വിവരണം – വിഷ്ണു എ.എസ്.നായർ.
“എന്തര് പറയാൻ !! ഇതെനിക്ക് പടച്ചോൻ തന്ന ബർക്കത്ത്” – അഹമ്മദ് കബീർ… ഈ പേര് അത്ര സുപരിചിതമല്ല അല്ലേ !! എന്നാൽ മറ്റൊരു പേര് പറഞ്ഞാൽ പദ്മനാഭന്റെ മണ്ണിലെ ഭക്ഷണപ്രേമികൾ അറിയാതിരിക്കാൻ തരവുമില്ല. പാളയത്തെ സർബത്ത് കാക്ക…. അതേ.. കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലമായി പാളയം ജമാഅത്ത് പള്ളിയുടെ അടുത്തുള്ള ഇടറോഡിൽ ഓറഞ്ച് സർബത്ത് എന്നൊരൊറ്റ സംഭവം കൊണ്ട് രുചിയുടെ നിലയില്ലാക്കയങ്ങളിൽ തള്ളിയിടുന്ന ഈ എഴുപത്തുകാരൻ കാക്കയുടെ യഥാർത്ഥ പേരാണ് അഹമ്മദ് കബീർ…
മൂന്ന് തലമുറകൾക്ക് മുമ്പ് ശംഖുമുഖത്ത് സർബത്ത് തട്ട് നടത്തിയിരുന്ന അപ്പനപ്പൂപ്പന്മാരിൽ നിന്നും സർബത്ത് നിർമാണത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച കാക്ക പിന്നീട് എത്തിച്ചേർന്നത് പാളയം കണ്ണിമാറ മാർക്കറ്റിലാണ്. അവിടെ ഹെഡ് ലോഡിംഗ് പണിയുണ്ടായിരുന്നെങ്കിലും മകളുടെ കല്യാണത്തിന്റെ ചിലവുകഴിവുകൾക്കായി ആ ജോലി അടിയറവ് വയ്‌ക്കേണ്ടി വന്നു. പിന്നീട് മുന്നോട്ടുള്ള ജീവിതം തള്ളി നീക്കാനായാണ് പണ്ട് പഠിച്ച സർബത്ത് നിർമാണത്തിലേക്ക് തിരിഞ്ഞത്. മുകളിലിരിക്കുന്നവന്റെ ഒരു കൈവിട്ടകളി… എന്നാൽ ആ കളിയിൽ ലോട്ടറിയടിച്ചത് തിരുവനന്തപുരത്തുകാർക്കാണ്.
തിരുവനന്തപുരം പേട്ട സ്വദേശിയാണെങ്കിലും ഇപ്പോൾ താമസിക്കുന്ന പൂന്തുറയിലെ വീട്ടിലെ അടുപ്പിൽ ചിരട്ട നീറ്റി മുട്ടയുടെ വെള്ള ചേർത്ത് പഞ്ചസാര ഒരു മണിക്കൂറോളം ചൂടാക്കും. അതിന് ശേഷം മുകളിൽ പതയുന്ന ടാർ പോലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യും. ശേഷം ശുദ്ധീകരിച്ച പഞ്ചസാരലായനിലേക്ക് ഇടിച്ചു ചതച്ച നന്നാറി ചേർത്ത് കാച്ചിയെടുക്കും. ഇതൊക്കെ പുള്ളിക്ക് സ്വന്തമായി ചെയ്യണം. എന്തിനേറെ പറയുന്നു വീട്ടുകാരിയെപ്പോലും ഇതിനായി ഏഴയലയത്ത് അടുപ്പിക്കില്ല.
രാവിലെ പത്തരയോടെ പാളയം പള്ളിയുടെ അടുത്തായി തുറക്കുന്ന തട്ട് കണ്ടുപിടിക്കാൻ ഒരെളുപ്പ വഴിയുണ്ട്. അവിടെയുള്ള ഏറ്റവും തിരക്കുള്ള തട്ടേതെന്നു നോക്കിയാൽ മതി അത് കാക്കയുടെ തട്ട് തന്നെയായിരുക്കും. ഇപ്പോൾ തിരിച്ചറിയാനായി ബിസ്മി എന്ന പേരൊക്കെ വച്ചിട്ടുണ്ട്. മുറിക്കയ്യൻ ഷർട്ടിന്റെ മുകളിലത്തെ ബട്ടൻസുകൾ കുടുക്ക് വിടുവിച്ച് ഇടത്തോട്ട് ഉടുത്ത കള്ളിമുണ്ടുമായി ഒരു താടിക്കാരൻ നമുക്കായി അവിടെ കാത്തിരിക്കും. പൊരിവെയിലത്ത് വരണ്ട തൊണ്ടയും കത്തുന്ന വയറുമായി കാക്കയുടെ കടയിൽ പോയി ഒരു സർബത്ത് പറയണം…
