കുറെ നാളായി വടക്കൻ കേരളത്തിലെ രുചിപ്പെരുമകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് വിചാരിക്കുന്നു. കഴിഞ്ഞ തവണ കണ്ണൂർ – കാസർഗോഡ് ഭാഗത്തു യാത്ര പോയപ്പോഴാണ് ഈ കാര്യം ഓർമ്മ വന്നത്. അങ്ങനെ വ്യത്യസ്തമായ രുചികൾ ലഭിക്കുന്ന സ്ഥലങ്ങൾ ഞങ്ങൾ അന്വേഷിക്കുവാൻ തുടങ്ങി.
അങ്ങനെയാണ് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിന് സമീപമുള്ള ‘ഒറിക്‌സ് വില്ലേജ്’ എന്ന റെസ്റ്റോറന്റിനെക്കുറിച്ച് അറിയുന്നത്. പരിചയക്കാരായ കാസർഗോഡ് സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ അവരും പറഞ്ഞത് പോസിറ്റിവ് മറുപടി. പിന്നൊന്നും നോക്കിയില്ല, നേരെ അവിടേക്ക് വെച്ചുപിടിച്ചു.
രാവിലെ തന്നെ ഞങ്ങൾ ഒറിക്‌സ് വില്ലേജിൽ എത്തിച്ചേർന്നു. വീഡിയോ ചെയ്യുവാനാണെന്നു പറഞ്ഞപ്പോൾ അവർക്കും പെരുത്ത് സന്തോഷം. നടുമുറ്റവും മറ്റുമൊക്കെയായി വളരെ മനോഹരമായ ഒരു റെസ്റ്റോറന്റ് ആണ് ഒറിക്‌സ് വില്ലേജ്. അവിടെയുള്ളവരെ പരിചയപെട്ടതിനു ശേഷം ഞങ്ങൾ അടുക്കളയിലേക്കാണ് ആദ്യം പോയത്.
ഏതൊരു ഫുഡ് പ്രേമിയെയും കൊതിപ്പിക്കുന്ന കാഴ്ചയായിരുന്നു അവിടെ അരങ്ങേറിയിരുന്നത്. ചോറ് വേവിക്കുന്നു, ബിരിയാണിയുടെ ദം പൊട്ടിക്കുന്നു, കുഴിമന്തി ഉണ്ടാക്കുന്നു, നല്ല കിടിലൻ അവിയൽ തയ്യാറാക്കുന്നു എന്നിങ്ങനെ ഉച്ചയ്ക്കത്തേക്കുള്ള വിഭവങ്ങൾ റെഡിയാകുകയായിരുന്നു അവിടെ.
ചെമ്മീൻ, കൂന്തൽ, കല്ലുമ്മക്കായ, അയക്കൂറ എന്നിവ ഒന്നിച്ചു ചേർത്തുകൊണ്ടു ബിരിയാണി ഉണ്ടാക്കുകയും അത് വാഴയിലയിൽ പൊതിഞ്ഞു വിളമ്പുകയും ചെയ്യുന്ന വ്യത്യസ്തമായ ഭക്ഷണ കാഴ്ചകൾ ഞങ്ങൾക്ക് അവിടെ കാണുവാനായി. ‘ചീനവല ബിരിയാണി’ എന്നായിരുന്നു ഈ ഐറ്റത്തിന്റെ പേര്. അവിടെ നിന്നും “ശ്ശ്..ശ്ശ്” എന്നുള്ള ശബ്ദം കേട്ട് തൊട്ടടുത്തെക്ക് തിരിഞ്ഞു നോക്കിയപ്പോഴതാ നല്ല മുഴുത്ത കരിമീനുകൾ പൊരിക്കുകയാണ്. ആ ശബ്ദമാണ് ഞങ്ങൾ കേട്ടത്.
വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ എന്നിങ്ങനെ കിച്ചണുകൾക്കും ഓരോ സെക്ഷനുകൾ അവിടെ തിരിച്ചിട്ടുണ്ട്. കേരളത്തിൽ അധികമാരും കേൾക്കാത്തതും രുചിക്കാത്തതുമായ വിഭവങ്ങൾ വരെ ഇവിടെ ലഭിക്കും. അതുകൊണ്ടുതന്നെ എല്ലായ്പ്പോഴും നല്ല തിരക്കായിരിക്കും ഒറിക്‌സ് വില്ലേജിൽ. ഊണ് സമയത്താണ് കൂടുതലും തിരക്കേറുന്നത്. ഫിഷ്‌കറി മീൽസിനു 100 രൂപയും വെജിറ്റേറിയൻ ഊണിനു 90 രൂപയുമാണ് നിരക്കുകൾ.
