രചന: ബിജുകുമാർ ആലക്കോട്.
2016 ഒക്ടോബർ 3. സമയം പുലർകാലം. കാസർകോഡ് ജില്ലയിലെ ആഡൂർ പൊലീസ് സർക്കിൾ ഇസ്പെക്ടർ സിബി തോമസിന്റെ ക്വാട്ടേഴ്സിലെ ഫോൺ ബെല്ലടിച്ചുകൊണ്ടേയിരിയ്ക്കുകയാണ്, ഏറെ നേരമായി. തലേന്ന് വൈകിയാണു കിടന്നതെന്നുകൊണ്ടു തന്നെ അദ്ദേഹം അപ്പോഴും ബെഡിൽ തന്നെ ആയിരുന്നു. തുടർച്ചയായ ബെല്ലടിയ്ക്കൊടുവിൽ കണ്ണും തിരുമ്മിയെഴുനേറ്റു, ഫോണെടുത്തു.
ബേഡകം പൊലീസ് സ്റ്റേഷനിൽ നിന്നും അഡീഷണൽ എസ്.ഐയാണു വിളിയ്ക്കുന്നത്. “സർ, കുണ്ടംകുഴി എന്ന സ്ഥലത്തെ സുമംഗലി ജ്വല്ലറിയിൽ രാത്രി ഒരു മോഷണം നടന്നതായി ഇപ്പോൾ വിവരം കിട്ടിയിട്ടുണ്ട്. ഞങ്ങൾ അങ്ങോട്ടു പോകുകയാണ്..” “ശരി.. ഞാനുടനെ എത്തിക്കൊള്ളാം. നിങ്ങൾ വേഗം അവിടെയെത്തി ക്രൈം സീൻ ബ്ലോക്ക് ചെയ്യു..” സി.ഐ. വേഗം തന്നെ പോകാൻ റെഡിയായി. ഡ്രൈവറെ വിളിച്ച് ജീപ്പിറക്കാൻ പറഞ്ഞു.
കാസർകോഡ് ജില്ലയുടെ മലയോരമേഖലയിലെ ഒരു ചെറിയ സിറ്റിയാണു കുണ്ടംകുഴി. ചുറ്റുമുള്ള പ്രദേശങ്ങളിൽ പൊതുവിൽ ജനവാസം കുറവ്. പ്രഭാതത്തിലെ തണുത്ത കാറ്റണിയിച്ച കുളിരിന്റെ അകമ്പടിയോടെ മുക്കാൽ മണിക്കൂർ യാത്രയ്ക്കൊടുവിൽ സി.ഐ.യുടെ ജീപ്പ് കുണ്ടംകുഴിയിലെത്തി. അദ്ദേഹത്തോടൊപ്പം റൈറ്റർമാരായ രണ്ടു പൊലീസുകാരുമുണ്ട്. കവലയിൽ തന്നെയാണ് സുമംഗലി ജ്വല്ലറി. അവിടെയപ്പോൾ ബേഡകം സ്റ്റേഷനിൽ നിന്നുള്ള കുറച്ചു പൊലീസുകാരും എസ്.ഐയും അഡീഷണൽ എസ്.ഐ.യും നില്പുണ്ടായിരുന്നു. ജ്വല്ലറി ഉടമ അശോകൻ നായരും കൂടെയുണ്ട്.
സമയം ഏതാണ്ട് ഏഴുമണി കഴിഞ്ഞതേയുള്ളു. എങ്കിലും വിവരം കേട്ടറിഞ്ഞ് ആൾക്കാർ കൂടിത്തുടങ്ങിരിയ്ക്കുന്നു. സി.ഐ.സിബി തോമസ് ജീപ്പിറങ്ങി അങ്ങോട്ട് നടന്നു ചെന്നു. ആൾക്കാർ ഒതുങ്ങി കൊടുത്തു. എല്ലാം നഷ്ടപ്പെട്ടവന്റെ ദയനീയഭാവത്തിൽ അശോകൻ നായർ അദ്ദേഹത്തെ നോക്കി കൈകൂപ്പി. “ സാർ വരാൻ വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു.” ജ്വല്ലറിയിലേയ്ക്കു കൈകാണിച്ചുകൊണ്ട് എ.എസ്.ഐ. പറഞ്ഞു. “ഫോറെൻസിക്കുകാരെ അറിയിച്ചല്ലോ അല്ലേ? “ സി. ഐ. ചോദിച്ചു. “യെസ് സാർ. അവരിപ്പോൾ എത്തും.”
ജ്വല്ലറിയുടെ സ്റ്റീൽ ഷട്ടർ അല്പം ഉയർത്തിയിട്ടുണ്ട്. ഫ്ലോറിൽ ഉറപ്പിച്ച അതിന്റെ സെന്റർ ലോക്ക്, എന്തോ ഇരുമ്പ് ഉപകരണം കൊണ്ട് പൊട്ടിച്ചിട്ടാണ് ഷട്ടർ ഉയർത്തിയിരിയ്ക്കുന്നത്. അതിനപ്പുറം ഗ്ലാസ്സിന്റെ ഭിത്തിയാണ്. അതിന്റെ ഡോറിന്റെ താഴ്ഭാഗം ചുറ്റികകൊണ്ടോ മറ്റോ അടിച്ചുപൊട്ടിച്ചിട്ടാണ് മോഷ്ടാക്കൾ ഉള്ളിൽ കയറിയത്. പൊട്ടിയ ഗ്ലാസ് അവിടെയെല്ലാം ചിതറിക്കിടപ്പുണ്ട്. കൂടാതെ ജ്വല്ലറിയുടെ തിണ്ണയിൽ വെള്ളമൊഴിച്ച് കഴുകിയതിന്റെ ലക്ഷണവുമുണ്ട്.
എട്ടേമുക്കാൽ മണിയോടെ കാസർകോട് ജില്ലാപൊലീസ് ആസ്ഥാനത്തു നിന്നും ഫിംഗർപ്രിന്റ് വിഭാഗവും ഡോഗ് സ്ക്വാഡും എത്തിച്ചേർന്നു. പൊലീസ് ക്രൈം സീൻ പരിശോധന ആരംഭിച്ചു. ഷട്ടർ ഉയർത്തി, പൊട്ടിയ ഗ്ലാസ് ഭിത്തി പരിശോധിച്ചപ്പോൾ അതിൽ രക്തത്തുള്ളികൾ പറ്റിയിരിയ്ക്കുന്നതുകണ്ടു. കൂടാതെ അവിടെ ചിതറിക്കിടക്കുന്ന ചില്ലുകഷണങ്ങളിൽ ചിലതിലും രക്തത്തുള്ളികളുണ്ട്. ഫിംഗർപ്രിന്റ് വിദഗ്ധർ പൌഡർ വിതറി വിരലടയാളങ്ങൾ ശേഖരിച്ചുതുടങ്ങി. പലഭാഗത്തുനിന്നായി അനേകം പ്രിന്റുകൾ ലഭിച്ചു. അതായത് അലക്ഷ്യമായി അവിടെയുമിവിടെയുമെല്ലാം മോഷ്ടാക്കൾ സ്പർശിച്ചിട്ടുണ്ട്.
ഇതിൽ നിന്നും മനസ്സിലാക്കാവുന്നത്, ഒന്നുകിൽ അവർ അത്ര പ്രൊഫഷണൽ അല്ല. ചിലപ്പോൾ ആദ്യമായി ചെയ്യുന്ന കൃത്യമാവാനും മതി. നേരത്തെ കുറ്റകൃത്യങ്ങളിൽ പിടിയ്ക്കപ്പെട്ടവരുടെ വിരലടയാളം മാത്രമേ പൊലീസിന്റെ പക്കൽ ഉണ്ടാകൂ. അതുകൊണ്ട് ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ വിരലടയാളം വച്ച് പിടികൂടാൻ സാധ്യത കുറവാണ്. ഇക്കാര്യത്തെപ്പറ്റി അറിയുന്നവരാകാം മോഷ്ടാക്കൾ. അതല്ലെങ്കിൽ അന്യനാട്ടുകാരാവാം. അതായത് കൃത്യത്തിനു ശേഷം വളരെ അകലെയുള്ള തങ്ങളുടെ നാട്ടിലേയ്ക്കു കടന്നുകഴിഞ്ഞാൽ അവിടെ തങ്ങൾ സുരക്ഷിതരായിരിയ്ക്കും എന്ന ഉത്തമ വിശ്വാസം അവർക്കുണ്ടായിരിയ്ക്കും.
ജ്വല്ലറികളിൽ ഓരോദിവസവും രാത്രി കടയടയ്ക്കും മുൻപ് ഡിസ്പ്ലേ ചെയ്തിരിയ്ക്കുന്ന ആഭരണങ്ങൾ ഉള്ളിൽ സേഫ് ലോക്കറിൽ മാറ്റി വെയ്ക്കാറുണ്ട്. സുമംഗലി ജ്വല്ലറിയിലും അങ്ങനെ തന്നെ ആയിരുന്നു. എന്നാൽ ഇന്നലെ രാത്രി കുറച്ച് ആഭരണങ്ങൾ ഡിസ്പ്ലേ ചെയ്തിരുന്നിടത്തു തന്നെ വെച്ചിരുന്നു. ഏതാണ്ട് 70 ഗ്രാമോളം വരുന്ന അത് പൂർണമായും മോഷ്ടിയ്ക്കപ്പെട്ടിരുന്നു. സേഫ് ലോക്കർ കൂടി പരിശോധിച്ചാലേ നഷ്ടത്തിന്റെ തോത് പൂർണമായി മനസ്സിലാവുകയുള്ളു. പൊലീസ് അങ്ങോട്ട് നീങ്ങി. ഉള്ളിലെ ഒരു മുറിയായിരുന്നു സേഫ് റൂം. അവിടെ നിലത്തോട് ഉറപ്പിച്ച ഒരു ലോക്കറുണ്ട്. അതിന്റെ ഉരുക്കു കവർ മുറിച്ചിട്ടുണ്ടായിരുന്നു. ചെറിയ ഇനം കട്ടിങ്ങ് മെഷീൻ ആയിരിയ്ക്കണം ഉപയോഗിച്ചിരിയ്ക്കുന്നത്. ലോക്കറിനുള്ളിൽ ഒരു രഹസ്യ അറയിൽ ഉണ്ടായിരുന്ന സ്വർണം നഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ അതിനു വെളിയിലുണ്ടായിരുന്ന 380 ഗ്രാമോളം സ്വർണവും എട്ടുകിലോ വെള്ളിയും മോഷ്ടിയ്ക്കപ്പെട്ടിരുന്നു.
