എഴുത്ത് – Navas Kiliyanni.
പണ്ട് മുതല്ക്കേ നിങ്ങളെ പോലെ തന്നെ ഞാനും ഗൃഹാതുരത്വത്തിന്റെയും ഗ്രാമീണകാഴ്ച്ചകളുടെയുമൊക്കെ കമ്പക്കാരനായിരുന്നു. പ്രവാസ ജീവിതം ആ കമ്പക്കാരനെ ഒന്ന് കൂടി ശക്തനാക്കി. ഫോടോഗ്രഫിയോട് ചെറിയ ഇഷ്ടം തോന്നിയതോട് കൂടി സൈക്കൊസിസില്‍ തുടങ്ങി ന്യൂറോസസിന്റെ ഏതൊക്കെയോ തലങ്ങളില്‍ എത്തിയെന്നോക്കെയാണ് കൂടെയുള്ളവര്‍ പറഞ്ഞ് കേട്ടത്..അതിപ്പോ ഒരു വിധപ്പെട്ട എല്ലാ മലയാളികള്‍ക്കും കാണും ഈ പ്രാന്ത്.
പഴയകാല മലയാള സിനിമകളിലെ ലൊക്കേഷന്‍ തേടിയുള്ള ഭ്രാന്തന് തിരച്ചിലുകള്‍ക്കിടയില്‍ യാദൃശ്ചികമായി കണ്ട പാഞ്ഞാളിനെ കുറിച്ചുള്ള ഒരു പത്രകട്ടിങ്ങ് വഴി നടത്തിയ ഫേസ്ബുക്ക് തിരച്ചിലുകള്‍ക്കിടയില്‍ കണ്ടുമുട്ടിയ “പാഞ്ഞാള്‍” എന്ന കൊച്ചു ഗ്രാമത്തിന്റെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കണ്ട ചില പോസ്റ്റുകള്‍, അടുത്ത വെക്കേഷനില്‍ ആ ഗ്രാമത്തിലേക്കൊരു സന്ദര്‍ശനം നടത്താന്‍ മനസിനെ വല്ലാതെ കൊതിപ്പിച്ചു. കൂട്ടിന് പ്രിയ സ്നേഹിതനും സഞ്ചാരപ്രിയനുമായ ആഷിക്കും.
കൂടെയുള്ള യാത്രക്കാരന്റെ അഭിരുചി ഏതൊരു യാത്രയുടെയും വിജയഘടകങ്ങളില്‍ ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ. അതില്ലെങ്കില്‍ പിന്നെ ഒറ്റക്കുള്ള യാത്രയാണ് അഭികാമ്യം. ആഷിക്കാണേല്‍ ഇത്യാദി ഭ്രാന്തുകളുടെ കാര്യത്തില്‍ എന്നെക്കാള്‍ ഒരു പടിയെങ്കിലും മുന്നില്‍. അപ്പൊ പിന്നെ കൂടുതല്‍ ചിന്തിക്കാനൊന്നുമില്ല.
ഒരു നവംബര്‍ മാസത്തിലെ പുലര്‍ച്ചെ ഞങ്ങള്‍ ചെറുതുരുത്തിയില്‍ നിന്നും പാഞ്ഞാളിലെക്ക് യാത്ര തിരിച്ചു. ലക്ഷ്യം തനി നാടന്‍ ഗ്രാമീണ കാഴ്ചകള്‍ ആവോളം ആസ്വദിക്കുക. ഒട്ടേറെ മലയാള സിനിമകളില്‍ കണ്ടു പരിചയമുള്ള ഒരുപാട് പ്രദേശങ്ങള്‍ നേരിട്ട് കാണുക. തിരഞ്ഞെടുത്ത സമയം പുലര്‍ച്ചെ ആയതിനു പിന്നില്‍ ആ സമയത്തിന്റെ ഊര്‍ജം എന്നതാണ്.
