തൃശ്ശൂർ ബസ്സ് ലോകത്തെ സുപരിചിതമായൊരു നാമമാണ് പി.എ.ട്രാവൽസ്. പി.എ.ബ്രദേർസ്, ഫ്രാങ്കോ അനിൽ എന്നീ പേരിലും ഈ ബസ്സുകൾ അറിയപ്പെട്ടിരുന്നു. തൊണ്ണൂറുകളുടെ ആദ്യകാലത്ത് അല്ലറ ചില്ലറ റൂട്ടുകളിൽ തൃശ്ശൂർ നഗരത്തിൽ കണ്ടിരുന്ന വണ്ടി.
ഗുരുവായൂർ – തൃശ്ശൂർ – പാലക്കാട് റൂട്ടിൽ ഇവർക്ക് 3 പെർമിറ്റുകൾ ഉണ്ടായിരുന്നു. പിൽക്കാലത്ത് എച്.എൽ ട്രാവൽസ് ഓടിയത് ഇവരുടെ പെർമിറ്റിൽ ആണെന്നാണ് ഓർമ്മ. രാവിലെ തൃശ്ശൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോയി അവിടുന്ന് നേരെ പാലക്കാട്. മണ്ണുത്തി സ്കൂൾ വിടുന്ന നേരത്ത് കുട്ടികൾ സ്റ്റോപ്പിൽ ഓടിയെത്തിയാൽ പാലക്കാട്ടേക്ക് മിക്കവാറും ആദ്യം വരിക പി.എ ആയിരുന്നു.
ഈ പേര് ശരിക്കും ഒരു തരംഗമായത് തൃശ്ശൂർ – കോഴിക്കോട് ബസ്സുകളുടെ വരവോടെയാണ്. മൂന്നു പെർമിറ്റുകളാണ് ആദ്യം തൃശ്ശൂർന്ന് കോഴിക്കോടേക്ക് പി.എ ഉണ്ടാക്കിയെടുത്തത്. ഒരു തരത്തിൽ തൃശ്ശൂർ-കോഴിക്കോട് റൂട്ടിൽ ഓടിയ ആദ്യത്തെ സ്വകാര്യബസ്സ് എന്ന പദവി പി.എ ട്രാവൽസിനവകാശപ്പെട്ടതാണ്.പിന്നെ പി.എ. യുടെ സാമ്രാജ്യം വലുതായി. കോഴിക്കോട് പെർമിറ്റുകൾ പലതും തലശ്ശേരിക്കും കണ്ണൂർക്കും നീട്ടി. തൃശ്ശൂർ ബസ്സുകളുടെ പെരുമ കണ്ണൂർ ഭാഗത്ത് തരംഗം തീർക്കുന്നതിൽ പി.എ വഹിച്ച പങ്ക് ചില്ലറയല്ല. അന്നൊക്കെ ഉച്ച നേരത്ത് കണ്ണൂർ സ്റ്റേഡിയം സ്റ്റാൻഡ് വഴി പോകുമ്പോൾ ഒരു പി.എ വണ്ടിയെങ്കിലും കാണാതെ പോകാറില്ലായിരുന്നു.
അന്നത്തെ വീതി കുറഞ്ഞ ഹൈവേയിലൂടെ, കുറ്റിപ്പൂറം പഴയ റെയിൽവേ ഗെയ്റ്റും, കോഴിക്കോട് – കണ്ണൂർ റൂട്ടിലെ എട്ടോളം റെയിൽവേ ഗെയ്റ്റുകളും ഒക്കെ കടന്ന് തൃശൂർ – കണ്ണൂർ റൂട്ട് തെളിച്ചെടുത്തിൽ പി.എയുടെ പങ്ക് ചില്ലറയല്ല. നാല് കണ്ണൂർ പെർമിറ്റുകൾ, 2 തലശ്ശേരി പെർമിറ്റുകൾ, 2 കോഴിക്കോട് പെർമിറ്റുകൾ, 3 പാലക്കാട് പെർമിറ്റുകൾ ഇവയടക്കം പന്ത്രണ്ടോളം ദീർഘദൂര വണ്ടികൾ പി.എ.യുടേതായി നിരത്തിലുണ്ടായിരുന്നു.
തൃശ്ശൂർ മുണ്ടുപാലത്തിനടുത്തുള്ള സ്വന്തം വർക്ഷാപ്പിൽ നിന്ന് ബോഡി കെട്ടിയ വണ്ടികൾ ആയിരുന്നു പി.എ യുടേത്. നല്ല കാലകലമുള്ള, മികച്ച ഹെഡ് റെസ്റ്റുള്ള, സീറ്റിനൊപ്പിച്ച ഷട്ടറുകൾ ഉണ്ടായിരുന്ന, ദീർഘദൂരയാത്രയ്ക്ക് സൌകര്യപ്രദമായിരുന്ന നല്ല ഒന്നാന്തരം ബോഡികൾ. പൊതുവേ സ്മൂത്ത് ആയ ഡ്രൈവിംഗ്, യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം എന്നിവ കൊണ്ട് കോഴിക്കോട് റൂട്ടിലെ ബസ്സുകളിൽ പി.എ വേറിട്ടു നിന്നു.
പി.എ ഉണ്ടാക്കിയെടുത്തവയെല്ലാം തന്നെ നല്ല മികച്ച പെർമിറ്റുകളായിരുന്നു. തൃശ്ശൂർന്ന് കോഴിക്കോട്ടേക്കും തിരികെയും ഓഫീസ് ടൈമിൽ ആയിരുന്നു ഭൂരിഭാഗം വണ്ടികളും. സ്റ്റേജ് ക്യാരിയേർസ് മാത്രമല്ല, കോണ്ട്രാക്റ്റ് ക്യാരേജ് വണ്ടികളും പി.എ ഗ്രൂപ്പിനുണ്ടായിരുന്നു. തൃശ്ശൂർ റൌണ്ട് നോർത്തിൽ ഇപ്പോഴത്തെ കല്യാൺ ജുവല്ലേർസിനു സമീപമായിരുന്നു ഇവരുടെ ഓഫീസ്. ഓട്ടം കഴിഞ്ഞെത്തിയിരുന്ന ചില വണ്ടികളൊക്കെ അന്നവിടെ വിശ്രമിക്കാറുണ്ട്.
2001 ആയതൊടെ പി.എ യുടെ പ്രതാപം മങ്ങിത്തുടങ്ങി. തൃശ്ശൂർ-കണ്ണൂർ KL-08 H വണ്ടി ആയിരുന്നു ആദ്യം വിറ്റത്. പിന്നെ ഓരോന്നായി പല ഓപ്പറേറ്റർമാർക്കും വിറ്റു. ചില പെർമിറ്റുകൾ ഇല്ലാതായി. പാലക്കാട് വണ്ടികളും കാലക്രമേണ വിറ്റൊഴിവായി. ഒടുവിൽ അവസാനം ഓടിയിരുന്ന തൃശ്ശൂർ – തലശ്ശേരി സൂപ്പർഫാസ്റ്റ് കളമൊഴിഞ്ഞതോടെ പി.എ. ഓർമ്മകളിൽ മാത്രമായി. തൃശ്ശൂരിലെ ഓഫീസും ഇന്നില്ല. ഒരു കാലത്ത് തൃശ്ശൂർ-കോഴിക്കോട് റൂട്ട് ഓടിത്തെളിച്ചെടുത്തതിൽ പി.എ യുടെ പങ്ക് ചെറുതായിരുന്നില്ല.
കടപ്പാട് – Thrissur Kannur FP, Bus Kerala Group.