മുച്ചക്ര സ്‌കൂട്ടറിൽ വീൽചെയർ കെട്ടി വെച്ച് ഊട്ടിയിലേക്ക് ഒരു വിജ്രംഭിത യാത്ര..

വിവരണം – Badaruzaman Edathodi.

കുംഭ വെയിലേറ്റ് മിന്നി തിളങ്ങുന്ന പകലിനെ മറച്ച് പാതിരാവിന്റെ ഇരുട്ടിനെ വകഞ്ഞു മാറ്റി ഉദിച്ചു നിൽക്കുന്ന റജബ് മാസചന്ദ്രികയുടെ നിലാവിൽ ഓരോ സ്‌കൂട്ടറുകളിലും വീൽചെയർ കെട്ടുന്ന തിരക്കിൽ ആയിരുന്നു ഞങ്ങൾ കൊമ്പന്‍സ് ടീം . 4 മണിക്കാണ് പെരിന്തൽമണ്ണയിൽ നിന്നും പുറപ്പെടുന്നത് എന്ന അറിവ് ഉള്ളതിനാൽ എല്ലാവരും 3 മണിക്ക് തന്നെ എത്തിയിരുന്നു .10 മുച്ചക്ര സ്‌കൂട്ടിയിലും വീൽചെയറുകൾ ഭദ്രമായി കെട്ടിവെച്ച് കൊമ്പന്‍മാര്‍ പെരിന്തൽമണ്ണയിൽ നിന്നും കൊത്തഗിരിയെ ലക്ഷ്യമാക്കി ആക്സിലേറ്റർ തിരിച്ചു.

രാത്രിയുടെ കറുപ്പ് പുലരിയെ പുൽകാൻ ഉദയം കാത്തുനിൽക്കുകയായിരുന്നു അതുകൊണ്ടു തന്നെ റോഡിൽ മറ്റു വാഹനങ്ങൾ ഒന്നും ഇല്ലായിരുന്നു. വഴിയോരത്തെ വീടുകൾ ഉറക്കത്തിന്റെ ഏഴാം യാമത്തിൽ ആയിരിക്കാം ഒച്ചയും അനക്കവും ഒന്നും ഇല്ല.തളർന്ന പാദങ്ങളുടെ ആഗ്രഹങ്ങളെ കൊമ്പന്‍സ് എന്ന് പേരിട്ടു വിളിച്ചു ചക്രങ്ങളിൽ കോർത്ത്‌ ഉരുട്ടിയപ്പോൾ ആ ചക്രങ്ങൾക്ക് വേഗതയേറിയിരുന്നു .ഭൂമിയിൽ വെളിച്ചം പരത്തി ഉദയ സൂര്യന്റെ വരവറിയിച്ച് ആകാശ നീലിമയിൽ പൊൻപ്രഭ പരക്കുമ്പോൾ ഞങ്ങൾ നാടുകാണി ചുരത്തിന്റെ അടിവാരത്ത് പ്രാതൽ കാത്ത് നിൽക്കുകയായിരുന്നു.

വീൽചെയർ കെട്ടിയ കയറുകൾക്ക് മുറുക്കം പരിശോധിച്ചും കലപില കൂട്ടിയും ഞങ്ങൾ റാമ്പില്ലാത്ത ഹോട്ടലിന്റെ മുന്നിൽ നിരന്നു നിൽക്കുമ്പോൾ മറ്റു യാത്രികർ ഞങ്ങളെ നോക്കി സഹതാപം കൊണ്ട് നെടുവീർപ്പിട്ടു നിൽക്കുന്നത് കാണാമായിരുന്നു. അങ്ങോട്ട് മുഖം കൊടുക്കാതെ ഈ യാത്രയിൽ ആകൃഷ്ടരായ കുറെ ആളുകൾ ഞങ്ങളോട് കുശലം പറയാൻ എത്തിയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം പങ്കുചേര്‍ക്കുന്നതിനിടയിൽ നല്ല ഇടിയപ്പവും,പൊറോട്ടയും ഗ്രീൻപീസ് കറിയും എത്തിത്തുടങ്ങി അതുവരെ ശബ്ദം കൊണ്ടു മലീമസമായ ഇടം അപ്പോൾ നിശബ്ദമായി.

