ഓപ്പറേഷൻ ദുബായ്; മൊസാദിൻ്റെ അതിവിദഗ്ധമായ ഒരു പകരംവീട്ടൽ

Total
0
Shares

ലേഖകൻ – ബിജുകുമാർ ആലക്കോട് (കേസ് ഡയറി).

2010 ജനുവരി 20. ഏകദേശം ഉച്ച നേരം. ദുബായ് എയർപോർട്ടിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാനാ നക്ഷത്ര ഹോട്ടലിലെ 230 ആം നമ്പർ മുറി രാവിലെ മുതൽ തുറന്നു കാണാത്തതിനാൽ ജീവനക്കാരിലൊരാൾ തട്ടിവിളിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും മറുപടിയില്ല. അയാൾ മാനേജരെ വിവരമറിയിച്ചു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോണിക് കീ കാർഡ് ഉപയോഗിച്ച് മുറി തുറന്നു. അവിടെ ബെഡിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. ഇന്നലെ ചെക്ക് ഇൻ ചെയ്ത ആളാണ്. അവർ പരിശോധിച്ചു നോക്കി. ആൾ മരിച്ചിരുന്നു. ശരീരം മരവിച്ചിട്ടുണ്ട്. ബോഡി ഉടൻ ആശുപത്രിയിലേയ്ക്കു നീക്കം ചെയ്തു. ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു.

തലേദിവസത്തെ എമിറേറ്റ്സിന്റെ EK 912-ആം നമ്പർ ഡമാസ്കസ് –ദുബായ് വിമാനത്തിൽ, ഡമാസ്കസിൽ നിന്നും എത്തിയ , പലസ്തീനിയൻ പാസ്പോർട്ടുള്ള മഹ്മൂദ് അബ്ദ് അൽ റൌഫ് മൊഹമ്മദ് ഹസൻ എന്ന ഒരു ബിസിനസുകാരനായിരുന്നു അത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മസ്തിഷ്കാഘാതമാണു മരണ കാരണം എന്നാണു രേഖപ്പെടുത്തിയിരുന്നത്. അസാധാരണമായി ഒന്നുമില്ലാത്തതിനാൽ, അവകാശികൾ എത്തുംവരെ മോർച്ചറിയിൽ ബോഡി സൂക്ഷിച്ചു. പാസ്പോർട്ടിലെ അഡ്രസിൽ വിവരങ്ങൾ പോയി. ഇതിനിടെ, പലസ്തീനിയൻ തീവ്രവാദി സംഘടനയായ ഹമാസിന്റെ ഡമാസ്കസിലെ ഓഫീസിലുള്ളവർ അസ്വസ്ഥരായിരുന്നു. കാരണം അവരുടെ പ്രമുഖനായ ഒരു നേതാവ് ദുബായിലേയ്ക്കു പോയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു. ഇതേവരെ യാതൊരു സന്ദേശവും ലഭിച്ചിട്ടില്ല.

അവർ ഡമാസ്കസിൽ നിന്നും ഒരാളെ ദുബായിലേയ്ക്കയച്ചു. അയാളുടെ അന്വേഷണങ്ങൾകൊടുവിൽ മോർച്ചറിയിൽ ആളെ കണ്ടെത്തി. ഹമാസിന്റെ ഡമാസ്കസ് നേതൃത്വം ദുബായ് പോലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ടു. തങ്ങൾ വ്യാജ പലസ്തീനിയൻ പാസ്പോർട്ടിൽ ഒരാളെ ദുബായിലേയ്ക്കയച്ചിരുന്നു എന്നവർ പോലീസിനോടു സമ്മതിച്ചു.

ദുബായിലെ അൽ ബസ്റ്റാൻ ഹോട്ടലിൽ മരിച്ചു കിടന്നയാൾ ബിസിനസുകാരനായ മൊഹമ്മദ് ഹസൻ അല്ലായിരുന്നു. ഹമാസിന്റെ ആയുധ ഇടപാടുകളുടെ മേൽനോട്ടക്കാരനും പ്രമുഖ നേതാവുമായിരുന്ന മഹ്മൂദ് അൽ മഹ്ബൂഹ് ആയിരുന്നു അത്. ഹമാസിന്റെ ഇത്രയും ഉയർന്നൊരാൾ “വെറും മസ്തിഷ്കാഘാതം മൂലം മരിയ്ക്കുമോ“ എന്ന് ദുബായ് പോലീസിനു സംശയമുണ്ടായി. പുതിയൊരന്വേഷണത്തിനു പോലീസ് മേധാവി തമീം ഉത്തരവിട്ടു. ഹോട്ടലിലെ നിരീക്ഷണ ക്യാമറകൾ, എയർപോർട്ടിലെ ക്യാമറകൾ, കഴിഞ്ഞ രണ്ടുദിവസങ്ങളിൽ വന്നവരുടെയും പോയവരുടെയും വിവരങ്ങൾ, വിളിച്ച കോളുകളുടെ വിവരങ്ങൾ എല്ലാം ശേഖരിയ്ക്കപ്പെട്ടു. അത്യാധുനിക സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ അവയെല്ലാം അരിച്ചു പെറുക്കി.

