വിവരണം – സിറിൽ ടി.കുര്യൻ.
വെറും 5-6 മണിക്കൂറിൽ തീരേണ്ട ഒരു യാത്രയെയാണ് ഞാൻ ഇന്ന് മറ്റൊരു വഴിക്ക് കൊണ്ടുപോയി അവിസ്മരണീയമാക്കി മാറ്റിയത്. 3 മാസത്തെ ഇടവേളയ്ക്കു ശേഷം ഒരു യാത്ര മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും എവിടേക്ക് എന്നത് ചോദ്യ ചിഹ്നമായി അവശേഷിച്ചിരുന്നു. അപ്പോളാണ് പ്രിയ സുഹൃത്തു ദീപക്ക് അവന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞത്. സാധാരണ എല്ലാവരും പോകുന്ന പോലെ, നേർവഴി പോകാതെ മറ്റേതെങ്കിലും വഴി എടുത്താലോ എന്ന ആലോചനയിൽ ആയിരുന്നു ഞാൻ.
ആദ്യം വന്നത് കുമളി, തേനി വഴിയാണെങ്കിലും ദൂര കൂടുതൽ കൊണ്ട് അന്നേ ദിവസം (അതായത് ശനിയാഴ്ച, 29 ജൂൺ) രാത്രിക്ക് മുന്നേ എത്തണം എന്നതുകൊണ്ടും ആ വഴി ഉപേക്ഷിക്കാൻ നിർബന്ധിതനായി. പിന്നീട് അങ്ങോട്ട് പകരം ഏത് വഴി എന്നതിനെ കുറിച്ചുള്ള ഗവേഷണം നടത്തുകയായിരുന്നു ഞാൻ. പലരും പലതും പറയുന്നു. എങ്ങാനോ എന്റെ തലയിൽ മറയൂർ റൂട്ട് പരീക്ഷിക്കാൻ ബുദ്ധി ഉദിച്ചു. ഇതെല്ലാം യാത്രയുടെ തലേദിവസം രാത്രി മുതു പാതിരായ്ക്ക് ആണ് സംഭവിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത…
തമിഴ് നാട് ബസ് ഫാൻസ് ഗ്രൂപ്പിലെ ചിലരെയും ഞാൻ സഹായത്തിനായി വിളിച്ചു. ഒരു സുഹൃത്തു അറിയിച്ചത് അനുസരിച്ചു മൂന്നാർ നിന്ന് മറയൂർ വഴി കോയമ്പത്തൂർ വണ്ടി ഒരെണ്ണം ഉണ്ടെന്നു അറിഞ്ഞു. TNSTC ആണ് ഓപ്പറേറ്റിംഗ്… പക്ഷെ അതിന്റെ കോയമ്പത്തൂർ സമയം 9 pm കഴിയും എന്നത് നിരാശ നൽകി. എന്റെ സുഹൃത്തും, ബാങ്ക് ഉദ്യോഗസ്ഥനുമായ ശങ്കരേട്ടനെ സഹായത്തിനായി ഞാൻ വിളിച്ചു. ഞങ്ങൾ പുള്ളിയെ വിളിക്കുന്നത് ‘ബാങ്കർ’ എന്ന അപര നാമത്തിലാണ്.
പുള്ളിയും അസിസ്റ്റൻറ്സും കൂടെ ജമ്മു- ലേ ഒക്കെ കറങ്ങാൻ പോയെക്കുവാണ്. ആദ്യം വിളിച്ചപ്പോൾ എടുത്തില്ല.. ഉടനെ ജിതിൻ എന്ന സുഹൃത്തിനെ വിളിച്ചു ആളെ കണക്ട് ചെയ്യാൻ പറഞ്ഞു. ബാങ്കർ ടിക്കറ്റ് എടുക്കുന്ന തിരക്കിൽ ആണെന്ന് അറിഞ്ഞപ്പോൾ തിരിച്ചു വിളിക്കാമോ എന്ന് അന്വേഷിച്ചു. എന്തോ അത്യാവശ്യം ഉണ്ടെന്ന് തോന്നിയത് ആവും, പുള്ളി ഉടനെ വിളിച്ചു. കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ പുള്ളിക്കും സപ്പോർട്ട്. കുടുങ്ങി നിക്കുന്ന നേരങ്ങളിൽ ഇങ്ങേരാണ് പല തവണ എന്നെ രക്ഷിച്ചിട്ടുള്ളത്. (നേർ വഴി വിടാതെ കറക്കി വിടുന്നത് എന്ന് അർഥം).
കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം ബാങ്കർ തന്നെ പറഞ്ഞു 9 മണിക്ക് കോട്ടയം എത്തുന്ന കൊട്ടാരക്കര പളനി lsfp ആണ് സേഫ് എന്ന്. ഉടുമലൈ എത്തിയിട്ട് അവിടെ നിന്ന് നമ്മുടെ വണ്ടി കിട്ടും എന്നും അറിഞ്ഞു. ബാങ്കർ പറഞ്ഞതും വെച്ച് ഞാൻ പാലക്കടുള്ള എന്റെ സുഹൃത്തു അൽബിനെ വിളിച്ചു. കാര്യം പറഞ്ഞപ്പോൾ അവൻ ഉടുമലൈ-പൊള്ളാച്ചി/പൊള്ളാച്ചി-പാലക്കാട്/പാലക്കാട്-ഗുരുവായൂർ (ഒറ്റപ്പാലം പോകാൻ, അഥവാ പ്രതീക്ഷിച്ചതിലും വൈകിയാൽ ഇതാണ് ലസ്റ് ബസ്) ബസ് സമയങ്ങൾ ഡിപ്പോയിൽ വിളിച്ചു ഉറപ്പിച്ചു എന്നെ അറിയിച്ചു.
ഇനിയുള്ള കടമ്പ ബുക്കിങ്ങാണ്. കോട്ടയത്ത് നിന്ന് മൂന്നാർ വരെ ബുക്ക് ചെയ്തു. അവിടെ നിന്ന് എക്സ്റ്റൻഷൻ എടുക്കുകയോ, കോട്ടയം തൊട്ട് പളനി വരെ ബുക്ക് ചെയ്യുകയോ ചെയാം എന്നും പറഞ്ഞു. കൂടാതെ ആ റൂട്ട് ഒരിക്കൽ എങ്കിലും പോകേണ്ട റൂട്ട് തന്നെ എന്ന് ബാങ്കർ തറപ്പിച്ചു പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. നാട്ടപതിരാക്കു കേറി സീറ്റ് 51 അഥവാ ഹോട്ട് സീറ്റ് ഞാൻ അങ്ങ് എടുത്തു. ഇതേ കാര്യം സുഹൃത്തിനെ (ദീപക്) വിളിച്ചു പറഞ്ഞപ്പോൾ പ്രതീക്ഷിച്ച ഉത്തരം തന്നെയാണ് കിട്ടിയത്. “നിനക്ക് പ്രാന്താടാ പന്നി”… കുറ്റം പറയാൻ ഒക്കുകേല… അമ്മാതിരി റൂട്ട് അല്ലെ എടുത്തേക്കുന്നേ.
അതിൽ കയറി കോട്ടയം ടിക്കറ്റ് എടുത്തു. ഫുൾ സീറ്റിങ്ങ് ആളുണ്ട്.. നല്ല സ്പീഡിൽ തന്നെ പോക്ക്… മൂന്നാർ മറയൂർ ട്രിപ്പിന്റെ സ്വപ്നലോകത്താണ് ഞാനിപ്പോൾ… വണ്ടി കോട്ടയം അടുക്കാറായപ്പോൾ രണ്ടു ചെക്കർമാർ കയറി… സിവിൽ ഡ്രസ്സ് തന്നെ വേഷം… കാര്യമായി അവരുടെ ജോലി പൂർത്തിയാക്കിയപ്പോൾ വണ്ടി കോട്ടയം സ്റ്റാൻഡ് എത്തി. ഞാൻ ഇറങ്ങി ഒരു ലയ്സ് മേടിച്ചു കഴിച്ചു.. രാവിലെ വീട്ടിൽ നിന്ന് പേരിനു കുറച്ചു കഴിച്ചു എന്നതിനാൽ കാര്യമായി വിശപ്പില്ലാ. ഒരു sprite കൂടെ മേടിച്ചു ഞാൻ എന്റെ വണ്ടിയും കാത്തു ഇരിപ്പ് തുടങ്ങി.
