കേരളത്തിൽ പലയിടത്തും ടോൾ ബൂത്തുകൾ ഉണ്ടെങ്കിലും യാത്രക്കാരെ കഷ്ടപ്പെടുത്തുന്നതു കൊണ്ടും ജീവനക്കാരുടെ മോശം പെരുമാറ്റം കൊണ്ടും കുപ്രസിദ്ധി നേടിയതാണ് തൃശ്ശൂരിലെ പാലിയേക്കര ടോൾ പ്ലാസ. തുടങ്ങിയ നാൾ മുതൽക്കേ പാലിയേക്കര ടോൾ ബൂത്തിൽ അനിഷ്ടസംഭവങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട്. പക്ഷേ അതുകൊണ്ടൊന്നും അവിടത്തെ പ്രശ്നങ്ങള് തീരുന്നില്ലെന്നു മാത്രമല്ല, നാൾക്കുനാൾ ഓരോരോ പുതിയ മോശപ്പെട്ട സംഭവങ്ങൾ അവിടെ നിന്നും ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്.
അതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇനി പറയുവാൻ പോകുന്നത്. സംഭവം ഇങ്ങനെ – ഇന്ന് വെളുപ്പിന് 2 മണിയോടെ (19-10-2019) ബെംഗളൂരുവിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ലിജോ, പാവെർ മാത്യു, ജോസഫ്, സമീർ എന്നീ ചെറുപ്പക്കാർ, ഫാസ്റ്റാഗ് സംവിധാനമുള്ള തങ്ങളുടെ കാർ പാലിയേക്കരയിലെ ഫാസ്റ്റാഗ് ലെയ്‌നിലേക്ക് കയറ്റി. ഇവരുടെ ഫാസ്റ്റാഗ് വാലിഡ് ആണെന്ന് കാണിച്ചെങ്കിലും ഇവരുടെ മുന്നിലുണ്ടായിരുന്ന വാഹനത്തിന്റെ ഫാസ്റ്റാഗ് പ്രവർത്തിച്ചില്ല. അതോടെ ഇവർ ലെയ്‌നിൽ മുന്നോട്ടു പോകുവാനാകാതെ കുടുങ്ങി.
മുന്നിലുണ്ടായിരുന്ന കാറുകാരൻ ഫാസ്റ്റാഗ് റീഡിംഗ് മെഷീൻ (ഹാൻഡ് സെൻസർ) ഉപയോഗിച്ച് റീഡ് ചെയ്യുവാൻ അഭ്യർത്ഥിച്ചെങ്കിലും ടോൾപ്ലാസയിലെ ജീവനക്കാർ അതിനു തയ്യാറായില്ല. ആ കാറുകാരന്റെ ഫാസ്റ്റാഗ് അക്കൗണ്ടിൽ ആവശ്യത്തിനു പണം ഉണ്ടായിരുന്നു എന്നതും, തെറ്റ് ടോൾ ബൂത്തിന്റെ ഭാഗത്തു നിന്നാണെന്നു മനസിലാക്കിത്തരുന്ന ഒരു കാര്യമാണ്. ഈ കാറിന്റെ പിന്നിലെ കാർ യാത്രികരുടെ കയ്യിൽ നിന്നും ഫാസ്റ്റാഗ് വഴി ടോൾ എടുക്കുകയും ചെയ്തതിനാൽ ഇനി അടുത്ത ലെയ്‌നിലൂടെ പോയാൽ വീണ്ടും ഓട്ടോമാറ്റിക്കായി ടാഗ് റീഡ് ചെയ്യുകയും അവരുടെ (യാത്രക്കാരുടെ) പണം വീണ്ടും പോകുകയും ചെയ്യും. അതുകൊണ്ട് അവർ അതിനു തയ്യാറായില്ല. കൂടാതെ മറ്റുള്ളവർ വിചാരിക്കും കാറുകാരുടെ കുഴപ്പം കൊണ്ടാണ് അവർക്ക് ഫാസ്റ്റാഗ് ലെയ്‌നിൽ നിന്നും സാധാരണ ലെയ്‌നിലേക്ക് മാറേണ്ടി വന്നതെന്നും. കയ്യിലെ കാശും കൊടുത്ത് മറ്റുള്ളവരുടെ മുന്നിൽ നാണംകെടേണ്ട കാര്യമുണ്ടോ എന്നാണു ആ യാത്രക്കാർ ചോദിക്കുന്നത്.
ടോൾ ബൂത്തുകാർ ഹാൻഡ് സെൻസർ ഉപയോഗിച്ച് റീഡ് ചെയ്യുവാൻ തയ്യാറാകാതിരുന്നതിനാൽ ആ സമയത്ത് ഫാസ്റ്റാഗ് ലെയ്‌നിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായി. യാത്രക്കാരിലൊരാൾ സംഭവം വീഡിയോയിൽ പകർത്തുകയും ചെയ്തു. ഈ വീഡിയോയിൽ നടന്ന കാര്യങ്ങൾ വ്യക്തമായി നമുക്ക് കാണുവാനും സാധിക്കും. പ്രസ്തുത വീഡിയോ താഴെ കൊടുത്തിരിക്കുന്നു. ഒന്നു കണ്ടുനോക്കുക.
