കടലിനു മുകളിലൂടെയുള്ള പറക്കലും അസ്തമയം കണ്ടുകൊണ്ടുള്ള കടൽ ഡിന്നറും..

200 രൂപ മുടക്കി കിടിലൻ കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ പിന്നീട് പോയത് ലങ്കാവിയിലെ സെനാങ് ബീച്ചിലേക്ക് ആയിരുന്നു. കഴിഞ്ഞ ദിവസം ഒരു ബീച്ചിൽ ഞങ്ങൾ പോയിരുന്നുവെങ്കിലും സേനാങ് ബീച്ച് അതിലും കിടിലനാണെന്നു കേട്ടിട്ടാണ് പിന്നീടുള്ള ഞങ്ങളുടെ യാത്ര അവിടേക്ക് ആക്കിയത്. നല്ല അടിപൊളി കാഴ്ചകൾ ആയിരുന്നു ബീച്ചിലേക്കുള്ള യാത്രയിൽ ഞങ്ങളെ കാത്തിരുന്നത്. ചില ഏരിയയൊക്കെ കണ്ടപ്പോൾ പത്തനംതിട്ട, കോട്ടയം ജില്ലകളിലൂടെ സഞ്ചരിക്കുന്ന ഒരു ഫീൽ ആയിരുന്നു. റബ്ബർ, വാഴ തുടങ്ങിയ തോട്ടങ്ങൾ വഴിയരികിൽ ധാരാളമായി കാണുന്നത് കൊണ്ടായിരുന്നു ആ തോന്നൽ.

അങ്ങനെ സഞ്ചരിച്ചു സഞ്ചരിച്ചു ഞങ്ങൾ സെനാങ് ബീച്ചിലേക്ക് എത്തിച്ചേർന്നു. ഒരു കുട്ടി ഗോവ എന്നുവേണമെങ്കിൽ പറയാം. അവിടെ ധാരാളം ഇന്ത്യൻ, അറബിക്, ചൈനീസ് ഹോട്ടലുകളും, ബൈക്ക് വാടകയ്ക്ക് ലഭിക്കുന്ന കടകളും, മസാജ് പാർലറുകളും ഒക്കെയുണ്ടായിരുന്നു. കൂടാതെ ബീച്ച് ആക്ടിവിറ്റികൾ ചെയ്യുന്ന നിരവധി പാക്കേജുകൾ അവിടെ ലഭ്യമായിരുന്നു. ഞങ്ങൾ പാരാ സെയിലിംഗ് (കടലിനു മുകളിലൂടെയുള്ള പറക്കൽ) ആയിരുന്നു തിരഞ്ഞെടുത്തത്. എല്ലാത്തിനും നമ്മൾ വില പേശുന്നതിനനുസരിച്ച് റേറ്റ് കുറച്ചുതരുന്നതായിരിക്കും.

കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഒരു ബോട്ടിൽ നിന്നുമാണ് നമ്മൾ പറക്കുവാൻ പോകുന്നത്. അങ്ങനെ ഞങ്ങൾ പാരാ സെയിലിംഗിനായി ബീച്ചിൽ നിന്നും ഒരു സ്പീഡ് ബോട്ടിൽ കയറി യാത്രയായി. സ്പീഡ് ബോട്ട് ഞങ്ങളെയും കൊണ്ട് പറപ്പിച്ചായിരുന്നു പോയത്. അങ്ങനെ ഞങ്ങൾ പാരാസെയിലിംഗ് ചെയ്യുന്ന ബോട്ടിൽ എത്തിച്ചേർന്നു. ഞങ്ങളെ അവർ ലൈഫ് ജാക്കറ്റൊക്കെ ഇടീച്ച ശേഷം പാരച്യൂട്ടുമായി ബന്ധിപ്പിക്കുകയുണ്ടായി. ഞാനും ശ്വേതയും ഒന്നിച്ചായിരുന്നു പറക്കുവാൻ തയ്യാറായത്. അങ്ങനെ ഞങ്ങൾ ബോട്ടിന്റെ പിൻഭാഗത്ത് നിലയുറപ്പിച്ചു.