ആസൂത്രിതമായൊരു കൊലപാതകത്തിന്റെ ചിത്രമാണു തെളിഞ്ഞു വന്നത്. ഹമാസിന്റെ മുഖ്യ ശത്രുക്കളിലൊന്നാണു പലസ്തീനിലെ ഫത്താ പാർടി. അവരിലേയ്ക്കാണൂ ആദ്യസംശയം നീണ്ടത്. എന്നാൽ കൃത്യമായ ആസൂത്രണത്തിലൂടെ ഒരു മസ്തിഷ്കാഘാതം ഉണ്ടാക്കാനുള്ള കഴിവൊന്നും അവർക്കില്ല. അതിനു കഴിവുള്ള ഒരേയൊരു സംഘമേ ഉള്ളു, ഇസ്രായേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദ്, ദുബായ് പോലീസ് ഉറപ്പിച്ചു.

ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ 1960-ലാണു മഹമൂദ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ മുസ്ലീം ബ്രദർ ഹുഡിൽ ആകൃഷ്ടനായി അതിൽ അംഗമായി അയാൾ. 1980-കളിലൊരിയ്ക്കൽ കലാഷ്നിക്കോവ് മെഷീൻ ഗണ്ണുമായി ഇസ്രായേലി അധിനിവേശ സേന മഹമൂദിനെ അറസ്റ്റു ചെയ്യുകയും ഒരു വർഷത്തെ ജയിൽ വാസത്തിനയയ്ക്കുകയും ചെയ്തു. അവിടെ വെച്ച് അയാൾ ക്രൂരമായി പീഡിപ്പിയ്ക്കപ്പെട്ടു എന്നു പറയുന്നു. ജയിലിൽ നിന്നും ഇറങ്ങിയ മഹ്മൂദ്, പുതുതായി രൂപീകരിയ്ക്കപ്പെട്ട ഹമാസ് എന്ന തീവ്രവാദ സംഘടനയുടെ സൈനിക വിഭാഗത്തിൽ ചേർന്നു.

ഒന്നാം ഇന്ദിഫാദയുടെ സമയമായിരുന്നു അത്. ഇസ്രായേൽ സൈന്യവുമായി രൂക്ഷമായ പോരാട്ടം. 1988-ൽ, ഹമാസിന്റെ “യൂണിറ്റ് 101“ ന്റെ കമാൻഡറായി മഹ്മൂദ് അവരോധിയ്ക്കപ്പെട്ടു. തട്ടിക്കൊണ്ടു പോകൽ, കൊലപാതകം ഇതൊക്കെ നടപ്പാക്കാനുള്ള യൂണീറ്റാണു “101“. മഹ്മൂദും മറ്റൊരാളും ചേർന്ന് ഇസ്രായേലിന്റെ രണ്ടു സൈനികരെ തട്ടിക്കൊണ്ടു പോകുകയും നെഗെവ് മരുഭൂമിയിൽ വെച്ച് ക്രൂരമായി കൊല്ലുകയും ചെയ്തു. മൃതദേഹങ്ങളെ അവഹേളിയ്ക്കുകയ്ക്കുകയും അത് ഫോട്ടായിലാക്കുകയും ചെയ്ത ശേഷം മരുഭൂമിയിൽ കുഴിച്ചു മൂടുകയാണുണ്ടായത്.

ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമായിരുന്നു ഈ കൊലപാതകങ്ങൾ. “റെഡ് പേജ്” എന്നത് മൊസാദിനെ സംബന്ധിച്ചിടത്തോളം ഉന്മൂലനത്തിനുള്ള കോഡുവാക്കാണു. ഇസ്രായേലി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സംയുക്തമായാണു റെഡ് പേജ് ഓർഡർ ഇടുക. ഇര കൊല്ലപ്പെടുന്ന കാലത്തോളം ആ ഓർഡർ സാധുവായിരിയ്ക്കും. തങ്ങളുടെ സൈനികരെ കൊലപ്പെടുത്തിയവർക്കു റെഡ് പേജ് നൽകാൻ ഒട്ടും ആലോചിയ്ക്കേണ്ടി വന്നില്ല ഇസ്രായേലി ഭരണാധികാരികൾക്ക്.

മൊസാദ് ഉണർന്നു. കൊലയ്ക്കുത്തരവാദി മഹ്മൂദാണെന്നു തിരിച്ചറിഞ്ഞു. എന്നാൽ അപ്പോഴേയ്ക്കും മഹ്മൂദ് ഈജിപ്തിലെത്തിയിരുന്നു. എന്നാൽ അവിടം സുരക്ഷിതമായിരുന്നില്ല എന്നതിനാൽ അയാൾ ഗാസയിലേയ്ക്കും പിന്നെ ജോർഡാൻ വഴി ഡമാസ്കസിലെയ്ക്കും കടന്നു. സമർത്ഥരായ മൊസാദ് ഏജന്റുകൾക്ക് മഹ്മൂദിനെ തൊടാൻ പോലും കഴിഞ്ഞില്ല. ഇതിനിടെ മഹ്മൂദ് ഹമാസിന്റെ മുഖ്യ ആയുധ ഇടനിലക്കാരനായി മാറിയിരുന്നു. ചൈനയിലും അഫ്ഗാനിലും ഇറാനിലും സുഡാനിലുമൊക്കെയായി അയാൾ പറന്നു നടന്നു. സുഡാനിൽ വെച്ച് മൊസാദ് മഹ്മൂദിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെങ്കിലും അയാൾ രക്ഷപെട്ടു.

