വലിയ പരിചരണം ഒന്നും കൂടാതെ തന്നെ വീട്ടുവളപ്പിൽ നട്ടുവളർത്തി പരിപാലിക്കാവുന്ന ഫലവൃക്ഷമാണ് പപ്പായ. കപ്പങ്ങ, കപ്പളങ്ങ, ഓമയ്ക്ക എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പപ്പായ ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഫലത്തിനായും, ഫലത്തിൽ നിന്നുമുള്ള വെള്ള കറയ്ക്കായും വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നുണ്ട്. സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലമാണ് ആണ് പപ്പായ നടുന്നതിന് അനുയോജ്യം.
റെഡ് ലേഡി, റെഡ് റൂബി എന്നീ സങ്കരയിനങ്ങൾ നല്ല വിളവ് കിട്ടുന്നയിനങ്ങൾ ആണ്. വിത്തു മുളപ്പിച്ചുണ്ടാക്കിയ തൈകളും,കൂനപ്പതിവച്ചുണ്ടാക്കിവയും നടാൻ ഉപയോഗിക്കാം. വിത്താണ് നടുന്നതെങ്കിൽ ഒരു കവറിൽ നടീൽ മിശ്രിതം നിറച്ച് അതിൽ വിത്ത് പാകി മുളപ്പിക്കുക. പപ്പായ വിത്ത് 7, 8 മണിക്കൂർ വെള്ളത്തിൽ ഇട്ടതിനു ശേഷം നട്ടാൽ വേഗം കിളിർത്തു വരുന്നതായി കാണാം. നടീൽ മിശ്രിതത്തിന് മണ്ണ്, മണൽ, ചകിരിച്ചോർ, ചാണകപ്പെടി എന്നിവ തുല്യ അനുപാതത്തിൽ എടുക്കുക. അതായത്, 1:1:1:1 എന്ന അനുപാതത്തിൽ നടീൽ മിശ്രിതം തയ്യാറാക്കുക. ഒന്നര, രണ്ട് മാസം പ്രായമായ തൈകൾ പറിച്ച് മാറ്റി നടാവുന്നതാണ്. മേൽ മണ്ണിനോടൊപ്പം ചാണകപ്പൊടിയും, വേപ്പിൻ പിണ്ണാക്കും ചേർത്തിളക്കി കുഴി നിറയ്ക്കുക. അതിൽ പിള്ളക്കുഴി ഉണ്ടാക്കി തൈ നട്ടുവയ്ക്കുക.
മഴക്കാലത്ത് ചുവട്ടിൽ വെള്ളക്കെട്ട് ഒഴിവാക്കണം. ചുവട്ടിൽ വെള്ളക്കെട്ടുണ്ടായാൽ പപ്പായയിൽ ‘കോളാർ റോട്ട് ‘ എന്ന അഴുകൽ രോഗം ഉണ്ടാകാനിടയുണ്ട്. നീർവാർച്ചാ സൗകര്യമുണ്ടാക്കുകയും, ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചും, ചുവട്ടിൽ ഒഴിച്ചു കൊടുത്തും ഇത് തടയാം. പിഞ്ചു കായ്കൾ ധാരാളമായി കൊഴിയുന്ന രോഗം കണ്ടാൽ ബോർഡോ മിശ്രിതം തളിയ്ക്കുക.
മൊസൈക്ക് രോഗം ബാധിച്ചാൽ ഇലകൾ മുരടിക്കുകയും, കായ്കൾ ചുക്കി ചുളിയുകയും ചെയ്യും. കായ്കൾക്കു മീതേ പൊള്ളിയതു പോലെ കാണപ്പെടുകയും ചെയ്യും. ഇത് വൈറസ് രോഗം ആയതുകൊണ്ട് രോഗബാധ തടയാൻ രോഗം ബാധിച്ച ചെടികൾ പിഴുതു മാറ്റി തീയിട്ടു നശിപ്പിക്കുക തന്നെ ചെയ്യണം. മൊസൈക്ക് രോഗത്തിന്റെ ആരംഭദശയിൽ വെള്ളത്തിൽ നിലക്കടലയെണ്ണ നേർപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. രോഗം പരത്തുന്ന കീടങ്ങളെ തുരത്താനും, വൈറസിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കാനും നിലക്കടലയെണ്ണയിലെ ചില കൊഴുപ്പമ്ലങ്ങൾക്കു സാധിക്കും എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
മീലിമൂട്ടയാണ് കേരളത്തിൽ പപ്പായയെ രൂക്ഷമായി ബാധിക്കുന്ന ഒരു കീടം. ഇതിന് ഫിഷ് അമിനോ വളരെ നല്ലതാണ്. ബവേരിയ എന്ന ജീവാണു കീടനാശിനിയും ഉപയോഗിക്കുന്നത് ഫലവത്താണ്.
സുക്രോസ്, ഗ്ലൂക്കോസ് തുടങ്ങിയ പഞ്ചസാരയിനങ്ങളാണ് പപ്പായക്ക് മധുരം നല്കുന്നത്. കൂടതെ വിറ്റമിൻ സി, എ, ബി, ബി – 2, വിറ്റാമിൻ ഇ , അന്നജം, കൊഴുപ്പ്, മാംസ്യം, ബാറ്റാ – കരോട്ടീൻ, നാരുകൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിരിക്കുന്നു. പോഷകസമ്പുഷ്ടമായ പപ്പായ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിനാൽ ഭക്ഷണശേഷം പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്.
വിത്തുകൾ ഓൺലൈനായി വാങ്ങുവാൻ : www.AgriEarth.com.