ചൈനയിൽ നിന്നും നാട്ടിൽ വന്നതിനു ശേഷം ഞങ്ങൾ ഫാമിലിയായി ഒരു യാത്രയ്ക്കായി ഇറങ്ങി. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാനും ശ്വേതയും പിന്നെ അനിയൻ അഭിയും. അഭിയ്ക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതിനാൽ ഇത്തവണ അവനായിരുന്നു നമ്മുടെ എംജി ഹെക്ടറിന്റെ സാരഥി. തേക്കടിയിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര.
പത്തനംതിട്ട ജില്ലയിലെ നല്ല റോഡിലൂടെ ഞങ്ങൾ കുതിച്ചു പാഞ്ഞു. കോഴഞ്ചേരിയിൽ നിന്നും എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം വഴിയാണ് കുമളിയിലേക്ക് ഞങ്ങൾ പോകുന്നത്. ശബരിമല സീസൺ ആയതിനാൽ പോകുന്ന വഴിയിൽ കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസ്സുകൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു.
യാതൊരുവിധ പരിചയക്കുറവും കൂടാതെ അഭി നന്നായി വാഹനമോടിച്ചു. എരുമേലി എത്തിയപ്പോൾ ശബരിമല തീർത്ഥാടകരുടെ പേട്ട തുള്ളൽ കണ്ടു. ടെക് ട്രാവൽ ഈറ്റ് തുടങ്ങിയ സമയത്ത് എരുമേലി പേട്ട തുള്ളലിനെക്കുറിച്ച് ഒരു ഇംഗ്ലീഷ് വ്ലോഗ് ചെയ്ത കാര്യം എൻ്റെ മനസ്സിൽ ഓർമ്മകളായി ഓടിവന്നു.
പോകുന്ന വഴിയിൽ ഒരു ഹോട്ടലിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. മുണ്ടക്കയം എത്തിയപ്പോൾ കാറിന്റെ നിയന്ത്രണം ഞാൻ ഏറ്റെടുത്തു. ചെറിയൊരു ഡ്രൈവർ ചേഞ്ച്. ചുരം സെക്ഷൻ ആയതിനാൽ അൽപ്പം പരിചയക്കൂടുതലുള്ളവർ വണ്ടിയോടിക്കുന്നതാണ് നല്ലത് എന്ന ചിന്തയിൽ നിന്നും ഉടലെടുത്തതായിരുന്നു ആ തീരുമാനം.
മുണ്ടക്കയം കഴിഞ്ഞാൽ പിന്നെ ഹൈറേഞ്ച് തുടങ്ങുകയായി. പിന്നീടങ്ങോട്ട് നല്ല കയറ്റമാണ്. വശങ്ങളിൽ മനോഹരമായ കാഴ്ചകൾ നീണ്ടു പോകുന്നു. എല്ലാം ആസ്വദിച്ചു ഞങ്ങൾ കുട്ടിക്കാനം ലക്ഷ്യമാക്കി യാത്ര തുടർന്നു. അങ്ങനെ പോയ്ക്കൊണ്ടിരിക്കുന്ന സമയത്താണ് അവിടെ അടുത്തായി പാഞ്ചാലിമേട് എന്നൊരു സ്ഥലമുണ്ടെന്നു അഭി പറയുന്നത്. എങ്കിൽപ്പിന്നെ അവിടെയൊന്നു സന്ദർശിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.
പാഞ്ചാലിമേടിനെക്കുറിച്ച് പറയുകയാണെങ്കിൽ, സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. കോട്ടയം – കുമളി റൂട്ടിൽ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോൾ, മുണ്ടക്കയം – തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം.
ഇടുങ്ങിയ കയറ്റം കയറി ഞങ്ങൾ പാഞ്ചാലിമേട്ടിൽ എത്തിച്ചേർന്നു. വളരെ മനോഹരമായി പരിപാലിച്ചിരിക്കുന്ന ഒരു സ്ഥലമാണ് പാഞ്ചാലിമേട്. സന്ദർശകർക്കായി നല്ല കോൺക്രീറ്റ് നടപ്പാതകൾ പണിതിട്ടിരുന്നതിനാൽ അവിടെയെല്ലാം നടന്നു കാണുവാൻ വളരെ ഉപകാരമായിരുന്നു അത്. പാഞ്ചാലിമേടിനു മുകളിൽ കുരിശുകൾ നിറഞ്ഞ ഒരു മൊട്ടക്കുന്നും, തൊട്ടപ്പുറത്തായി ഒരു ക്ഷേത്രവും ഉണ്ട്. മുകളിൽ നിന്നുള്ള കാഴ്ചകൾ വളരെ മനോഹരമായിരുന്നു.
ഇടുക്കി ജില്ലയിൽ അധികമാരും അറിയപ്പെടാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് പാഞ്ചാലിമേട് എന്നാണ് എനിക്ക് തോന്നുന്നത്. പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം. ഇത് കാണുന്നതിനായി ആയിരക്കണക്കിനാളുകൾ ആസമയത്ത് ഇവിടെ വരാറുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇടിമിന്നൽ ഉള്ളപ്പോൾ ഇവിടേക്ക് വരുന്നത് അപകടം ക്ഷണിച്ചു വരുത്തും. പെട്ടെന്ന് ഇടിമിന്നൽ ഏൽക്കുവാൻ സാധ്യതയുള്ള മേഖലകളിൽ ഒന്നാണ് പാഞ്ചാലിമേട്. ഫാമിലിയായും ദമ്പതികളായും വന്നു കുറച്ചു സമയം ചെലവഴിക്കാൻ പറ്റിയ ഒരു സ്ഥലം അന്വേഷിക്കുകയാണെങ്കിൽ നിങ്ങളുടെ ലിസ്റ്റിൽ പാഞ്ചാലിമേടും കൂടി ഉൾപ്പെടുത്തുക.
കോട്ടയം – കുമളി റൂട്ടിലൂടെ ഇനി എന്നെങ്കിലും നിങ്ങൾ പോകുകയാണെങ്കിൽ കുറച്ചു സമയം പാഞ്ചാലിമേട് സന്ദർശിക്കുവാനായി മാറ്റിവെക്കുക. ഒരിക്കലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല എന്നുറപ്പാണ്. അങ്ങനെ കുറേസമയം കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പാഞ്ചാലിമേട്ടിൽ നിന്നിറങ്ങി യാത്ര തുടർന്നു.