പോകുന്ന വഴിയെ ഒരു നാടന്‍ ചായകടയില്‍ കയറി രണ്ടു സ്ട്രോങ്ങ് ചായയും മോന്തി പാഞ്ഞാള്‍ ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയെല്ലാം മഞ്ഞിന്റെ അകമ്പടിയാലും പച്ചപ്പുകള്‍ നിറഞ്ഞ പാടങ്ങളാലും ഗൃഹാതുരത്വം വേണ്ടോളമുണര്‍ത്തുന്ന കൊച്ചു കവലകളാലും സമൃദ്ധം. കാഴ്ചകള്‍ സ്വന്തം കണ്ണുകള്‍ക്ക് മാത്രം പോരല്ലോ. ചില കാഴ്ചകള്‍ കയ്യിലുള്ള കാനോന്‍ 6Dക്കും പകര്‍ന്നു കൊടുത്തുകൊണ്ടങ്ങനെ യാത്ര തുടര്‍ന്നു.
പി.എൻ. മേനോന് സംവിധാനം ചെയ്ത സത്യൻ മാസ്റ്ററുടെ “കുട്ടിയേടത്തി” എന്ന സിനിമ തൊട്ട് പുതുതലമുറയിലെ ബേസില്‍ ജോസഫിന്റെ ടോവിനോ ചിത്രമായ “ഗോദ” വരെയുള്ള ഒട്ടനേകം സിനിമകള്‍ക്ക് പശ്ചാത്തലമായിട്ടുള്ള സ്ഥലമാണീ പാഞ്ഞാള്‍. പാഞ്ഞാളിൽ ചിത്രീകരിക്കപ്പെടുന്ന ഒട്ടുമിക്ക സിനിമകളുടെയും ലൊക്കേഷന്‍ ഈ പാഞ്ഞാള്‍ സെന്ററാണ്.
ഓര്‍ക്കുന്നില്ലേ? സ്വന്തം സ്വത്തും പറമ്പുമൊക്കെ ഈട് വച്ച് ചീട്ട്കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മുണ്ടയ്ക്കൽ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാരുടെ വെല്ലുവിളി കേട്ട് ഒന്നാം നിലയിലുള്ള ക്ലബില്‍ നിന്ന് സിംഹ ശൌര്യത്തോടെ ഗോവണിപ്പടിയിറങ്ങി നമ്പ്യാരോട് കോര്‍ക്കുന്ന നീലകണ്ഠനെ? നടുറോഡില്‍ കിടന്നു തല്ലുണ്ടാക്കിയ നീലകണ്ടനെ അറസ്റ്റു ചെയ്യാന്‍ വന്ന പോലീസുകാരനെ ഭീഷണിപ്പെടുത്തുന്ന നീലനെ? ഇതിനെല്ലാം പശ്ചാത്തലമായത് ഈ കൊച്ചു കവലയാണ്.
വൈദ്യുതിയെത്താത്ത ഗ്രാമത്തില്‍ അതെത്തുമ്പോഴുള്ള പ്രശ്നങ്ങളെ പ്രമേയമാക്കി ജി.അരവിന്ദന് അണിയിച്ചൊരുക്കിയ “ഒരിടത്ത്” സിനിമയ്ക്കും പശ്ചാത്തലമായത് പാഞ്ഞാൾ തന്നെ. ജോര്‍ജ് കിത്തുവിന്റെ ആധാരം എന്ന സിനിമയിലെ ബാപ്പൂട്ടിയും കൃഷ്ണമേനോനും തമ്മില്‍ നടക്കുന്ന ഉശിരന്‍ സംഘട്ടനം നടക്കുന്ന സ്ഥലം ഓര്‍മയില്ലേ? അത് ചിത്രീകരിച്ചത് പാഞ്ഞാള്‍ സെന്ററിലാണ്.
സൂപ്പര്‍സ്റ്റാര്‍ രജനിയണ്ണന്റെ മുത്തുവിലെ ചില രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഈ പുഴയും കടന്ന്, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ചിന്താവിഷ്ടയായ ശ്യാമള, പട്ടാഭിഷേകം, ബാലേട്ടൻ, നാട്ടുരാജാവ്, മലർവാടി ആർട്സ് ക്ലബ്, നാടകമേ ഉലകം, സ്വപാനം, മാടമ്പി, ഉത്സവപിറ്റേന്ന്, ഗജകേസരിയോഗം, ഏഴരകൂട്ടം, ഗോദ തുടങ്ങി എണ്ണിയാല്‍ ഓടുങ്ങാത്തത്ര സിനിമകള്‍ക്ക് ലൊക്കേഷനായി മാറിയിട്ടുണ്ട് ഇവിടം. മലയാള സിനിമയുടെ ലൊക്കേഷന്‍ തറവാടെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒറ്റപ്പാലത്തേക്ക് ഇവിടുന്ന് അധികം ദൂരമില്ല എന്നതും പാഞ്ഞാളിനെ സിനിമ പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരമാക്കുന്നു.
