വിവരണം – Vishnu A S Nair.
പലർക്കും പരിചിതമായൊരു സ്ഥലമാണ് ഇടപ്പഴിഞ്ഞി പാങ്ങോട്. പണ്ട് തിരുവനന്തപുരം പാളയത്ത് തമ്പടിച്ചിരുന്ന പട്ടാളക്കാരെ മഹാരാജാവ് പാങ്ങോടിലോട്ട് പറിച്ചു നട്ടുവെന്നാണ് ചരിത്രം. അതുകൊണ്ടെന്താ, വിപ്ലവത്തിന് പകരം ജീവിതം തോക്കിൻ കുഴലിലൂടെ ജീവിക്കുന്ന പട്ടാളക്കാരെയും അവരുടെ ഭാഷയും റിക്രൂട്ട്മെന്റും കൂടാതെ ദൈനംദിനം പതിവു തെറ്റാതെ മിലിട്ടറി ക്യാന്റീനിന് മുന്നിലുള്ള ദശമൂലാരിഷ്ടത്തിന്റെ ‘ക്വാട്ട’ തിരിച്ചുള്ള കച്ചവടവും പാങ്ങോടുകാർക്ക് കിള്ളിയാറുപോലെ നിത്യകാഴ്ചയായി.
ഈ കളർ വെള്ളമല്ലാതെ കിടുക്കനൊരു ഫ്രൂട്ട് മിക്സ് കിട്ടുന്നൊരു കടയുമുണ്ട് പാങ്ങോട്. മഹാലക്ഷ്മി ഫ്രൂട്ട് സ്റ്റാളിലെ കണ്ണൻ ചേട്ടന്റെ ഫ്രൂട്ട് മിക്സ് !! പാങ്ങോട് നിന്നും തിരുമല പോകുന്ന വഴിക്ക് കാവിൽ ഭഗവതി ക്ഷേത്രം കഴിഞ്ഞൊരു 250 മീറ്റർ മുന്നോട്ട് പോയാൽ ഇടതു വശത്തായൊരു ഫ്രൂട്ട് സ്റ്റാൾ കാണാം.. അതു തന്നെയാണ് കണ്ണൻ ചേട്ടന്റെ കടയും… (പ്രദീപ്തി പ്രിന്റേർസ് – ബ്രിഗേഡിയർ ഹൗസിന്റെ പുറകു വശത്തെ ഗേറ്റ് എന്നിവയ്ക്ക് അടുത്ത്).
ഫ്രൂട്ട് സ്റ്റാൾ എന്നതിലുപരി നല്ല സ്വയമ്പൻ ഫ്രൂട്ട് മിക്സ് കിട്ടും ഇവിടെ. പോയി..കണ്ടു..വാങ്ങിക്കഴിച്ചു. വലിയൊരു കുത്തുപ്പോണിയിൽ “കച-കചാ” അരിഞ്ഞു വച്ചിരിക്കുന്ന ആപ്പിളും മുന്തിരിയും ചെറുപഴവും പപ്പായയും മാതളമണികളും തണ്ണിമത്തനും വരിക്കച്ചക്കയും പേരിന് ‘ഇത്തിരിപ്പൂരം’ പാലും ചേർത്ത നല്ല കിണ്ണം കാച്ചിയ സർബത്ത്..
ചെന്നു കയറി ആവശ്യമറിയിച്ചതോടെ സാമാന്യം വലിയൊരു ഗ്ളാസ്സിൽ സർബത്ത് കോരി തന്നു. സർബത്ത് എന്നതിലുപരി “ഫ്രൂട്ട് മിക്സ്” എന്ന പേരാകും ഇതിനു കൂടുതൽ ചേരുക. സാധാരണ കടയിൽ വാരിക്കോരിയിടുന്ന പപ്പായക്കും തണ്ണിമത്തനും പകരം അവയോടൊപ്പം ആപ്പിളിന്റെയും മാമ്പഴത്തിന്റെയും വരിക്കച്ചക്കയുടെയും കമനീയ ശേഖരം എന്നെ ആശ്ചര്യചകിതനാക്കി. ആർക്കോ വേണ്ടി ചേർത്ത പാലാണെങ്കിലും ആ പാലിന്റെ നേരിയ ചുവ ഈ സംഭവത്തിനൊരു പ്രത്യേക ചുവ നൽകുന്നുണ്ട്. നല്ല കിണ്ണം കാച്ചിയ ഫ്രൂട്ട് മിക്സ്….
ഒരു ഗ്ലാസ് ഫ്രൂട്ട് മിക്സും വാങ്ങി കൂടെ തരുന്ന അലുമിനിയം കരണ്ടിയിൽ കോരി കുടിക്കണം… ആഹാ അടിപൊളി…നേരെയെതിരെ നിന്ന വടക്കുകിഴക്കൻ പ്രദേശത്തെ പട്ടാളക്കാരൻ കയ്യിലെ ഫ്രൂട്ട് സർബത്തിനെ ‘ചെറഞ്ഞു’ നോക്കുന്നത് തീരെ ഗൗനിക്കാതെ പുള്ളിക്കാരനെ കൊതിപ്പിച്ചുകൊണ്ട് കഴിക്കുക.
വിലവിവരം :ഫ്രൂട്ട് മിക്സ് – ₹ 30/-. നാലു വർഷം മുൻപാണ് കണ്ണൻ ചേട്ടൻ ഈ ഫ്രൂട്ട് മിക്സ് നഗരത്തിൽ അവതരിപ്പിച്ചത്. തുടക്കത്തിൽ നല്ല ചിമിട്ടൻ ഐറ്റമായിരുന്നെങ്കിലും ഇടയ്ക്ക് പ്രശസ്തി കൂടിയപ്പോൾ ഗുണം കുറഞ്ഞതായി കേട്ടിരുന്നു. ഇപ്പോൾ സംഭവം കിടുക്കനാണ്. ഒരെണ്ണം കുടിച്ചാൽ കുറേ നേരത്തേക്ക് വിശപ്പും ക്ഷീണവുമൊന്നും തിരിഞ്ഞു നോക്കില്ല.. അതൊരു സത്യം മാത്രം…
NB : വൈകുന്നേരങ്ങളിൽ പോകുമ്പോൾ അധികം വൈകാതെ പോകാൻ ശ്രമിക്കുക.. വലിയ ഐസ് കട്ടകളിട്ട് തണുപ്പിക്കുന്ന പ്രക്രിയയാണ്.. ഐസ് അലിഞ്ഞു വെള്ളം കൂടിയാൽ രുചിയും ചോദ്യം ചെയ്യപ്പെട്ടേക്കാം. ലൊക്കേഷൻ :- https://maps.google.com/?q=8.505121,76.974405.