9 മണിയാണ് കൊട്ടാരക്കര – പഴനി ബസ്സിന്റെ schedule ടൈം. സമയം ഇഷ്ട്ടം പോലെ. സ്റ്റാൻഡിൽ ഒരു റൌണ്ട് നടന്നിട്ട് വീണ്ടും കുറച്ചു നേരം വിശ്രമം. ഒടുവിൽ 09.05നു വണ്ടി കോട്ടയം സ്റ്റാണ്ടിലേക് എത്തി. RPC 934 ആണ് എനിക്ക് പോകേണ്ട ബസ്. ബസ് നമ്പറും, കണ്ടക്ടറുടെ നമ്പറും വെച്ച് മെസ്സേജ് നേരത്തെ വന്നിരുന്നു.. ഇതാണ് കൊട്ടാരകരയുടെ പളനി ഫാസ്റ്റ് ! കയറിയപ്പോൾ തന്നെ കണ്ടക്ടർ ടിക്കറ്റ് പരിശോധിച്ചു. വണ്ടിക്കു കോട്ടയത്തു ഒരു 5 മിനിറ്റ് സമയം ഉണ്ട് ചായ കുടിക്കാൻ. കയറി സീറ്റിൽ ബാഗ് വെച്ച് യാത്ര തുടങ്ങുന്ന വിവരം വീട്ടിൽ അറിയിച്ചു. ഹൈ റേഞ്ച് കയറുമ്പോൾ നെറ്റ്‌വർക്ക് പോകുമെന്നും, റേഞ്ച് വരുമ്പോൾ തിരിച്ചു വിളിച്ചുകൊള്ളാം എന്നും അറിയിച്ചു. വൈകാതെ ഞങ്ങളുടെ യാത്ര തുടങ്ങി…
വണ്ടി നല്ല കണ്ടിഷൻ തന്നെ. ജീവനക്കാരും ഫ്രണ്ട്ലി. ട്രാഫിക്കിനെ വകഞ്ഞു മാറ്റി വണ്ടി കുതിച്ചു തുടങ്ങുകയാണ്. MC റോഡിലെ ഗതാഗത കുരുക്ക് എല്ലാവരെയും ഒരേപോലെ ബാധിക്കുന്ന ഒന്നാണല്ലോ. കോതമംഗലം വരെ ഒന്നും പ്രത്യേകിച്ച് കാണാൻ ഇല്ലാത്തതിനാൽ ഞാൻ പാട്ടിന്റെ ലോകത്തിലേക്ക് ഉൾവലിഞ്ഞു. റോഡിൽ വൻ അങ്കമാണ്. ഗ്യാപ് ഇല്ലാതിടത്തു കുത്തി കേറ്റി ബാക്കി കൂടി സ്തംഭിപ്പിക്കുന്ന ഓട്ടോ ചേട്ടന്മാരുടെ ആ ധൈര്യം ! അതാണ് അവരുടെ പ്രത്യേകത. എതിർ ദിശയിൽ വാലെ വാലെ ധാരാളം ബാംഗ്ലൂർ വണ്ടികൾ. മഹാരാജ, ഐരാവത്, മ്മടെ സ്വന്തം ഡീലക്സ്….എല്ലാരും എങ്ങനെലും കോട്ടയം എത്തിയാൽ മതി എന്ന മട്ടിലാണ് വരവ്… ബ്ലോക്ക് വല്ലതും ഉണ്ടായോ എന്തോ…
ഞങ്ങടെ ചങ്ങനാശേരി വണ്ടി കണ്ടില്ലലോ എന്ന് മനസ്സിൽ പറഞ്ഞപോലെക്കും ദേ ഒരു സാധനം നമ്മുടെ ലാലേട്ടനെ പോലെ തോളും ചരിച്ചു പാഞ്ഞു പോകുന്നു. 10.45 ഓടെ മുവാറ്റുപുഴ കടന്ന ഞങ്ങൾ 11.15 കഴിഞ്ഞപ്പോഴെക്കും കോതമംഗലം എത്തി. ഡിപ്പോയിൽ വണ്ടി കയറിയപ്പോൾ ഞങ്ങളോട് ഇറങ്ങുവാൻ ആവശ്യപ്പെട്ടു. ചെറിയ അറ്റകുറ്റ പണികളോ, ബ്രേക്ക് ടെസ്റ്റ് ചെയ്യാനോ മറ്റോ ആവാം. വണ്ടി തിരിച്ചു ഇറങ്ങുമ്പോളേക്കും എല്ലാവരും ഫ്രഷ് ആയി, ഓരോ നാരങ്ങാ വെള്ളവും കുടിച്ചു റെഡി ആയി നിന്നുകൊള്ളു എന്ന് ക്രൂ പറഞ്ഞു.
