മലമുകളിലൊരു രാത്രി ക്യാമ്പ്, കൂട്ടിനൊരു കാവൽനായയും… ഒരു അടിപൊളി ട്രിപ്പ്…

വിവരണം – Nasif Nas.

കോളേജും ഹോസ്റ്റലുമായി ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു. ഫൈനൽ ഇയർ ആണ്, ദിവസങ്ങൾ മാത്രം ബാക്കി നിക്കുന്ന കലാലയ ജീവിതം. പ്രൊജക്റ്റ്‌, exam, വരാനുള്ള റിസൾട്ട്‌, വന്നതിലെ backlogs, എല്ലാം കൊണ്ടും തലയിൽ തീയുമായി ഓടിനടക്കുന്ന സമയം. ഒരു ഇടവേള അത്യാവശ്യമായി തോന്നിയ സമയം. എങ്ങോട്ടെങ്കിലും പോവണം, ഇപ്പൊ തന്നെ !!! വെള്ളിയാഴ്ച ഉച്ച കഴിഞ്ഞുള്ള period പാതി ബോധത്തിൽ ആണെങ്കിലും മനസ്സിൽ അത് മാത്രമായി ചിന്ത. ശനി, ഞായർ ഉണ്ട് മൂന്നാറിലേക്ക് വെച്ച് പിടിച്ചാലോ…ഉടൻ ഫോൺ എടുത്തു കുത്തി നോക്കി. “മുന്നാറിൽ snowfall” മുന്നാറെന്ന് തന്നെല്ലേ google’ea ഞാൻ പറഞ്ഞത് ?? അക്ഷരം മാറിയൊന്നുമില്ലലോ !! യാഥാർഥ്യം ആണെന്ന് മനസ്സിലായതും പിന്നെ ഒരുതരം വീർപ്പുമുട്ടലായിരുന്നു. Snowfall കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ഒരു kalm and quate ആയിട്ടുള്ള പ്ലേസിൽ തങ്ങണം ഒരു ദിവസമെങ്കിൽ, ഒരു ദിവസം. ആരെയെങ്കിലും കൂട്ടണോ കൂടെ?? ആരാ വരുക?? അല്ലെങ്കിൽ തന്നെ സോളോ എന്നാണ് പേര്. ഇനി ഇതും കൂടി കിട്ടിയാൽ അത് മതി അവർക്ക്. ഒന്ന് രണ്ട് ആളെ വിളിച്ചു, ആരുമില്ല. അങ്ങനെ ഞാനും, പിന്നെ ഞാനും തന്നെയായി ഈ യാത്രയിലും. ഇരുമ്പ് വണ്ടി ready. ഇനി മനസ്സ് കൂടി ready ആവണം. മനസ്സ് എപ്പോളേ ready.

നേരം ഇരുട്ടി തുടങ്ങി, കോഴിക്കോട് നിന്നും ഏകദേശം 270+ km ഉണ്ട്. ഡുക് ഡുക് ശബ്ദം കാതിൽ മുഴങ്ങി കൊണ്ടേ ഇരുന്നു. അനുഭവിച്ചവർക്കു മനസ്സിലാവും, ആ ഒരു ശബ്ദവും, രാത്രിയിലെ തണുത്ത കാറ്റും, ഇരുട്ടിലെ ഏകാന്തതയും, ഇതൊക്കെ ആസ്വദിക്കാനുള്ള ഒരു മനസ്സും ഉണ്ടെങ്കിൽ എത്ര വലിയ ലഹരി ആണ് ഈ ജീവനും കൊണ്ടുള്ള പ്രയാണം എന്ന് മനസ്സിലാവും. പ്രായം അതാണ് ഇനിയുമുണ്ട് ഒരുപാട് കണ്ടു തീർക്കാൻ, ഇനിയുമുണ്ട് ഒരുപാട് അനുഭവിക്കാൻ, ഇനിയുമുണ്ട് ഒരുപാട് പോകാൻ, ആത്മാവ് വേർപിരിയും മുമ്പേ കണ്ടു തീർക്കുക പ്രയാസം തന്നെ. കാറ്റിനെ പിറകിലാക്കികൊണ്ട് ശകടം സ്വല്പം വേഗത്തിൽ കുതിച്ചു. ഒറ്റക്കുള്ള ഈ പ്രയാണം തുടങ്ങിയിട്ട് കാലം കുറച്ച് ആയി. ഏകാന്തമായി പറക്കുന്ന കാറ്റിനെ പോലും തോൽപിക്കാൻ കഴിഞ്ഞേക്കും ഒരു ഏകാന്ത സഞ്ചാരിയുടെ മനസ്സിന് കാരണം അവൻ കാഴ്ചകൾ കാണുകയല്ല, അനുഭവിക്കുകയാണ്.

