എൽ.ടി.ടി.ഇ തീവ്രവാദികളിൽ നിന്നും ജാഫ്ന വീണ്ടെടുക്കുന്നതിനായി ഇന്ത്യൻ സമാധാന സംരക്ഷണ സേന നടത്തിയ സൈനിക നീക്കത്തിന്റെ രഹസ്യനാമമാണ് ഓപ്പറേഷൻ പവൻ. മൂന്നാഴ്ച നീണ്ടു നിന്ന കനത്ത യുദ്ധത്തിനുശേഷം, ജാഫ്ന പ്രവിശ്യ ഇന്ത്യൻ സൈന്യം എൽ.ടി.ടി.ഇ സേനയിൽ നിന്നും പിടിച്ചെടുത്തു.
ശ്രീലങ്കയുടെ വടക്കു പടിഞ്ഞാറു മേഖലയിൽ, തമിഴർക്കു പ്രാതിനിധ്യമുള്ള മേഖലയിൽ സ്വന്തമായി ഒരു തമിഴ് പ്രവിശ്യ സ്ഥാപിക്കുക എന്നതായിരുന്നു എൽ.ടി.ടി.ഇ എന്ന വിമത സേനയുടെ ലക്ഷ്യങ്ങളിലൊന്ന്. ശ്രീലങ്കയിൽ നിരവധി ആഭ്യന്തര യുദ്ധങ്ങൾക്ക് ഇതു വഴിവെച്ചു. 1980 കളിൽ ശ്രീലങ്കയിലെ തമിഴ് വംശജരുടെ സൈര്യജീവിതം ഉറപ്പുവരുത്താനായി ഈ പ്രശ്നത്തിൽ നയപരമായും, സൈനികപരമായും ഇടപെടാൻ ഇന്ത്യ തീരുമാനിച്ചു. 1987 ജൂലൈ 29 നു കൊളംബോയിൽ വച്ചു ഒരു ഇന്ത്യ-ശ്രീലങ്ക ഉടമ്പടി തയ്യാറാക്കുകയും, ഇരു രാജ്യങ്ങളും അതിൽ ഒപ്പു വെക്കുകയും ചെയ്തു. ശ്രീലങ്കയിൽ സമാധാനം ഉറപ്പുവരുത്താൻ, ശ്രീലങ്ക സൈന്യത്തെ യുദ്ധമേഖലയിൽ നിന്നും തിരിച്ചുവിളിക്കാനും, തമിഴ് പുലികളോട് ആയുധം വെച്ചു കീഴടങ്ങുവാനും ഉടമ്പടിയിൽ കരാറായി. ഇന്ത്യക്കുവേണ്ടി പ്രധാനമന്ത്രി രാജീവ് ഗാന്ധിയും, ശ്രീലങ്കൻ പ്രസിഡന്റ് ജെ.ആർ. ജയവർദ്ധനെയുമാണ് കരാറിൽ ഒപ്പു വെച്ചത്.
ഉടമ്പടിക്കു മുമ്പായി നടന്ന ചർച്ചകളിൽ യുദ്ധത്തിലേർപ്പെട്ടിരുന്ന തമിഴ് സംഘടനകളൊന്നും തന്നെ പങ്കെടുത്തിരുന്നില്ല. എന്നിരിക്കിലും, ചില സംഘടനകൾ കരാറിനെ മാനിച്ചുകൊണ്ട്, മനസ്സില്ലാ മനസ്സോടെ തങ്ങളുടെ ആയുധങ്ങൾ ഇന്ത്യൻ സമാധാന സംരക്ഷണ സേനക്കു മുമ്പിൽ അടിയറവെച്ചു യുദ്ധത്തിൽ നിന്നും പിൻമാറുന്നതായി പ്രഖ്യാപിച്ചു. എന്നാൽ തികച്ചും തീവ്രസ്വഭാവം വച്ചു പുലർത്തിയിരുന്ന എൽ.ടി.ടി.ഇ പോലുള്ള സംഘടനകൾ കരാറിനെ വകവെക്കാതെ തമിഴ് രാജ്യം എന്ന ലക്ഷ്യവുമായി മുന്നോട്ടു പോയി. ഇതു കരാറിന്റെ ലംഘനമായതിനാൽ ഒരു സൈനിക നടപടിക്കു ഇന്ത്യൻ സമാധാന സംരക്ഷണ സേന തയ്യാറായി.