ജ്വല്ലറിയുടെ പുറകുവശത്ത് ചെറുതായി പുല്ലുപടർന്നിട്ടുണ്ട്. അവിടെ ഒരു ഭാഗത്ത് പുല്ല് താറുമാറായി കിടന്നിരുന്നു. കൂടാതെ കുറേ പായ്ക്കറ്റുകളും സ്വർണാഭരണങ്ങളുടെ ചെറിയ ചില ഭാഗങ്ങളും കിട്ടി. ഇവിടെയായിരിയ്ക്കണം, ലോക്കറിൽ നിന്നെടുത്ത ആഭരണപായ്ക്കറ്റുകൾ കുടഞ്ഞിട്ടിട്ട് സ്വർണം എടുത്തത്. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ വേറേ കാര്യമായ തുമ്പൊന്നും കിട്ടിയില്ല. കുണ്ടംകുഴിയിലും സമീപപ്രദേശങ്ങളിലുമായി ടൈത്സ് പണിയ്ക്കും മറ്റുമായി കുറേ അന്യസംസ്ഥാന തൊഴിലാളികൾ താമസിയ്ക്കുന്നതായി ആൾക്കാരിൽ നിന്നുള്ള വിവരശേഖരണത്തിൽ മനസ്സിലായി. അവരെക്കുറിച്ച് കൂടുതൽ അന്വേഷിയ്ക്കുവാൻ സി.ഐ. തീരുമാനിച്ചു.
മോഷണസംഭവത്തെപ്പറ്റി കാസർകോഡ് ജില്ലാ പൊലീസ് സൂപ്രണ്ടിനു റിപ്പോർട്ട് ചെയ്തു. അദ്ദേഹം സി.ഐ. സിബി തോമസിനെയും സംഘത്തെയും ഓഫീസിലേയ്ക്കു വിളിപ്പിച്ചു. (ഒരു ലക്ഷം രൂപയിൽ കൂടുതൽ തുകയുടെ കവർച്ചകൾ അന്വേഷിയ്ക്കേണ്ടത് സർക്കിൾ ഇൻസ്പെക്ടർമാരാണ്). സി.ഐയും സംഘവും ചെല്ലുമ്പോൾ കാസർകോഡ് ജില്ലയിലെ ക്രൈം സ്ക്വാഡിൽ പെട്ട നാല് ഉദ്യോഗസ്ഥർകൂടി അവിടെ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ചും ലഭിച്ച തെളിവുകളെപ്പറ്റിയും സി.ഐ., സൂപ്രണ്ടിനെ ധരിപ്പിച്ചു. സംഭവത്തിനു രണ്ടു ദിവസം മുമ്പ് മുതൽ ഇതുവരെ കുണ്ടംകുഴിയിലും അടുത്തപ്രദേശങ്ങളിൽ നിന്നും അപ്രത്യക്ഷമായതോ നാട്ടിലില്ലാത്തതോ ആയ അന്യസംസ്ഥാനതൊഴിലാളികളെപ്പറ്റി പ്രത്യേകമായി അന്വേഷണം നടത്താൻ സൂപ്രണ്ട് നിർദേശിച്ചു.
കുണ്ടംകുഴിയിലും സമീപ പ്രദേശത്തും തൊഴിലാളികളെ എത്തിച്ചിരുന്ന കോണ്ട്രാക്ടറെ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തു. തൊഴിലാളികളുടെ ഒരു രജിസ്റ്റർ അയാൾ സൂക്ഷിച്ചിരുന്നു. അവരിൽ പലരുടെയും തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നു. അവയെല്ലാം പൊലീസ് പരിശോധിച്ചു. രേഖകൾ കൈവശമില്ലാത്തവരെപ്പറ്റിയുള്ള വിവരങ്ങളും ശേഖരിച്ചു. അവരെ ചോദ്യം ചെയ്തതിൽ നിന്നും അടുത്ത ദിവസങ്ങളിൽ മൂന്നുപേർ നാട്ടിലേയ്ക്കെന്നും പറഞ്ഞ് പോയതായി വിവരം കിട്ടി. ഒരാൾ ബംഗാളിലേയ്ക്കും രണ്ടു പേർ ബീഹാറിലേയ്ക്കുമാണു പോയിരിയ്ക്കുന്നത്. അവരുടെ മൊബൈൽ നമ്പരുകൾ ശേഖരിച്ച് സൈബർ സെല്ലിലേയ്ക്കയച്ചു. ടവർ ലൊക്കേഷനുകൾ പരിശോധിച്ചതിൽ നിന്നും അവർ നാട്ടിലേയ്ക്കുള്ള യാത്രയിൽ തന്നെയെന്നു ബോധ്യമായി. ഇന്നലെ നടന്ന മോഷണത്തിൽ അവർക്കു പങ്കില്ല എന്നുറപ്പിച്ചു. അങ്ങനെ ആ വഴി അടഞ്ഞു.
ജ്വല്ലറിയിൽ പൊട്ടിയ ഗ്ലാസ് കഷണങ്ങളിൽ നിന്നും രക്തത്തുള്ളികൾ കണ്ടെത്തിയിരുന്നു. ഇത് ഗ്ലാസ്സ് പൊട്ടിച്ചപ്പോൾ സംഭവിച്ചതായിരിയ്ക്കണം. വരാന്ത വെള്ളമൊഴിച്ചു കഴുകിയതിൽ നിന്നും, കൂടുതൽ രക്തം അവിടെ വീണിരിയ്ക്കണം എന്നൂഹിയ്ക്കാം. അതായത് സാമാന്യം നല്ലമുറിവുണ്ടായിരിയ്ക്കാം. എങ്കിൽ തീർച്ചയായും ഏതെങ്കിലും ആശുപത്രിയിൽ ചികിത്സ തേടിയിരിയ്ക്കാൻ സാധ്യതയുണ്ട്. പൊലീസ് ആ വഴിയ്ക്ക് അന്വേഷണം ആരംഭിച്ചു. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ, കാഞ്ഞാങ്ങാട് മാവുങ്കാൽ എന്ന സ്ഥലത്തെ സഞ്ജീവനി ആശുപത്രിയിൽ, മോഷണം നടന്ന രാത്രിയിൽ, രണ്ടുപേർ ചെന്നിരുന്നതായി വിവരം കിട്ടി.
പൊലീസ് ആശുപത്രിയിലേയ്ക്ക് തിരിച്ചു. ആ രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. ഒപ്പം സി സി ടിവി പരിശോധിയ്ക്കുകയും ചെയ്തു. അർധരാത്രിയോടെ രണ്ടുപേർ ആശുപത്രിയിലെയ്ക്കു വരുന്ന ദൃശ്യം അതിൽ നിന്നു ലഭിച്ചു. ഒരാൾ ചെറുപ്പക്കാരനും മറ്റെയാൾ പ്രായമുള്ള ആളുമാണ്. അവരുടെ അഡ്രസ്സും ഫോൺ നമ്പരും ആശുപത്രി രജിസ്റ്ററിൽ ഉണ്ടായിരുന്നു. ചെറുപ്പക്കാരന്റെ കൈ ഗ്ലാസ്സുകൊണ്ടു മുറിഞ്ഞിട്ടുണ്ടായിരുന്നു. അതു ഡ്രസ്സ് ചെയ്ത് അവർ പോകുകയും ചെയ്തു. പൊലീസ് കാഞ്ഞാങ്ങാടുള്ള അവരുടെ താമസസ്ഥലത്തെത്തി, വീടു കണ്ടുപിടിച്ചു. രണ്ടുപേരും അവിടെയുണ്ടായിരുന്നു. അവരെ ചോദ്യം ചെയ്തു. വളരെ കൌതുകകരമായ വിവരങ്ങളാണ് അവിടെ നിന്നും കിട്ടിയത്. അച്ഛനും മകനുമാണ് കക്ഷികൾ. അന്നു രാത്രി, അവർ തമ്മിൽ എന്തോ വാക്കേറ്റമുണ്ടായി. കലി കയറിയ മകൻ മേശപ്പുറത്തിരുന്ന ഗ്ലാസ് കൈകൊണ്ട് അടിച്ചു തകർത്തു. കൈമുറിഞ്ഞ് ചോരയൊഴുകാൻ തുടങ്ങി. ഒടുക്കം അച്ഛൻ ആ രാത്രി തന്നെ മകനെയും കൊണ്ട് ആശുപത്രിയിലെത്തി ഡ്രസ്സ് ചെയ്യിച്ചു. വഴക്ക് വല്ല കേസുമായോ എന്നോർത്ത് അവർ ഉത്കണ്ഠപ്പെട്ടു. എന്തായാലും പൊലീസിനു മുന്നിൽ ആ വഴിയും അടഞ്ഞു.
ആ രാത്രി, കുണ്ടംകുഴി വഴി കടന്നുപോയ വാഹനങ്ങൾ കണ്ടെത്താനായി അടുത്ത ശ്രമം. അതിനായി കുണ്ടംകുഴിയിലേയ്ക്കു എത്താനുള്ള വഴികളിൽ സി സി ടിവി സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങളിലെല്ലാം പൊലീസ് എത്തി സഹകരണം അഭ്യർത്ഥിച്ചു. അവരിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ പരിശോധന ആരംഭിച്ചു. ഏറെ ദുഷ്കരമായിരുന്നു അത്. അതിന്റെ അവസാനം പതിനഞ്ച് വാഹനങ്ങൾ വെരിഫൈ ചെയ്യുവാനായി തിരഞ്ഞെടുത്തു. സമീപ പ്രദേശങ്ങളിലെ ടാക്സി ഡ്രൈവർമാരെയും, വെളുപ്പിനു പൊയിനാച്ചിയിൽ പോയി പത്രക്കെട്ടുകൾ എടുക്കുന്നവരെയും പച്ചമീൻ എടുക്കാൻ പോകുന്നവരെയുമെല്ലാം വിളിച്ചു വരുത്തി ഈ വാഹനങ്ങളെപ്പറ്റി അന്വേഷിച്ചു. അതിൽ പതിനാലു വാഹനങ്ങളും അവർ തിരിച്ചറിഞ്ഞു, ഒരു കടുംനീല മാരുതി ഒംനി വാൻ ഒഴികെ.