ഏതാണ്ട് 20 വർഷത്തിനു ശേഷം ദുബായിൽ വെച്ച് മൊസാദ് ആ മിഷൻ പൂർത്തീകരിച്ചു. മഹ്മൂദ് അൽ മഹ്ബൂഹ് നിശബ്ദമായി കൊലചെയ്യപ്പെട്ടു. ദുബായ് പോലീസിന്റെ സാമർത്ഥ്യമില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഒരിയ്ക്കലും മൊസാദോ ഇസ്രായേലോ ചിത്രത്തിൽ വരില്ലായിരുന്നു.

എങ്ങനെയാണു “ഓപ്പറേഷൻ ദുബായ്” മൊസാദ് നടപ്പാക്കിയത്? മഹ്ബൂഹിനായി മൊസാദ് ലോകമെങ്ങും വലവിരിച്ചിട്ടുണ്ടായിരുന്നു. എങ്കിലും അറബ് രാജ്യങ്ങളിലാവാം അയാൾ ഉണ്ടാവാൻ സാധ്യത എന്ന് അവർക്കറിയാമായിരുന്നു. 2009 ൽ, അൽ ജസീറ ചാനലിൽ ഒരു ഹമാസ് നേതാവിന്റെ ഒരു അഭിമുഖം പ്രത്യക്ഷപ്പെട്ടു. മുഖം മൂടി ധരിപ്പിച്ചാണു അയാളെ അവതരിപ്പിച്ചതെങ്കിലും ശബ്ദത്തിൽ നിന്നും അതു മഹ്ബൂഹ് ആണെന്ന് മൊസാദിനു മനസ്സിലായി. 1989 -ൽ ഇസ്രായേലിന്റെ രണ്ടു സൈനികരെ ജൂതവേഷത്തിൽ വന്നു തട്ടിക്കൊണ്ടു പോയതും മരുഭൂമിയിൽ കുഴിച്ചു മൂടിയതുമായിരുന്നു ആ അഭിമുഖത്തിൽ അയാൾ വിശദീകരിച്ചത്.

കൂടുതൽ അന്വേഷണത്തിൽ മഹ്ബൂഹ് ദുബായിൽ ഇടയ്ക്കിടെ വരാറുണ്ടെന്ന് മൊസാദ് മനസ്സിലാക്കി. എന്നാൽ ദുബായിൽ ഒരു ഓപ്പറേഷൻ നടത്തുക അത്ര എളുപ്പമല്ല. ദുബായ് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളൊന്നുമായി ഇസ്രായേലിനു നയതന്ത്രബന്ധമില്ല. ഇസ്രായേൽ പാസ്പോർട്ടുമായി ദുബായിൽ വരാനാവില്ല. ഓപ്പറേഷനിടയിൽ പിടിയിലായാൽ പീഡനവും വധശിക്ഷയുമാകും കാത്തിരിയ്ക്കുന്നത്.

എന്നാൽ ദുബായിയ്ക്ക് ഒരു സവിശേഷതയുണ്ട്. ഒരു ദിവസം ഏകദേശം ഒരു ലക്ഷത്തിലധികം ആൾക്കാർ വന്നു പോകുന്ന ലോകത്തിന്റെ ടൂറിസ്റ്റ് ഹബാണത്. അധികവും യൂറോപ്യന്മാരും അമേരിയ്ക്കക്കാരും. വെള്ളക്കാരനോടുള്ള വിധേയത്വം എല്ലാ അറബ് രാജ്യങ്ങളിലുമെന്ന പോലെ ദുബായിലുമുണ്ടല്ലോ. കാര്യമായ പരിശോധനകളില്ലാതെ ഒരു യൂറോപ്യനു അവിടെ കടക്കാനാവും. ഈയൊരു സാധ്യത ഉപയോഗപ്പെടുത്താൻ മൊസാദ് തീരുമാനിച്ചു.

1973 ജൂലൈയിൽ നോർവേയിൽ വെച്ച് മൊസാദ് ഒരു മോറോക്കൻ വെയിറ്ററെ കൊല്ലുകയുണ്ടായി. പി എൽ ഓ യുമായി അടുത്ത ബന്ധമുള്ള ആളാണയാൾ എന്ന ധാരണയിലായിരുന്നു ആ ആക്രമണം. മിഷനിൽ പങ്കെടുത്തവർ നോർവീജിയൻ പോലീസിന്റെ പിടിയായി, ജയിലയയ്ക്കപ്പെട്ടു. മരിച്ചയാളുടെ ബന്ധുക്കൾക്ക് ഇസ്രായേൽ വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടിയും വന്നു. മൊസാദിന്റെ കാര്യക്ഷമതയ്ക്ക് വെല്ലുവിളി നേരിട്ട ഒരു സംഭവമായിരുന്നു അത്. അങ്ങനെയൊന്നും മഹ്ബൂഹിന്റെ കാര്യത്തിൽ ഉണ്ടാകരുതെന്ന് ഇസ്രായേലി അധികാരികൾക്കു നിർബന്ധമുണ്ടായിരുന്നു.

