തൃശ്ശൂരിലെ പാലിയേക്കര ടോള്‍ ബൂത്തില്‍ പ്രശ്നങ്ങള്‍ തുടര്‍ക്കഥയാണ്. ടോള്‍ പിരിവ് എന്ന ഭാവത്തില്‍ സാധാരണക്കാരുടെ കയ്യില്‍ നിന്നും ഗുണ്ടാപ്പിരിവ് എന്ന രീതിയിലാണ് ഇവിടെ നടക്കുന്നതും. ചലച്ചിത്ര താരം സുരഭി ഉള്‍പ്പെടെ നിരവധിയാളുകള്‍ ഇവിടത്തെ ഗുണ്ടായിസത്തിനെതിരെ ലൈവ് വീഡിയോ ഇട്ടു പ്രതികരിച്ചിട്ടും ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് യാതൊരു കുലുക്കവും ഉണ്ടായില്ല. അധികസമയം ക്യൂ നീളുകയാണെങ്കില്‍ ടോള്‍ ബൂത്ത് തുറന്നു കൊടുക്കണം എന്നാണു നിയമം. എന്നാല്‍ ഇത് ഇവിടെ പാലിക്കപ്പെടാറില്ല. മിക്ക ദിവസങ്ങളിലും തിരക്കേറിയ സമയങ്ങളിൽ പാലിയേക്കര ടോൾ ബൂത്തിൽ വാഹനങ്ങളുടെ വമ്പൻ നിരയായിരിക്കും കാണുവാൻ സാധിക്കുക.
അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ ടോൾ ബൂത്തിലെ കുരുക്കിൽപ്പെട്ടത്. തിരുവനന്തപുരത്തു നിന്നും കലക്ടർമാരുടെ മീറ്റിങ് കഴിഞ്ഞു വരികയായിരുന്നു തൃശ്ശൂർ കലക്ടറായ അനുപമ. പാലിയേക്കര ടോൾ ബൂത്തിൽ എത്തിയപ്പോൾ ഇരുവശത്തുമായി ഏകദേശം ഒന്നര കിലോമീറ്ററോളം വാഹനങ്ങളുടെ നിര നീണ്ടിരുന്നു. നിരയിൽപ്പെട്ട കളക്ടറുടെ കാർ ഏകദേശം 15 മിനിറ്റ് സമയമെടുത്താണ് ടോൾ ബൂത്തിനു മുന്നിലെത്തിയത്.
ഇതോടെ ടോൾ പ്ലാസയ്ക്ക് സമീപം കാർ നിർത്തിയ ശേഷം കളക്ടർ അനുപമ ടോൾബൂത്തിലെ ജീവനക്കാരെ വിളിച്ചു വരുത്തുകയും ഇത്രയും വലിയ ബ്ലോക്ക് ഉണ്ടായിട്ടും എന്തുകൊണ്ടാണ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതെന്നും അന്വേഷിച്ചു. യാത്രക്കാരുടെ മുന്നിൽ ഗുണ്ടായിസം കാണിക്കുന്ന ടോൾ ബൂത്ത് ജീവനക്കാർ കളക്ടറുടെ ചോദ്യങ്ങൾക്ക് മുന്നിൽ തപ്പിക്കളിക്കുകയാണ് ഉണ്ടായത്.
ദീർഘദൂര യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഗതാഗതക്കുരുക്ക് ഉണ്ടായിട്ടും ഇതിലൊന്നും ഇടപെടാതെ പോലീസ് നിന്നതും കലക്ടറെ ചൊടിപ്പിച്ചു. ജീവനക്കാരുടെയും പോലീസിന്റെയും വിശദീകരണത്തിനു അധികം കാത്തു നിൽക്കാതെ കളക്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരോട് ടോൾ ബൂത്ത് തുറന്നു കൊടുക്കുവാൻ പറഞ്ഞു. ടോൾബൂത്ത് തുറന്നതോടെ നേരങ്ങളായി കുരുങ്ങിക്കിടന്നിരുന്ന വാഹനങ്ങൾ കടന്നു പോകുകയും ചെയ്തു. ടോൾ പ്ലാസ മൂലം വാഹനക്കുരുക്ക് ഉണ്ടായാൽ ഇനി കർശനമായ നടപടിയെടുക്കും എന്ന താക്കീതും ടോൾ പ്ലാസ അധികൃതർക്ക് കളക്ടർ നൽകി. പിന്നീട് അരമണിക്കൂറോളം ടോൾ പ്ലാസയിൽ നിന്നുകൊണ്ട് ഗതാഗതക്കുരുക്ക് പൂർണ്ണമായും പരിഹരിച്ച ശേഷമാണ് കളക്ടർ അനുപമ അവിടം വിട്ടു തൃശ്ശൂരിലേക്ക് പോയത്.
കുറച്ചു നാളുകൾക്ക് മുൻപ് എംഎൽഎ പിസി ജോർജ്ജിനും ഇത്തരത്തിൽ ടോൾ ബൂത്തിൽ നിന്നും അനുഭവമുണ്ടായിരുന്നു. ടോൾ ബൂത്തിൽ കാത്തു കിടക്കേണ്ടി വരികയും എംഎൽഎയുടെ വാഹനം ടോൾ നൽകണമെന്നു ടോൾ ബൂത്ത് ജീവനക്കാരൻ പറയുകയും ചെയ്തതോടെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്ന പിസി ജോര്‍ജ്ജ് കാറില്‍ നിന്നും ഇറങ്ങുകയും തന്‍റെ സ്വതസിദ്ധമായ വാക്കുകള്‍ കൊണ്ട് ടോള്‍ ബൂത്തുകാരെ വിറപ്പിക്കുകയും ചെയ്തു.
പിസിയെ കണ്ടതോടെ ടോള്‍ ബൂത്തില്‍ കുരുങ്ങി കിടക്കുകയായിരുന്ന മറ്റു യാത്രക്കാരും ടോള്‍ ബൂത്ത് ജീവനക്കാര്‍ക്കെതിരെ തിരിയുകയും ചെയ്തു. സംഗതി കൈവിട്ടുപോയി എന്നറിഞ്ഞപ്പോള്‍ ഒന്നും പറയാനാവാതെ അന്തവിട്ടു നിന്ന ജീവനക്കാര്‍ക്ക് മുന്നില്‍ മറ്റൊരു ആക്ഷനും കൂടി പിസി കാഴ്ച വെക്കുകയുണ്ടായി. വാഹനങ്ങള്‍ തടയുന്ന സ്റ്റോപ്പ് ബാരിയര്‍ അങ്ങ് ഒടിച്ചെടുത്തു. ഇതിനുശേഷം പിസിയും കൂട്ടരും കൂളായി വണ്ടിയോടിച്ചു പോകുകയും ചെയ്തു.
1 comment