ബോട്ട് പതിയെ സ്പീഡ് കൂട്ടി സഞ്ചരിക്കുവാനാരംഭിച്ചു.അതോടെ ഞങ്ങൾ പതിയെ പറക്കുവാൻ തുടങ്ങി. ഞാൻ മുൻപ് തായ്‌ലൻഡിൽ ഇതുപോലെ ഒന്നു പറന്നിട്ടുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു ഇവിടെ എനിക്ക് ലഭിച്ചത്. ശ്വേതയാണെങ്കിൽ പേടിയും സന്തോഷവും അമ്പരപ്പും എല്ലാം ഒന്നിച്ചു വന്ന അവസ്ഥയിൽ ആയിരുന്നു. കുറച്ചു സമയത്തെ പറക്കലിനു ശേഷം ഞങ്ങൾ തിരികെ ബോട്ടിനു പിന്നിൽ സേഫ് ആയി ലാൻഡ് ചെയ്തു. ഞങ്ങളെ പറപ്പിച്ച ആളുകളോട് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ നിന്നും നീങ്ങി.

കുറച്ചു സമയം ബീച്ച് കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ അവിടവിടായി നടന്നു. ഞങ്ങളെ അതിശയിപ്പിച്ച മറ്റൊരു കാര്യം ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ കണ്ട ഷാരൂഖ് ഖാന്റെ വലിയ ഫോട്ടോയായിരുന്നു. ഒരു ഇന്ത്യക്കാരൻ എന്നതിൽ ഞങ്ങൾക്ക് അപ്പോൾ അഭിമാനം തോന്നി. ലങ്കാവിയിൽ വരുന്ന എല്ലാവരും സെനാങ് ബീച്ചിലേക്ക് ഒന്നു വരാൻ ശ്രമിക്കുക. അടിച്ചുപൊളിക്കാൻ താല്പര്യമുള്ളവർക്ക് തീർച്ചയായും നല്ലൊരു ചോയ്‌സ് ആയിരിക്കും ഇവിടം.

എല്ലാം കഴിഞ്ഞു ഞങ്ങൾ വാടകയ്ക്ക് എടുത്തിരുന്ന ബൈക്ക് തിരികെ ഏൽപ്പിച്ചു. വളരെ വിഷമത്തോടെയായിരുന്നു ഞങ്ങൾ ബൈക്ക് തിരികെ കൈമാറിയത്. ബൈക്ക് കൈമാറിയശേഷം ഞങ്ങൾ റിസോർട്ടിലേക്ക് യാത്രയായി. ഇനി വൈകീട്ട് ഞങ്ങൾക്ക് പോകേണ്ടത് ഒരു ക്രൂയിസ് ഡിന്നർ കഴിക്കുവാനായിരുന്നു. ഹോട്ടലിൽ വന്നു പിക് ചെയ്ത് ഡിന്നർ ക്രൂയിസ് ഒക്കെ കഴിഞ്ഞു തിരികെ ഹോട്ടലിൽ എത്തിക്കുന്ന ഒരു പാക്കേജ് ആയിരുന്നു ഞങ്ങൾ എടുത്തിരുന്നത്. അവിടേക്ക് യാത്രയായി. ഇത്രയും ദിവസം ഞങ്ങളുടെ കൂടെ ഞങ്ങളിൽ ഒരാളായി എല്ലായിടത്തും ഒപ്പം വന്നിരുന്ന ബൈക്കിനെ ഞങ്ങൾ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.