മഹ്ബൂഹിനെ കണ്ടെത്തി വധിയ്ക്കുന്ന മിഷനു “ പ്ലാസ്മാ സ്ക്രീൻ” എന്നു നാമകരണം ചെയ്യപ്പെട്ടു. മൊസാദിലെ ഏറ്റവും മിടുക്കന്മാരുടെ യൂണീറ്റാണു “സിസേറിയ”. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചവരുടെ എലീറ്റ് യൂണിറ്റ്. പ്ലാസ്മാ സ്ക്രീൻ നടപ്പാകാനുള്ള ചുമതല സിസേറിയ യൂണിറ്റിനെ ഏൽപ്പിയ്ക്കപ്പെട്ടു.

മഹ്ബൂഹ് ദുബായിൽ വന്നു പോകുന്നുണ്ടോ എന്നതായിരുന്നു ആദ്യം ഉറപ്പാക്കേണ്ടത്. അക്കാര്യം സ്ഥിരീകരിച്ചതോടെ കമാൻഡോ ഓപ്പറേഷൻ പ്ലാൻ ചെയ്യപ്പെട്ടു. കമാൻഡോ യൂണിറ്റിലുള്ളതും അല്ലാത്തതുമായ 27 പേരുടെ ഒരു സംഘം രൂപീകരിയ്ക്കപ്പെട്ടു. ഇവർക്കു ദുബായിൽ കടക്കാനാവാശ്യമായ പാസ്പോർട്ട് സംഘടിപ്പിയ്ക്കുക എന്നതാണു അടുത്ത പടി. ഇസ്രായേലികൾ അധികം പേരും യൂറോപ്പിൽ നിന്നും മറ്റും കുടിയേറിയവരായതിനാൽ അവിടെ വേരുകളുള്ളവരാണ്. നാസികാലത്തെ അതിക്രമങ്ങൾക്കിരയായവരുടെ പരമ്പരയിലുള്ളവർക്കു പലവിധ ഇളവുകളുമുണ്ട്. അതൊക്കെ മുതലെടുക്കാൻ തീരുമാനമായി.

12 പേർക്ക് ബ്രിട്ടീഷ് പാസ്പോർട്ട്, 6 പേർക്ക് ഐറിഷ് പാസ്പോർട്ട്, നാല് ഫ്രഞ്ച് പാസ്പോർട്ട്, നാല് ആസ്ട്രേലിയൻ പാസ്പോർട്ട്, ഒരു ജർമ്മൻ പാസ്പോർട്ട് എന്നിവ സംഘടിപ്പിയ്ക്കപ്പെട്ടു. എല്ലാം വ്യാജനാമങ്ങളിലോ മറ്റേതോ വ്യക്തികളുടെ പേരിലോ ഉള്ളവയായിരുന്നു. 2009 ൽ തന്നെ മൊസാദിന്റെ ചില ഏജന്റുകൾ ദുബായിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരായി എത്തിയിട്ടുണ്ടായിരുന്നു. മഹ്ബൂഹിന്റെ ദുബായിലേയ്ക്കുള്ള പോക്കുവരവുകൾ നിരീക്ഷിയ്ക്കുകയായിരുന്നു അവരുടെ ചുമതല. ഒപ്പം മഹ്ബൂഹ് തങ്ങാനിടയുള്ള ഹോട്ടലുകൾ നിരീക്ഷണത്തിൽ വെക്കലും. വെറും നിരീക്ഷണമായിരുന്നില്ല അത്, ഈ ഹോട്ടലുകളിലെയൊക്കെ ഡോർ ലോക്കുകൾ ഏതാണ്, എങ്ങനെയാണവ പ്രവർത്തിയ്ക്കുക എന്നെല്ലാം വിവരം ശേഖരിച്ച് അവർ ഇസ്രായേലിലേയ്ക്കയച്ചു. അവിടെ ഏതു പൂട്ടും തുറക്കാനുള്ള സാങ്കേതികത പ്ലാസ്മാ സ്ക്രീൻ മിഷൻ കമാൻഡോകൾക്കു ലഭ്യമാക്കി.