ഊട്ടിയിൽ എത്താതെ ഇനി പച്ചവെള്ളം കിട്ടുകയില്ല എന്ന ടൂർ കോഡിനേറ്ററുടെ വിവരണം കൂടി കിട്ടിയപ്പോൾ കൂടുതൽ ഇടിയപ്പത്തിന്റെ ഓർഡറുകൾ പോകുന്നുണ്ടായിരുന്നു. ഇനി വളഞ്ഞു പുളഞ്ഞു കിടക്കുന്ന നടികാണി ചുരം കേറുകയാണ് റോഡ് പണി നടക്കുന്നതിനാൽ നല്ല കുണ്ടും കുഴികളും ഞങ്ങൾക്ക് മുന്നിൽ വലിയ കടമ്പകളായി. പക്ഷെ നിശ്ചയദാര്‍ഢ്യം ഞങ്ങളെ മുന്നിലേക്ക് കുതിപ്പിച്ചു .ചുരത്തിന്റെ ഓരോ വളവുകൾ കയറുമ്പോഴും കാനന വഴിയുടെ പുതിയ കാഴ്ചകൾ ഞങ്ങൾക്ക് കൗതുകം തന്നുകൊണ്ടേയിരുന്നു.ബസ്സിലെയും മറ്റു വാഹനത്തിലെയും യാത്രയിൽ കിട്ടുന്നപോലെ അല്ല ഇതൊരു പുതിയ അനുഭവം തന്നെയായിരുന്നു പ്രകൃതിയുടെ സൗന്ദര്യം ഒന്നുകൂടി അടുത്ത് അറിയാൻ പറ്റിയ യാത്ര. വളഞ്ഞു പുളഞ്ഞു കിടക്കുന്ന വളവുകൾ ഓരോന്നും പിന്നിടുമ്പോൾ തണുപ്പ് കൂടി കൂടി വന്നു.

കാനന വഴിയിലെ കാഴ്ചകൾ ഓരോന്നും മനസ്സിൽ ഒതുക്കി നാടുകാണിയും ഗൂഢല്ലൂരും പിന്നിട്ട് മുച്ചക്ര സഞ്ചാരികളുടെ നീണ്ട നിര ഊട്ടിയിലേക്കുള്ള തേയില കുന്നുകളുടെ മനോഹര കാഴ്ചയിലേക്ക് ഉരുണ്ടു തുടങ്ങി . ഇന്നുവരെ കണ്ടിട്ടില്ലാത്ത ഈ യാത്രയെ വലിയ കൗതുകത്തോടെ നോക്കിക്കാണുന്ന മറ്റുയാത്രികരേയും വഴിയാത്രക്കാരേയും പിന്നിലാക്കി കൊമ്പന്‍സ് ടീം ഊട്ടി ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു.

തണുപ്പിനെ പ്രതിരോധിക്കാന്‍ കട്ടിയുള്ള ജാക്കറ്റും കയ്യുറകളും ഒക്കെ ഉള്ളത് കൊണ്ട് യാത്രികരെ കാണാന്‍ നല്ല ഭംഗിയും ഉണ്ടായിരുന്നു. ഇടക്ക് നിറുത്തിയും കലപില കൂട്ടിയും വിജ്രംഭിത യാത്ര ഊട്ടിയിലെ പച്ച പരവതാനി വിരിച്ച മൊട്ടക്കുന്നുകള്‍ക്കിടയില്‍ എത്തിയിരിക്കുന്നു. ഒരുപാട് സിനിമകളിലൂടെ മാത്രം കണ്ട് പരിചിതമായ ഈ കുന്നുകള്‍ നേരില്‍ കണ്ടപ്പോള്‍ പുറത്തെ തണുപ്പ് മനസ്സിലും പരന്നു. രാവിലെ കഴിച്ച ഇടിയപ്പത്തിന്റെ ഊര്‍ജ്ജം ചോര്‍ന്ന് തുടങ്ങിയിരിക്കുന്നു പുറത്ത് നല്ല തണുപ്പ് ഉണ്ടെങ്കിലും ഉച്ചിയില്‍ സൂര്യന്‍ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ നല്ല ചൂട് എല്‍ക്കുന്നുണ്ട്. ആ ചൂടിനെയും വിശപ്പിനേയും പ്രതിരോധിക്കാന്‍ ഹോട്ടലുകള്‍ തപ്പി കുറെ നടന്നു. തിരച്ചിലിനൊടുവില്‍ ഹോട്ടല്‍ മഹാരാജാസിലേക്ക് ഞങ്ങളെത്തി. ഹോട്ടലില്‍ എത്തിയപ്പോള്‍ കിലുക്കം സിനിമയിലെ രംഗങ്ങള്‍ മനസ്സില്‍ മിന്നി മറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്കുള്ള റൂമും ഭക്ഷണവും അവിടെയാണ് ഒരുക്കിയത്. ഊട്ടിയിലെ മലയാളം ഭക്ഷണം കഴിച്ചു വാടിയ ചിലര്‍ റൂമില്‍ പോയി റെസ്റ്റ് എടുത്തു.