കാസർകോഡ് ആർ.ടി.ഓ.യുമായി ബന്ധപ്പെട്ട് അവിടെ രജിസ്റ്റർ ചെയ്തിരിയ്ക്കുന്ന നീല ഓംനി വാനുകളുടെ വിവരങ്ങൾ ശേഖരിച്ചു. നിർഭാഗ്യവശാൽ കാസർകോഡ് ജില്ലയിൽ അത്തരമൊരു വാഹനം രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നില്ല. കേരളത്തിലെ മറ്റുജില്ലകളിൽ എവിടെയെങ്കിലുമാവാം ആ വാഹനം രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്. ഓരോ ജില്ലയിലെയും ആർ.ടി. ഓ.കളിൽ നിന്നും അത് ശേഖരിയ്ക്കേണ്ടതുണ്ട്. പൊലീസ് അതിനുള്ള ഒരുക്കം തുടങ്ങി. അതേ സമയം തന്നെ, അന്വേഷണത്തിൽ സി.ഐ. സിബി തോമസിനെ സഹായിയ്ക്കുന്ന ക്രൈം സ്ക്വാഡ് മറ്റൊരു നീക്കം നടത്തി. അവർക്ക് ജില്ലയിലെ ഓരോ മേഖലയിലും ചില പേർസനൽ സോഴ്സുകളുണ്ട്. രഹസ്യവിവരങ്ങൾ ശേഖരിയ്ക്കാൻ ഇവരാണു പലപ്പോഴും പൊലീസിനെ സഹായിയ്ക്കുന്നത്.
ക്രൈം സ്ക്വാഡ് തങ്ങളുടെ ഈ സോഴ്സുകളിൽ ഈ നീല ഓംനിയെപ്പറ്റി ഒരന്വേഷണം നടത്തി. ചട്ടഞ്ചാൽ എന്ന സ്ഥലത്തുള്ള ഒരു ഓട്ടോ ഡ്രൈവർ ഇത്തരത്തിലുള്ള ഒരു സോഴ്സായിരുന്നു. അയാൾ രാത്രിയിലാണു ഓട്ടോ ഓടിയ്ക്കാറുള്ളത്. അയാളിൽ നിന്നും സുപ്രധാനമായ ഒരു വിവരം ലഭിച്ചു. രണ്ടാഴ്ച മുൻപ് ഒരു ദിവസം രാത്രിനേരം, ചട്ടഞ്ചാൽ സഹകരണബാങ്കു പ്രവർത്തിയ്ക്കുന്ന കെട്ടിടത്തിനു മുന്നിൽ ഒരു നീല മാരുതി ഒംനി നിർത്തിയിട്ടിരിയ്ക്കുന്ന ഓട്ടോ ഡ്രൈവർ കണ്ടിരുന്നു. സഹകരണബാങ്ക്, കെട്ടിടത്തിന്റെ രണ്ടാം നിലയിലാണുള്ളത്. അവിടെ രണ്ടുപേർ നിന്നിരുന്നു. താഴെ മാരുതി ഓംനിയിൽ പ്രായമായ മറ്റൊരാളും.
ആ നേരത്ത് അങ്ങനെയൊരു കാഴ്ച കണ്ടതുകൊണ്ട് ഓട്ടോ ഡ്രൈവർ അങ്ങോട്ട് ചെന്ന് അവരോട് കാര്യം അന്വേഷിച്ചു. അവർ ഹിന്ദി സംസാരിയ്ക്കുന്നവരായിരുന്നു. ഓട്ടോ ഡ്രൈവർക്കും അത്യാവശ്യം ഹിന്ദി അറിയാം. എന്തോ ചില ഒഴിവുകഴിവുകൾ പറഞ്ഞ് അവർ സ്ഥലം വിട്ടു. അവർ സംസാരിച്ചത് വളരെ പ്രാകൃതമായ ഹിന്ദി ആയിരുന്നു എന്ന് അയാൾക്ക് തോന്നി. സാധാരണ സംസാരിയ്ക്കാറുള്ള ഹിന്ദിയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു അത്.
സുമംഗലി ജ്വല്ലറിക്കൊള്ളയിൽ ഇവർക്ക് പങ്കുണ്ടാകാൻ സാധ്യത ഉണ്ടെന്നു പൊലീസ് ഉറപ്പിച്ചു. ഈ ഓംനി വാഹനത്തെപ്പറ്റി അവർ കൂടുതലായി അന്വേഷണം തുടങ്ങി. ക്രൈം സ്ക്വാഡ് തങ്ങളുടെ സോഴ്സുകളെ തന്നെയാണു ഇതിനും കൂടുതലായി ആശ്രയിച്ചത്. കാസറകോഡ് നഗരത്തിനടുത്തുള്ള അണങ്കൂർ എന്ന സ്ഥലത്തുള്ള മറ്റൊരു ഓട്ടോ ഡ്രൈവർ നൽകിയ വിവരം സുപ്രധാനമായിരുന്നു. അയാൾ അത്യാവശ്യം വാഹനബ്രോക്കർ പണി ചെയ്യുന്ന ആളാണ്.
ഏതാണ്ട് അഞ്ചുമാസം മുൻപ്, പ്രായമുള്ള ഒരു ഹിന്ദിക്കാരനും രണ്ടു ചെറുപ്പക്കാരും ഇയാളെ സമീപിച്ചിരുന്നു. അവർ റെഡിമെയ്ഡ് തുണിത്തരങ്ങൾ വീടുകളിൽ കൊണ്ടു നടന്നു കച്ചവടം ചെയ്യാനായി വന്നവരായിരുന്നു. അവർക്കൊരു വാഹനം വേണം. തങ്ങൾ ഉത്തർ പ്രദേശുകാരായതിനാൽ ഇവിടെ വാഹനം രജിസ്റ്റർ ചെയ്യുന്നതിനും മറ്റും ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട്, നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത് ഒരു വാഹനം എടുത്തുതരാമോ എന്നതായിരുന്നു അവരുടെ ആവശ്യം. വേണ്ട പണം അവർ നൽകും. എന്നാൽ ഓട്ടോ ഡ്രൈവർ ആ ആവശ്യം നിരസിച്ചു. പരിചയമില്ലാത്തവർക്ക് സ്വന്തം പേരിൽ വാഹനം എടുത്തുനൽകിയിട്ട് പുലിവാലു പിടിയ്ക്കാൻ അയാൾ ഒരുക്കമായിരുന്നില്ല. എങ്കിൽ ഒരു വാഹനം ലീസിനു സംഘടിപ്പിച്ചുകൊടുക്കാമോ എന്നായി അവർ. അതു അയാൾ സമ്മതിച്ചു. തന്റെ മറ്റൊരു പരിചയക്കാരൻ വഴി ഒരു നീല ഓംനി വാഹനം ലീസിനു എടുത്തുകൊടുത്തു.
അന്വേഷണങ്ങൾക്കൊടുവിൽ പൊലീസ്, ആ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. വണ്ടി കാസർകോഡ് രജിസ്ട്രേഷൻ തന്നെയാണ്, പക്ഷെ നീലനിറമുള്ള ഓംനി വാൻ ആർ.ടി.ഓ. രേഖകളിലില്ല. അതിന്റെ കാരണം അയാളോട് ചോദിച്ചു. ഈ വാഹനം വെള്ളക്കളർ തന്നെ ആയിരുന്നു. അയാളുടെ ഒരു പരിചയക്കാരനാണ് അതിന്റെ കളർ നീല ആക്കിയത്. എന്നാൽ അക്കാര്യം ആർ.ടി.ഓ.യിൽ അപ്ഡേറ്റ് ചെയ്തിരുന്നില്ല. ആ ഓംനി ഇപ്പോൾ അയാൾ മടിക്കേരിയ്ക്കു കൊണ്ടു പോയിരിയ്ക്കുകയാണ്. “നിങ്ങൾ ലീസിനു കൊടുത്ത ഹിന്ദിക്കാരെവിടെ?” സി.ഐ. ചോദിച്ചു. “അവർ നാട്ടിൽ ഉത്സവം ആയതിനാൽ അവധിയ്ക്കു പോയിരിയ്ക്കുകയാണ്. കുറച്ചു നാൾ കഴിഞ്ഞാൽ തിരികെ വരുമെന്നാണു അറിയിച്ചിരിയ്ക്കുന്നത്.” അയാൾ പറഞ്ഞു.
ഹിന്ദിക്കാർ എവിടെയാണു താമസിച്ചിരുന്നത് എന്ന വിവരവും അയാളിൽ നിന്നു പൊലീസ് ചോദിച്ചറിഞ്ഞു. പൊലീസ് അവിടെയെത്തി. ഒരു ചെറിയ ഓടിട്ട കെട്ടിടം. അതു പൂട്ടിക്കിടക്കുകയാണ്. കെട്ടിടത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി. അയാളെ ചോദ്യം ചെയ്തു. ഹിന്ദിക്കാർക്ക് വാടകയ്ക്കു കൊടുക്കും മുൻപേ ഒരു എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. പൊലീസ് അതു പരിശോധിച്ചു. അൻപതു രൂപാ മുദ്രപ്പത്രത്തിൽ ഹിന്ദിയിലെഴുതിയതായിരുന്നു അത്. അതിന്റെ ഒടുക്കം “യാദ് റാം” എന്നെഴുതി ഒപ്പിട്ടിരുന്നു. കൂടാതെ ഒരു മൊബൈൽ നമ്പരും ചേർത്തിട്ടുണ്ട്. ഈ നമ്പരിൽ താൻ മുൻപ് അയാളെ വിളിച്ചിട്ടുള്ളതാണെന്ന് ഉടമസ്ഥൻ അറിയിച്ചു. പൊലീസ് ആ നമ്പരിലേയ്ക്ക് വിളിച്ചു നോക്കി; അത് സ്വിച്ച് ഓഫായിരുന്നു. ഉടൻ തന്നെ അതിന്റെ കോൾ ഡിറ്റയിത്സ് പരിശോധിയ്ക്കാനയച്ചു.
അധികം വൈകാതെ റിപ്പോർട്ട് കിട്ടി. മോഷണം നടന്ന രാത്രിയ്ക്കു ശേഷമുള്ള പകൽ പത്തുമണി വരെ അതു പ്രവർത്തിച്ചിരുന്നതായി മനസ്സിലായി. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ, കുണ്ടംകുഴിയിലെ ടവറിനു കീഴിൽ അന്നേദിവസം അതു വന്നിരുന്നു എന്നും മനസ്സിലായി. തുടർന്ന്, ആ സിം കാർഡ് എടുക്കാൻ കൊടുത്തിരുന്ന അഡ്രസ്സ് പ്രൂഫ് പരിശോധിച്ചു. അതൊരു ഇലക്ഷൻ ഐ.ഡി. കാർഡായിരുന്നു. അതിന്റെ നമ്പർ ഇലക്ഷൻ കമീഷന്റെ വെബ്സൈറ്റിൽ പരിശോധിച്ചു നോക്കിയപ്പോൾ അതു വ്യാജമാണെന്നു മനസ്സിലായി. അതോടെ യാദ് റാമിന്റെ അഡ്രസ്സ് കണ്ടെത്താനുള്ള വഴിയടഞ്ഞു. പൊലീസ് മറ്റു മാർഗങ്ങളിലേയ്ക്കു തിരിഞ്ഞു.