ആദ്യം വന്നവന് ആദ്യം എന്ന തത്വത്തിലൂന്നി ഗ്ലാസുകൾ നിരത്തി വച്ചിട്ട് അതിലേക്ക് കാച്ചിയ നന്നാറി ചേർക്കും. പിന്നെ നോക്കി നല്ലതാണെന്നു സ്വയം ഉറപ്പ് വരുത്തിയ ഓറഞ്ച് മുറിച്ച് പിഴിഞ്ഞു ചേർക്കും. അതിപ്പോൾ എത്രയാണെന്നൊന്നും പറയാൻ പറ്റില്ല. ചിലപ്പോൾ ഒന്നാകാം ചിലപ്പോൾ ഒന്നരയാകാം മറ്റു ചിലപ്പോൾ വലുപ്പം കുറവെന്ന് തോന്നിയാൽ രണ്ടെണ്ണം വരെ ചേർക്കാറുണ്ട്. അതിലേക്ക് ഐസ് പെട്ടിയിൽ നിന്നും സ്പാന്നർ വച്ചടിച്ചു പൊട്ടിച്ച ഐസ് കഷ്ണങ്ങൾ ചേർത്ത് നീട്ടി രണ്ടടി അടിച്ചിട്ട് കയ്യിൽ തരും. ചുമ്മാ അതൊന്നു കയ്യിൽ വാങ്ങി അണ്ടർപാസ്സിൽ ചീറിപാഞ്ഞു പോകുന്ന വണ്ടികളും തലപൊക്കി നിൽക്കുന്ന സ്റ്റേഡിയവും നോക്കി എരിഞ്ഞമരുന്ന സൂര്യന്റെ കീഴിൽ തണൽ മരങ്ങളുടെ ചുവടുപറ്റി ആസ്വദിച്ചു കുടിക്കണം…
ഗ്ലാസ്സിലെ സർബത്ത് കുറയുമ്പോൾ കറക്കി ഐസ് ‘കിണിം കിണിം’ അടിച്ചു അലിയിപ്പിച്ചു പിന്നെയും കുടിക്കണം. അതൊരു വല്ലാത്ത അനുഭവമാണ്. ഒരുപക്ഷേ തിരുവനന്തപുരത്ത് വേറൊരിടത്തും കിട്ടാത്തൊരു ഫീലിംഗ്. ഇടയ്ക്കിടയ്ക്ക് നാവിൽ ഉടക്കുന്ന ഓറഞ്ച് കുരുക്കൾ തുപ്പിക്കളയണം. അതുമൊരു ആശ്വാസം. ഒരൊറ്റയൊരണ്ണം കുടിച്ചാൽ മതി. ദാഹവും വിശപ്പും ക്ഷീണവും കണ്ടവും പറമ്പും വഴി ഓടിക്കോളും. 15 രൂപയ്ക്ക് ഇത്രയും സംതൃപ്തമായ ഒരു ഐറ്റം എന്റെയറിവിൽ വേറൊന്നുമില്ല. സർബത്ത് കൊണ്ട് പുള്ളിക്ക് വല്യ ലാഭമൊന്നുമില്ല. അതിന്റെ കൂടെ വിറ്റുപോകുന്ന ഈന്തപ്പഴവും മറ്റു കിടുപിടികളുമാണ് ലാഭം തരുന്നതെന്നു കാക്കയുടെ ഭാഷ്യം.
“വയ്യടെ, പത്തെഴുപത് വയസ്സായി. വീട്ടിലും ഇവിടെയും കൂടെ എല്ലയിടത്തും കൈ ഓടുന്നില്ല. ചെറുക്കൻ ചാലയിൽ ഒരിടത്ത് കണക്കുപിള്ളയായിട്ടുണ്ട്. അവനോട് പറയണം. അവൻ നോക്കണെങ്കിൽ നോക്കട്ടെ. ഞാനായിട്ട് ഒന്നും ചെയ്യുന്നില്ല. എന്തര് പറയാൻ !! ഇതെനിക്ക് പടച്ചോൻ തന്ന ബർക്കത്ത്” – കാക്കയുടെ വാക്കുകൾ. ചിലരുടെ പറച്ചിലിൽ ധാർഷ്ട്യത്തിന്റെയും കൂസലില്ലായ്മയുടെയും അഹങ്കാരത്തിന്റെയും മൂർത്തിരൂപമായ ആ മനുഷ്യനിൽ നിന്നും തന്നെയാണ് ഞാനീ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞത്. ഇന്നലെ ഇതും പറഞ്ഞ് കബീർ കാക്ക അല്ലല്ല പാളയം കാക്ക പഴയ ഹെർക്കുലീസ് ലോഡ് സൈക്കിളും ചവിട്ടി എങ്ങോട്ടോ പോയി. അങ്ങേരില്ലാത്ത ആ റോഡ് എന്നെപ്പോലെ പലർക്കും ചിന്തിക്കാൻ പോലും വയ്യ…
NB :- “സാർ, സാർ” എന്നുള്ള വിളിയും ISI മുദ്രയുള്ള വെള്ളവും FCCI സെർട്ടിഫയ്ഡ് ഓറഞ്ച് എന്നിവയൊക്കെ ഉണ്ടെങ്കിലേ സർബത്ത് കുടിക്കൂ എന്നുള്ളവർ… അറിയാലോ…Please run through the underpass.. ഇതു സാധാരണക്കാരന്റെ സർബത്ത്, ഞങ്ങടെ പാളയം കാക്കയുടെ സർബത്ത്. ഇവിടെ ഇങ്ങനെയൊക്കെയാണ്… അത്ര തന്നെ… രാവിലെ 10.30 – 11.00 മണി മുതൽ വൈകിട്ട് ഏതാണ്ട് 2.30 – 2.45 മണി വരെയാണ് ഇക്കയുടെ പ്രവർത്തി സമയം. വെള്ളിയാഴ്ച / ഞായറാഴ്ച തുടങ്ങിയ ദിവസങ്ങളിൽ കടയില്ലെന്നാണ് അറിവ്. ലൊക്കേഷൻ :- Bismi Naruneendi sarbath(Kaka) University of Kerala Senate House Campus, Palayam, University of Kerala Senate House Campus, Palayam, Thiruvananthapuram, Kerala 695034. https://maps.app.goo.gl/gdNg8.