വെയിലിന്റെ ചൂടിനെ തണുപ്പിച്ച് ചെറിയ ചാറ്റൽ മഴ എത്തിയതോടെ യാത്ര വീണ്ടും വിജ്രംഭിതമായി .പിന്നീട് തണുപ്പിന്റെയും കാഴ്ച്ചകളുടെയും പറുദീസായായ കൊത്തഗിരിയിലേക്ക് ഞങ്ങൾ ചുരം കയറി . വഴി നീളെ മനസ്സിൽ കുളിര് കോരുന്ന കാഴ്ചകൾ സമ്മാനിച്ചു കൊത്തഗിരി ഞങ്ങളെ വരവേറ്റു. പച്ച പരവതാനി വിരിച്ചു തണുത്തു കിടക്കുന്ന തേയില കുന്നുകൾക്കിടയിൽ ഫോട്ടോക്ക് പോസ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു എല്ലാവരും.

കൊത്തഗിരിയുടെ തേയില കുന്നുകൾക്കിടയിൽ പൊൻപ്രഭ പരത്തി അസ്തമയ സൂര്യൻ തേയില കാടുകളിൽ ഇരുട്ടു പരത്തി. അപ്പോഴാണ് താഴെ പട്ടണങ്ങളിൽ തിളങ്ങുന്ന ലൈറ്റുകളുടെ സുന്ദര കാഴ്ച കണ്ണിൽ ഓടിയെത്തിയത്. കണ്ട കാഴ്ചകളെ ഉള്ളിലൊതുക്കി ഞങ്ങൾ മലയിറങ്ങി ഹോട്ടലിലേക്ക് തിരിച്ചു. രാത്രി 2മണിക്ക് വീടുവിട്ട സഞ്ചാരികൾ രാതി 8 മണി ആയപ്പോഴും ഉന്മേഷത്തിലാണ്.ആ ഉന്മേഷം കൊണ്ട് ഹോട്ടലിലെ ക്യാമ്പ് ഫയറിൽ ഞങ്ങളെ നൃത്തം ചെയ്യിപ്പിച്ചു. രാത്രി ഡിന്നർ കഴിഞ്ഞു ഊട്ടിയിലെ തണുത്ത വെള്ളത്തിൽ കുളിച്ചു തണുപ്പിനെ പുതക്കുന്ന കറുത്ത കമ്പിളിക്കുള്ളിൽ എല്ലാവരും ഉറക്കമായി.

തണുത്തുറഞ്ഞ രാത്രിയുടെ ഇരുട്ടിന്റെ മറനീക്കി കുന്നിൻ ചെരിവുകളിൽ തിങ്ങി നിൽക്കുന്ന ചെറു കൂരകളിൽ വെളിച്ചം വരുന്നത് കാണേണ്ട കാഴ്ച്ച തന്നെ .പ്രാതൽ കഴിച്ചു രണ്ടാം ദിവസത്തെ യാത്ര തുടരുകയാണ്. ഹോട്ടൽ വരാന്തയിൽ പല നാട്ടിൽ നിന്നും വന്നവർ ഞങ്ങളോട് കുശലം ചോദിച്ചു വരുന്നുണ്ട്. സ്‌കൂട്ടിയിൽ ആണ് വന്നത് എന്ന് അറിഞ്ഞപ്പോൾ യാത്രാ വിവരണം കേൾക്കാൻ അവർ വട്ടം കൂടി. എന്തായാലും ഞങ്ങൾ ഹോട്ടലിൽ നിന്നും ഇറങ്ങി ഊട്ടിയിലെ റോസ് ഗാർഡനിൽ എത്തി സ്‌കൂട്ടറിൽ നിന്നും വീൽചെയറുകൾ അഴിച്ചിറക്കി ഓരോരുത്തരായി ഗാർഡന്റെ നീണ്ട വഴിയിലൂടെ ഉരുണ്ടു നീങ്ങി.