കിച്ചണിലെ കാഴ്ചകൾ കണ്ടതിനു ശേഷം ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് ചെന്നു. ഇവിടത്തെ സ്പെഷ്യൽ ഐറ്റമായ ചീനവല ബിരിയാണി, ഡ്രാഗൺ ചിക്കൻ എന്നിവ ഞാനും വേജ് ന്യൂഡിൽസ്, ചില്ലി ഗോബി എന്നിവ ശ്വേതയും ഓർഡർ ചെയ്തു. എല്ലാ വിഭവങ്ങളും നല്ല ടേസ്റ്റ് ഉള്ളതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഭക്ഷണശേഷം ഞങ്ങൾ ഹോട്ടൽ പരിസരമൊക്കെ ചുമ്മാ ഒന്നു ചുറ്റി നടന്നു.
റെസ്റ്റോറന്റിനു തൊട്ടരികിലായി കുട്ടികൾക്ക് കളിക്കുവാനുള്ള ഒരു ഏരിയ ഒരുക്കിയിട്ടുണ്ട്. കുടുംബവുമായി വരുന്നവർക്ക് കുട്ടികളെ സന്തോഷിപ്പിക്കുവാൻ ഈ സൗകര്യം വളരെയേറെ ഉപകാരപ്രദമാണ്. അതിനടുത്തായി ലൈവ് ഫിഷ് കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. മാർക്കറ്റിൽ എന്നപോലെ മീനുകൾ നമുക്ക് അവിടെ കാണുവാനും തിരഞ്ഞെടുക്കുവാനും സാധിക്കും. തിരഞ്ഞെടുത്ത മീനുകൾ നമ്മുടെ മുന്നിൽ വെച്ചുതന്നെ ഫ്രൈ ആക്കി കഴിക്കുവാൻ തരുന്ന രീതിയാണ് ഇവിടെ. അതാണ് ലൈവ് ഫിഷ് എന്ന പേരു വന്നത്. മീനുകൾ തയ്യാറാക്കുന്നതിന് പ്രത്യേകം ചാർജ്ജ് കൊടുക്കേണ്ട ആവശ്യവുമില്ല.
ഞങ്ങളെ അവിടെ ആകർഷിച്ച മറ്റൊരു സംഭവം എന്തെന്നാൽ ഭക്ഷണം കഴിച്ചു കുറച്ച് ഓവറായി എന്നുള്ള തോന്നൽ ഉണ്ടായാൽ അൽപ്പം വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യങ്ങളെല്ലാം അവിടെയുണ്ട്. ശരിക്കും പറഞ്ഞാൽ ഇതൊരു വെറും റെസ്റ്റോറന്റ് മാത്രമല്ല, ഒരു റിസോർട്ടിൽ വന്നതുപോലെയേ നമുക്ക് തോന്നിക്കുകയുള്ളൂ. വൈകുന്നേര സമയത്ത് ഒരു ചായയോ മറ്റോ കുടിക്കാം എന്നു കരുതി ഇവിടേക്ക് വരുന്നവർക്കായി ഇവിടെ ഒരു കോഫീ ഷോപ്പും പ്രവർത്തിക്കുന്നുണ്ട്. പലതരത്തിലുള്ള ചായകളും ജ്യൂസുകളും മറ്റു സ്നാക്സുകളും ഇവിടെ ലഭിക്കും.
രാവിലെ 11 മണി മുതൽ രാത്രി 12.30 വരെ റെസ്റ്റോറന്റ് തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. ഇവിടേക്ക് വരുന്നവരുടെ കാറുകൾ പാർക്ക് ചെയ്യുന്നതിനായി ധാരാളം പാർക്കിംഗ് സ്ഥലവും ലഭ്യമാണ്. ഇനി കാഞ്ഞങ്ങാട് ഭാഗത്തു വരികയാണെങ്കിൽ നിങ്ങൾ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഒരു റെസ്റ്റോറന്റാണ് ‘ഒറിക്‌സ് വില്ലേജ്.’ തീർച്ചയായും വിശ്വസിച്ചുകൊണ്ട് നിങ്ങൾക്ക് ഇവിടേക്ക് വരാം. ഒരു തവണ വന്നാൽ പിന്നെ വീണ്ടും ഇവിടേക്ക് വരാൻ നിങ്ങൾക്ക് തോന്നിപ്പോകും. ഞങ്ങളുടെ റേറ്റിങ് – 8/10.