പന്നിയൂര്‍ മഹാക്ഷേത്രം; ഇന്നും പണിതീരാത്ത കേരളത്തിലെ ഒരു ക്ഷേത്രം

വിവരണം – Vaisakh Kizhepattu.

നമ്മൾ ഒരുപാട് പോകാൻ പ്ലാൻ ചെയ്താലും കഴിയാത്ത കുറെ സ്ഥലങ്ങൾ ഉണ്ടാകും അതിൽ പ്രധാനം ക്ഷേത്രങ്ങളാകും. ചില ക്ഷേത്രങ്ങളിൽ പോകാൻ നമ്മൾ വിചാരിച്ചാലും നടക്കാറില്ല. അത്തരത്തിലുള്ള ഒരുപാട് അനുഭവം നമ്മളിൽ ഉണ്ടാകും. അങ്ങനെ ഉള്ള ഒരു ക്ഷേത്രമാണ് പന്നിയൂർ ശ്രീ വരാഹമൂർത്തി ക്ഷേത്രം. മുൻപ് പലതവണ ചിന്തിച്ചെങ്കിലും പോകാൻ കഴിഞ്ഞിരുന്നില്ല ഒടുവിൽ വെറും അഞ്ചു മിനിറ്റ് കൊണ്ട് പോകാനുള്ള കാര്യങ്ങൾ തയ്യാറായി. പാലക്കാട് ജില്ലയിലെ പട്ടാമ്പി അടുത്തുള്ള കുമ്പിടി എന്ന ഗ്രാമത്തിൽ ആണ് ഈ പ്രസിദ്ധമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഏകദേശം 4000 വർഷത്തോളം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം പരശുരാമൻ നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം. ക്ഷത്രിയ നിഗ്രഹത്തിനു ശേഷം ധ്യാനനിരതനായ പരശുരാമന് മനസ്സമാധാനം ലഭിച്ചില്ല എന്നും നാരദന്റെ ഉപദേശ പ്രകാരം ഭഗവാന്‍ വിഷ്ണുവിനെ ഭജിച്ച പരശുരാമന് ഭഗവാന്‍ ദര്‍ശനം നല്‍കുകയും ഭഗവാന്റെ നിര്‍ദേശപ്രകാരം കേരള ഭൂമിയുടെ മധ്യ ഭാഗത്തായി വരാഹ മൂര്‍ത്തിയെ പ്രതിഷ്ഠിക്കുകയും ഈ ഭൂമിയുടെ രക്ഷാധികാരിയായി നിര്‍ദേശിക്കുകയും ചെയ്തു. അത് പ്രകാരം കേരളത്തിന്റെ മധ്യമാണ് ഈ മഹാക്ഷേത്രം എന്നാണ് പറയുന്നത്.

വൈകുന്നേരത്തോടെ ആണ് ക്ഷേത്രത്തിലേക്ക് പോകുന്നത്. അഞ്ചു മണിക്ക് തുറക്കും. കൃത്യ സമയത്തു തന്നെ എത്താനും സാധിച്ചു. വൈകുന്നേരം ആയതിനാൽ ആണോ എന്നറിയില്ല കാര്യമായി തിരക്കുകൾ ഒന്നും ഇല്ല. ഒറ്റ ശിലയിൽ കൊത്തിയെടുത്ത ഭൂമിദേവി സമേതനായ ശ്രീ വരാഹമൂർത്തി ആണ് ഇവിടത്തെ പ്രതിഷ്ഠ. കൂടാതെ ശിവൻ, അയ്യപ്പൻ, ഗണപതി, ഭഗവതി, സുബ്രഹ്മണ്യൻ, ലക്ഷ്മി നാരായണൻ എന്നീ ഉപദേവതകളും ക്ഷേത്രത്തിൽ ഉണ്ട്. സന്ധ്യ സമയം ആയതിനാൽ ഉപദേവതകളെ തൊഴുതതിന് ശേഷമാണ് ഉള്ളിലേക്ക് കയറിയത്.

പന്നിയൂരമ്പലം പണി മുടിയില്ല എന്നൊരു ചൊല്ലുണ്ട്. അത് മഹാനായ പെരുന്തച്ചനെ ബന്ധപെടുത്തിയാണ്. പെരുന്തച്ചന്‍ തന്റെ ഉളിയും മുഴക്കോലും ഉപേക്ഷിച്ച് അലയാന്‍ പുറപ്പെട്ടത് പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിനു മുന്നിലുള്ള മുഴക്കോലും ശ്രീകോവിലിന്റെ സമീപത്തെ കല്ലു പടവിനടിയിലുള്ള ഉളിയുടെ രൂപവും ചേര്‍ന്നു പറയുന്നതും ഈ കഥ തന്നെയാണ്.

പുത്രനെ നഷ്ടപ്പെട്ടതിനു ശേഷം അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന പെരുന്തച്ചന്‍ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ശ്രീകോവിലിന്റെ ചില പണികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നുവത്. മുഷിഞ്ഞ വേഷത്തിലെത്തിയ പെരുന്തച്ചനെ തിരിച്ചറിയാന്‍ അവിടുത്തെ തച്ചന്‍മാര്‍ക്കായില്ല. അതില്‍ കോപിതനായ പെരുന്തച്ചന്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ അളന്നു വച്ചിരുന്ന കഴുക്കോലില്‍ വരകള്‍ വരച്ച് അളവ് തെറ്റിച്ച് മടങ്ങിപ്പോയി. ഇതറിയാതെ കഴുക്കോലെടുത്ത് ചട്ടം കൂട്ടിയ തച്ചന്‍മാര്‍ക്ക് അളവ് പിഴച്ചു. അപരിചതരാരോ ചെയ്ത പണിയാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ അവിടെയുണ്ടായിരുന്ന പെരുന്തച്ചനെ അന്വേഷിച്ചിറങ്ങി.