മണിക്കൂറുകൾ നീണ്ട തർക്കത്തിനൊടുവിൽ വെളുപ്പിന് മൂന്നു മണിയോടെ ടോൾ ബൂത്ത് ജീവനക്കാർ മുന്നിലെ കാറിന്റെ ഫാസ്റ്റാഗ് ഹാൻഡ് സെൻസർ മെഷീൻ ഉപയോഗിച്ച് റീഡ് ചെയ്യുവാൻ നിർബന്ധിതരായി. അതിനായി അവർ ആ കാർ അടുത്ത ട്രാക്കിലേക്ക് മാറ്റുകയും, ഇതോടെ പിന്നിലെ വാഹനങ്ങൾക്ക് ഫാസ്റ്റാഗിലൂടെ കടന്നുപോകുവാൻ സാധിക്കുകയും ചെയ്തു.
ഒടുവിൽ ടോൾപ്ലാസ ഓഫീസിൽ ചെന്ന് പരാതി എഴുതി നൽകിയതിനു ശേഷമാണ് ചെറുപ്പക്കാർ യാത്ര തുടർന്നത്. ബെംഗളൂരുവിൽ നിന്നും തൃശ്ശൂർ വരെ നിരവധി ടോൾബൂത്തുകൾ കടന്നാണ് തങ്ങൾ വന്നതെന്നും, അവിടെയെങ്ങും ഇല്ലാത്ത ബുദ്ധിമുട്ടുകളും സാങ്കേതിക തകരാറുകളും നമ്മുടെ നാട്ടിൽ പാലിയേക്കരയിൽ വന്നപ്പോളാണ് നേരിടേണ്ടി വന്നതെന്നും ചെറുപ്പക്കാർ പറയുന്നു. ഇതേ ആളുകൾക്ക് മാസങ്ങൾക്ക് മുൻപും പാലിയേക്കരയിൽ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അന്നും ഇതേ ജീവനക്കാർ മോശം പെരുമാറ്റം തന്നെയായിരുന്നു പുറത്തെടുത്തിരുന്നതെന്നും അവർ പറയുന്നു.
ടോൾ ബൂത്തുകളിൽ ക്യൂവിൽ കിടന്നു കഷ്ടപ്പെടാതെ പോകുവാനായി ഉള്ളതാണ് ഫാസ്റ്റ് ടാഗ് എന്ന പുതു സമ്പ്രദായം. ഇന്ത്യയിലെ ഭൂരിഭാഗം ടോൾ പ്ലാസകളിലും ഈ സംവിധാനം നിലവിലുണ്ട്. എന്നാൽ എന്നും പ്രശ്നങ്ങൾക്ക് പേരുകേട്ട തൃശ്ശൂർ ജില്ലയിലെ പാലിയേക്കര ടോൾ ബൂത്തിൽ ഫാസ്റ്റ് ടാഗ് ലൈനിലൂടെ പോകുന്നവർക്ക് ചിലപ്പോൾ ജീവനക്കാരുടെ ഗുണ്ടായിസവും മര്യാദകെട്ട പെരുമാറ്റവും ഒപ്പംതന്നെ സമയനഷ്ടവും നേരിടേണ്ടി വരുന്നുണ്ട്. നിരവധി പരാതികളാണ് ഈ വിഷയത്തിൽ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്.
ഇതിനു മുൻപും പലതവണ ഇതുപോലുള്ള സംഭവങ്ങൾ വീഡിയോകൾ സഹിതം പുറത്തുവന്നിട്ടുണ്ടെങ്കിലും വേണ്ടപ്പെട്ടവരുടെ മൗനം പൊതുജനത്തെ രോഷംകൊള്ളിക്കുകയാണ്. സ്ത്രീകൾക്ക് നേരെ വരെ അതിക്രമങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ എല്ലായിടത്തും ഷെയർ ചെയ്യപ്പെട്ടെങ്കിലും അധികാരികൾ ആരും ഇതൊന്നും കണ്ട ഭാവം നടിച്ചില്ല.
ടോൾ പ്ലാസയിലെ ഗുണ്ടായിസത്തിനെതിരെ സെലിബ്രിറ്റികൾ അടക്കമുള്ളവർ പ്രതികരിച്ചുവെങ്കിലും യാതൊരുവിധ കൂസലുമില്ലാതെയാണ് ടോൾപ്ലാസ അധികൃതരുടെ മനോഭാവം. പണം കൊടുത്ത്, തെറിവിളി കേട്ട്, തല്ലുകൊണ്ട് ടോൾ പ്ലാസ കടന്നുപോകേണ്ട ഗതികേടാണ് ഇപ്പോൾ യാത്രക്കാർക്ക്. പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഒന്നോർത്തു നോക്കൂ, കയ്യിലെ കാശും കൊടുത്ത് കണ്ടവരുടെ അടികൊള്ളേണ്ട കാര്യം നമുക്കുണ്ടോ? കൂട്ടായി നിന്നു പ്രതികരിക്കണം.