അടുത്ത ദിവസം രാത്രി നേരം, ആ വാടകവീടിന്റെ ഉടമസ്ഥന്റെ അറിവോടെ സി.ഐ.യും സംഘവും രഹസ്യമായി വീടിനുള്ളിൽ കയറി പരിശോധന നടത്തി. പരിസരവാസികളുടെ ശ്രദ്ധ ആകർഷിയ്ക്കാതിരിയ്ക്കാനാണ് രാത്രി തിരഞ്ഞെടുത്തത്. വീടിനുള്ളിൽ നിന്നും ഒരു ഷോൾഡർ ബാഗ് കണ്ടെടുത്തു. അതിനുള്ളിൽ പരിശോധിച്ചപ്പോൾ മൂന്നു ചെറിയ സ്വർണാഭരണങ്ങൾ കിട്ടി. അവയിൽ സുമംഗലി ജ്വല്ലറിയുടെ സീൽ ഉണ്ടായിരുന്നു. കൂടാതെ, പുൽനാമ്പുകളുടെ അംശങ്ങളും ഒരു ടൈലിന്റെ ചെറുകഷണവും ആഭരണങ്ങൾക്കിടയിൽ നിന്നും കിട്ടി. ആ ടൈൽ കഷണത്തിന്റെ നിറം, സുമംഗലി ജ്വല്ലറിയിൽ പാകിയിരുന്ന ടൈലുകളുടേതിനു സമാനവുമായിരുന്നു. ചുരുക്കത്തിൽ, മോഷ്ടാക്കൾ ഇവർ തന്നെ എന്ന കാര്യം ഉറപ്പായി.
ആറുമാസമായി അവർ ഇവിടെ താമസമായിരുന്നു എന്നു ഉടമസ്ഥൻ അറിയിച്ചു. പൊലീസ് വീണ്ടും അവിടെയെല്ലാം പരതി. ഒടുക്കം, ഗ്യാസ് കണക്ഷന്റെ ഒരു ബുക്ക് അവിടെ നിന്നും കിട്ടി. അതിൽ വേറൊരു മൊബൈൽ നമ്പർ ഉണ്ടായിരുന്നു. ഉടൻ തന്നെ ആ നമ്പരിന്റെ കോൾ ഡാറ്റയും അഡ്രസ്സ് വിവരങ്ങളും ശേഖരിച്ചു. അത് ഒരു യു.പി. അഡ്രസ്സ് ആയിരുന്നു. കൂടാതെ ആ നമ്പരിൽ നിന്നും യു.പി.യിലേയ്ക്ക് പലതവണ കോളുകൾ പൊയിട്ടുമുണ്ട്. ആ നമ്പരുകളുടെ അഡ്രസ്സുകളും ശേഖരിച്ചു. അവയെല്ലാം ഒരേ സ്ഥലത്തേതായിരുന്നു. ഉത്തർ പ്രദേശിലെ “ബദായും” ജില്ലയിലെ “ധൻപുര”, എന്ന ഗ്രാമത്തിലേത്. കൂടാതെ, ഗ്യാസ് കണക്ഷൻ ബുക്കിൽ കണ്ട നമ്പർ മോഷണത്തിനു ശേഷം ധൻപുരയിൽ പ്രവർത്തിച്ചിരുന്നു എന്നും മനസ്സിലായി. പക്ഷേ ഇപ്പോളതു സ്വിച്ചോഫാണ്.
എന്തായാലും അന്വേഷണസംഘം ആവേശത്തിലായി. ആ നമ്പർ തുടർച്ചയായി ബന്ധപ്പെട്ടിരുന്ന നമ്പരുകളിൽ, ഇപ്പോഴും പ്രവർത്തിക്കുന്നവയുടെ അഡ്രസ്സ് വിവരങ്ങൾ ശേഖരിച്ചു. “ധൻപുര”, സമീപ ഗ്രാമമായ “കക്കർല” എന്നിവിടങ്ങളിലായിരുന്നു അവ. തുടർന്ന് ഗൂഗിൾ മാപ്പിൽ അവ രേഖപെടുത്തി അവയുടെ പ്രിന്റൌട്ടുകൾ എടുത്തുവയ്ക്കുകയും ചെയ്തു. എല്ലാ വിശദാംശങ്ങളുമായി സി.ഐ. സിബി തോമസും ക്രൈം സ്ക്വാഡ് അംഗങ്ങളും കാസരഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലെത്തി. അദ്ദേഹം അവരോട് വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. കണ്ടെത്തിയ രേഖകൾ പരിശോധിച്ചു.
പ്രതികൾ യു.പി.യിൽ ആണുള്ളത്. അവരെ അവിടെ പോയി അറസ്റ്റ് ചെയ്തു കൊണ്ടുവരാൻ സാധിയ്ക്കുമോ? അദ്ദേഹം അന്വേഷിച്ചു. “സാധിയ്ക്കും സർ. ഞങ്ങൾ പോകാം.” സി.ഐ. ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “ഈ പറയുന്ന സ്ഥലം എനിയ്ക്കറിയാം. ബദായും ജില്ലാ പൊലീസ് സൂപ്രണ്ട് എന്റെ ഐ.പി.എസ്. ബാച്ച്മേറ്റാണ്. ട്രെയിനിങ് കാലത്ത് അവിടെ പോയ ഒരനുഭവം എനിയ്ക്കുണ്ട്. അന്നു ഞങ്ങൾ ട്രെയിനികൾ സഞ്ചരിച്ച വാഹനം അവിടെയുള്ള ഒരു വാഹനവുമായി ചെറുതായൊന്നുരസി. അതിന്റെ പേരിൽ ചില്ലറ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. എന്നാൽ മിനുട്ടുകൾക്കകം ഗ്രാമീണർ ഒന്നായി ഞങ്ങളെ വളഞ്ഞു. കഷ്ടിച്ചാണ് അന്നവിടെ നിന്നും രക്ഷപെട്ടത്. വളരെ അപകടകാരികളാണവർ. ഓർക്കുക, മറ്റൊരു നാട്ടിൽ പോയി അവിടത്തുകാരനായ ഒരാളെയാണു പിടികൂടേണ്ടത്. നല്ല ധൈര്യമുണ്ടെങ്കിൽ മാത്രം തുനിഞ്ഞിറങ്ങുക.”
“എന്തു തന്നെ ആയാലും ഞങ്ങൾ ഒരുക്കമാണു സർ. കുറ്റവാളികളെ പിടിയ്ക്കേണ്ടത് നമ്മുടെ കടമയാണല്ലോ..” “എങ്കിൽ ശരി. നിങ്ങൾക്കു പോകാനുള്ള സൌകര്യങ്ങൾ ഞാൻ ചെയ്യാം. ബദായും പൊലീസ് സൂപ്രണ്ടിനെ വിളിച്ച് നിങ്ങൾക്കു വേണ്ട സഹായങ്ങൾ തരാനും പറയാം. ഏറ്റവും അടുത്ത ദിവസം തന്നെ പോകാൻ തയ്യാറായിക്കൊള്ളു.”
2016 ഒക്ടോബർ 30 നു സി.ഐ. സിബി തോമസിന്റെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് എസ്.ഐ ഫിലിപ്പ് തോമസ്, എ.എസ്.ഐ നാരായണൻ, എ.എസ്.ഐ ലക്ഷ്മി നാരായണൻ, സൈബർ സെല്ലിൽ പെടുന്ന ശ്രീജിത്ത് നായർ എന്നിങ്ങനെ അഞ്ചു പേരടങ്ങുന്ന കേരളാ പൊലീസ് ടീം, ന്യൂ ഡെൽഹിയിലേയ്ക്ക് ട്രെയിൻ മാർഗം പുറപ്പെട്ടു. (രണ്ട്). നവമ്പർ രണ്ടിനു രാവിലെ ഡൽഹിയിലെത്തിയ സംഘം, സിബി തോമസിന്റെ ഒരു സുഹൃത്തിന്റെ മഹീന്ദ്ര സ്കോർപിയോ വാഹനവുമായി ഉത്തർ പ്രദേശിലെ ബദായും ജില്ലാ പൊലീസ് ആസ്ഥാനത്തേയ്ക്കു പോയി. ഇരുനൂറു കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച് നാലുമണിയോടെ അവിടെയെത്തി, ജില്ലാ പൊലീസ് സൂപ്രണ്ടിനെ കണ്ടു.
കേരളത്തിൽ നിന്നും നേരത്തെ വിവരം ലഭിച്ചിരുന്നതിനാൽ നല്ല സ്വീകരണം തന്നെ ലഭിച്ചു. അദ്ദേഹത്തോട്, സി.ഐ. സിബി തോമസ് തങ്ങൾ കുറ്റവാളികളെ കണ്ടെത്തിയ കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞു. സംഗതി ബോധ്യപ്പെട്ട എസ്.പി. കുറ്റവാളികളെ പിടികൂടാൻ യു.പി. പൊലീസിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഉടൻ തന്നെ ധൻപുര പൊലീസ് സ്റ്റേഷനിലേയ്ക്ക് അവരെ അയച്ചു. വൈകുന്നേരം അഞ്ചരമണിയോടെ അവർ ധൻപുരയിലേയ്ക്കു പുറപ്പെട്ടു. ഏകദേശം നാല്പത് കിലോമീറ്ററോളം യാത്രയുണ്ട്. നഗരം കഴിഞ്ഞതോടെ റോഡുകളുടെ സ്വഭാവം മാറി. വീതികുറഞ്ഞ് പൊട്ടിപ്പൊളിഞ്ഞവയാണ് എല്ലാം തന്നെ. കൂടാതെ രണ്ടു വശത്തുനിന്നും വലിയ പുല്ലുകൾ വളർന്ന് റോഡിലേയ്ക്കു ചാഞ്ഞു കിടക്കുന്നു. റോഡിന്റെ ഇരുവശവും വിശാലമായ കൃഷിസ്ഥലങ്ങൾ തരിശായിക്കിടക്കുകയാണ്. എങ്ങും വിജനത.