എല്ലാവർക്കും ഒരു പുച്ഛം തന്നെയാണ്. എന്തിന് വേണ്ടിയാണ് ഈ ഉലകം ചുറ്റുന്നത് എന്നാണ് ചോദ്യം, എന്താണ് കിട്ടുന്നത് എന്നാണ് അറിയേണ്ടത്. പക്ഷേ ഈ രണ്ട് ചോദ്യങ്ങൾക്കും വാക്കുകൊണ്ട് മറുപടി പറഞ്ഞാൽ മതിയാവില്ല, കാരണം അനുഭവം അത് നമ്മുടേതാണ്, അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ നമ്മളെകൊണ്ട് പറ്റിയേക്കാം പക്ഷേ അവർക്കത് അനുഭാവിക്കാൻ പറ്റിയെന്നു വരില്ല. വിജയേട്ടൻ പറഞ്ഞത് പോലെ “ഞാൻ യാത്ര ചെയ്ത നിമിഷങ്ങൾ, എനിക്ക് അതിലൂടെ കിട്ടിയ ഓർമ്മകൾ, അനുഭവങ്ങൾ, പാഠങ്ങൾ, എല്ലാം എനിക്ക് സ്വന്തം” ഓരോ സഞ്ചാരിയുടെയും സഞ്ചാര ഭ്രമം 100 ഇരട്ടിയാക്കാനുള്ള എന്തോ ഒരു മാന്ത്രികത അദ്ദേഹത്തിന്റെ വാക്കിൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. അത് തന്റെ ജീവിതത്തിലൂടെ കണ്ടെത്തുന്നിടത്താണ് ഏതൊരു സഞ്ചാരിയുടെയും വിജയം.

അയ്യോ !!! ഞാൻ മറ്റെറിന്നെ പോയി !! അങ്ങനെ.. സൂര്യഭഗവാൻ ഉണരും മുമ്പേ ഞാൻ മലമണ്ടയിൽ കയറി നമസ്കാരം കൊടുത്തു. നല്ല തണുപ്പ് ഉണ്ട്. പുലർച്ചെ മുന്നാറിൽ എത്തി. ഒരു പള്ളിയിൽ കയറി ഫ്രഷ് ആയി. എന്തിനാണിപ്പോ മൂന്നാറിലേക്ക് വന്നത്??? കാണാത്തത് എന്താ ഉള്ളത്?? ചിന്ത തുടങ്ങിയിടത്തുനിന്നും, മൊബൈൽ പരതാൻ തുടങ്ങി. പലതും നോക്കി ഒന്നും നടന്നില്ല. എന്നാ പിന്നെ ഏതെങ്കിലും ക്യാമ്പിലേക് പോവാം. പക്ഷേ, ഒരുപാട് ആൾ ഉള്ളിടത് പോയാൽ set ആവില്ല. അങ്ങനെ പലരെയും വിളിച്ചു. അവസാനം പള്ളിവാസൽ ഒരു ക്യാമ്പിലേക് വിട്ടു. മെയിൻ റോഡിൽ നിന്നും അകലെ ആയതിനാൽ അവർ എന്നെ പിക്ക് ചെയ്യാൻ വന്നു. ഒരു ചെറിയ റോഡിലൂടെ ഞങ്ങൾ ഒരുപാട് നീങ്ങി. അങ്ങനെ ഒരു ഏലതോട്ടത്തിനടുത്ത്‌, സെക്യൂരിട്ടിയുടെ റൂമിനടുത്തു ബൈക്ക് വെച്ചു.

ഇനി നടന്നു കയറണം. 3 ആളാണ് എന്റെ കൂടെ ഉള്ളത്. മുടിയൻ freddy, പിന്നെ അവന്റെ 2 സുഹൃത്തുക്കളും (ക്യാമ്പ് owners). മനസ്സിൽ ആഗ്രഹിച്ചപോലെ തന്നെ നടന്നു, ഇന്ന് ഞാൻ മാത്രേ ഉള്ളൂ ക്യാമ്പിൽ. വൈദ്യർ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ. അങ്ങനെ ഏകദേശം 2 km കുത്തനെയുള്ള കയറ്റം ആയിരുന്നു. അടിമുടി തണുത്ത കാറ്റു ഉന്മേഷപുളകിതരാക്കി കൊണ്ടേ ഇരുന്നു. വഴിയിൽ പലയിടത്തും ആന പിണ്ഡം കണ്ടു. എനിക്ക് ക്യൂരിയോസിറ്റി തലക്ക് ഇടിച്ചു കയറി. “ഇവിടെ ആനയൊക്കെ ഇറങ്ങുമോ??”,”പിന്നല്ലാതെ, ഈ ഏലക്കാടിനു അപ്പുറം വനമാണ്. ട്രെക്കിങ്ങിനു ശേഷം അങ്ങനെ ക്യാമ്പ് സൈറ്റിൽ എത്തി.