ഞങ്ങള്‍ പോയ ദിവസം “ഗോദ” എന്ന സിനിമയുടെ ടീം അവിടുത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ലൊക്കേഷന്‍ മാറിയതിന്റെ പിറ്റേ ദിവസമായിരുന്നു. അത് കൊണ്ട് തന്നെ പാഞ്ഞാള്‍ അന്നേ ദിവസവും “കണ്ണാടിക്കല്‍” എന്ന ഗ്രാമമായി വേഷമിട്ടുകൊണ്ടായിരുന്നു ഞങ്ങളെ എതിരേറ്റത്. ഇത്രയധികം വൈവിധ്യമാര്‍ന്ന ഗ്രാമങ്ങളായി വേഷമിട്ട കവലകള്‍ വേറെ കാണുമോ എന്നത് സംശയമാണ്.
പാഞ്ഞാള്‍ സെന്ററിനു സമീപം വണ്ടിയൊതുക്കി നിര്‍ത്തി കവലക്ക് സമീപമുള്ള സ്ഥലത്തെല്ലാം ഒന്ന് കറങ്ങിയും ഒരു പാട് ചിത്രങ്ങളെടുത്തും സമയം പോയതറിഞ്ഞില്ല. ഗൃഹാതുരത്വത്തിന്റെ ഒരു ഹോള്സെയ്ല് വ്യാപാരം തന്നെയാണ് ഇവിടുത്തെ പരിസര പ്രദേശങ്ങള്‍. മനോഹരമായ ഇടവഴികള്‍, അമ്പലങ്ങള്‍, മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയില്‍ കണ്ട മനോഹരമായ കട്ടില്‍ക്കാവ് അത്താണി, പച്ചയണിഞ്ഞ വയലേലകള്‍, വയലുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ലക്ഷ്മിനാരായണ ക്ഷേത്രം, നാടന്‍ ശൈലിയിലൊരുക്കിയിരിക്കുന്ന വീടുകള്‍, പഴയ രൂപഭാവത്തില്‍ അങ്ങിങ്ങായി കാണുന്ന ചായ കടകള്‍, പാര്‍ട്ടി ഓഫീസുകള്‍… ഒരു പാട് സുഖകരമായ കാഴ്ചകള്‍ ഞങ്ങള്‍ക്ക് നല്കി ഈ പാഞ്ഞാള്‍.
സമയക്കുറവു കൊണ്ട് തന്നെ കാണേണ്ട പല സ്ഥലങ്ങളും തല്‍ക്കാലത്തേക്ക് ഒഴിവാക്കേണ്ടി വന്നു. കഥകളിലും പഴയകാല സിനിമകളിലും മറ്റും കണ്ട മാതൃകയിലുള്ള ലക്ഷ്മിനാരായണ ക്ഷേത്രം (പുറത്ത് നിന്ന് വെറുതെ കണ്ടതല്ലാതെ കൂടുതല്‍ കറങ്ങാനുള്ള സമയം ലഭിച്ചില്ല), പാഞ്ഞാൾ അയ്യപ്പൻകാവ്, 175 വർഷം പഴക്കമുള്ള പെരുമങ്ങാട്ട് മന, തോട്ടത്തിൽ മന, ശുകപുരം ദക്ഷിണാമൂർത്തിസ്വാമി ക്ഷേത്രം, കിള്ളിമംഗലത്തേക്കുള്ള വഴി… ഇങ്ങനെ ഒരു പാട് കാഴകള്‍ സമ്മാനിക്കും പാഞ്ഞാള്‍ എന്ന കൊച്ചു ഗ്രാമം.