ഒരു ചെറിയ ബ്രേക്കിന് ശേഷം യാത്ര വീണ്ടും ആരംഭിച്ചു. ഞങ്ങൾ ഹൈ റേഞ്ച് കയറാൻ തുടങ്ങി. 12.45 ഓടെ അടിമാലിയിൽ എത്തിയ ഞങ്ങൾ അവിടെ നിന്ന് ലഞ്ച് കഴിച്ചു. നല്ല ഊണ്… കൊടുക്കുന്ന പൈസക്ക് ഉണ്ട്..പെട്ടന്നു ഭക്ഷണം കഴിച്ചു ഇറങ്ങിയ ഞാൻ നമ്മുടെ കൊമ്പന്റെ കുറച്ചു ചിത്രങ്ങൾ പകർത്തുവാനായി നടന്നു. കാമറ കാണുമ്പോൾ ചിലർ നോക്കുന്നു. കൊമ്പന്റെ ചിത്രങ്ങൾ പകർത്തുന്നത് കാണുന്നത് നോക്കി നിൽക്കാനും ചിലർ. ഞാൻ അവരെ ഒന്നും ഗൗനിക്കാതെ ചിത്രം എടുപ്പ് തുടർന്നു. അപ്പോഴേക്കും എല്ലാവരും കഴിച്ചു വന്നിരുന്നു. 10-20 മിനിറ്റ് ബ്രേക്കിന് ശേഷം വണ്ടി വീണ്ടും യാത്ര തുടർന്നു.
മൂന്നാർ ആണ് അടുത്ത ലക്ഷ്യം. ചില ഇടങ്ങളിൽ വഴി നന്നേ മോശം. ചിലയിടങ്ങളിൽ പണികൾ പുരോഗമിക്കുന്നു. കുറച്ചു നാളുകൾക്ക് മുൻപേ കൂട്ടുകാരും ഒന്നിച്ചു മൂന്നാർ വന്നപോലും ഇതായിരുന്നു റോഡിൻറെ അവസ്ഥ. ഡ്രൈവർ ചേട്ടൻ വളരെ ശ്രദ്ധയോടെ വണ്ടി ഓടിക്കുന്നു. വളവുകൾ ശ്രദ്ധയോടെ എടുക്കുന്നു. സ്ഥിരമായി ഈ റൂട്ട് വരാറുള്ള വ്യെക്തി ആണെന്ന് തോന്നുന്നു. 14.15ഓടെ മൂന്നാർ കടന്ന് ഞങ്ങൾ യാത്ര തുടർന്നു. മൂന്നാർ ടൌൺ കടക്കുന്നത് വരെ കുറച്ചു കഷ്ടപ്പെട്ടു. മൂന്നാർ ടൌൺ, നിങ്ങൾക്ക് അറിയുന്നത് പോലെ, വളരെ ഇടുങ്ങിയ ഒരു സ്ഥലമാണ്. വളരെ ശ്രദ്ധയോടെ വണ്ടി ഓടിച്ചില്ലയെങ്കിൽ മറ്റു വാഹനങ്ങളുമായോ, കാൽനട യാത്രക്കാരുമായോ അപകടം സംഭവിച്ചേക്കാം ഇവിടെ, പ്രത്യേകിച്ച് വലിയ വാഹനങ്ങൾ.
വണ്ടി മൂന്നാർ മറയൂർ റോഡിലേക്കു ഇറങ്ങുകയായി. ഇവിടെ നിന്നാണ് യാത്രയുടെ ഭംഗി കൂടുന്നത്. ചില കാഴ്ചകൾ നമ്മുക് ക്യാമറയിൽ പകർത്താനാവും. എന്നാൽ ചില കാഴ്‌ചകൾ നമ്മൾ മനസും ശരീരവും ഒരുമിച്ചു ഇരുന്നു കാണേണ്ട കാഴ്‌ചകൾ തന്നെയാണ്. ചിലയിടങ്ങളിൽ പ്രകൃതിയുടെ സൗന്ദര്യം അത്രത്തോളമുണ്ട്. യാത്രകൾ പോകുമ്പോൾ കാമറ കണ്ണുകളിൽ കൂടെ മാത്രം കാണാതെ കുറെ കാഴ്ചകൾ നമ്മുടെ കണ്ണുകളിൽ കൂടെ കാണുവാൻ ശ്രമിക്കുക. അതു നൽകുന്ന അനുഭൂതി, ആനന്ദം… അത് പകരം നല്കാനാവാത്തതാണ്.