ഇരുപതുകിലോമീറ്ററോളം ചെന്നുകഴിഞ്ഞപ്പോൾ ചെറിയൊരു ഗ്രാമം കണ്ടു. പത്തോ ഇരുപതോ വീടുകൾ ഉണ്ടാവും. അവ റോഡിന്റെ രണ്ടു വശത്തുമായിട്ടാണ്. അവയുടെ ഭിത്തികൾ റോഡിനോട് ചേർന്നാണുള്ളത്. ഇടുങ്ങിയ മതിൽക്കെട്ടിനുള്ളിലൂടെ കടന്നുപോകുന്നരീതിയിലാണു അവിടെ റോഡ്. പൊലീസ് സംഘത്തിനു ചെറിയൊരു ആശങ്ക തോന്നി. ധൻപുരയിലെത്തി കുറ്റവാളികളെ പിടികൂടിയാൽ തന്നെ തിരികെ വരേണ്ടത് ഇതേ വഴിയിൽ കൂടിത്തന്നെയാണ്. കുറ്റവാളികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇവിടെ വിവരമറിയിച്ചാൽ വളരെ എളുപ്പത്തിൽ തങ്ങളെ ഇവിടെയുള്ള ഗ്രാമീണർക്ക് തടയാനും ആക്രമിയ്ക്കാനും സാധിയ്ക്കും. എന്തായാലും ധൈര്യം സംഭരിച്ച് അവർ മുന്നോട്ട് തന്നെ നീങ്ങി.
ധൻപുര പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ ഇരുട്ടുവീണിരുന്നു. ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്നും ധൻപുര സ്റ്റേഷനിലേയ്ക്ക് വിവരം അറിയിച്ചിട്ടുണ്ടായിരുന്നു. കേരളാ സംഘം എത്തി അല്പം കഴിഞ്ഞപാടെ ധൻപുര ഇൻസ്പെക്ടർ എത്തി അവരെ സ്വീകരിച്ചു. നിർഭാഗ്യവശാൽ അദ്ദേഹത്തിനു ഇംഗ്ലീഷ് വശമുണ്ടായിരുന്നില്ല. തന്നെയുമല്ല, ഹിന്ദിയുടെ പ്രാദേശിക വകഭേദമാണ് അവിടെ എല്ലാവരും സംസാരിയ്ക്കുന്നത്. അങ്ങനെ ആശയവിനിമയം ഒരു പ്രശ്നമായി.
ബോംബെയിൽ പഠിച്ചിട്ടുള്ള, സാധാരണ ഹിന്ദി അറിയുന്ന ഒരു പൊലീസുദ്യോഗസ്ഥൻ ആ സ്റ്റേഷനിലുണ്ടായിരുന്നു. അയാളുടെ സഹായത്തോടെ കാര്യങ്ങൾ ഇൻസ്പെക്ടറെ ബോധ്യപ്പെടുത്തി. യു.പി.യിലെ ഓരോ ഗ്രാമത്തിലും ഓരോ പൊലീസ് ബീറ്റ് ഓഫീസർ ഉണ്ടാകും. മെഷീൻ ഗണ്ണും ധരിച്ച് ബൈക്കിലാവും അവർ റോന്ത് ചുറ്റുക. ധൻപുര ഗ്രാമത്തിന്റെ ചുമതലയുള്ള ബീറ്റ് ഓഫീസർ മനോജ് എന്ന പൊലീസുകാരനാണ്. അയാളെ ഇൻസ്പെക്ടർ മെസേജയച്ചു വരുത്തി. മനോജുമായി കേരളാപൊലീസ് സംഘം തങ്ങൾക്കു പിടികിട്ടേണ്ട കുറ്റവാളികളെക്കുറിച്ച് ചർച്ച ചെയ്തു. അവരുടെ പേരുകളും അഡ്രസ്സും അയാൾക്കു നൽകി. എന്നാൽ, ധൻപുര ഗ്രാമത്തിൽ ആരൊക്കെയാണു താമസിയ്ക്കുന്നതെന്നോ ആരൊക്കെയാണു വരുന്നതെന്നോ പോകുന്നതെന്നോ ഒക്കെയുള്ള കാര്യങ്ങളെപ്പറ്റി അയാൾക്ക് കൃത്യമായ ധാരണയൊന്നുമുണ്ടായിരുന്നില്ല.
യു.പി.യിലെ പല ഗ്രാമങ്ങളുമെന്ന പോലെ ധൻപുരയും ഒരു പ്രത്യേക ലോകമായിരുന്നു. അവരുടെ ലോകത്തിന്റെ പരമാവധി വ്യാപ്തി ബദായും ജില്ലയിലൊതുങ്ങും. ബദായും, ഉത്തർപ്രദേശിലെ ഒരു ജില്ല ആണെന്നോ ഉത്തർപ്രദേശ്, ഇന്ത്യ എന്ന രാജ്യത്തിന്റെ ഭാഗമാണെന്നോ അവർക്കറിവുണ്ടായിരുന്നില്ല. ആ ഗ്രാമത്തിലെ പുരുഷന്മാരുടെ കുലത്തൊഴിൽ മോഷണമാണ്. മോഷണം നടത്തുന്നതിൽ ഒരു തെറ്റും അവർ കണ്ടിരുന്നില്ല. പതിനൊന്നു വർഷം മുൻപ് ഒരു മോഷണവുമായി ബന്ധപ്പെട്ട് ധൻപുരവാസികളിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനെത്തുടർന്ന് വലിയ അക്രമവും വെടിവെയ്പ്പുമുണ്ടായി. അതു പൊലീസ് അടിച്ചമർത്തിയതിനു ശേഷം പിന്നീട് ധൻപുരക്കാർ ബദായൂമിലൊരിടത്തും മോഷണം നടത്തിയതായി റിപ്പോർട്ടില്ല.
എന്നാൽ ആ ഗ്രാമത്തിലെ ചിലർ പുറം നാടുകളിലേയ്ക്കു പോകാറുണ്ട്. അവിടെ നിന്നും മോഷണം നടത്തി തിരികെ വരുന്ന അവർ, അക്കാര്യങ്ങളൊന്നും ആരോടും പറയാറുമില്ല. അതുകൊണ്ടു തന്നെ ആ ഗ്രാമക്കാരെപ്പറ്റിയുള്ള ക്രിമിനൽ റിക്കാർഡുകളൊന്നും ധൻപുര പൊലീസിന്റെ കൈയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ, കേരളാപൊലീസ് കൊണ്ടു വന്ന ധൻപുരക്കാരായ മോഷ്ടാക്കളെപ്പറ്റിയുള്ള വിവരങ്ങൾ ബീറ്റ് ഓഫീസർ മനോജിനു പെട്ടെന്നങ്ങു ബോധ്യപ്പെട്ടില്ല. എങ്കിൽ പോലും ഇക്കാര്യത്തിൽ തന്നെക്കൊണ്ടാവുന്ന എല്ലാ സഹായവും ചെയ്യാൻ അയാൾ സന്നദ്ധനായി.
ധൻപുര ഗ്രാമവാസികളുടെ മറ്റൊരു പ്രധാന ഉപജീവനമാർഗം ചാരായം വാറ്റലാണ്. അവിടെ വൻതോതിൽ വാറ്റിയെടുക്കുന്ന ചാരായം മറ്റു ഗ്രാമങ്ങളിൽ വില്പന നടത്തും. മിക്കപ്പോഴും പ്രാദേശിക പൊലീസുദ്യോഗസ്ഥരുടെ അറിവോടെ തന്നെയാണു ഇതു നടക്കുന്നത്. ധൻപുരയിൽ നിന്നുള്ള ചാരായം മറ്റു ഗ്രാമങ്ങളിൽ എത്തിച്ചു കൊടുക്കുന്നത് “നേതു റാം” എന്നയാളാണ്. അയാൾക്ക് ഗ്രാമവാസികളെ പറ്റി വിശദമായി അറിവുണ്ടാകാൻ സാധ്യതയുണ്ട്. “ഈ നേതുറാമിന്റെ നമ്പർ കിട്ടാൻ മാർഗമുണ്ടോ? “സി.ഐ. സിബി തോമസ് മനോജിനോട് ചോദിച്ചു. “ശ്രമിയ്ക്കാം.” അയാൾ പറഞ്ഞു.
മനോജ് ധൻപുര ഗ്രാമമുഖ്യനെ വിളിച്ചു. “മറ്റൊരു ഗ്രാമത്തിലേയ്ക്ക് കുറെയേറെ ചാരായം ആവശ്യമുണ്ട്. നിങ്ങൾക്കു താല്പര്യമുണ്ടെങ്കിൽ കൊടുക്കാം. അതേപ്പറ്റി നേതുറാമിനോട് സംസാരിയ്ക്കാനാണ്, അയാളുടെ നമ്പർ വേണം.” മനോജ് പറഞ്ഞു. വളരെ സന്തോഷത്തോടെ ഗ്രാമമുഖ്യൻ നേതുറാമിന്റെ നമ്പർ കൊടുത്തു. ഉടൻ തന്നെ ആ നമ്പർ സൈബർ സെല്ലിൽ അയച്ച് കോൾ ഡാറ്റാ ശേഖരിച്ചു. അതു പരിശോധിച്ചപ്പോൾ നേതുറാമും യാദുറാമും തമ്മിൽ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളതായിക്കണ്ടു. കൂടാതെ കുണ്ടം കുഴിയിലെ മോഷണശേഷം നാലാം ദിവസം മുതൽ ഇവരുടെ ടവർ ലൊക്കേഷനും ഒരേ സ്ഥലത്തു പലതവണ വന്നിട്ടുണ്ട്.
നേതു റാമിനെ ചോദ്യം ചെയ്താൽ യാദുറാമിലെയ്ക്കെത്താനാവും എന്നുറപ്പായി. അയാളെ കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചു. അതത്ര എളുപ്പമുള്ള കാര്യമല്ല. ഒരു തിരുട്ടുഗ്രാമത്തിൽ പോയി അവിടുത്തെ പ്രധാനിയായ ഒരാളെ പിടികൂടുക എന്നത് അത്യന്തം അപകടകരമായ ഒരു കാര്യമാണ്. യു.പി. പൊലീസിനുപോലും അക്കാര്യം ബുദ്ധിമുട്ടായിരിയ്ക്കും. അതിനാൽ ബുദ്ധിപൂർവമായ ഒരു ഓപ്പറേഷൻ നടത്താൻ കേരളാ സംഘവും ബീറ്റ് ഓഫീസർ മനോജും കൂടിച്ചേർന്നു തീരുമാനിച്ചു.