അങ്ങനെ ഞങ്ങൾ ക്രൂയിസ് ട്രിപ്പ് തുടങ്ങുന്ന സ്ഥലത്തെത്തി. അതൊരു ഗ്രൂപ്പ് ടൂർ ആയിരുന്നതിനാൽ മറ്റുള്ളവർ കൂടി വരുവാനായി ഞങ്ങൾ അവിടെ കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നു. വെജ് -നോൺ വെജ് വിഭവങ്ങൾ ക്രൂയിസ് ഡിന്നറിൽ ലഭ്യമായിരുന്നു. അങ്ങനെ ഞങ്ങളുടെ കൂടെ ക്രൂയിസിൽ യാത്ര ചെയ്യേണ്ട യാത്രികരെല്ലാം വൈകാതെ എത്തിച്ചേർന്നു. ഞങ്ങളുടെ കൂടെ ഒരു ഗൈഡും ഉണ്ടായിരുന്നു. സമയം വൈകീട്ട് 5 – 5.30 ഒക്കെയായിരുന്നുവെങ്കിലും അവിടെ സൂര്യൻ അസ്തമിക്കുന്നത് വൈകിയായിരുന്നതിനാൽ ആ സമയത്തും ഏതാണ്ട് ഉച്ചപോലെയായിരുന്നു.

കുറച്ചു സമയത്തിന് ശേഷം ഞങ്ങളുടെ ക്രൂയിസ് ചലിച്ചു തുടങ്ങി. ചുറ്റിനും നല്ല കിടിലൻ കാഴ്ചകൾ ആയിരുന്നു. ഏതാണ്ട് ഒരു ഹോളിവുഡ് മൂവി കാണുന്നപോലെയായിരുന്നു ആ ക്രൂയിസ് യാത്രയും കാഴ്ചകളുമൊക്കെ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ഞങ്ങൾക്ക് കുടിക്കുവാനായി സോഫ്റ്റ് ഡ്രിങ്കുകളൊക്കെ അവർ നൽകി. സോഫ്റ്റ് ഡ്രിങ്ക്സ് കൂടാതെ ബിയർ, വൈൻ ഒക്കെ സഞ്ചാരികൾക്ക് ലഭിക്കുമായിരുന്നു. ഞാൻ നൈസായി ഒരു ബിയർ വാങ്ങി നുകരാൻ തുടങ്ങി. ശ്വേത എന്നെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ടിരുന്നു.

ക്രൂയിസ് സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിയപ്പോൾ സഞ്ചാരികൾക്ക് കടലിൽ നീന്തിക്കുളിക്കുവാനുള്ള അവസരവും ബോട്ടുകാർ ഒരുക്കിക്കൊടുത്തു. ലൈഫ് ജാക്കറ്റൊക്കെ ഇട്ടുകൊണ്ട് ക്രൂയിസിനോട് ബന്ധിപ്പിച്ച ഒരു വലയിൽ ആയിരുന്നു അതിനുള്ള സൗകര്യം. അതാകുമ്പോൾ മുങ്ങിപ്പോകുകയും ഇല്ലല്ലോ. അങ്ങനെ ശ്വേതയുടെ നിർബന്ധ പ്രകാരം ഒരു നീന്തലും വശമില്ലാത്ത ഞാനും അവിടെ കുളിക്കുവാനായി ഇറങ്ങി. അടിപൊളി അനുഭവം തന്നെയായിരുന്നു. എൻ്റെ ‘നീന്തിക്കുളിയും കളിയും’ ഒക്കെ ശ്വേത വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു.