മൂന്നാറിന്റെ വശ്യ മനോഹാരിതയും ആസ്വദിച്ചുകൊണ്ടു കൊമ്പൻ തന്റെ യാത്ര മുൻപോട്ട് തുടരുകയാണ്. അടിക്കടിയുള്ള വളവുകൾ തനിക്കു പുത്തരിയല്ല എന്ന മട്ടിൽ ഡ്രൈവർ ചേട്ടൻ അനായാസം ആനയെ കൊണ്ടുപോകുന്നു. ഇടതൂർന്ന തേയില തോട്ടങ്ങളാലും, വശ്യമനോഹരിതയിൽ സമ്പന്നവുമായ താഴ്വരകളാലും അനുഗ്രഹീതയായ മൂന്നാറിന്റെ മണ്ണിലൂടെ ഞങ്ങളുടെ കൊമ്പൻ ചിന്നം വിളിച്ചു പായുകയാണ്.
രാജമല, തലയാർ എന്നീ പ്രദേശങ്ങളും കടന്നു അങ്ങനെ ഞങ്ങളുടെ കൊമ്പൻ മറയൂർ ചന്ദനക്കടുകളിലേക്ക് പ്രവേശിച്ചു തുടങ്ങി. മഴക്കാലം ആയിട്ടും, പകുതി ആത്മാവിൽ നിലനിൽക്കുന്ന നീരരുവികൾ, വെള്ളച്ചാട്ടങ്ങൾ ഒകെ കാണുമ്പോൾ അറിയാതെ എങ്കിലും നമ്മുടെ ഉള്ളിൽ ഒരു പേടി ഉടലെടുക്കും. ഭൂമി എന്ന നമ്മുടെ അടിത്തറ എത്രത്തോളം നശിച്ചു തുടങ്ങി എന്നതിന്റെ തെളിവുകൾ. ചിലയിടങ്ങളിൽ തെളിനീര് നേർ രേഖ പോലെ കാണപ്പെടുന്നു. നല്ല തണുത്ത കാറ്റുമുണ്ട് കൂട്ടിന്..
ഫോറെസ്റ്റ് ചെക്ക്പോസ്റ്റും കടന്നു ഞങ്ങൾ ചന്ദന കാടുകളുടെ ഇടയിലൂടെ ശ്രദ്ധിച്ചു നീങ്ങുകയാണ്.. ചില വളവുകൾ വളരെ ഷാർപ്പാണ്… എതിരെ വണ്ടി ഒന്നുമില്ല എന്ന് ഉറപ്പുവരുത്തിയും, ശ്രദ്ധയോടും കൂടെയാണ് ഡ്രൈവിംഗ്. കാടിന് ഉള്ളിൽ ഉള്ള മൃഗങ്ങൾക്ക് നമ്മൾ അപകടം വരുത്തരുതല്ലോ. ആയതിനാൽ അത്യാവശ്യം പതുക്കെയാണ് പോക്ക്.. ചിലർ വളരെ ശ്രദ്ധയില്ലാതെ എതിരെ വരുന്നത് ഞങ്ങളുടെ ഡ്രൈവറുടെ സമയോചിത ഇടപെടൽ കൊണ്ട് രക്ഷപെട്ടു എന്ന് പറയണം.
നല്ല തണുപ്പ് നിറഞ്ഞ സ്ഥലങ്ങൾ… ചിലയിടങ്ങളിൽ ആനകൾ കാണപ്പെടാറുള്ള സ്ഥലം എന്നും മറ്റുമുള്ള അപായ സൂചനകൾ വെച്ചിട്ടുണ്ട്. നോക്കി ഇരുന്നെങ്കിലും ആരെയും കണ്ടില്ല. കണ്ണിനും മനസിനും കുളിർമ്മയേകുന്ന പല കാഴ്ചകളും ഉണ്ടിവിടെ. എന്റെ കാഴ്ചപ്പാടല്ലായിരിക്കാം നിങ്ങൾക്ക്. പക്ഷെ പച്ചപ്പ് പുതച്ച കുന്നിൻ ചെരുവുകളും, മേഖങ്ങളാൽ മൂടപെട്ട മലകളും, തേയില തോട്ടങ്ങൾ തീർക്കുന്ന താഴ്വാരങ്ങളും ഒരുവിധം എല്ലാ സഞ്ചരികളുടെയും മനം കവരും.