വാഴാലിക്കാവിലേക്ക് – മനസില്ലാ മനസോടെ പാഞ്ഞാളില്‍ നിന്നും നേരെ യാത്ര തിരിച്ചത് ഞങ്ങളുടെ മറ്റൊരു പ്രിയപ്പെട്ട സ്ഥലവും പാഞ്ഞാളിനോട് വളരെയടുത്തു തന്നെ സ്ഥിതി ചെയ്യുന്നതുമായ വാഴാലിക്കാവിലേക്കാണ്. അങ്ങോട്ടുള്ള റോഡ് സാമാന്യം വളരെ മോശമാണ്. വല്ലപ്പോഴും വരുന്ന നമ്മളെ സംബന്ധിച്ച് അതൊരു വിഷയമല്ല, പക്ഷെ നാട്ടുകാരില്‍ പലരും റോഡിനെ കുറിച്ച് കടുത്ത പരാതി പറയുന്നത് കേട്ടു. അങ്ങനെ ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടും ഫോട്ടോകള്‍ എടുത്തും വാഴാലിക്കാവിലെത്തി. വാഴാലിക്കാവിനെ കുറിച്ച് മുമ്പൊരിക്കല്‍ പോസ്റ്റ് ചെയ്തതാണ്. എങ്കിലും ചുരുക്കി പറയാം.
കഠിനമായ ജോലിത്തിരക്കുകള്‍ക്കിടയില്‍ ഒരിക്കലെങ്കിലും എല്ലാം മറന്നു കുറച്ചു നേരം ശാന്തതയോടെ ചിലവഴിക്കണമെന്നുണ്ടോ? പരിമിതമായ തന്റെ ഒരു മാസത്തെ ലീവില്‍ നിന്ന് കല്യാണം കൂടല്‍, ബന്ധുസന്ദര്‍ശം, ഇത്യാദി വിഷയങ്ങള്‍ അല്പനേരത്തേക്ക് മാറ്റി വെച്ച്, സ്വസ്ഥമായൊരിടത്ത് ചുമ്മാ കാറ്റും കൊണ്ടിരിക്കണമെന്നു തോന്നാറുണ്ടോ? തന്റെ പ്രിയതമയുടെയോ പ്രിയതമന്റെയോ കൂട്ടുകരന്റെയോ, കൂട്ടുകരിയുടെയോ കൂടെ പഴയകാല ഓര്‍മകളും ജീവിതത്തിലെ രസകരമായ സംഭവങ്ങളും പങ്ക് വെച്ച്, ഒരു പാട് നേരമങ്ങനെ യാതൊരു ബഹളവുമില്ലാതെ പ്രകൃതിരമണീയമായ സ്ഥലത്ത് കുറെ നേരമങ്ങ് ചെലവഴിക്കണോ? ഇപ്പറഞ്ഞതെല്ലാം നിങ്ങളെ ഉന്മാദിപ്പിക്കുന്നുണ്ടെങ്കില്‍ ധൈര്യമായി ഇങ്ങോട്ടിറങ്ങിക്കോളൂ മനോഹരമായ ഈ പ്രദേശത്തേക്ക്. ഈ സ്ഥലം സിനിമകളിലെങ്കിലും കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും.
തൃശൂർ ജില്ലയിലെ പാഞ്ഞാൾ പഞ്ചായത്തിൽ പൈങ്കുളത്ത് നിളയുടെ തീരത്തുള്ള വാഴാലിക്കാവ് ക്ഷേത്രവും പരിസരവുമാണ് ഈ പറയുന്ന സ്ഥലം. ഒരു വശത്ത് അതിമനോഹരവും വിശാലവുമായ വയലുകളും മറ്റൊരിടത്ത് ഭാരതപ്പുഴയും, സമീപത്തായി ഒരു ക്ഷേത്രവും, വയലിന്റെ നടുക്കായി മനോഹരമായൊരു ആല്‍മരം. ഗ്രാമീണത ഇഷ്ടപ്പെടുന്ന നമ്മെ പുളകം കൊള്ളിക്കാന്‍ മറ്റെന്ത് വേണം?