എനിക്ക് ശെരിക്കും അത്ഭുതം തോന്നി. എന്റെ പ്രായമേ ഉള്ളൂ ഇവർക്കും. ഏലത്തോട്ടത്തിൽ ക്യാമ്പ് തുടങ്ങാൻ വേണ്ടി സ്ഥലം വാടകക്ക് എടുത്തതാണ്. അങ്ങനെ set ആക്കി എടുത്ത ഒരു കൊച്ചു ക്യാമ്പ്. Cloudfarm ന്റെ അത്രയ്ക്ക് ഒന്നുമില്ല ചോട്ടാ ഹേയ്. പക്ഷേ ഏതൊരു പ്രകൃതി സ്നേഹിയും ഒരു രാവെങ്കിലും ഇവിടെ കഴിച്ചുകൂട്ടാൻ ആഗ്രഹിക്കും. ഒറ്റവാക്കിൽ പറഞ്ഞാൽ മനോഹരം. അങ്ങനെയാണ് 4ആമന്റെ വരവ്. ഒരു പട്ടി, thoms എന്ന് വിളിക്കും. ഏലത്തോട്ടത്തിലെ സെക്യൂരിട്ടിയുടെ ആണ്. പക്ഷേ ക്യാമ്പിൽ ആളുള്ളപ്പോ ഇവൻ ഇവിടെയാണ് താമസം. ക്യാമ്പ് സൈറ്റിൽ ഞാൻ എത്തുമ്പോളേക് സൂര്യൻ അസ്തമയ ചിത്രം വരയ്ക്കാൻ ഒരുങ്ങുകയായിരുന്നു. ഒരു രക്ഷയുമില്ല അടിപൊളി വ്യൂ. കണ്ണുപോലെ നിറം പകർത്താൻ താൻ ഒട്ടും മോശമല്ലെന്നു കയ്യിലെ oneplus6 തെളിയിച്ചുകൊണ്ടേയിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചമുള്ള ഫോട്ടോസ്. ഫ്രഡ്‌ഡിയുടെ ഉള്ളിൽ നല്ലൊരു ഫോട്ടോഗ്രാഫർ ഒളിഞ്ഞിരിക്കുന്നതായി ഞാൻ കണ്ടു.

ഒരു സോളോ ട്രാവെൽെരുടെ ഏറ്റവും വലിയ പോരായ്മ എന്താണ് എന്ന് വെച്ചാൽ ഫോട്ടോസ് ആണ്. നല്ലൊരു ഫോട്ടോ കിട്ടാൻ നല്ല പണിയാണ്. ഞാൻ എപ്പോളും ടൈമർ വെച്ച് ഓടിപ്പോയാണ് ഓരോ ഫോട്ടോ എടുകാർ. പല തവണ എടുത്ത പിക്സ് കോമഡി ആയിപോയിട്ടുണ്ട്. കടന്നു പോവുന്ന ഓരോ മനോഹര നിമിഷങ്ങളും പകർത്താൻ കഴിഞ്ഞെന്നു വരില്ല പക്ഷേ, പകർത്തിയതോകെ ഒരുനാൾ നമ്മുടെ കണ്ണിൽ നിറങ്ങൾ വിരിയിക്കും എന്നത് ഉറപ്പാണ്. അത്കൊണ്ട് തന്നെ നമ്മൾ സമ്പാദിക്കേണ്ടത് നല്ല നിമിഷങ്ങൾ തന്നെയാണ്. ഞാൻ എന്റെ ലൈഫിൽ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ അസ്തമയ സൂര്യൻ ആണ് ഇത്. ഇത്പോലെ ചുവന്നിട്ട് ഞാനിതുവരെ ഈ ആകാശത്തെ കണ്ടതില്ല. ചുവന്ന വർണങ്ങൾ ചാലിച്ചെഴുതിയ വാനം കൺമുമ്പിൽ നിന്നും മായുന്നത് വരെ നോക്കിയിരുന്നു. അപ്പോളേക്കും എനിക്കുള്ള ടെന്റ് അവർ റെഡി ആക്കി.