മൂന്നാർ കഴിഞ്ഞാൽ പിന്നെ ഒട്ടുമിക്ക ടെലികോം ഓപ്പറേറ്റർസ്നും coverage ഇല്ല എന്നുള്ളത് യാത്രയിൽ ശ്രദ്ധിക്കേണ്ട ഒന്നാണ്.. ഒറ്റയ്ക്ക്, പ്രത്യേകിച്ച് two/4 wheeler ഉപയോഗിച്ച് യാത്ര പോകുന്നവർ മൂന്നാർനു മുൻപായി വേണ്ടപ്പെട്ടവരെ വിളിച്ചു വിവരങ്ങൾ നൽകുന്നത് വീട്ടുകാർക്കും ഒരു ആശ്വാസമാകും. ഏകദേശം 15.45 ഓടെ ഞങ്ങൾ മറയൂർ ടൗണിൽ എത്തി. സിഗ്നൽ കിട്ടി എങ്കിലും ഇന്റർനെറ്റ് ആക്സസ് കിട്ടുന്നില്ലായിരുന്നു. ജിയോ പേരിനു പോലുമില്ല എന്നതും എനിക്ക് തിരിച്ചടിയായി. ഒരു ചെറിയ ചായ കുടിക്കു ശേഷം വീണ്ടും യാത്ര ആരംഭിച്ചു.
പ്രകൃതിയുടെ മറ്റൊരു മുഖമാണ് പിന്നീട് ഞങ്ങൾ അങ്ങോട്ട് കണ്ടത്. Tight ഹെയർപിൻ വളവുകൾ എല്ലാം എടുത്തു ഞങ്ങളുടെ കൊമ്പൻ ചുരം ഇറങ്ങി തുടങ്ങി. വഴികൾ അടുത്തിടെ എപ്പോളോ ടാർ ചെയ്ത പോലെ. കുറച്ചു കഴിഞ്ഞപ്പോൾ പ്രകൃതി മാറി തുടങ്ങി. വരൾച്ച ബാധിച്ച പ്രദേശങ്ങൾ കാണുവാൻ തുടങ്ങി. തമിഴ്നാട് ബോർഡർ കൂടെ കടന്നു കഴിഞ്ഞപ്പോൾ ഉണങ്ങിയ ഭൂമി കാണുവാൻ തുടങ്ങി. ഇവിടെ എങ്ങും മഴക്കാലം എത്തിയില്ല എന്ന പോലെ. ആന ഇറങ്ങുന്ന സ്ഥലം എന്നുള്ള അപായ സൂചനകൾ പലയിടങ്ങളിലായി ഉണ്ട്. ആയതിനാൽ ഒരു ആനയെ എങ്കിലും കാണാൻ സാധിക്കും എന്ന് ഉള്ളിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ അത് വെറും വിശ്വാസമായി ഒതുങ്ങും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
കേരള ഫോസ്റ് വക ചെക്കിങ്ങ് ഒക്കെ കഴിഞ്ഞു ഞങ്ങൾ പതിയെ തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. പൊതുവെ ഉണങ്ങിയ പ്രതലങ്ങളാണ് ആദ്യമേ കണ്ടു തുടങ്ങിയത്. ഞാൻ മുൻപേ പറഞ്ഞത് പോലെ, മഴയുടെ കാരുണ്യം ഇവിടെ എത്തിയില്ല എന്ന തോന്നൽ ഉളവാക്കി. എന്നാൽ ഉടുമലൈ അടുക്കുന്തോറും പ്രകൃതി വീണ്ടും മാറി. വരൾച്ച എന്നത് പച്ചപ്പിനും ഹരിതഭായ്ക്കും വഴിമാറി. മരങ്ങൾ മേൽക്കൂര പണിഞ്ഞ റോഡുകൾ.. കുഞ്ഞിളം കാറ്റിന്റെ അകമ്പടിയുമായി ഉടുമലൈ ഞങ്ങളെ സ്വീകരിച്ചു. തനി നാട്ടിൻ പുറം എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലത്തുകൂടെയാണ് യാത്ര.