ഇനി സിനിമ പ്രന്തന്മാരെ സംബന്ധിച്ചാണെങ്കില്‍ ഡബിള്‍ ധമാക്ക : ആറാം തമ്പുരാന്, സല്ലാപം, ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, ഈ പുഴയും കടന്ന് , കിളിച്ചുണ്ടൻ മാമ്പഴം, ചന്ദ്രോത്സവം, മല്ലുസിംഗ്, ബാലേട്ടൻ, മിസ്റ്റര്‍ ഫ്രോഡ്, തുടങ്ങി അനവധി ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുള്ള സ്ഥലവും പരിസരവുമാണ് ഈ വാഴാളിക്കാവ് ഭഗവതി ക്ഷേത്രവും പരിസരവും.
വയലിന്റെയുള്ളിലായി കാണപ്പെന്ന കുടിലാണ് കൂത്ത് മാടത്തറ. വേനല്‍കാലത്ത് കൂത്ത്മാടത്തറയില്‍ മുന്‍ഭാഗം തുണി കൊണ്ട് മറച്ചു കൊണ്ട് നിഴല്‍കൂത്ത് നടക്കുമെന്നും മാടത്തറ ദീപങ്ങളാല്‍ അലംകൃതമാകുമെന്നും അവിടെ നിര്മിക്കപെട്ട രൂപങ്ങള്‍ കഥകള്‍ പറഞ്ഞു തുടങ്ങുമെന്നും ഇന്റെര്‍നെറ്റില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നുമൊക്കെ വായിച്ചറിഞ്ഞതാണ്.
തിരിച്ചു പോകാന്‍ സമയമായി. ഇനിയും ഒരു പാട് സ്ഥലങ്ങളില്‍ പോകാനുള്ളതാണ്. ഓരോ സീസണിലും ഓരോ വിധത്തിലുള്ള അനുഭവങ്ങളാണ് വാഴാലിക്കാവ് നല്‍കുക. ചിത്രങ്ങളില്‍ കാണുന്ന ആ ആല്‍മരചോട്ടിലേക്ക് ഇളംകാറ്റിന്റെ അകമ്പടിയോടെ, ആസ്വദിച്ചു നടന്നും പാടവരമ്പത്ത് കൂടി ഒരു പാട് ദൂരം നടന്നു. നിളയുടെ സൌന്ദര്യമാസ്വദിച്ചും അങ്ങനെ സമയം പോയി.
അതിരാവിലെയെഴുന്നേറ്റു നിളയില്‍ പോയി നല്ലൊരുഗ്രന്‍ കുളി പാസാക്കി അച്ഛന്റെ കൈ പിടിച്ചു ആല്‍മരത്തിന്റെ സമീപത്തേക്ക് നടന്നു വരുന്ന കുട്ടി, അവധി ദിവസം ആസ്വദിക്കാന്‍ കൂട്ടമായി സൈക്കിളുമെടുത്തു ബാല്യകാലം ആസ്വദിക്കുന്ന കൊച്ചു കൂട്ടുകാര്‍… ഈ കാഴ്ചകളൊക്കെ കണ്ടപ്പോള്‍ മനസ് ഒരു പാട് വര്‍ഷം പിറകിലേക്കോടി. അതെ, ഈ സന്തോഷങ്ങലെല്ലാം എന്റെ തലമുറയോട് കൂടി തീര്‍ന്നു എന്നു അഹങ്കാരത്തോടെ പറയാന്‍ വരട്ടെ – അത് പോലെ ആസ്വദിക്കുന്നവര്‍ ഇന്നും ഇവിടുണ്ട്.
സമയം പോകുന്നു. ഇനിയും ഒരു പാട് സ്ഥലങ്ങളില്‍ പോകാനുണ്ട്. ഒറ്റപ്പാലം- വാണിയംകുളം പരിസരങ്ങളൊക്കെ ഒരു പാട് ചുറ്റി കറങ്ങാനുള്ളതാണ്. തല്‍ക്കാലത്തേക്ക് വാഴാലിക്കാവിനോട് വിട പറഞ്ഞ് നേരെ ഒറ്റപ്പാലം ലക്ഷ്യമാക്കി കുതിച്ചു. കൂടുതല്‍ നാടന്‍ കാഴ്ചകളും മലയാള സിനിമകളില്‍ നാം കണ്ടു പരിചയിച്ച സ്ഥലങ്ങളും ലൊക്കേഷനുകളും ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.