കാടറിഞ്ഞ്… മനംനിറഞ്ഞ്.. ഒരു പറമ്പിക്കുളം ആനവണ്ടി യാത്ര

വിവരണം – ഫാറൂഖ് എടത്തറ. (Post of the Week – പറവകൾ ഗ്രൂപ്പ്).

ഒരാഴ്ച മുന്‍പാണ് സുഹൃത്തും പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ ക്ലർക്കുമായ മന്‍സൂര്‍ ഭായിയുടെ വിളിയെത്തിയത്. പറമ്പിക്കുളത്തേക്ക് പോരുന്നോ എന്നും ചോദിച്ച്, സമയം ഒത്തു വന്ന ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ സുഹൃത്ത് ഫാസിലിനൊപ്പം പെരിന്തല്‍മണ്ണയില്‍ നിന്നും പാലക്കാട്ടേക്ക് തിരിച്ചു. ഏഴരയോടെ പാലക്കാട്ടെത്തി അവിടെ നിന്നും ലഘു ഭക്ഷണം കഴിച്ച് 8.10ഓടെ പറമ്പിക്കുളത്തേക്കുള്ള ആനവണ്ടിയില്‍ കയറി.

യാത്രയിലുടനീളം ഒട്ടേറെ മനോഹരമായ കാഴ്ചകള്‍. പൊള്ളാച്ചി കഴിഞ്ഞതോടെ വഴിയരികിലെല്ലാം പുളി മരങ്ങള്‍ നിരനിരയായി പൂത്തുനില്‍ക്കുന്നത് കാണാന്‍ അതിമനോഹരമാണ്. ഇവിടെ നിന്നാണത്രെ നമ്മുടെ നാട്ടിലേക്കൊക്കെ പുളിങ്ങയെത്തുന്നത്. മൂന്ന് മണിക്കൂര്‍ യാത്രചെയ്ത് 11.30ഓടെ ഞങ്ങള്‍ തുണക്കടവിലെത്തി. അവിടെ ഞങ്ങളെയും കാത്ത് മന്‍സൂര്‍ നില്‍പ്പുണ്ടായിരുന്നു. സ്വപ്നം പോല്‍ സുന്ദരമായ കാഴ്ചകള്‍. തലേ ദിവസത്തെ മഴകാരണം നല്ല തണുപ്പുണ്ടായിരുന്നു.

മുളയുടെ ഏറുമാടത്തില്‍ താമസിക്കുക, ബാംബു റാഫ്റ്റിംഗ്, ചരിത്രമുറങ്ങുന്ന ഭീമാകാരമായ കന്നിമാര തേക്ക്, വിശാലമായ അണക്കെട്ട്, വനത്തിലൂടെയുള്ള രാത്രി സഫാരി, ട്രൈബല്‍ ഡാന്‍സ് തുടങ്ങി ഒട്ടേറെ മനോഹരമായ കാഴ്ചകളുണ്ടിവിടെ. തുണക്കടവ് എന്ന പേരില്‍ അറിയപ്പെടുന്ന പറമ്പിക്കുളം ഡാമിന് ഇതര ഡാമുകളില്‍ നിന്ന് ഒരു പ്രത്യേകതകൂടെയുണ്ട് മലകള്‍ തുരന്ന് രണ്ട് ഡാമുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് ആ വ്യത്യാസം. ശിരുവാണി ഡാം പോലെ തന്നെ ഡാം മുഴുവന്‍ കേരളത്തില്‍ ആണെങ്കിലും വെള്ളം മുഴുവന്‍ തമിഴ്‌നാടിന് തന്നെയാണ്.

Photo – Sinu S kumar.

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് പ്രകൃതിരമണീയമായ പറമ്പിക്കുളം വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ വളരെ വിശാലമായി നിറഞ്ഞു നില്‍ക്കുന്ന വനമേഖലയാണിത്. കുടുംബക്കോടൊപ്പവും, സുഹൃത്തുക്കള്‍ക്കൊപ്പവും മധുവിധു യാത്രക്കും പറ്റിയ മനോഹരമായ സ്ഥലം.

ഉച്ചയ്ക്ക് ഡാം മീനും ചോറും കഴിച്ച് കുറച്ച് നേരം വിശ്രമിച്ച് നേരെ തൂണക്കടവ് ഡാമിനടുത്തേക്ക് പോയി. ഇവിടെ നിന്നുള്ള വെള്ളം ഇപ്പോഴും തമിഴ്‌നാടാണ് കൊണ്ടുപോകുന്നത്. സുന്‍ഗം ഫോറസ്റ്റില്‍ അവര്‍ക്കായി ഒരു ഓഫീസും ഉണ്ട്. കാട്ടില്‍ തടാകക്കരയില്‍ തേക്ക് മരങ്ങള്‍ക്ക് നടുവില്‍ കെട്ടിപൊക്കിയ ഹൃദയഹാരിയായ മുളസൗധം. ഈ കാഴ്ച പുറത്ത് നിന്ന് കാണാന്‍ തന്നെ ബഹുരസമാണ്. കുറച്ചുസമയം പുറത്ത് ചിലവഴിച്ച ശേഷം ഫോറസ്റ്റ് വാഹനമെത്തി.

ഫോറസ്റ്റിന്റെ വാഹനത്തിലെല്ലാം അവിടത്തെ ട്രൈബല്‍ കോളനിയിലെ ആദിവാസി യുവാക്കളാണ് ഡ്രൈവറായും ഗൈഡായും സഞ്ചാരികള്‍ക്കൊപ്പം പോരുന്നത്. ഇവിടെ നിന്നും ആറ് കിലോ മീറ്റര്‍ യാത്ര ചെയ്ത് കന്നിമരത്തേക്കിടനടുത്തി. ലോകത്തിലെ ഏറ്റവും വലിയ നൂറ്റാണ്ടിന്റെ കഥകള്‍ പറയുന്ന തേക്ക്. ഒട്ടേറെ ചരിത്രങ്ങള്‍ ഈ തേക്കിന് നമ്മോട് പറയാനുണ്ട്. 465 വര്‍ഷം പഴക്കമുണ്ട് കന്നിമരത്തേക്കിന്.

പ്രകൃതിയിലേക്ക് അലിഞ്ഞ് ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതിലും മനോഹരമായ കാട് വേറേയില്ല. നിരവധി രാത്രി താമസ പാക്കേജുകള്‍ ഫോറസ്റ്റ് ഫോറസ്റ്റ ഡിപ്പാര്‍ട്ട്‌മെന്റ് ഒരുക്കിയിട്ടുണ്ടിവിടെ സഞ്ചാരികള്‍ക്ക്. അതില്‍ ടെന്റ് പാക്കേജ് ഏറ്റവും നല്ലതായി തോന്നി. രാത്രി സഫാരിയിലൂടെ പുലിയടക്കമുള്ള വന്യമൃഗങ്ങളെ കാണാന്‍ സാധ്യത കൂടുതലാണ് ഈ പാക്കേജില്‍.

ഇവിടെ നിന്നും കാഴ്ചകള്‍ കണ്ട് നേരെ ബാംബു റാഫ്റ്റിംഗിനടുത്തുള്ള ഞങ്ങളെ അല്‍ഭുതപ്പെടുത്തി. വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര മനോഹരമായ സ്ഥലം. ഏതൊരു സഞ്ചാരിയും ഇവിടെ ഇഷ്ടപ്പെടുമെന്ന് ഉറപ്പ്. ബാംബു റാഫ്റ്റിംഗില്‍ ഞങ്ങള്‍ മൂന്നുപേരടക്കം പതിമൂന്ന് പേര്‍ കയറി. നാലുപേരാണ് ബാംബു തുഴയുന്നത്. ഇവരും ഇവടത്തെ ട്രൈബല്‍ കോളനിയിലുള്ളവരാണ്. മനോഹരമായ കഴിചകള്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടക്ക് ഇവിടത്തെ പല കഥകളും അവര്‍ പറഞ്ഞുതന്നു.

1438 മീറ്റർ ഉയരമുള്ള കരിമല ഗോപുരവും ഇവിടെനിന്നും കാണാം. തലേ ദിവസം നന്നായി മഴ പെയ്തതുകൊണ്ടു തന്നെ കാഴ്ചകള്‍ കാണാന്‍ ഒരു പ്രത്യേക സുഖം തോന്നി. പച്ച പുതച്ച മനസിന് കുളിര് കോരുന്ന കാഴ്ചകള്‍. പലതവണ കാട് കയറിയാലും മടുപ്പ് തോന്നാത്തത് അത് കൊണ്ടാവാം. പച്ചപ്പിനെ പ്രണയിക്കാന്‍ പ്രലോഭിപ്പിക്കുന്ന കാഴ്ചകള്‍. കനത്ത മഴ ഞങ്ങളില്‍ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു, എന്നാല്‍ ഫോറസ്റ്റ് ഗാര്‍ഡ് രമേശൻ മഴയൊന്നും പെയ്യത്തില്ല എന്ന് ചിരിയോടെയുള്ള വാക്ക് കേട്ടപ്പോള്‍ മനസില്‍ ഒരുപാട് സന്തോഷം തോന്നി. കൂട്ടമായി മേയുന്ന ആനക്കൂട്ടങ്ങള്‍, പീലി നിവര്‍ത്തിയാടുന്ന മയിലുകള്‍, പാതയോരത്തെ പുല്‍മേടുകളില്‍ തുള്ളിച്ചാടുന്ന മാന്‍പേടകള്‍, റോഡിലാകെ സഞ്ചാരികളെ വരവേല്ക്കുന്ന വാനരപ്പടയും പക്ഷികളും പൂമ്പാറ്റകളും അങ്ങനെ അങ്ങനെ നിരവധിയായ കാഴ്ചകള്‍…

രാത്രി ഏഴ് മണിയോടെ കോളനിയിലുള്ള പത്തോളം സ്ത്രീകളുടെ നൃത്തം. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി അതിനൊപ്പം ഉടുക്കിലുള്ള കൊട്ടിനൊപ്പമുള്ള നൃത്തച്ചുവടും മനോഹരമായിരുന്നു. അരമണിക്കൂര്‍ ഇവിടെ വനത്തിലൂടെ കാടറിഞ്ഞുള്ള ജംഗിള്‍ സഫാരി അത് അനുഭവിക്കേണ്ടത് തന്നെയാണ്. കടുവയെ കണ്ടില്ലെങ്കിലും കാട്ടുപോത്ത്, ആന, കാട്ടുപന്നി, മാന്‍, മയില്‍, മലയണ്ണാന്‍, വരയന്‍പുലി, തുടങ്ങി മൃഗങ്ങളെ കാണാന്‍ സാധിച്ചു. മൃഗങ്ങളുടെ അനക്കം കണ്ടാല്‍ ഗൈഡുമാര്‍ ടോര്‍ച്ചടിച്ചു തരും. ഉടന്‍ തന്നെ സഞ്ചാരികളുടെ മൊബൈല്‍ ഫ്ലാഷുകള്‍ മിന്നിത്തുടങ്ങും. ഒരു പക്ഷേ ഇവിടെ ഏറ്റവും കൂടുതലുള്ളത് കാട്ടുപോത്തായിരിക്കും. കാട്ടുപോത്തിന്റെ സങ്കേതം എന്ന് വേണമെങ്കിൽ വിളിക്കാം. അര മണിക്കൂറോളം സഞ്ചരിച്ച് താമസ മുറിയിലെത്തി. രാത്രിയില്‍ ചപ്പാത്തിയും നല്ല എരിവുള്ള ചിക്കന്‍ കറിയും ഞങ്ങള്‍ക്കായി മുരുകന്‍ തയ്യാറാക്കിയിരുന്നു. ഭക്ഷണവും കഴിച്ച അന്നെടുത്ത ഫോട്ടൊകളും നോക്കി കുറേ സംസാരിച്ച് നന്നായൊന്ന് ഉറങ്ങി.

രണ്ടാം ദിനം പുലര്‍ച്ചെ അഞ്ചരയോടെ എണീറ്റ് പ്രാഥമിക കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് മന്‍സൂറിനൊപ്പം കാടിലൂടെ നടക്കാനിറങ്ങി. ശുദ്ധ വായു ശ്വസിച്ച്, പരന്ന് കിടക്കുന്ന പച്ചയില്‍ കുളിച്ച കാട്ടിലൂടെ,കിളികളുടെ ഇമ്പമാര്‍ന്ന ശബ്ദം കേട്ട്, മലമുകളില്‍ നിന്ന് വെള്ളമൊഴുകുന്നതിന്റെ കളകളാരവം കേട്ട്, തണുത്ത കാറ്റും നിറയെ കണ്‍കുളിര്‍മയേകുന്ന കാഴ്ചകളും, കോടയില്‍ കുളിച്ചുനില്‍ക്കുന്ന മലനിരകളും കണ്ട് മൂന്ന് കിലോ മീറ്റര്‍ നടന്നു.

എട്ട് മണിയോടെ സര്‍പ്രൈസായി മുരുകന്‍ കഞ്ഞിയും പയറും തക്കാളി ചമ്മന്തിയുമാണ് ഒരുക്കിയത് ആദ്യം കണ്ടപ്പോള്‍ ഇത്തിരി പ്രയാസം തോന്നിയെങ്കിലും കുടിച്ചുതുടങ്ങിയപ്പോള്‍ വല്ലാത്തൊരു രുചി. കഞ്ഞിയും കുടിച്ച് തിരികെ വീട്ടിലേക്കുള്ള ഒരുക്കമായി. ബാഗുമെടുത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരോടും ഗൈഡുമാരോടും യാത്ര പറഞ്ഞ് തമിഴ്‌നാട് ബസില്‍ പൊള്ളാച്ചിയിലേക്ക്. ബസിലിരിക്കുമ്പോൾ മനസില്‍ നിറയെ കാടും കാട്ടിലെ കാഴ്ചകളും ഓടിയെത്തി.

ആദിവാസി നൃത്തങ്ങളും ബാംബു റാഫ്റ്റിംഗും, കന്നിമരത്തേക്കും, അതിരാവിലെ നടത്തിയ യാത്രയും അവിസ്മരണീയമാണ് .. വീണ്ടും വീണ്ടും കാട് ഞങ്ങളെ തിരികെ വിളിക്കുന്നു. വനത്തിലൂടെ കടന്നു പോയ എല്ലാ നിമിഷങ്ങളും അതിമനോഹരമായിരുന്നു.

© Joseph Xavier

കാടിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിളിക്കാം. ജൂൺ മുതൽ ഒക്ടോബർ വരെയാണ് യാത്രക്ക് പറ്റിയ നല്ല സമയം. വിവിധ തരം പാക്കേജുകള്‍ ലഭ്യമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രം പോകുക. നമ്പര്‍: 9442201690, 9442201691.

ബസ് ടൈം: പാലക്കാട് നിന്നും രാവിലെ എട്ട് മണിക്ക് പറമ്പിക്കുളത്തേക്ക് ആനവണ്ടിയുണ്ട്. തിരികെ ഉച്ചയ്ക്ക് 12.30ന്. തൂണക്കടവില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് പൊള്ളാച്ചിയിലേക്ക് തമിഴ്‌നാട് ബസുണ്ട്. പൊള്ളാച്ചിയില്‍ നിന്ന് മിക്ക സമയങ്ങളിലും പാലക്കാട്ടേക്ക് ബസുണ്ട്.

ചരിത്രം: കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ ആണ് പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത്, 1971 ല്‍ സ്ഥാപിതമായ പറമ്പിക്കുളം വൈല്‍ഡ് ലൈഫ് സാങ്ഛറി 2010 ല്‍ അന്നത്തെ കേന്ദ്രമന്ത്രി ആയിരുന്ന ജയറാം രമേശ് ആണ് ടൈഗര്‍ റിസേര്‍വ് ആയി പ്രഘ്യാപിച്ചത്,കേരളത്തിലെ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള വെസ്റ്റേണ്‍ഗാറ്റ്‌സില്‍ ഉള്‍പ്പെട്ട പറമ്പിക്കുളം ടൈഗര്‍ റിസേര്‍വിന്റെ വലിപ്പം 643.66 സ്‌ക്വയര്‍ കിലോമീറ്റര്‍ ആണ്.

പറമ്പിക്കുളം, തുണക്കടവ്, പെരുവരിപ്പള്ളം എന്നീ മൂന്ന് ഡാമുകള്‍ ആണ് ഉള്ളത് എന്നാല്‍ ഈ ഡാമിന്റെയൊക്കെ കൈവശാവകാശം അന്നത്തെ കരാര്‍ അനുസരിച്ചു തമിഴ്‌നാടിനാണ്. അവര്‍ ഈ വെള്ളം ടണല്‍ വഴി അളിയാറിലേക്കു കൊണ്ട് പോകുന്നു. കരാര്‍ കഴിഞ്ഞു 27 വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും കരാര്‍ പുതിക്കിയിട്ടില്ല.

കാടര്‍, മലസര്‍, മുദുവാസ്, മലമലസര്‍ എന്നീ ആദിവാസി ഗോത്രവിഭാഗങ്ങളും കരിയാര്‍കുറ്റി, സംഗം കോളനി, കടവ് കോളനി, പൂപ്പാറ, എര്‍ത്ത് ഡാം കോളനി, കടവ് കോളനി എന്നീ ആദിവാസി കോളനികളുമാണ് പറമ്പികുളത്ത് ഉള്ളത്. അതുകൂടാതെ ലോകപ്രശസ്തമായ പറമ്പിക്കുളം ട്രാം ഇവിടെയാണ്.