറും പേടി കൂടി.ആ ശവശരീരം എന്റെ പിറകെ ഉള്ളതു പോലെ … കണ്ണുകൾ ഇറുക്കിയടച്ചു കൺമുന്നിൽ നിന്നും ആ രൂപം മായുന്നില്ല ……നാമംജപിച്ച് കിടന്നു (അസ്വസ്ഥമായ രാത്രികളിൽ അന്നും ഇന്നും കൂട്ട് ). എങ്കിലും ഉറക്കം വന്നില്ല .. എനിക്കു കൂട്ടായി അമ്മ കാവൽ ഇരുന്നു .
തണുപ്പിൽ മുറിയിലെ എരിഞ്ഞു നിൽക്കുന്ന ബൾബു നോക്കി സമയം തള്ളി നീക്കി .(12 to 3 വരെയാണ് പേടി കൂടുതൽ ഉള്ള സമയം .) രണ്ടു മൂന്നു ദിനങ്ങൾ പേടിയോടെ തള്ളി നീക്കി . ഈ വിവരമറിഞ്ഞ് സമീപത്തുള്ള പാട്ടി കൈയ്യിൽ ചരട് ജപിച്ച് കെട്ടി തന്നു . എനിക്കാണേൽ എത്രയും വേഗം നാടു പിടിച്ചാൽ മതിയെന്നായി .അന്ന് വൈകുന്നേരമാണ് അച്ഛന് നാട്ടിൽ നിന്ന് ടെലിഗ്രാം വന്നിട്ടുണ്ട് വേഗം നാട്ടിൽ പോകണമെന്ന് അമ്മ പറയുന്നത്. ഇടയ്ക്കിടെ അമ്മ കരയുന്നതും കണ്ടു കാര്യമെന്തെന്ന് എനിക്കു മനസ്സിലായില്ല .
പിറ്റേന്ന് ഞങ്ങൾ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങി. അയൽക്കാരൊടൊക്കെ യാത്ര പറഞ്ഞിറങ്ങുമ്പോൾ അടുത്തുള്ള പാട്ടിയുടെ ചെറുമകൻ ” അക്കാ ..” എന്ന് വിളിച്ച് കൈ പിടിച്ചു.. ഞങ്ങൾ ഇനിയും വരുമെന്ന് പറഞ്ഞു അച്ഛൻ സമാധാനിപ്പിച്ചു. കൊയമ്പത്തൂരിൽ നിന്ന് ട്രെയിനിൽ ഞങ്ങൾ തലശ്ശേരി എത്തി . ആ യാത്രയിൽ മുതിർന്നവർരെല്ലാം നിശബ്ദരായിരുന്നു .. നാട്ടിലെത്തി ഞങ്ങൾ നേരേ പോയത് അച്ഛമ്മ (അമ്മയുടെ ഇളയമ്മ) യുടെ വീട്ടിലേക്കാണ് .
പുറത്ത് മാമൻമാർ ഇരിക്കുന്നു .. അച്ഛമ്മയുടെ മുറിയിലേക്ക് ഞാൻ വേഗം ഓടി കയറി .. അപ്പോഴാണ് ഇളയമ്മ പറഞ്ഞത് അച്ഛമ്മ ദൈവത്തിനടുത്തേക്ക് പോയെന്ന് …. എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് ഒരു കൂട്ടുകാരിയെ കൂടിയാണ് . ഊട്ടിയിലേക്ക് പോകുന്നതറിഞ്ഞ് ” അച്ഛമ്മ ഊട്ടിയൊന്നും കണ്ടിട്ടില്ല മോളു തിരിച്ചു വന്നാൽ ഊട്ടിയെക്കുറിച്ച് പറഞ്ഞു തരണേ ” എന്നു പറഞ്ഞ് യാത്രയാക്കിയ അച്ഛമ്മയോട് പറയുവാനായി ഞാൻ കരുതിയ ഊട്ടി വിശേഷങ്ങൾ എങ്ങനെ പറയും ? പേടിയുള്ള രാത്രികളിൽ ഞാൻ ആർക്കൊപ്പം ഉറങ്ങും .? മനസ്സിൽ തികട്ടിയ ചോദ്യങ്ങൾ അശ്രുധാരയായി ഒഴുകി ….
കാലങ്ങൾ പിന്നിടുമ്പോഴും ഓരോ അവധിക്കാലവും അച്ഛനൊപ്പം ഊട്ടിയിലേക്ക് പോകും …. അച്ഛന്റെ വേർപാടിനു ശേഷം പിന്നീടൊരിക്കലും ഊട്ടിയിലേക്ക് പോയില്ല . അച്ഛൻ കൂടെയില്ലാത്ത ഊട്ടി യാത്ര സങ്കല്പിക്കാൻ പോലും കഴിയില്ല …. ഒരിക്കൽ അച്ഛനൊപ്പം നടന്ന ആ വഴികളിലൂടെ വീണ്ടുമൊരിക്കൽ കൂടി അച്ഛനൊപ്പം സഞ്ചരിക്കണം ,പഴയ സൗഹൃദങ്ങളെ വീണ്ടും കണ്ടുമുട്ടണം ….. വിധി കവർന്നെടുത്ത , ഒരിക്കലും നടക്കാത്ത എന്റെ സ്വപ്നം …
1 comment