അദ്ദേഹത്തെ കണ്ടെത്തി മാപ്പു പറഞ്ഞപ്പോള്‍ അദ്ദേഹം അവരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു. പിന്നീട് അന്ന് അര്‍ധരാത്രിയില്‍ ക്ഷേത്രത്തിലെത്തിയ പെരുന്തച്ചന്‍ വളരെ ചെറിയ മിനുക്കു പണികള്‍കൊണ്ട് ചട്ടം കൂട്ടിയത്രെ. എന്നാല്‍ ഇത്രയും കാലം ഈ ക്ഷേത്രത്തിലെ പണിികള്‍ കൊണ്ട് ജീവിച്ചിരുന്ന തച്ചന്‍മാര്‍ തങ്ങളുടെ പണി അവസാനിച്ച കാര്യം അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ തന്റെ ഉളിയും മുഴക്കോലും അവിടെ ഉപേക്ഷിച്ച പെരുന്തച്ചന്‍ പന്നിയൂരമ്പലം പണി മുടിയില്ല എന്ന് പറഞ്ഞ് തങ്ങളുടെ വംശത്തിലെ ഒരാള്‍ക്ക് അവിടെ പണിയുണ്ടാകുമെന്നും അവരെ അനുഗ്രഹിച്ചു. പിന്നീട് പെരുന്തച്ചനെക്കുറിച്ച് ആരും കേട്ടിട്ടില്ല എന്നാണ് പറയുന്നത്..

ഭൂമി സംബന്ധമായ ദോഷങ്ങൾ തീരുവാനും നഷ്ടപ്പെട്ടതും കേസിൽ പെട്ടതുമായി സ്ഥലം തിരിച്ചു കിട്ടാനും ഒക്കെ പന്നിയൂരപ്പനോട് പ്രാർത്ഥിച്ചാൽ ശരിയാകുമെന്നാണ് ഇവിടത്തെ മറ്റൊരു വിശ്വാസം. കോഴിക്കോട് സാമൂതിരിയുടെ കീഴിലാണ് ഇന്ന് ഈ ക്ഷേത്രം. ക്ഷേത്രത്തിലേക്ക് കടക്കുമ്പോൾ ഇടതു വശത്തായി തകർന്നുപോയ വലിയ കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയും. അതിന്റെ ഒരു തൂണ് മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അത് യക്ഷിത്തൂൺ എന്നാണ് അറിയപ്പെടുന്നത്. അതിന്റെ പിന്നിലും ഒരു കഥയുണ്ട്. പണ്ട് യക്ഷി ശല്യം മൂലം അമ്പലത്തിൽ ആർക്കും എത്തിച്ചേരാൻ കഴിയാതെ വന്നപ്പോൾ ആ യക്ഷിയെ തളച്ചത് ഈ കൂത്തമ്പലത്തിന്റെ തൂണിൽ എന്നാണ് പറയുന്നത്.

ഈ ക്ഷേത്രം പ്രസിദ്ധിയും ഐശ്വര്യവും നേടും എന്നും 600 വർഷം മുൻപ് ജീവിച്ചിരുന്ന അപ്പത്ത് അടീരി എന്ന മഹാപണ്ഡിതനും ശിവഭക്തനുമായ ഒരാൾ ചെമ്പ് തകിടിൽ എഴുതിയ പ്രവചനം ഈ അടുത്തകാലത്ത് കണ്ടുകിട്ടിയിരുന്നു. ഇവിടത്തെ മറ്റൊരു ആകർഷണം തുറ(ചിറ) യാണ്.ക്ഷേത്രത്തിന്റെ തെക്കു വടക്കായി നീണ്ടു കിടക്കുന്ന തുറക്കും ഉണ്ട് ഒരു കഥ.വരാഹം തന്റെ തേറ്റ കൊണ്ട് ഉണ്ടാക്കിയതാണ് ഈ തുറ എന്നാണ് പറയുന്നത്..

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. വരാഹാവതാരം ബുധന്‍ ദിവസമായത് കൊണ്ട് ബുധനാഴ്ച ദിവസത്തെ ദര്‍ശനം കൂടുതല്‍ പ്രധാനമാണ്. ഇവിടത്തെ ഏറ്റവും പ്രശസ്തമായ പൂജയാണ് അഭിഷ്ടസിദ്ധിപൂജ. കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ പ്രധാനമന്ത്രിയുടെ പേരിൽ ഈ പൂജ നടത്തിയതായി പത്രങ്ങളിൽ വാർത്തകൾ വന്നിരുന്നു. കാലത് 5 മുതൽ 11 വരെയും വൈകുന്നേരം 5 മുതൽ 8 വരെയും ആണ് ദർശന സമയം.മീനം/മേടത്തിൽ നടക്കുന്ന ഒരാഴ്ച നീളുന്ന വരാഹജയന്തി ആണ് ഇവിടത്തെ പ്രധാന ആഘോഷം..

എത്തിച്ചേരാൻ : കുമ്പിടിയിൽ നിന്നും ആനക്കര റോഡിൽ 1 KM സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം.കുറ്റിപ്പുറം ഭാഗത്തു നിന്ന് വരുന്നവർ തൃക്കണാപുരം കുമ്പിടി വഴിയും.പാലക്കാട് നിന്ന് വരുന്നവർ പട്ടാമ്പി തൃത്താല കുമ്പിടി വഴിയും. തൃശൂർ നിന്നും വരുന്നവർ എടപ്പാൾ നീലിയാട് വഴിയും വരുക.. വീഡിയോ കാണാൻ https://youtu.be/Xv8vbvSMlnQ .