2010 ജനുവരി 18 തിങ്കൾ – ദുബായ് അന്താരാഷ്ട്ര എയർപോർട്ട് തിരക്കു കൊണ്ടു വീർപ്പുമുട്ടുന്നു.. ടൂറിസ്റ്റുകളുടെ തിരക്ക്. പതിനായിരക്കണക്കിനാണു യാത്രക്കാർ വന്നിറങ്ങുന്നത്. എല്ലാവരും ആഘൊഷത്തിന്റെ മൂഡിൽ, പല രാജ്യങ്ങളിൽ നിന്നായി വന്നിറങ്ങിയ 27 പേരൊഴിച്ച്. വ്യത്യസ്ത ഫ്ലൈറ്റുകളിൽ വ്യത്യസ്ത സമയത്ത് എത്തിയ ആ 27 പേരും പരസ്പരം തിരിച്ചറിഞ്ഞു. സിസേറിയ യൂണിറ്റിലെ അംഗങ്ങളുൾപ്പെടുന്ന മൊസാദ് കമാൻഡോ ടീം. അവർ അക്ഷമയോടെ കാത്തു നിന്നതു മറ്റൊരാൾക്കു വേണ്ടിയായിരുന്നു. എമിറേറ്റ്സിന്റെ EK 912 ഡമാസ്കസ് – ദുബായ് വിമാനത്തിൽ അയാളെത്തുമെന്ന് നേരത്തെ തന്നെ അവർക്കറിവുണ്ടായിരുന്നു.

പ്രസ്തുത വിമാനത്തിൽ വി ഐ പി പരിഗണനയോടെയാണു മുഹമ്മദ് ഹസൻ എന്ന പേരിലുള്ള പലസ്തീനിയൻ ബിസിനസുകാരനായി മഹ്ബൂഹ് എത്തിയത്. മഹ്ബൂഹിനെ തിരിച്ചറിഞ്ഞ ഓപ്പറേഷൻ ടീം ജാഗരൂകരായി. എയർപോർട്ടിൽ നിന്നും അൽ – ബസ്റ്റാൻ ഹോട്ടലിലേയ്ക്ക് മഹ്ബൂഹ് യാത്ര തിരിച്ചു. തൊട്ടു പിന്നാലെ നിശബ്ദരായി മൊസാദിന്റെ നിരീക്ഷണ ടീമും. അൽ ബസ്റ്റാൻ ഹോട്ടലിന്റെ ലോബിയിൽ ടെന്നീസ് റാക്കറ്റും കൈയിലേന്തി തോളിൽ ടവലുമിട്ട് ക്ഷീണിച്ചവശരായ രണ്ടു പേർ ഇരിപ്പുണ്ടായിരുന്നു.

രണ്ടാം നിലയിലെ 230 ആം നമ്പർ മുറിയിലേയ്ക്കാണു മഹ്ബൂഹ് കയറിപ്പോയത്. അയാൾ റൂമിലെത്തിയ ഉടനെ ടെന്നീസ് കളിയ്ക്കാർ ആ റൂം നമ്പർ നോട്ട് ചെയ്തു. അതും അതിനടുത്തായ മറ്റു റൂമുകളുടെ വിവരങ്ങളും ടെക്സ്റ്റ് മെസേജായി, കമാൻഡോ ടീം തലവനായ എൽവിഞ്ചറിനു എത്തി. എൽവിഞ്ചർ, അൽ-ബസ്റ്റാൻ ഹോട്ടൽ റിസപ്ഷനിൽ വിളിച്ച്, എയർപൊർട്ടിൽ നിന്നും വിശ്രമിയ്ക്കാനായി വരുന്ന തനിയ്ക്കായി 237 ആം നമ്പർ റൂം ബുക്കു ചെയ്യാൻ ആവശ്യപ്പെട്ടു.

ഇനി നടക്കാൻ പോകുന്ന ഓപറേഷനിൽ പ്രധാന റോൾ വഹിച്ചവരെ ഒന്നു പരിചയപ്പെടാം. കെവിൻ ഡവറോൻ – ഐറിഷ്, ഗൈൽ ഫോളിയാർഡ് – ഐറിഷ് യുവതി, പീറ്റർ എൽവിഞ്ചർ – ഫ്രഞ്ച്, ഇവാൻ ഡെമിങ്സ് – ഐറിഷ്, ജയിംസ് ലെനോർഡ് – ബ്രിട്ടീഷ്, മൈക്കിൾ ലോറൻസ് – ബ്രിട്ടീഷ്, സ്റ്റീഫൻ ഡേവിഡ് – ബ്രിട്ടീഷ്, ജൊനാതൻ ലൂയിസ് – ബ്രിട്ടീഷ്. ദുബായിൽ വന്നിറങ്ങിയ ടീം അംഗങ്ങൾ എല്ലാവരും വിവിധ ഹോട്ടലുകളിലാണു റൂം എടുത്തിരുന്നത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഗെയിൽ തന്റെ ഹോട്ടലിൽ നിന്നും ഇറങ്ങി. അൽ ബസ്റ്റാൻ ഹോട്ടലായിരുന്നു അവളുടെ ലക്ഷ്യം. സ്വർണമുടിക്കാരിയായ ആ സുന്ദരി കറുത്ത മുടിയുള്ള ഒരു വിഗ് ധരിച്ചിരുന്നു, തിരിച്ചറിയപ്പെടാതിരിയ്ക്കാൻ.