വെട്ടി ഒതുക്കി വെച്ച റോസ്‌ചെടികളിൽ പൂക്കൾ ഒന്നും ഇല്ലായിരുന്നു .ഇപ്പോൾ സീസണ് അല്ലാത്തതിനാൽ ഊട്ടിയിൽ പൂക്കൾ കുറവാണ് പക്ഷെ ഊട്ടിയുടെ പ്രകൃതി ഭംഗി അത് കിടുവാണ്. റോസ് ഗാർഡനിലെ മനോഹര കാഴ്ചകളെ പിന്നിലാക്കി ഉച്ച ഭക്ഷണവും കഴിച്ചു ഞങ്ങൾ എത്തിയത് ഉദകമണ്ഡലത്തിന്റെ ഹൃദയമായ ബൊട്ടാണിക്കൽ ഗാർഡനിൽ ആയിരുന്ന വീല്‍ചെയറുകൾ പിന്നിൽ കെട്ടിവെച്ച 10 സ്‌കൂട്ടറുകൾ ഉദ്യാനത്തിനുമുന്നിൽ നിലയുറപ്പിച്ചു. നേരെ ഓഫീസിൽ പോയി വാഹനങ്ങൾ പാർക്കിന് അകത്ത് പാർക്ക് ചെയ്യാൻ അനുവാദം ചോദിച്ചു .ഓഫീസിന്റെ മുറ്റത്ത് പാർക്ക് ചെയ്യാൻ അനുവാദം കിട്ടി. പിന്നെ ഓരോരുത്തരായി വീൽചെയറിൽ ഇറങ്ങി ഉദ്യാനത്തിലെ പച്ച പരവതാനി വിരിച്ച് കിടക്കുന്ന പുൽ തകിടിയിലേക്ക് നീങ്ങി.

ഓരോരുത്തരും സെൽഫി എടുക്കുന്ന തിരക്കിലാണ്. അതിനൊപ്പം ഫോട്ടോഗ്രാഫർമാർ ക്യാമറയുടെ ട്രിഗർ അമർത്തുന്നു. എല്ലാവരും കട്ട പോസിങ്ങിലാണ്. പാർക്ക് മുഴുവൻ വീൽചെയറിൽ ഓടി നടന്ന് അർമാദിക്കുകയായിരുന്നു. അപ്പോഴേക്കും പാർക്കിലെ ലൈവ് ഫോട്ടോഗ്രാഫർ എത്തി എല്ലാവരെയും ഒരുമിച്ച് ഇരുത്തി ഒരു കിടിലൻ ഫോട്ടോ എടുത്തു പ്രിന്റ് തന്നു. എല്ലാവരും ഒരേ കളർ ടീ ഷർട്ട് ഒക്കെ ഇട്ട് ഒരുമിച്ച്‌ ഇരിക്കുന്ന കാഴ്ച സെൽഫിയിൽ പകർത്താൻ പാർക്കിൽ എത്തിയ കുറെ ആളുകൾ അനുവാദം ചോദിച്ചെത്തി . പാട്ടുപാടിയും ആർത്തുവിളിച്ചും പുൽ തകിടിയിൽ ഉരുണ്ടും മറിഞ്ഞും സമയം പോയതറിഞ്ഞില്ല.

നീലാകാശത്തിലൂടെ ഓടി നീങ്ങുന്ന മേഘ പാളികൾ ഞങ്ങളെ നോക്കി കുളിർ പൊഴിക്കുന്നുണ്ടായിരുന്നു. ആ കുളിരിൽ ഊട്ടിയുടെ ഹരിത ഭംഗിയെ മനസ്സിൽ പകർത്തി മനസ്സും ശരീരവും തണുത്ത നിർവൃതിയിൽ ഞങ്ങൾ യാത്ര അവസാനിപ്പിച്ചു മടങ്ങുകയായി. എല്ലാവരും അവരവരുടെ വീല്‍ചെയറുകള്‍ മൂന്ന് ചക്ര വണ്ടിയിൽ കെട്ടി പിടിപ്പിച്ചു പുറത്തിറങ്ങുമ്പോൾ സമയം സന്ധ്യയായിരുന്നു. തിരിച്ചു പോരുന്ന യാത്ര അത്ര സുഖമില്ലെങ്കിലും നാടു പിടിക്കാനുള്ള തത്രപ്പാടിൽ ആളൊഴിഞ്ഞ വഴികളിലൂടെ കൂട്ടമായി സ്‌കൂട്ടറുകൾ ഓടിത്തുടങ്ങി. വഴിയിൽ നല്ല തണുപ്പാണ് ഇടക്ക് ഇടക്ക് ചൂടുചായ കുടിക്കാൻ ചായകടകളിൽ ഞങ്ങൾ ഒരുമിച്ചു നിറുത്തി.

ഓരോ ചായയിൽ നിന്നും കിട്ടിയ ചൂട് മനസിൽ താലോലിച്ചു ചുരം ഇറങ്ങുമ്പോൾ തണുപ്പിന്റെ കാഠിന്യം കുറയുന്നത് അറിയുന്നുണ്ടായിരുന്നു. രാത്രി രണ്ട്‌ മണിയായപ്പോൾ ഞങ്ങൾ പെരിന്തൽമണ്ണയിൽ എത്തി. ഒരു ദീർഘദൂര യാത്രയുടെ എല്ലാ സന്തോഷങ്ങളും ഉള്ളിലൊതുക്കി അടുത്ത യാത്ര സ്വപ്നം കണ്ട് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങി..