സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രൈവറ്റ് ബസ്സിൻ്റെ പാരലൽ സർവ്വീസ്; അവസാനം പിടിവീണു

കേരളത്തിൽ യാതൊരുവിധ പെർമിറ്റുകളും കൂടാതെ യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തുന്ന സമാന്തര സർവ്വീസുകൾ ഏറ്റവും കൂടുതലായുള്ളത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. കെഎസ്ആർടിസി ബസുകൾക്കു മുന്നിൽ നിന്നുപോലും യാത്രക്കാരെ സ്റ്റോപ്പിൽ നിന്നും വിളിച്ചു കയറ്റി സർവ്വീസ് നടത്തുന്ന ഇവർക്ക് ഉന്നത തലങ്ങളിൽ പിടിപാടുകൾ ഉള്ളതുകൊണ്ടാണ് അധികമാരും ഇവർക്കെതിരെ തിരിയാത്തത്. എങ്കിലും കെഎസ്ആർടിസി ജീവനക്കാരുടെ പ്രയത്നത്താൽ കുറച്ചെങ്കിലും പാരലൽ സർവ്വീസുകാരെ പൊക്കുവാൻ മോട്ടോർ വാഹന വകുപ്പിനു സാധിച്ചിട്ടുണ്ട്. എങ്കിലും ഇന്നും തലസ്ഥാനത്ത് എല്ലാവിധ നിയമങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് തണലങ്ങും വിലങ്ങും ഓടുകയാണ് ഇവർ. ഇതിനു ഏറ്റവും വലിയൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് അധികൃതർ പിടികൂടിയ പ്രിയ എന്ന സമാന്തര സർവ്വീസ് ബസ്.

കൊല്ലം ജില്ലയിലെ അഞ്ചലിൽ നിന്നും തിരുവനന്തപുരം വരെ സർക്കാർ ജീവനക്കാരെ സ്ഥിരമായി എത്തിച്ചിരുന്ന ബസ്സാണ് ഇത്. അഞ്ചൽ മുതൽ സ്റ്റാച്യു വരെ പ്രതിദിനം സർവ്വീസ് നടത്തിയിരുന്ന ഈ ബസ്സിൽ സെക്രട്ടറിയറ്റ് ജീവനക്കാർ മുതൽ പരീക്ഷാ ഭവനിലേയും വഞ്ചിയൂർ കോടതിയിലേയും ഉദ്യോഗസ്ഥർ വരെ യാത്രക്കാരായിട്ടുണ്ട് എന്നത് ഞെട്ടിക്കുന്ന വിവരമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ വാട്ട്സ്അപ്പ് ഗ്രൂപ്പ് വഴിയായിരുന്നു ജീവനക്കാർക്ക് യാത്ര ചെയ്യുവാൻ ബസ് കണ്ടെത്തിയിരുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രിയപ്പെട്ടവളാണ് പ്രിയ എന്ന മഞ്ഞ ടൂറിസ്റ്റ് ബസ്. കാര്യം വേറൊന്നുമല്ല, വീട്ടില്‍ നിന്നു കൂട്ടി ജോലി ചെയ്യുന്ന ഓഫീസിന്റെ മുമ്പിലെത്തിക്കും. ഇതിനായി പ്രത്യേകം വാട്സാപ്പ് കൂട്ടായ്മയില്‍ അംഗത്വമെടുക്കണമെന്നു മാത്രം. പെര്‍മിറ്റൊന്നും പ്രിയയ്ക്കൊരു വിഷയമേയല്ല. സംരക്ഷിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടെയുണ്ട് എന്നതും ഇത്തരത്തിൽ ബസ് സർവ്വീസ് നടത്തുവാൻ ധൈര്യമായി.

മുന്നേ തന്നെ സംഭവമറിഞ്ഞ കെഎസ്ആർടിസി അധികൃതർ ഇതിനെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് തവണ ബസിന് പിഴ നൽകിയെങ്കിലും സർവീസ് നിർത്തിയില്ല. തുടർന്ന് കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ ട്രാൻസ്പോർട് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. അഞ്ചലിൽ നിന്ന് പുറപ്പെട്ട ബസ് നാലാഞ്ചിറയിൽ വച്ച് മോട്ടോർ വാഹന വകുപ്പ് പിടികൂടി. ബസിലെ യാത്രക്കാരെ ഇറക്കിയ ശേഷമാണു പിടിച്ചെടുത്തത്. അഞ്ചൽ സ്വദേശി ദിലീപിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിന്‍റെ ഡ്രൈവർ മഹേഷിന്‍റെ പക്കൽ ലൈസൻസിന്‍റെ ഒറിജിനലോ പകർപ്പോ ഉണ്ടായിരുന്നില്ല. കോൺട്രാക്റ്റ് കാര്യേജ് വാഹനം സ്റ്റേജ് കാര്യേജായി സർവീസ് നടത്തിയതിനോടൊപ്പം ലൈസൻസില്ലാതെ വാഹനം ഓടിച്ചതും അന്വേഷിക്കും. ‘പ്രിയ’ ബസ് കൂടാതെ ‘മഠത്തില്‍’ എന്ന സ്വകാര്യബസും സമാന്തര സര്‍വീസ് നടത്തുന്നതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

സമാന്തര ബസ് സർവീസുകൾക്കെതിരെ കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗവും മോട്ടോർ വാഹന വകുപ്പും ഒരാഴ്ചയിലധികമായി പരിശോധന നടത്തുകയാണ്. പല റൂട്ടുകളിലും സ്വകാര്യ ബസ്സുകൾ തലങ്ങും വിലങ്ങുമിട്ടു ചെയിൻ സർവീസുകൾക്ക് തടസ്സമുണ്ടാക്കിയതോടെ നഷ്ടത്തിൽ നിന്നും കര കയറുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൂപ്പർ ഫാസ്റ്റ് ഓർഡിനറി ചെയിൻ സർവീസുകൾ കളക്ഷൻ ലഭിക്കാതെ നഷ്ടത്തിലോടുകയാണ്.