4.03 PM – പുതിയൊരു നിരീക്ഷണ ടീം അൽ ബുസ്താനിലെത്തി. നേരത്തെയുണ്ടായിരുന്ന ടെന്നീസ് കളിക്കാർക്കു പുറമേയാണിത്. ഹോട്ടലിൽ യാത്രക്കാരും താമസക്കാരും ഇടതടവില്ലാതെ വന്നുകൊണ്ടിരിയ്ക്കുന്നു. ആ തിരക്കിനിടയിൽ അരങ്ങേറുന്ന വിദഗ്ദമായൊരു കൊലപാതക ഗൂഡാലോചനയെക്കുറിച്ച് വിദൂരമായൊരു സംശയം പോലും ആർക്കും തോന്നിയിരുന്നില്ല.

4.23 – മഖ്ബൂഹ് തന്റെ റൂമിൽ നിന്നും പുറത്തേയ്ക്കിറങ്ങി. തന്നെ കടന്നു പോയവരിൽ ചിലർ തന്നെ കൊലപ്പെടുത്താൻ എത്തിയവരാണെന്ന് അയാൾ എങ്ങനെ അറിയാൻ? അൽ ബസ്റ്റാനിൽ നിന്നും ഒരു കാറിൽ അയാൾ യാത്രയായി. കാറിന്റെ നിറം, മോഡൽ, നമ്പർ ഇവയെല്ലാം നിമിഷങ്ങൾക്കകം മറ്റു ടീമംഗങ്ങൾക്ക് അയയ്ക്കപ്പെട്ടു. മഖ്ബൂഹ് എങ്ങോട്ടാണു പോയതെന്നോ ആരെയാണു കണ്ടതെന്നോ ആർക്കും അറിയില്ല.

4.25 – കെവിൻ അൽ ബസ്റ്റാനിലെത്തി. ഭംഗിയായി വസ്ത്രം ധരിച്ച, കണ്ണടവെച്ച സുമുഖനായ യുവാവ്. സൌമ്യഭാവം. തുടർച്ചയായി ഫോണിൽ സംസാരിച്ചു കൊണ്ട് അയാൾ ഹോട്ടൽ ഹാളിൽ ചുറ്റിത്തിരിഞ്ഞു.

4.27 – എൽവിഞ്ചർ അൽബസ്റ്റാനിലെത്തി. തന്റെ കൈയിലിരുന്ന ബാഗ് അവിടെ നിന്നിരുന്ന കെവിനെ ഏല്പിച്ചു. റിസപ്ഷനിലെത്തി നേരത്തെ താൻ റൂം ബുക്കുചെയ്തിരുന്ന കാര്യം അറിയിച്ചു. റൂം നമ്പർ 237 ന്റെ താക്കോൽ അയാൾക്കു ലഭിച്ചു.

4.40 – റൂമിന്റെ താക്കോൽ കെവിനെ ഏല്പിച്ച്, എൽവിഞ്ചർ അൽ ബസ്റ്റാൻ വിട്ടു. താക്കോലുമായി കെവിൻ പോയി റൂം നമ്പർ 237 തുറന്നു. ബാഗുകളും മറ്റും അവിടെ വച്ചു. അല്പസമയത്തിനകം ഗെയിൽ ആ റൂമിലെത്തി.

6.21. കൈയിൽ ബാഗുമായി ഗെയിൽ ഹോട്ടൽ റിസപ്ഷനിൽ നിന്നും പുറത്തേയ്ക്കിറങ്ങി. ഹോട്ടലിന്റെ കാർ പാർക്കായിരുന്നു അവളുടെ ലക്ഷ്യം. അവിടെ ചില ടീം അംഗങ്ങൾ അലസരെന്ന മട്ടിൽ കാത്തു നിൽപ്പുണ്ടായിരുന്നു. ബാഗ് അവരെ ഏൽപ്പിച്ച ശേഷം ഗെയിൽ തിരികെ റൂമിലേയ്ക്കു തന്നെ കയറിപ്പോയി. സമയം അല്പാല്പം നീങ്ങി. ജനുവരിമാസം. തണൂപ്പുണ്ട്. അല്പമകലെ ദുബായ് എയർപോർട്ടിൽ വിമാനങ്ങൾ വരുന്നതിന്റെയും പോകുന്നതിന്റെയും ശബ്ദം കേൾക്കാം. തെരുവ് വിളക്കുകൾ തെളിഞ്ഞു. ഇരുട്ട് വീണു തുടങ്ങിയിരിയ്ക്കുന്നു.

6.32 – ദീർഘകായരായ രണ്ടു പേർ അൽ ബസ്റ്റാൻ റിസപ്ഷനിൽ നിന്നും ലിഫ്റ്റുവഴി രണ്ടാം നിലയിലേയ്ക്കു പോയി. ഇവാനും ജെയിംസും. കില്ലർ ടീം ഒന്ന്.! രണ്ടുമിനിട്ടിനു ശേഷം അതേ പോലെ തന്നെയുള്ള ബലിഷ്ഠകായരായ ജൊനാതനും സ്റ്റീഫനും. കില്ലർ ടീം രണ്ട്..! ആ നാലു ആജാനുബാഹുക്കൾ ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ അവർ 237 റൂമിലേയ്ക്കു പോയി.