അല്പം കഴിഞ്ഞപ്പോ അവർ പോയി, ഇപ്പൊ ഞാനും ഫ്രഡ്‌ഡിയും, തോംസും മാത്രം. ഇരുട്ടിനൊപ്പം തണുപ്പും കൂടി കൂടി വന്നു. തീയിട്ടു, കുറച്ചു നേരം അതിനു ചുറ്റും നടന്നു. തോംസും ഉണ്ട് പിറകെ. Freddy എനിക്കുള്ള ഭക്ഷണം ഉണ്ടാക്കുകയാണ്. അവനോട് കുറെ നേരം സംസാരിച്ചിരുന്നു. 21 വയസ്സേ ഉള്ളൂ. പക്ഷേ, കുടുംബഭാരം തലയിൽ ഉണ്ടെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ നല്ല ചപ്പാത്തിയും ചിക്കൻ കറിയും റെഡി. അപ്പൊ നന്നായിട്ടു കുക്ക് ചെയ്യാനും അറിയാം എന്തായാലും വന്നത് മുതലായി. മണാലി പോയിട്ട് ഇവിടെ വിറച്ചിട്ടില്ല. പിന്നെയാ ഈ മൂന്നാർ. എന്ന് മനസ്സിൽ ഉണ്ടെങ്കിലും അതിലും നന്നായിട്ടുണ്ട് എന്റെ പല്ലുകൾ തമ്മിൽ താളം പിടിക്കുന്നുണ്ടായിരുന്നു. -1 ആണ് temperature.

പെട്ടെന്ന് എല്ലാം നിശബ്ദം ആയി, ശ്രദ്ദിച്ചാൽ ദൂരെ എവിടെ നിന്നോ ആനയുടെ ചിന്നം വിളി കേക്കാം. അത് കാട്ടിൽ നിന്നാവും പേടിക്കണ്ട എന്ന് Freddy പറഞ്ഞു. ഇങ്ങോട്ട് വരില്ല, അഥവാ കൺവെട്ടത് കണ്ടാൽ Thoms അറിയിക്കും എന്നും പറഞ്ഞു മൂപ്പർ ഒരു ടെന്റ് പിച്ച് ചെയ്തിട്ട് സ്ലീപ്പിങ് ബാഗിലേക് കയറി. ഞാൻ വീണ്ടും കുറച്ചു നേരം തീക്കു അടുത്ത് തന്നെ ഇരുന്നു. തണുപ് മസ്തിഷ്കത്തിലേക്കു കയറും ഇനിയും ഇവിടെ ഇരുന്നാൽ. അത്കൊണ്ട് ടെന്റിലേക്കു കയറി കിടന്നു. 5 മണിക്ക് അലാറം വെച്ച് പതിയെ നിദ്രയിലേക്ക്.

പക്ഷേ അലാറത്തെ ഞാൻ ആയിരുന്നു ഉണർത്തിയത്. സൂര്യോദയം കാണാനുള്ള ഒടുക്കത്തെ ക്യൂരിയോസിറ്റി കൊണ്ടാവാം നേരെത്തെ എണീച്ചു. 2 ജാക്കറ്റ് ഇട്ടു പുറത്തേക്ക് ഇറങ്ങി, ഇനിയും ടൈം എടുക്കും. അങ്ങനെ കുറച്ചു നേരം മൂപ്പരെ കാത്ത് നിന്നു. അങ്ങനെ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ടിതാ മലമുകളിലെ ദേവതയെ പോലെ കിഴക്കിന്റെ അങ്ങേ അറ്റത്തുനിന്നും തലയെടുപ്പോടെ ഉദിച്ചുയരുന്നു. മഞ്ഞിനേയും മേഘത്തിനെയും ബേധിച്ചുകൊണ്ട് രശ്മികൾ പരക്കെ പ്രകാശം പരത്താൻ തുടങ്ങി. Sun kissed, അങ്ങനെ തന്നെ പറയാം. ഒരുപാട് സന്തോഷത്തോടെ ഉണർന്ന ചുരുക്കം ചിലദിവസങ്ങളിൽ peak ലെവലിൽ നിൽക്കുന്ന ദിവസമായിരുന്നു അത്.

ഏതോ ഒരു മലക്ക് മുകളിൽ, എവിടെനിന്നോ വന്ന ഞാൻ, ഏതോ ഒരു നായയുടെ കൂടെ ഇരുന്നു പ്രകൃതിയുടെ അലങ്കാരികത ആസ്വദിക്കുന്നു. ഒരു പ്രത്യേക ഫീൽ ആയിരുന്നു ഈ യാത്രയിൽ എനിക്ക് കിട്ടിയത്. ഇതിനെക്കാളും വലിയ യാത്രകൾ ഉണ്ടായിട്ടുണ്ട്, പക്ഷേ അതിനേക്കാളൊക്കെ എത്രയോ സുന്ദരമായിരിക്കുന്നു ഈ കൊച്ചു യാത്ര. വേറെ ആര് എന്ത് പറയുന്നു എന്നത് എന്നെ തളർത്തുന്നില്ല.
കാരണം.. ഞാൻ ഓർമ്മകൾ ഉണ്ടാക്കുകയാണ്, നാളെ ശ്വാസം വിടാൻ പോലും സമയം ഇല്ലാതെ പരക്കം പായുമ്പോ മനസ്സിന് കുളിരേകാനുള്ള, “എന്റെ നല്ല ഓർമ്മകൾ…”