നേതുറാമിന്റെ ഒരു സുഹൃത്തിനു മനോജിന്റെ ഒരു കോൾ പോയി. അടുത്ത ഗ്രാമത്തിലെ ഒരു കല്യാണ ആവശ്യത്തിനായി കുറച്ചേറെ ചാരായം ആവശ്യമുണ്ട് എന്നായിരുന്നു ആ കോൾ. ഗ്രാമത്തിനു വെളിയിലുള്ള ഒരൊഴിഞ്ഞ പ്രദേശത്ത് നേതുറാമുമായി എത്തിയാൽ അഡ്വാൻസ് തുക വാങ്ങിത്തരാമെന്നും മനോജ് അയാളോട് പറഞ്ഞു. നേരത്തെയും ഇത്തരം ഏർപ്പാടുകൾ നടന്നിട്ടുള്ളതുകൊണ്ടാവാം സംശയമൊന്നുമില്ലാതെ അയാൾ എത്താമെന്നു സമ്മതിച്ചു.
അടുത്ത ദിവസം, ബീറ്റ് ഓഫീസർ മനോജും കേരളാ സംഘത്തിലെ ശ്രീജിത്തും കൂടി ഒരു ബുള്ളറ്റ് ബൈക്കിൽ, പറഞ്ഞുറപ്പിച്ച സ്ഥലത്തേയ്ക്കു പുറപ്പെട്ടു. സി.ഐ. സിബി തോമസും മറ്റു മൂന്നുപേരും സ്കോർപ്പിയോയിലും അങ്ങോട്ടേയ്ക്ക് പോയി. പൊന്തക്കാടുകളും ചതുപ്പും നിറഞ്ഞ ഒരു വിജനപ്രദേശം. അവിടെ കാട്ടുചെടികൾക്കിടയിൽ സ്കോർപിയോ നിർത്തിയിട്ടിട്ട് അവർ നാലുപേരും മറഞ്ഞു നിന്നു. അല്പം മാറി മനോജും ശ്രീജിത്തും ബൈക്കുമായി നിൽപ്പുണ്ട്. അവരെ ഇവർക്കു കാണാം. നേതുറാമിനെയും സുഹൃത്തിനെയും പ്രതീക്ഷിച്ചാണവരുടെ നില്പ്.
ഏതാണ്ട് അഞ്ചുമിനിട്ടുകഴിഞ്ഞപ്പോൾ ഒരു ബൈക്കിൽ രണ്ടുപേർ അങ്ങോട്ട് വന്നു. അവർ മനോജിന്റെ അരുകിൽ ബൈക്ക് നിർത്തി ഇറങ്ങി. കുശലാന്വേഷണം നടത്തി. ഇതേ സമയം മറഞ്ഞുനിന്ന സിബി തോമസും സംഘവും മെല്ലെ മുന്നോട്ട് നീങ്ങി. അപ്പോൾ മനോജിനൊപ്പമുണ്ടായിരുന്ന ശ്രീജിത്ത് അല്പം പുറകോട്ടുമാറി അവരുടെ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. അതേ നിമിഷം സി.ഐയും സംഘവും മുന്നോട്ടു കുതിച്ചു. ഏതാനും നിമിഷത്തെ മൽപ്പിടിത്തത്തിനൊടുവിൽ രണ്ടുപേരെയും തൂക്കിയെടുത്ത് സ്കോർപ്പിയോയിൽ കയറ്റി. തൽക്ഷണം അവിടെ നിന്നും ധൻപുര പൊലീസ് സ്റ്റേഷനിലേയ്ക്കു പാഞ്ഞു.
രണ്ടുപേരെയും സ്റ്റേഷനിൽ എത്തിച്ചു. അപ്പോഴാണ് ഇൻസ്പെക്ടർ ഒരു കാര്യം അറിയിച്ചത്. ഇവരെ ഇവിടെ സൂക്ഷിയ്ക്കുന്നത് സുരക്ഷിതമല്ല. ഗ്രാമത്തിൽ നിന്നും രണ്ടുപേരെ കാണാതായാൽ, ഗ്രാമീണർ ഒന്നിച്ച് സ്റ്റേഷനിലേയ്ക്കെത്തും. എല്ലയിടവും അവർ പരതും. ഇവരെ കണ്ടുകിട്ടിയാൽ മോചിപ്പിയ്ക്കേണ്ട അവസ്ഥ വരെയുണ്ടാകും. അതിനാൽ ഉടൻ തന്നെ, ബദായൂമിലുള്ള എസ്.പി. ഓഫീസിലേയ്ക്കു കൊണ്ടുപോകുന്നതാണു നല്ലത്. അങ്ങനെ പിടിയിലായ രണ്ടുപേരെയും കൊണ്ട് കേരളാപൊലീസ് സംഘം ബദായൂമിലേയ്ക്കു പുറപ്പെട്ടു. ബദായും പൊലീസ് സൂപ്രണ്ടിന്റെ ക്യാമ്പ് ഹൌസിലെത്തി. അവിടെ സൂപ്രണ്ടിന്റെ ക്രൈം സ്ക്വാഡിലുള്ള പൊലീസുകാർ പിടിയിലായവരെ ചോദ്യം ചെയ്തു.
ഏതാനും സമയത്തെ ശ്രമത്തിനൊടുവിൽ, രണ്ടുദിവസം മുൻപ് യാദുറാമിനെ കണ്ടിരുന്നു എന്ന് നേതുറാം സമ്മതിച്ചു. ഇപ്പോൾ അയാൾ എവിടെയാണുള്ളതെന്ന് അറിയില്ല. യാദുറാം ഇപ്പോൾ ഉപയോഗിയ്ക്കുന്ന മൊബൈൽ നമ്പർ പൊലീസ് ആവശ്യപ്പെട്ടു. ആദ്യമയാൾ അറിയില്ല എന്നു പറഞ്ഞുവെങ്കിലും നിരന്തരമായ മുറകൾക്കു ശേഷം ആ നമ്പർ പൊലീസിനു ലഭിച്ചു. ഉടൻ തന്നെ ആ നമ്പരിന്റെ കോൾ ഡാറ്റയും ലൊക്കേഷനും സൈബർ സെല്ലിൽ നിന്നും ശേഖരിച്ചു. ഏതാനും ദിവസങ്ങളായി യാദുറാം ഉള്ളത്, ധൻപുരയുടെ അടുത്ത ഗ്രാമമായ കക്കർലയിൽ ആണെന്നു അതിൽ നിന്നും വ്യക്തമായി. കക്കർലയും ഒരു തിരുട്ടുഗ്രാമമാണ്.
ഈ വിവരങ്ങൾ ഉടൻ തന്നെ ബദായും ജില്ലാ സൂപ്രണ്ടിനെ അറിയിച്ചു. കക്കർലയിൽ നിന്നും യാദുറാമിനെ അറസ്റ്റ് ചെയ്യണം. കാര്യങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ എസ്.പി. ചില പ്രയോഗിക പ്രശ്നങ്ങൾ അവരെ അറിയിച്ചു. ഒന്നാമതായി ആ ഗ്രാമത്തിലെ പുരുഷന്മാർ ആരും പകൽ സമയത്ത് ഗ്രാമത്തിൽ ഉണ്ടാകാറില്ല, പുറത്തായിരിയ്ക്കും. രാത്രിയിൽ ഒരു ഓപ്പറേഷൻ നടത്തുന്നത് അത്യന്തം ആപൽക്കരവുമാണ്. തന്നെയുമല്ല, പതിനൊന്നു വർഷം മുൻപ് അവിടെ നടന്ന കലാപത്തിനു ശേഷം ഇത്തരം ഓപ്പറേഷനുകൾ ചെയ്യാറുമില്ല.
ഇപ്പോൾ യു.പി.യിൽ ഇലക്ഷൻ അടുത്തിരിയ്ക്കുകയാണ്. ഈ സമയത്ത് വീടുവളഞ്ഞ് ഒരു ഓപ്പറേഷൻ നടത്തിയാൽ അതു രാഷ്ട്രീയ വിവാദമാകാനുള്ള സാധ്യതയുമുണ്ട്. എങ്കിലും, കേരളത്തിൽ നിന്നും രണ്ടു കുറ്റവാളികളെത്തേടി പൊലീസ് ഇവിടെ എത്തുകയും അവരെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും കണ്ടെത്തുകയും ചെയ്തിട്ടും പിടികൂടാനാവാതെ തിരികെ പോകേണ്ടി വരുന്നത് യു.പി. പൊലീസിനു തന്നെ നാണക്കേടാണു താനും.
ഒടുക്കം, ഇന്നത്തെ രാത്രി തന്നെ കക്കർലയിൽ ഓരോപ്പറേഷൻ നടത്തി യാദുറാമിനെ അറസ്റ്റു ചെയ്യാൻ സൂപ്രണ്ട് അനുമതി നൽകി. അതിനു സഹായിയ്ക്കാനായി ഒരു സ്പെഷ്യൽ സ്ക്വാഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സ്ക്വാഡുകാരുമായി കേരളപൊലീസ് സംഘം പരിചയപ്പെട്ടു. അവരുടെ വിശ്വാസ്യത നേടിയെടുക്കാനായി പ്രത്യേകം ശ്രദ്ധവെച്ചു.
അന്നു രാത്രി ഒന്നരയോടെ കക്കർല ഗ്രാമം വളഞ്ഞ് യാദുറാമിനെ പിടികൂടാൻ അവർ തീരുമാനിച്ചു. മിക്കഗ്രാമങ്ങളെയും ചുറ്റി ഒരു പുറം മതിലുണ്ടാവും. ഏകദേശം എട്ടടി ഉയരമുള്ള കൂറ്റൻ മതിലായിരിയ്ക്കും അത്. അതിൽ നിന്നും അമ്പതുമീറ്ററോളം ഉള്ളിലായിട്ടാണു ഗ്രാമത്തിലെ വീടുകൾ ഉണ്ടാവുക. മതിൽ കടന്ന് ഉള്ളിലെത്തുവർക്ക് അത്രപെട്ടെന്നു പുറത്തേയ്ക്കു രക്ഷപെടാനാവില്ല. അതുകൊണ്ടുതന്നെ വളരെ കൃത്യമായൊരു ആക്ഷൻ പ്ലാനില്ലാതെ ഇറങ്ങിത്തിരിയ്ക്കുന്നത് ആപത്കരമാണ്.
