എഴുത്ത് – സനിൽ വിൻസെന്റ്.
2020 അതിജീവനത്തിൻ്റെ വർഷമാണ്. എല്ലാ മേഖലയിലേയും പോലെ തന്നെ സിനിമാ പ്രദർശന മേഖലയിലും കോവിഡിൻ്റെ കരങ്ങൾ പിടി മുറിക്കിയിരിക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് 175 ദിനങ്ങൾ പിന്നിട്ടിട്ടും ഇന്നും തുറക്കാതിരിക്കുന്ന സിനിമാ പ്രദർശനശാലകൾ. മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ കേരളത്തിൽ 650 ഓളം സിനിമാ തിയ്യറ്ററുകളാണ് അടഞ്ഞുകിടക്കുന്നത് അതിൽ 41 വർഷത്തെ സിനിമാ കാഴ്ച്ചകൾ അവസാനിപ്പിച്ച് പാലപ്പെട്ടി താജ് സിനിമ തിയ്യറ്റർ അടച്ചു. കോവിഡ് പ്രതിസന്ധിയിൽ മുന്നോട്ട് പോകുവാൻ സാധ്യമല്ലെന്ന് ചൂണ്ടി കാട്ടിയാണ് ഉടമ പാലപ്പെട്ടി അബദുൾ ഖാദർ തണ്ടാം കോളി ഈ തിയ്യറ്റർ അടക്കുന്നത്.
മലപ്പുറം ജിലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടിയിലാണ് താജ് തിയ്യറ്റർ സ്ഥതി ചെയ്യുന്നത്. പാലപ്പെട്ടി എന്ന സ്ഥലത്തിൻ്റെ വികാരം കൂടിയാണ് താജ്. പാലപ്പെട്ടി ഗ്രാമത്തിലുള്ളവർക്ക് സിനിമാ ആസ്വദിക്കുവാൻ പൊന്നാനിയിലും കുന്നംകുളവും പോകണമായിരുന്നു. ഈ ഒരു സാഹചര്യത്തിൽ 1979- ൽ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കുഞ്ഞുമോൻ തണ്ടാം കോളിയും സുഹൃത്ത് ബാപ്പുവും ചേർന്ന് താജ് സിനിമാസ് തുടങ്ങിയത്.
ഉദ്ഘാടന പ്രദർശനം ഭരതൻ സംവിധാനം ചെയ്ത ഗുരുവായൂർ കേശവൻ എന്ന ചിത്രം സൗജന്യമായി പ്രദർശിപ്പിച്ചു. തുടർന്ന് പ്രേംനസീർ, ജയൻ, ഉമ്മർ താരനിരയുടെ ഇരുമ്പഴികൾ ആയിരുന്നു ആദ്യ ചിത്രം തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അങ്ങാടി, 1921, മണിയറ, രാജാവിൻ്റെ മകൻ, നിന്നിഷ്ട്ടം എനിഷ്ട്ടം, ന്യൂഡൽഹി, അമരം, ഹിന്ദി ചിത്രം ഗയൽ തുടങ്ങിയ ചിത്രങ്ങൾ മാറി പോയതിന് ശേഷവും പ്രേക്ഷക അഭ്യർത്ഥന മാനിച്ച് പത്തും പതിനഞ്ചും തവണ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, ദികിംങ്ങ്, ചമ്പക്കുളം തച്ചൻ, വാൽസല്യം, രാജമാണിക്യം, മാണിക്യക്കല്ല്, പഴശ്ശിരാജ, ദൃശ്യം, ജോസഫ് തുടങ്ങിയ മലയാള ചിത്രങ്ങളും തമിഴ് ചിത്രം പോക്കിരിയും അമ്പതു ദിവസത്തിന് മുകളിൽ പ്രദർശിപ്പിച്ചു.
1993-94 കാലഘട്ടത്തിൽ കുഞ്ഞിമോൻ തണ്ടാം കോളിയുടെ മകൻ അബദുൾ ഖാദർ തിയ്യറ്ററിൻ്റെ ചുമതല ഏറ്റെടുത്തു തുടർന്ന് തിയ്യറ്റർ നവീകരിച്ചു. ഇളയദളപതി വിജയുടെ സൂപ്പർ ഹിറ്റ് ചിത്രമായ പോക്കിരിയുടെ മലബാർ മേഖലയിലെ വിതരണം താജ് സിനിമാസായിരുന്നു.
കാൽപന്തുകളിക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ ആവേശം ഉള്ളത് മലപ്പുറം ജില്ലയിൽ ആണ്. ഫുട്ബോൾ ആരാധകരുടെ ആഗ്രഹം പരിഗണിച്ച് 2000 മുതൽ ഫിഫ ലോകകപ്പ്, യൂറോ,കോപ്പ തുടങ്ങിയ മൽസരങ്ങളുടെ പ്രാഥമിക മൽസരം മുതൽ ഫൈനൽ വരെ ഇന്ത്യയിലാദ്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ച് താജ് ചരിത്രത്തിൽ ഇടം നേടി. മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും താജിലേക്ക് ഫുട്ബോൾ ആരാധകരുടെ ഒഴുക്ക് ആയിരുന്നു.
1979 മുതൽ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ഇരുന്ന പാലപ്പെട്ടി താജ് പല പ്രതിസന്ധികളും തരണം ചെയ്ത 41 വർഷം പ്രദർശിപ്പിച്ചു. പ്രദർശിപ്പിച്ചു.കേര ളമൊട്ടാകെ തീയ്യറ്ററുകൾ നഷ്ട്ടത്തിലായപ്പോൾ വിൽക്കുകയും കല്യാണമണ്ഡപങ്ങൾ ആക്കുകയും ചെയ്ത സമയത്തും കടുത്ത സാമ്പത്തിക നഷ്ട്ടമുണ്ടെങ്കിലും തിയ്യറ്റർ വിട്ടുകൊടുക്കാതെ നടത്തികൊണ്ടു പോയി. എങ്കിലും കൊറോണ കാലം അതിജീവിക്കാൻ കഴിയാത്ത വിധം താജിനെ തളർത്തി.
അവസാന സിനിമ ദുൽഖർ സുരേഷ് ഗോപി ശോഭന കല്ല്യാണി താരനിരയുടെ വരനെ ആവശ്യമുണ്ട് എന്ന സിനിമയായിരുന്നു. 2020 മാർച്ച് പത്തിന് താജിലെ അവസാന തിരശ്ശീല താഴ്ത്തി. താജ് ഇനി തുറക്കില്ല എന്ന വാർത്ത സിനിമാ ആസ്വാദകരെയും ഫുട്ബോൾ പ്രേമികളെയും ഒരു പോലെ വേദനിപ്പിക്കുന്നു. സിനിമാകൊട്ടകക്കൾ ഗ്രാമങ്ങളുടെ ആത്മാക്കളാണ്. ഇവ പടിയിറങ്ങുമ്പോൾ ഒരു കാലഘട്ടം കൂടിയാണ് പടിയിറങ്ങുന്നത്.