കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എവിടെ തിരിഞ്ഞു നോക്കിയാലും പുട്ടാണ്. പൊറോട്ടയുമായുള്ള ബീഫിന്റെ മനസ്സമ്മതത്തിനും എത്രയോ മുൻപ് തന്നെ കടലക്കറിയെ കല്യാണം കഴിച്ചു കേരള നാട്ടിലേക്ക് വന്ന പുട്ട് ഇവിടുത്തെ സംസ്ഥാന ഭക്ഷണം തന്നെയായിരുന്നു. ഇപ്പൊ വിഷയം പാലാരിവട്ടത്തെ പുട്ടാണ്. തൊട്ടാൽ പൊടിഞ്ഞു പോകുന്ന പാലാരിവട്ടത്തെ പുട്ടും പൊളിക്കുവാനായി പണിത മരട് ദോശയും കേരളത്തിനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി.
ഇതിനു പിന്നില്‍ ആരുടെ തലയാണ് എന്ന് തപ്പി നോക്കിയപ്പോൾ എത്തിയത് കോഴിക്കോടേക്കാണ്. കോഴിക്കോട്ടെ ബ്രാൻഡിംഗ് ഏജൻസി ആയ ‘വിവിഇക്യു ഡിസൈൻസ്’ (www.vveq.in) ലെ മൊഞ്ചൻമാരും മൊഞ്ചത്തികളും തലശ്ശേരിയിലെ ലാഫെയര്‍ ഹോട്ടലിനു വേണ്ടി ഒരുക്കിയ ഈ രസകരമായ പരസ്യമാണ് അത് നിർമ്മിച്ചവരെപ്പോലും അദ്‌ഭുതപ്പെടുത്തിക്കൊണ്ട് വൈറൽ ആയിരിക്കുന്നത്.
വിവിഇക്യു ഫൗണ്ടർ ആന്‍ഡ് ചീഫ് ഡിസൈന്‍ ഓഫീസര്‍ വിവേക് ശശീന്ദ്രനും ടീമുമാണ് ഈ ഡിസൈനിനു പിന്നില്‍. ആറു മാസം മുൻപ് ഏറ്റെടുത്ത ഹോട്ടലിന്റെ സോഷ്യൽ മീഡിയ പ്രൊമോഷൻ ക്യാമ്പയിൻ ഇത്ര വിജയകരമാക്കാൻ സാധിച്ചതിനു പിന്നിൽ ടീം അംഗങ്ങളായ മനു ഗോപാല്‍, ജിനോയ്, അശ്വതി രവീന്ദ്രൻ, തുഷാര സുജിൻ, രനിത രവീന്ദ്രന്‍, അജയ് ജോർജ് എന്നിവരുടെ കൂട്ടായ ശ്രമമാണ് എന്ന് വിവേക് പറയുന്നു. ഈ രസകരമായ ക്യാപ്‌ഷനുകൾ ഒരുക്കിയത് മനു ഗോപാലാണ്.
തൊട്ടാല്‍ പൊട്ടും കണ്‍സ്ട്രക്ഷന്‍ എന്ന പരസ്യവാചകത്തില്‍ പുട്ടും, പൊളിക്കാന്‍ വേണ്ടി പണിഞ്ഞ ദോശയും നിരവധി പ്രമുഖരടക്കം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. ഇതിലും മികച്ച പരസ്യം സ്വപ്‌നങ്ങളില്‍ മാത്രം എന്നുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. പരസ്യം കണ്ടു ഒരുപാട് പേരാണ് പുട്ടും ദോശയും അന്വേഷിച്ചു വിളിക്കുന്നതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു.
സമകാലിക വിഷയം നർമ്മവുമായി കോര്‍ത്തിണക്കിയുള്ള പരസ്യങ്ങള്‍ ഇതിനു മുന്‍പും പല ക്ലയന്റ്കൾക്കും വേണ്ടി സമൂഹ മാധ്യമങ്ങളിൽ വിവിഇക്യു ഡിസൈന്‍സ് ചെയ്തിരുന്നു. എന്നാല്‍ അവയെ അപേക്ഷിച്ച് പുട്ട് പരസ്യം വൈറൽ ആവുകയായിരുന്നെന്നു വിവേക് ശശീന്ദ്രന്‍ പറഞ്ഞു. “ഇങ്ങനെയുള്ള പരസ്യങ്ങൾ ചെയ്യുമ്പോൾ ക്ലൈന്റ്‌സ്ന്റെ സപ്പോർട്ട് വളരെ പ്രധാനമാണ്. തുടക്കം മുതലേ ഔട്ട് ഓഫ് ദി ബോക്സ് ആശയങ്ങൾ ചെയ്യുവാൻ അവരുടെ ഭാഗത്തു നിന്നും നല്ല പിന്തുണ ഉണ്ടായിരുന്നു,” വിവേക് പറയുന്നു.
ഒരു ജോലിയായിട്ട് അല്ല ഡിസൈനുകള്‍ ഒരുക്കാറ് പലപ്പോഴും നിത്യ ജീവിതത്തില്‍ പറയുന്ന തമാശകളാണ് പരസ്യങ്ങളായി ആവിഷ്‌കരിക്കാറെന്നും അദ്ദേഹം പറഞ്ഞു. 300 ഓളം പ്രമുഖ കമ്പനികൾക്ക് വേണ്ടി ബ്രാൻഡിങ്ങും സോഷ്യൽ മീഡിയ പ്രൊമോഷന്സും ചെയ്തിട്ടുണ്ട്. അതിലെല്ലാം ഇത്തരം വെറൈറ്റികളാണ് കൊണ്ടുവരാന്‍ ശ്രമിക്കാറെന്നും വിവേക് പറഞ്ഞു. വീനീത് ശ്രീനിവാസനടക്കം പല പ്രമുഖരും ഈ പരസ്യം ഷെയര്‍ ചെയ്ത സന്തോഷത്തിലാണ് വിവിഇക്യു ടീം.