രാത്രി ഒമ്പതരയോടെ ആഹാരമെല്ലാം കഴിച്ച് എല്ലാവരും പുറപ്പെടാൻ തയ്യാറെടുത്തു. പിടിയിലായ നേതുറാമിനെയും സഹായിയേയും കൈയിൽ വിലങ്ങണിയിച്ച്, കേരള സംഘത്തിലെ ലക്ഷ്മിനാരായണൻ എന്ന എ.എസ്.ഐയെ കാവലിരുത്തി. സ്പെഷ്യൽ സ്ക്വാഡ് സംഘത്തിൽ ഒൻപതുപേരാണുള്ളത്. അതിൽ രണ്ടുപേരുടെ കൈയിൽ ലൈറ്റ് മെഷീൻ ഗണ്ണുകളും, ആറുപേരുടെ കൈയിൽ എ.കെ-47 മെഷീൻ ഗണ്ണുകളും എസ്.ഐയുടെ കൈയിൽ പിസ്റ്റലും ഉണ്ടായിരുന്നു. അവർ രണ്ടു വാഹനങ്ങളിലായി പുറപ്പെട്ടു. ഒപ്പം സ്കോർപ്പിയോയിൽ കേരളാ പൊലീസും. അവർ കക്കർല ഗ്രാമം ലക്ഷ്യമാക്കി നീങ്ങി.
ബദായുമിൽ നിന്നും മുപ്പത്തഞ്ചു കിലോമീറ്ററോളം സഞ്ചരിയ്ക്കണം കക്കർലയിൽ എത്താൻ. വീതികുറഞ്ഞ, പുൽക്കൂട്ടം അതിരിടുന്ന റോഡിലൂടെ ഏറ്റവും മുൻപിൽ ക്രൈം സ്ക്വാഡ് എസ്.ഐ. ഉൾപ്പെടുന്ന സംഘത്തിന്റെ വാഹനവും, തൊട്ടു പിന്നിൽ കേരള പൊലീസും ഏറ്റവും പിന്നിൽ സ്ക്വാഡിന്റെ രണ്ടാമത്തെ വാഹനവും ഇരുളിനെ വകഞ്ഞു മാറ്റി മുന്നോട്ടു നീങ്ങി. ഏതാണ്ട് പത്തു കിലോമീറ്റർ കഴിഞ്ഞപ്പോൾ എസ്.ഐ.യ്ക്ക് ഒരു കോൾ വന്നു. ധൻപുരയിൽ നിന്നും ബീറ്റ് ഓഫീസർ മനോജിന്റേതായിരുന്നു അത്. എസ്. ഐ. വാഹനം നിർത്തി, സി.ഐ. സിബി തോമസിന്റെ അടുത്തേയ്ക്കു വന്നു.
കക്കർല ഗ്രാമത്തിൽ ഇന്നു ഒരു ഉത്സവം നടക്കുകയാണ്. രാത്രി ഏറെ വൈകും വരെ ആരും ഉറങ്ങില്ല. ഇത്തരമൊരവസ്ഥയിൽ ആ ഗ്രാമത്തിൽ കയറി ഒരാളെ പിടികൂടുക സാധ്യമല്ല. അതുകൊണ്ട് ഇന്നു പോയിട്ട് കാര്യമില്ല എന്നയാൾ സി.ഐ.യെ അറിയിച്ചു. ഓപ്പറേഷൻ നാളേയ്ക്കു മാറ്റിവെയ്ക്കാം. അങ്ങനെ അവർ തിരികെ പോകാൻ തീരുമാനിച്ചു. അവർ തിരികെ ബദായും ക്യാമ്പ് ഹൌസിനോട് സമീപിയ്ക്കാനായപ്പോൾ സി.ഐയ്ക്ക് ഒരു കോൾ വന്നു. നേതുറാമിനെ സൂക്ഷിയ്ക്കാൻ ഏൽപ്പിച്ചിരുന്ന എ.എസ്.ഐ. ലക്ഷ്മീ നാരായണന്റേതായിരുന്നു കോൾ. “സർ.. നേതുറാം ഓടിപ്പോയി..!“ അയാൾ ദയനീയ ശബ്ദത്തിൽ പറഞ്ഞു.
സി.ഐ. സ്തംഭിച്ചു പോയി. വാഹനം നിർത്തി. “ഇതെങ്ങനെ സംഭവിച്ചു? രണ്ടുകൈയിലും വിലങ്ങിട്ടിരുന്നില്ലേ അവരുടെ?” അദ്ദേഹത്തിന്റെ ശബ്ദമുയർന്നു. “സർ അയാൾക്ക് ടോയിലറ്റിൽ പോകണമെന്നു പറഞ്ഞപ്പോൾ.. ഞാൻ ഒരു കൈയിലെ വിലങ്ങഴിച്ചു……” സി.ഐ.യുടെ വാഹനം നിർത്തിയതുകണ്ട് മുൻപിൽ പോയിരുന്ന സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ. ഇറങ്ങി വന്നു കാര്യം തിരക്കി. നേതുറാം രക്ഷപെട്ട കാര്യം അദ്ദേഹം പറഞ്ഞു. അപ്പോഴവർ ക്യാമ്പ് ഹൌസിനു സമീപത്തായിരുന്നു. പെട്ടെന്ന് അല്പമകലെ എന്തോ നിഴൽ ചലിയ്ക്കുന്നതു കണ്ടു.
ഉടനെ എസ്.ഐ. എന്തോ വിളിച്ചു പറഞ്ഞു. സ്ക്വാഡ് അംഗങ്ങൾ ചാടിയിറങ്ങി. എല്ലാവരും അവിടേയ്ക്കു പാഞ്ഞു. ഏതാനും മിനുട്ടുകൾക്കകം അവർ നേതുറാമിനെ ഇരുളിൽ നിന്നും പൊക്കിയെടുത്തു. ക്യാമ്പ് ഹൌസിലേയ്ക്കു ചെന്ന സി.ഐ. ലക്ഷ്മിനാരായണനെ ശരിയ്ക്കും ശാസിച്ചു. നേതുറാം വളരെ തന്ത്രപൂർവം ദയനീയത അഭിനയിച്ചപ്പോൾ മനസ്സലിവു തോന്നി അയാളുടെ ഒരു കൈയിലെ വിലങ്ങഴിച്ചതാണ് വിനയായത്. കേരള സംഘത്തിനു താമസിയ്ക്കാനായി ബദായും എസ്.പി. തൊട്ടടുത്ത് ഒരു ഹോട്ടലിൽ മുറി ഏർപ്പാട് ചെയ്തിരുന്നു. അവർ അങ്ങോട്ടു പോയി. അവിടെ എത്തി നോക്കുമ്പോൾ ആ മുറികൾ പൊടിപിടിച്ചും മറ്റുമൊക്കെ വളരെ വൃത്തിഹീനമായിരുന്നു.
അവർ കുറച്ചപ്പുറത്തുള്ള മറ്റൊരു ഹോട്ടലിൽ പോയി രണ്ടു മുറികളെടുത്ത് അവിടെയാണു രാത്രി താമസിച്ചത്. പ്രതികളെ രണ്ടു പേരെയും വിലങ്ങു വെച്ച്, സംഘത്തിലെ ഓരോ ആളും മാറി മാറി ഉറക്കമിളച്ച് കാവലിരുന്നു. പിറ്റേന്ന് രാവിലെ തന്നെ, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ.യും കേരളാ പൊലീസ് സംഘവും കക്കർലയിൽ നടത്തേണ്ട ഓപ്പറേഷനെക്കുറിച്ച് വീണ്ടും ചർച്ച ചെയ്ത് ഉറപ്പിച്ചു.
ഇതിനിടയിൽ ധൻപുരയിലുള്ള ബീറ്റ് ഓഫീസർ മനോജിന്റെ ഒരു കോൾ വന്നു. വലിയൊരു പ്രശ്നം സൂചിപ്പിയ്കുന്നതിനായിരുന്നു അത്. ധൻപുര ഗ്രാമത്തിലെ രണ്ടു പേരെയാണ് കസ്റ്റഡിയിലെടുത്തിരിയ്ക്കുന്നത്. അവർ അപ്രത്യക്ഷമായ വിവരം ഗ്രാമവാസികൾക്ക് മനസ്സിലായാൽ അവർ ധൻപുര പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്താൻ സാധ്യതയുണ്ട്. ചിലപ്പോൾ ഉള്ള സത്യമെല്ലാം വെളിപ്പെടുത്തേണ്ടിയും വരും. അതൊഴിവാക്കാൻ ഒരു മാർഗമേയുള്ളു, നേതുറാമിനെക്കൊണ്ടു തന്നെ വീട്ടിലേയ്ക്കു വിളിച്ചു പറയിക്കുക. സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ. നേതുറാമിനോട് അയാളുടെ അമ്മയെ വിളിയ്ക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട്, താൻ ഒരാവശ്യത്തിനായി പുറത്താണെന്നും രണ്ടു ദിവസം കഴിഞ്ഞു മാത്രമേ എത്തുകയുള്ളു എന്നും പറയാൻ പറഞ്ഞു. ഫോൺ ലൌഡ് സ്പീക്കറിൽ ആക്കിയ ശേഷം, നേതുറാം അപ്രകാരം അയാളുടെ വീട്ടിൽ അറിയിച്ചു.
അന്നു അർധരാത്രിയോടെ വീണ്ടും പൊലീസ് സംഘം കക്കർലയിലേയ്ക്കു പോയി. പുല്ലുകൾ നിറഞ്ഞ ഊടുവഴികളിലൂടെയൊക്കെ സഞ്ചരിച്ച് രാത്രി രണ്ടുമണിയോടെ അവർ കക്കർലയുടെ സമീപത്തെത്തി. ഗ്രാമം ഒന്നുമറിയാതെ ഉറങ്ങുന്നു. ചുറ്റും നല്ല ഇരുട്ട്. അവർ രണ്ടു ഗ്രൂപ്പായി തിരിഞ്ഞു. സ്ക്വാഡ് എസ്.ഐയും നാലുപോലീസുകാരും ഉൾപ്പെടുന്ന ടീം കേരളപൊലീസിനൊപ്പവും, മറ്റു അഞ്ചു പേർ രണ്ടാമത്തെ ഗ്രൂപ്പിലും. ഗ്രാമത്തിന്റെ ചുറ്റുമതിലിൽ നിന്നും ഏതാണ്ട് മുന്നൂറ് മീറ്റർ അകലെയാണിപ്പോൾ അവർ. മുന്നോട്ടു നീങ്ങും മുൻപ് എസ്.ഐ. എല്ലാവർക്കും നിർദ്ദേശങ്ങൾ നൽകി, പ്രത്യേകിച്ചും കേരളാ സംഘത്തിന്. യാതൊരു കാരണവശാലും ആരും ഒറ്റയ്ക്കായി പോകരുത്. സംഘത്തിനൊപ്പം നിൽക്കാൻ ശ്രദ്ധിയ്ക്കണം. പരമാവധി വേഗം ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങുകയും വേണം.