6.41. സുന്ദരിയായ ഒരു യുവതിയോടൊപ്പം ഒരു യുവാവ് ഹോട്ടലിന്റെ ഹാളീലെത്തി. ചിരിച്ചും കളിച്ചുമാണവരുടെ നടപ്പ്. അവിടെ നിന്നു അവർ ഫോണുവഴി ആരോടോ സംസാരിച്ചു. മൂന്നാമത്തെ നിരീക്ഷണ ടീം ആയിരുന്നു അത്. അതോടെ രണ്ടാമത് എത്തിയ നിരീക്ഷണ സംഘം ഹോട്ടൽ വിട്ടു. അല്പസമയത്തിനകം ഇവരും സ്ഥലം വിട്ടു. ഈ സമയം രണ്ടാം നിലയിലെ ലിഫ്റ്റിനു മുന്നിലെ ഹാളിലൂടെ ഗെയിലും കെവിനും ഫോണിൽ സംസാരിച്ചു കൊണ്ടു ചുറ്റിത്തിരിയുകയായിരുന്നു.

8.00 മണീ ആയതോടെ ഹോട്ടൽ ജീവനക്കാർ രണ്ടാം നിലയിൽ നിന്നും താഴേയ്ക്കു പോയി. ഈ സമയത്ത് 327 നമ്പർ റൂമിലെത്തിയിരുന്ന ടീം അംഗങ്ങൾ മഖ്ബൂഹിന്റെ 230 നമപർ റൂം തുറക്കാനാവുമോ എന്നു പരിശോധിച്ചു. ഇലക്ട്രോണിക് പ്രോഗ്രാമിലൂടെ മാത്രമേ അതു തുറക്കാനാവുകയുള്ളു. എന്ന്ൽ ഇക്കാര്യങ്ങളെല്ലാം നേരത്തെ മനസ്സിലാക്കിയിരുന്ന അവർ അതിന്റെ പ്രോഗ്രാമിങ്ങിൽ മാറ്റം വരുത്തി. 237 ന്റെ പ്രോഗ്രാം ഉപയോഗിച്ചാൽ ആ നിലയിലെ ഏതു ഡോറും തുറക്കാവുന്ന രീതിയിലാക്കി. ഈ പരിപാടി നടക്കുമ്പോൾ രണ്ടാം നിലയിൽ ലിഫ്റ്റ് വന്നു നിന്നു ഒരു യാത്രക്കാരൻ വഴി തെറ്റിവന്നതാണു. ആരെങ്കിലും വരുന്നുണ്ടോ എന്ന നിരീക്ഷണത്തിലായിരുന്ന കെവിൻ മറ്റ് അംഗങ്ങൾക്കു സിഗ്നൽ നൽകി. ഒപ്പം വഴിതെറ്റിവന്ന യാത്രക്കാരനെ സൌമ്യനായി മറ്റൊരു നിലയിലേയ്ക്കു വഴി തിരിച്ചു വിടുകയും ചെയ്തു.

8.24- മഖ്ബൂഹ് ഹോട്ടലിലേയ്ക്കു തിരിച്ചെത്തി. കൈയിൽ ഒരു പ്ലാസ്റ്റിക്ക് ബാഗുണ്ടായിരുന്നു. തന്റെ കുട്ടികൾക്കായി കളിപ്പാട്ടമോ മറ്റോ ആയിരുന്നു അതിലുണ്ടായിരുന്നത്. തന്റെ സുരക്ഷയെക്കുറിച്ച് എപ്പോഴും ആശങ്ക ഉണ്ടായിരുന്ന അയാൾ ചുറ്റും നോക്കികൊണ്ടാണു നടന്നത്. എന്നാൽ തൊട്ടു മുന്നിൽ കടന്നു പോയ ഗെയിലിനെയും കെവിനെയും അയാൾക്ക് ഒട്ടും സംശയം തോന്നിയില്ല.
റൂമിലെത്തിയ മഖ്ബൂഹ് കതകടച്ചു. കുളിയ്ക്കുകയോ മറ്റോ ചെയ്തിട്ടുണ്ടാകണം. ഇര തങ്ങളുടെ വലയിലെത്തിയതോടെ കില്ലർ ടീം രംഗത്തെത്തി. തൊട്ടപ്പുറത്ത് ഹാളിൽ കെവിനും ഗെയിലും അനന്തമായി ഫോണിൽ സംസാരിച്ചു കൊണ്ട് കാവൽ നിന്നു. ആരും അങ്ങോട്ടേയ്ക്ക് എത്താതെ നോക്കുക എന്നതാണ് അവരുടെ ദൌത്യം.