കുറച്ചു നേരത്തെ യാത്രക്ക് ശേഷം 17.15 ഓടെ ഉടുമലൈ സ്റ്റാൻഡിൽ ഞങ്ങൾ പ്രവേശിച്ചു. നമ്മുടെ കൊമ്പനോട് ഒപ്പമുള്ള എന്റെ യാത്ര ഇവിടെ അവസാനിക്കുകയാണ്. പേര് അറിയാത്ത ആ ഡ്രൈവർ ചേട്ടനോട് യാത്രയും പറഞ്ഞു ഞാൻ ഇറങ്ങി. പളനി ട്രാക്കിൽ നിന്നു ആളുകളെയും എടുത്ത് അപ്പോളേക്കും പളനി ഫാസ്റ്റ്, സ്റ്റാൻഡിന് പുറത്തേക്കു നീങ്ങി തുടങ്ങി.
ഇനി പൊള്ളാച്ചി ആണ് ലക്‌ഷ്യം. ആദ്യം കണ്ട പ്രൈവറ്റ് വണ്ടി തന്നെ എടുത്തു. ഏകദേശം ഒരു മണിക്കൂർ കൊണ്ട് പൊള്ളാച്ചി എത്തി. ഉടുമലൈ – പൊള്ളാച്ചി റോഡും വശ്യമനോഹരിതയാൽ നിറഞ്ഞതാണ്. Windmill farms കാണുവാൻ സാധിക്കും ഇവിടെ. വണ്ടിയിൽ typical TN സ്റ്റൈൽ പാട്ടും ബഹളവും. യാത്രയുടെ ക്ഷീണം ഉള്ളതിനാൽ എപ്പോളോ മയങ്ങി പോയി. പൊള്ളാച്ചി അടുക്കാറായപ്പോൾ ആണ് എഴുന്നേറ്റത്.
പൊള്ളാച്ചി സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ നമ്മുടെ ഒരു ആനവണ്ടി tight ലോഡുമായി സ്റ്റാൻഡ് വിടുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞോള്ളു. പുറകെ ഉണ്ടായിരുന്ന പ്രൈവറ്റ് തന്നെ എടുത്തു. ഡപ്പാം കൂത്ത് പാട്ടും ഒക്കെയായി വണ്ടി കുറച്ചു കഴിഞ്ഞപ്പോൾ എടുത്തു. ക്ഷീണത്താൽ മയങ്ങിയ ഞാൻ എഴുന്നേൽക്കുമ്പോൾ വണ്ടി പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ് എത്തുന്നു. KSRTC യിൽ ഇറങ്ങിയ ഞാൻ വീണ്ടും ബസ് മാറി കയറി. ഒറ്റപ്പാലം ഭാഗത്തേയ്ക്ക് ഉള്ള ലാസ്റ്റ് ബസ് ആണിതെന്നു കണ്ടക്ടറുടെ സംസാരത്തിൽ നിന്നും മനസിലാക്കി. സ്ഥിര യാത്രക്കാരോട് ആ ചെറുപ്പക്കാരനായ കണ്ടക്ടർ കുശലം അന്വേഷിക്കുന്നുണ്ട്. ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം ഒറ്റപ്പാലം എത്തിയപ്പോൾ മണി 21.00 ! അവിടെ എന്നെയും കാത്തു എന്റെ സുഹൃത്തും.
യാത്രകളെ ഇഷ്ടപ്പെടുന്നവർക്കു ഈ വഴി തീർച്ചയായും ഇഷ്ടപ്പെടും എന്ന് ഉറപ്പ്. ഭാഗ്യം കൂടെ ഉണ്ടെങ്കിൽ വന്യ മൃഗങ്ങളെയും കാണുവാൻ സാധിക്കും. എപ്പോഴും മനസ്സിൽ ഒന്ന് ഓർക്കുക, പ്രകൃതി നമ്മുടെ മാത്രം സ്വത്തല്ല. എല്ല ജീവ ജലങ്ങളുടെയുമാണ്. കാടുകൾ വഴി സഞ്ചരിക്കുമ്പോൾ കാടിന്റെ നിയമമാണ് പാലിക്കേണ്ടത്. അതേപോലെ, ദയവു ചെയ്തു കാടുകളിൽ വേസ്റ്റ്, പ്രത്യേകിച്ച് പ്ലാസ്റ്റിക് ഉപേക്ഷിക്കാതിരിക്കുക.