നിശബ്ദതയ്ക്ക് തെല്ലു പോറലേൽപ്പിച്ച് അവർ സസൂക്ഷ്മം മുന്നോട്ടു നീങ്ങി. എസ്.ഐ.യും കേരളപൊലീസുമുൾപ്പെടുന്ന സംഘം ഗ്രാമവഴിയിലൂടെ മതിലിന്റെ മുൻഭാഗത്തേയ്ക്കും മറുസംഘം പറമ്പുകൾ ചാടിക്കടന്ന് പിൻഭാഗത്തേയ്ക്കുമെത്തി. മതിലിനു സമീപമെത്തിയ ശേഷം, ഒരാളുടെ തോളിൽ ചവിട്ടി അടുത്തയാൾ എന്ന രീതിയിൽ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ മതിൽ കടന്നു. വളരെ പരിശീലനം കിട്ടിയവരായിരുന്നു യു.പി. പൊലീസ് സംഘം. അവരുടെ സഹായത്തോടെ കേരള സംഘവും ഉള്ളിലെത്തി. മതിലിൽ നിന്നും അമ്പതുമീറ്ററോളം അകലെയാണു വീടുകളുള്ളത്. അവർ പതുങ്ങി അങ്ങോട്ടേയ്ക്ക് നീങ്ങി.
ആദ്യത്തെ വീടിന്റെ വാതിലിൽ എസ്.ഐ. തട്ടിവിളിച്ചു. യാതൊരു പ്രതികരണവുമില്ല. അടുത്ത നിമിഷം അയാളതു ചവിട്ടിപ്പൊളിച്ചു. പൊലീസ് സംഘം ഉള്ളിലെത്തി. അവിടെ കണ്ട ഒരു പുരുഷനെ പിടികൂടി. പിടികിട്ടിയ ആളെ വിലങ്ങിട്ടു. ഇതേ സമയം തന്നെ മറ്റു വീടുകളിലേയ്ക്കും ബാക്കിയുള്ളവർ ഇരച്ചു കയറി. എന്താണു സംഭവിയ്ക്കുന്നതെന്നു ഗ്രാമവാസികൾക്കു മനസ്സിലാകും മുൻപു തന്നെ, ഏതാണ്ട് ഏഴുമിനിട്ടിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയായി. ആറു പുരുഷന്മാരെ കസ്റ്റഡിയിലെടുത്തു. പെട്ടെന്നു തന്നെ സംഘത്തിലൊരാൾ ഗേറ്റിലേയ്ക്കോടി അതു തുറന്നിട്ടു. പിടികൂടിയവരുമായി സംഘാംഗങ്ങൾ അതിവേഗം പുറത്തിറങ്ങിയ നിമിഷം അതു വീണ്ടും അടച്ച് പുറത്തു നിന്നും ലോക്കിട്ടു. ഇതേ സമയം തന്നെ വാഹനങ്ങൾ അങ്ങോട്ടേയ്ക്ക് എത്തിച്ച്, പിടിയിലായവരെ അതിലേയ്ക്കിട്ടു. പിന്നിൽ ഗ്രാമം ഉണർന്നു കഴിഞ്ഞിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളികളും അലർച്ചയും ഉയർന്നു, ലൈറ്റുകൾ തെളിഞ്ഞു. നിമിഷങ്ങൾക്കകം പൊലീസ് സംഘം പാഞ്ഞു പോയി.
വെളുപ്പിനു നാലുമണിയോടെ അവർ ക്യാമ്പ് ഹൌസിലെത്തി. അവിടെ വെച്ച് സ്ക്വാഡ് എസ്.ഐ. പിടിയിലായവരെ ചോദ്യം ചെയ്തു. അതിലൊരാൾ കേരളാ പൊലീസ് തിരഞ്ഞു വന്ന യാദുറാം തന്നെ ആയിരുന്നു. അയാളെ അറസ്റ്റു ചെയ്തു. തുടർന്ന് ബാക്കി അഞ്ചുപേരെയും ആദ്യം പിടിയിലായ നേതുറാമിനെയും സഹായിയെയും ക്രൈം സ്ക്വാഡിനെ ഏൽപ്പിച്ച ശേഷം, യാദുറാമുമായി കേരളാ പൊലീസ് സംഘം തങ്ങൾ താമസിയ്ക്കുന്ന ഹോട്ടലിലേയ്ക്കു പോയി. സമയമപ്പോൾ പുലർച്ചെ ആറുമണിയായിക്കാണും. അല്പസമയം വിശ്രമിച്ചിട്ടു കേരളത്തിലേയ്ക്കു പുറപ്പെടാമെന്നവർ കരുതി. അപ്പോഴാണു സി.ഐ. സിബി തോമസിന്റെ ഫോൺ ശബ്ദിച്ചത്. കോൾ എടുത്തു, ഒരു സ്ത്രീ ശബ്ദമാണ്. ഹിന്ദിയിൽ എന്തോ സംസാരിയ്ക്കുന്നു.
കേരള സംഘത്തിൽ അത്യാവശ്യം ഹിന്ദി അറിയാവുന്നത് ശ്രീജിത്തിനാണ്. സി.ഐ. ഫോൺ അയാൾക്കു കൈമാറി. അല്പനേരം ശ്രീജിത്ത് അവരോടു സംസാരിച്ച ശേഷം സി.ഐ.യോടു പറഞ്ഞു: “സർ, ഗ്രാമപ്രധാനാണ് വിളിയ്ക്കുന്നത്. യാദുറാം, നേതുറാം അങ്ങനെ കുറച്ചു പേർ നിങ്ങളുടെ കസ്റ്റഡിയിലുള്ളതായി അറിഞ്ഞു, കേരളാ പൊലീസാണെന്നു മനസ്സിലായി, നിങ്ങളോട് സംസാരിയ്ക്കണം എന്നൊക്കെയാണു അവർ പറയുന്നത്. എന്തു ചെയ്യണം? “ഒന്നും പറയണ്ട, കട്ട് ചെയ്യൂ” സി.ഐ. നിർദ്ദേശിച്ചു. വീണ്ടും ഫോൺ റിംഗ് ചെയ്തുകൊണ്ടിരുന്നു പലവട്ടം. അവർ എടുത്തില്ല. യാദുറാമിനു ഒരാളെ കാവലിരുത്തിയ ശേഷം മറ്റുള്ളവർ ഒന്നു മയങ്ങാൻ കിടന്നു.
ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞുകാണും. പുറത്തു നിന്നു ചെറിയൊരു കോലാഹലം. കാവലിരുന്നയാൾ റൂമിനു വെളിയിൽ വന്നു ഒന്നു പാളി നോക്കി. കുറച്ചുമാറി, കേരളസംഘത്തിനു താമസിയ്ക്കാനായി എസ്.പി. റൂമെടുത്തു നൽകിയ ഹോട്ടലിനു മുന്നിൽ രണ്ടു വാഹനങ്ങൾ. അതിൽ വന്നിറങ്ങിയ കുറച്ചു പേർ അകത്തേയ്ക്കു പോയി അവിടെയെല്ലാം പരിശോധിയ്ക്കുന്നു..! അപകടം മണത്ത അയാൾ മറ്റുള്ളവരെ വിളിച്ചുണർത്തി. ഉടൻ തന്നെ, ഇറങ്ങാൻ തയ്യാറായിക്കൊള്ളാൻ സി.ഐ. പറഞ്ഞു. അതോടെ എല്ലാവരും തങ്ങളുടെ സാധനങ്ങളെല്ലാം പെറുക്കിക്കെട്ടി, യാദുറാമിനെയും കൊണ്ട് ഇറങ്ങി.
അവർ കൊണ്ടുവന്ന സ്കോർപ്പിയോ തൊട്ടടുത്തുള്ള ഒരു പെട്രോൾ പമ്പിനോട് ചേർന്നാണു പാർക്കു ചെയ്തിരുന്നത്. എല്ലാവരും വെളിയിലെത്തി. അപ്പോൾ വാഹനങ്ങളിൽ വന്ന സംഘം അടുത്ത ഹോട്ടൽ പരിശോധിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അവരുടെ ശ്രദ്ധയില്പെടാതെ വേണം സ്കോർപ്പിയോയിലെത്താൻ. പെട്ടെന്ന് പെട്രോൾ പമ്പിലേയ്ക്ക് ഇന്ധനത്തിനായി രണ്ടുവാഹനങ്ങളെത്തി. അതിന്റെ മറവിലൂടെ അവർ സ്കോർപ്പിയോയിലേയ്ക്കോടി. നിമിഷങ്ങൾക്കകം ആ വാഹനം അവിടെ നിന്നു പാഞ്ഞു..
അങ്ങനെ, കേരളത്തിലെ ഒരു മലയോര പ്രദേശത്തു നടന്ന മോഷണത്തിലെ പ്രധാനപ്രതിയെ, ഉത്തർ പ്രദേശിലെ ഒരു തിരുട്ടുഗ്രാമത്തിൽ കടന്നു അറസ്റ്റു ചെയ്യുക എന്ന ദുഷ്കരദൌത്യം വിജയകരമായി പൂർത്തിയാക്കി കേരളപൊലീസിന്റെ ആ സംഘം നാട്ടിലേയ്ക്കു തിരിച്ചു. (അവസാനിച്ചു).
അനുബന്ധം: “തൊണ്ടിമുതലും ദൃക്സാക്ഷിയും” എന്ന സിനിമയിലെ പൊലീസ് ഓഫീസറായി അഭിനയിച്ച സിബി തോമസ് എന്ന സർക്കിൾ ഇൻസ്പെക്ടറുടെ കഥയാണിത്. സഫാരി ടിവി ചാനലിൽ “ആ യാത്രയിൽ” എന്ന പ്രോഗ്രാമിൽ അദ്ദേഹം അവതരിപ്പിച്ച ഓർമ്മക്കുറിപ്പുകൾ ലിഖിതരൂപത്തിലാക്കിയതാണ് ഈ ലേഖനം.