ഒക്ടോബർ ഏഴിനു, ശ്രീലങ്കൻ സൈനിക നേതാക്കൾ ഓപ്പറേഷനിലൂടെ സാധ്യമാകേണ്ട ലക്ഷ്യങ്ങൾ ഇന്ത്യൻ സമാധാന സംരക്ഷണ സേനയുമായി പങ്കുവെച്ചു. പ്രധാന നിർദ്ദേശങ്ങൾ ഇതായിരുന്നു – ജാഫ്നയിലെ എൽ.ടി.ടി.ഇ യുടെ റേഡിയോ / ടെലിവിഷൻ ശൃംഖല പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുക, എൽ.ടി.ടി.ഇ യുടെ വിവരവിനിമയ സംവിധാനം വിഛേദിക്കുക, എൽ.ടി.ടി.ഇ യുടെ സാന്നിദ്ധ്യമുള്ള മേഖലയിൽ തുടർച്ചയായി പരിശോധനകൾ നടത്തി നേതാക്കളെ പിടികൂടുക, ആവശ്യമെങ്കിൽ ഇന്ത്യൻ സേന ജാഫ്ന മേഖലയിൽ സമാധാനം ഉറപ്പുവരുത്താൻ കുറേ നാൾ കൂടി തുടരുക.
1987 ഒക്ടോബർ 9 നാണ് ഇന്ത്യൻ സൈന്യത്തിന്റെ ആദ്യത്തെ സൈനിക നടപടി തുടങ്ങിയത്. ജാഫ്നയിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. എൽ.ടി.ടി.ഇ നേതാക്കളെ പിടികൂടി ജാഫ്നമേഖലയിൽ തീവ്രവാദസാന്നിദ്ധ്യം പൂർണ്ണമായും ഇല്ലാതാക്കുക എന്നതു കൂടി സൈനിക നടപടിയുടെ ഭാഗമായിരുന്നു. 9, 10 തീയതികളിലെ രാത്രി നടന്ന പോരാട്ടത്തിൽ എൽ.ടി.ടി.യുടെ താവടിയിലുള്ള റേഡിയോ നിലയവും, കൊക്കുവിൽ ഉള്ള ടെലിവിഷൻ നിലയവും ഇന്ത്യൻ സേന പിടിച്ചടുത്തു. 200 ഓളം തമിഴ് പുലികളെ ഇന്ത്യൻ സേന തടവിലാക്കി. തെള്ളിപ്പാളയത്തുള്ള ഇന്ത്യൻ സൈനിക പോസ്റ്റിലേക്കു ആക്രമണമഴിച്ചുവിട്ടാണ്, എൽ.ടി.ടി.ഇ ഈ സൈനിക നടപടിക്കെതിരേ മറുപടി പറഞ്ഞത്. അവരുട ആക്രമണത്തിൽ നാലു സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു.
മുതിർന്ന എൽ.ടി.ടി.ഇ നേതാക്കൾ ഒളിയിടമായി ഉപയോഗിച്ചിരുന്ന ജാഫ്ന സർവ്വകലാശാലയിലെ കെട്ടിടം കീഴടക്കി നേതാക്കളെ പിടികൂടുക എന്നതായിരുന്നു ഓപ്പറേഷൻ പവൻ സൈനിക നടപടിയുടെ ആദ്യ ദൗത്യം. എൽ.ടി.ടി.ഇ. യുടെ അനൗദ്യോഗിക തലസ്ഥാനം കൂടിയായിരുന്നു ഈ സർവ്വകലാശാല. എൽ.ടി.ടി.ഇ നേതാക്കൾ അന്നേ ദിവസം അവിടെ ഉണ്ടാകും എന്ന ഇന്റലിജൻസ് അറിയിപ്പു പ്രകാരം, ഇന്ത്യൻ സേന ഒക്ടോബർ 12 ആം തീയതി ഒരു രഹസ്യ നീക്കത്തിലൂടെ, സർവ്വകലാശാല കെട്ടിടത്തിൽ പ്രവേശിച്ചു. നേതാക്കളെ പിടികൂടുന്നതോടെ, യുദ്ധം അവസാനിപ്പിക്കാം എന്നതായിരുന്നു ഇന്ത്യൻ സേനയുടെ കണക്കുകൂട്ടൽ.