നേരത്തെ പ്രോഗ്രാം ചെയ്തുവെച്ച പ്രകാരം കില്ലർ ടീം കതകു തുറന്ന് അകത്തു പ്രവേശിച്ചു. റൂമിൽ ചെറുതായി ഏറ്റുമുട്ടൽ നടന്നിട്ടുണ്ടാകണം. ആജാനുബാഹുവായ മഖ്ബൂഹിനെ അത്ര പെട്ടെന്ന് കീഴ്പെടുത്താനാവില്ല. എന്തായാലും ഈ ശ്രമത്തിനിടയിൽ കില്ലേ ടീം തങ്ങൾ കരുതിയ succinylcholine എന്ന രാസവസ്തു മഖ്ബൂഹിൽ ഇഞ്ചെക്ട് ചെയ്തു. ഇത് ഉള്ളിൽ ചെന്നാൽ മിനിട്ടുകൾക്കകം ശരീരം തളരും. തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുകയും ചെയ്യും. നിമിഷങ്ങൾക്കകം മഖ്ബൂഹ് തളർന്നു വീണു. മരണം ഉറപ്പാക്കാൻ കൊലയാളികൾ തലയണ അയാളുടെ മുഖത്തമർത്തി. മുറി പഴയതു പോലെ അടുക്കി. സാധാരണ ഉറക്കം പോലെ മഖ്ബൂഹിനെ കിടത്തി റൂം ലോക്കാക്കി അവർ പുറത്തു കടന്നു.

8.46 – കില്ലർ ടീം ദൌത്യം പൂർത്തീകരിച്ച് പുറത്തേയ്ക്ക്. അവരിലൊരാൾ താൻ ധരിച്ച റബർ ഗ്ലൌസ് ഊരാൻ മറന്നിരുന്നു. അധികം താമസിയാതെ കെവിനും ഗെയിലും അൽ ബസ്റ്റാൻ വിട്ടു. ഏതാനും മണിക്കൂറുകൾക്കകം എല്ലാവരും ദുബായ് വിട്ട് വിവിധ രാജ്യങ്ങളിലേയ്ക്ക് പറന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണു മഖ്ബൂഹിന്റെ മരണം പുറത്തറിയുന്നത്. അകത്തു നിന്നും ഡോർ ലോക്കായതിനാൽ മറ്റു സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല അപ്പോൾ.

തങ്ങളുടെ രണ്ടു സൈനികരെ കൊന്ന മഖ്ബൂഹിനോടുള്ള പ്രതികാരം 20 വർഷത്തിനു ശേഷം ഇസ്രായേൽ നടപ്പാക്കി എങ്കിലും, ഒരു സീക്രട്ട് മിഷൻ എന്ന നിലയിൽ ഇതു പരാജയമായിരുന്നു എന്നു പറയണം. കാരണം, അധികം വൈകാതെ ദുബായ് പോലീസ് ഈ കൊലപാതകത്തെ പറ്റി കണ്ടുപിടിയ്ക്കുകയും മൊസാദിനു അതിലുള്ള പങ്ക് വെളിപ്പെടുത്തുകയും ചെയ്തു. ദുബായ് പോലീസിന്റെ കഴിവു കുറച്ചു കണ്ടതാണു മൊസാദിനു പറ്റിയ പിഴവ്. ഒരു സീക്രട്ട് ഏജൻസിയ്ക്കും സംഭവിയ്ക്കരുതാത്ത വലിയ മണ്ടത്തരങ്ങൾ അവർക്ക് ഈ ഓപ്പറേഷനിൽ സംഭവിച്ചു.

ഹോട്ടലുകളിൽ പണം നൽകാൻ കറൻസിയ്ക്കു പകരം ക്യാഷ് കാർഡാണു അവർ ഉപയോഗിച്ചത്. ആ കാർഡ് ആകട്ടെ മിഡിൽ ഈസ്റ്റിൽ അധികം ഉപയോഗത്തിലുള്ളതല്ല. കൂടുതൽ അന്വേഷണത്തിൽ ഇതു അമേരിയ്ക്കയിലെ ഒരു ജൂതസമ്പന്നന്റെ കമ്പനിയുടേതാണെന്നു മനസ്സിലായി. ഇതുപയോഗിച്ചവരെ ട്രാക്ക് ചെയ്യാൻ ദുബായ് പോലീസിനു എളുപ്പം കഴിഞ്ഞു.

ടീം അംഗങ്ങൾ ആരും പരസ്പരം നേരിട്ടല്ല ഫോൺ വഴി ബന്ധപ്പെട്ടത്. ആദ്യം വിയന്നയിലുള്ള ഒരു നമ്പരിൽ വിളിയ്ക്കും. അവിടെ നിന്നു ദുബായിലെ നമ്പരിലേയ്ക്ക് കാൾ വരും. ഈ രീതിയും അബദ്ധമായി. വിയന്നയിലേയ്ക്കു വിളി പോയ നമ്പരുകൾ പോലീസിനു പെട്ടെന്നു ട്രാക്ക് ചെയ്യാനായി. അതീവ രഹസ്യമായി ചെയ്യേണ്ട മിഷൻ പരസ്യമായത് യഥാർത്ഥത്തിൽ മൊസാദിനു ക്ഷീണമായി എങ്കിൽ പോലും അതു നടപ്പാക്കാൻ കാണിച്ച ആസൂത്രണവും ക്ഷമയും അംഗീകരിയ്ക്കേണ്ടതു തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post