കുളിയൊക്കെ കഴിഞ്ഞു ഈറനോടെ ഞാൻ തിരികെ ബോട്ടിൽക്കയറി. അപ്പോൾ ബോട്ടിന്റെ മുൻഭാഗത്ത് ഒരു ദമ്പതികൾ ടൈറ്റാനിക്കിലെ ജാക്കിനെയും റോസിനെയും അനുകരിച്ച് കൈ വിടർത്തി നിന്നുകൊണ്ട് പ്രണയം പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. ഞാനും ശ്വേതയും കൂടി ആ സമയത്തു ഫുഡ് അടിക്കുവാനായി നീങ്ങി. പലതരം വിഭവങ്ങൾ ബോട്ടിൽ ലഭ്യമായിരുന്നു. എല്ലാം ഞങ്ങൾ പരീക്ഷിച്ചു നോക്കി. ചിലതൊക്കെ ശ്വേതയ്ക്ക് ഇഷ്ടപ്പെട്ടില്ല. അങ്ങനെ പുള്ളിക്കാരി അവസാനം ഒരു ന്യൂഡിൽസ് എടുത്തു കഴിക്കുവാൻ തുടങ്ങി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും കടൽക്കാറ്റ് കൊണ്ടു എൻ്റെ ദേഹത്ത് ഉണ്ടായിരുന്ന വെള്ളമെല്ലാം ഉണങ്ങിപ്പോയിരുന്നു. അപ്പോഴേക്കും സൂര്യൻ അങ്ങുദൂരെ കടലിൽ താഴുവാനുള്ള ലാൻഡിംഗ് ഗിയർ ഇട്ടുതുടങ്ങിയിരുന്നു. അതൊക്കെ കണ്ടുകൊണ്ട് എല്ലാ സഞ്ചാരികളും ബോട്ടിന്റെ ഡെക്കിൽ ഭക്ഷണവും പാനീയങ്ങളുമൊക്കെ രുചിച്ചുകൊണ്ട് ഇരുന്നു.

സൂര്യൻ അസ്തമിച്ച തുടങ്ങിയപ്പോൾ എല്ലാവരും അത് ക്യാമറയിൽ പകർത്തുന്ന തിരക്കിലായി. ഹെന്റമ്മോ..!! നല്ല തകർപ്പൻ അനുഭവമായിരുന്നു ആ കാഴ്ചകൾ. ചുറ്റിനും അസ്തമയത്തോട് നിറം മാറിത്തുടങ്ങി. ഞങ്ങൾ മുൻപ് പോയ ഈഗിൾ സ്‌ക്വയർ ഒക്കെ കടലിൽ നിന്നുകൊണ്ട് ഞങ്ങൾ ദർശിച്ചു. പതിയെ ബോട്ടിലെ സഞ്ചാരികൾ നൃത്തച്ചുവടുകൾ ആരംഭിച്ചിരുന്നു. അങ്ങനെ സൂര്യൻ പൂർണ്ണമായും പടിഞ്ഞാറൻ ചക്രവാളത്തിൽ മുങ്ങിത്താഴ്ന്നു. അതോടെ ഞങ്ങളുടെ മടക്കയാത്രയും ആരംഭിച്ചു. നല്ലൊരു കിടിലൻ ഡിന്നറും ഒപ്പം നയനാനന്ദകരമായ കാഴ്ചകളും ഞങ്ങൾക്ക് ആ യാത്ര സമ്മാനിച്ചു.

മടക്കയാത്രയിൽ ഞങ്ങൾ വല്ലാതെ വിഷമത്തിൽ ആയിരുന്നു. കാരണം ഇന്നത്തോടെ ഞങ്ങളുടെ ലങ്കാവി ട്രിപ്പ് അവസാനിക്കുകയാണ്. അടുത്ത ദിവസം ഞങ്ങൾ കൊച്ചിയിലേക്ക് തിരികെ പറക്കും. ഒരിക്കലും മറക്കില്ല ഞങ്ങളുടെ ഈ ലങ്കാവി ട്രിപ്പും ഒപ്പം ഈ ട്രിപ്പ് ഞങ്ങൾക്കായി സെറ്റ് ചെയ്തു തന്ന ഈസി ട്രാവൽസിനെയും.. നിങ്ങൾക്കും ഇതുപോലുള്ള കിടിലൻ ടൂർ പാക്കേജുകൾ എടുക്കുന്നതിനായി ഈസി ട്രാവലിനെ വിളിക്കാം: 9387886600.