ഇന്ത്യൻസേനയുടെ രഹസ്യസന്ദേശങ്ങൾ ചോർത്തിയ എൽ.ടി.ടി.ഇ, ഈ നീക്കം മുൻപേ അറിയുകയും വേണ്ട മുൻകരുതൽ എടുക്കുകയും ചെയ്തിരുന്നു. എൽ.ടി.ടി.ഇ.യുടെ പ്രതിരോധം ഭേദിക്കാൻ ഇന്ത്യൻ സൈന്യത്തിനായില്ല. ഗോര സിങ് എന്ന ഇന്ത്യൻ സൈനികനെ എൽ.ടി.ടി.ഇ തടവിലാക്കുകയും ചെയ്തു, പിന്നീട് ഇദ്ദേഹത്തെ വിട്ടയച്ചു
ജാഫ്ന പിടിച്ചെടുക്കുന്നതിനായുള്ള യുദ്ധത്തിൽ കനത്ത എതിർപ്പാണ് വിമതരിൽ നിന്നും ഇന്ത്യൻ സൈന്യത്തിനു നേരിടേണ്ടി വന്നത്. ജാഫ്നയിലേക്കുള്ള എല്ലാ റോഡുകളിലും, എൽ.ടി.ടി.ഇ മൈനുകൾ പാകിയിരുന്നു. ശ്രീലങ്കൻ സൈന്യത്തിരേ നടന്ന പോരാട്ടത്തിനിടയിൽ സ്വീകരിച്ചിരുന്ന ഈ മുൻകരുതൽ ഇന്ത്യൻ സേനക്കു ലക്ഷ്യത്തിലേക്കു മുന്നേറാൻ തടസ്സമായിതീർന്നു. ഒരു കിലോമീറ്ററിലധികം ദൂരത്തു നിന്നും സ്ഫോടനം നടത്താൻ കഴിവുള്ള ഉപകരണങ്ങൾ തമിഴ് പുലികളുടെ കൈവശം ഉണ്ടായിരുന്നു.
അത്യാധുനിക ടെലിസ്കോപിക് അധിഷ്ഠിത തോക്കുകൾ ഉപയോഗിച്ചാണ് എൽ.ടി.ടി.ഇ പുലികൾ ഇന്ത്യൻ സൈന്യത്തെ പ്രതിരോധിച്ചത്. വീടിനു മുകളിലും, മരങ്ങളുടെ ചില്ലയിൽ നിന്നും ഇത്തരം തോക്കുകൾ ഉപയോഗിച്ച് അവർ സൈനികരെ വധിച്ചു. ജാഫ്ന പിടിച്ചെടുക്കുവാൻ വേണമെങ്കിൽ കൂടുതൽ സൈന്യത്തെ ഉപയോഗിക്കാൻ കേന്ദ്ര സർക്കാരിൽ നിന്നും സൈനിക നേതാക്കൾക്കു അനുമതി ലഭിച്ചു. MI-25 പോലുള്ള ഹെലികോപ്ടറുകൾ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം ആകാശമാർഗ്ഗവും ആക്രമണം അഴിച്ചുവിട്ടു.
മൂന്നാഴ്ചയോളം നീണ്ടു നിന്ന യുദ്ധത്തിനുശേഷം, ഇന്ത്യൻ സമാധാന സംരക്ഷണ സേന ജാഫ്ന തിരിച്ചു പിടിച്ചു. ഇരു ഭാഗത്തും കനത്ത നാശനഷ്ടങ്ങളുണ്ടായിരുന്നു. ഗറില്ല യുദ്ധമുറയായിരുന്നു തീവ്രവാദികൾ ഇന്ത്യൻ സൈന്യത്തിനെതിരേ പ്രയോഗിച്ചിരുന്നത്. ഇന്ത്യൻ സൈന്യം തീരെ പ്രതീക്ഷിക്കാത്ത രീതിയിൽ, ചെറിയ കുട്ടികളെ വരെ ചാവേറുകളായി എൽ.ടി.ടി.ഇ രംഗത്തിറക്കി. ജാഫ്ന നഷ്ടപ്പെട്ടതോടെ ഗറില്ലകൾ, വാവുനിയ കാടുകളിലേക്കു രക്ഷപ്പെട്ടു.ഇയുടെ ന്ത്യൻ സർക്കാരിന്റെ പരാജയങ്ങളിൽ ഒന്നായി ഇതു മാറി , ഈ സൈനിക നടപടി ഇന്ത്യയുടെ വിയറ്റ്നാം എന്ന പേരിൽ അറിയപ്പെടുന്നു , മരിച്ചവരും തടവിലാക്കപ്പെട്ടവരുടെയും എണ്ണത്തിൽ ഇപ്പൊഴും അവ്യക്തത നിലനിൽക്കുന്നു .
കടപ്പാട് – വിക്കിപീഡിയ.