കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിനെക്കുറിച്ച് അറിയാത്തവർ ആരുംതന്നെ ഇടയില്ല നമ്മുടെ കേരളത്തിൽ. പറശ്ശിനിക്കടവ് മുത്തപ്പന്റെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നതിനാലാണ് സ്ഥലത്തിന് ഇത്രയും പ്രശസ്തി കൈവരിക്കാനായത്. കണ്ണൂർ നിന്നും 16 കിലോമീറ്റർ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് തെയ്യക്കോലങളിൽ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ വർഷത്തിൽ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങൾ ഒഴികെ) തെയ്യം കെട്ടിയാടുന്നു. ഇവിടേക്ക് നാനാ ദിക്കിൽ നിന്നും ആളുകൾ എത്തിച്ചേരാറുണ്ട്.
പറശ്ശിനിക്കടവ് ക്ഷേത്ര ദർശനം കഴിഞ്ഞാൽ ഇനിയെന്ത് ചെയ്യണം? എന്തെങ്കിലുമുണ്ടോ അവിടെ അടുത്തായി പിന്നെ കാണുവാൻ? ഈ ചോദ്യത്തിന് ഉത്തരമാണ് പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്. വിനോദസഞ്ചാരികളും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രദര്‍ശനത്തിനായെത്തുന്നവരുമാണ് പ്രധാനമായും പറശ്ശിനിക്കടവ് സ്‌നേക്ക്പാര്‍ക്കിലേക്കെത്തുന്നവരില്‍ ഭൂരിഭാഗവും. വംശനാശത്തിനടുത്തു നിൽക്കുന്ന പല ഉരഗ വർഗ്ഗങ്ങളുടെയും സംരക്ഷണത്തിലും വളർച്ചയിലും ഈ പാർക്ക് വലിയ പങ്കുവഹിക്കുന്നു. 150 ഓളം വിവിധ തരം പാമ്പുകൾ ഈ പാർക്കിൽ ഉണ്ട്. കണ്ണട മൂർഖൻ, രാജവെമ്പാല, മണ്ഡലി (റസ്സൽസ് വൈപ്പർ), വെള്ളിക്കെട്ടൻ(ക്രെയിറ്റ്), കുഴിമണ്ഡലി(പിറ്റ് വൈപ്പർ) തുടങ്ങിയവ ഈ പാർക്കിലുണ്ട്. രാജവെമ്പാലകൾക്കായി ഇവിടെ ശീതീകരിച്ച കൂടുകൾ ഒരുക്കിയിരിക്കുന്നു.
കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ വളരെ പ്രശസ്തമാണ് ഈ സ്നേക്ക് പാർക്ക്. പാമ്പിനെകൂടാതെ വിവിധതരം മത്സ്യങ്ങളും പറവകളും മൃഗങ്ങളും ഉള്‍പ്പെടുത്തി ഒരു മിനി മൃഗശാലയായിമാറിയ സ്‌നെയ്ക്ക് പാര്‍ക്കില്‍ ഒട്ടുമിക്ക ദിവസങ്ങളിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നു. കേരളത്തിൽ ഇത്തരത്തിൽ പ്രശസ്തമായ വേറേ ഒരു സ്നേക്ക് പാർക്കില്ല. സ്‌നേക്ക് പാര്‍ക്കുകള്‍ കേരളത്തില്‍ പിന്നെയുള്ളത് പാലക്കാട് മലമ്പുഴയിലും തൃശൂരിലെയും തിരുവനന്തപുരത്തെയും മൃഗശാലകളിലുമാണ്. പാമ്പുകൾക്കു പുറമേ, കുരങ്ങ്, കാട്ടുപൂച്ച, ഉടുമ്പ്, മുതല, തുടങ്ങിയ ജീവികളെയും മൂങ്ങ, ഗിനിക്കോഴി, പരുന്ത്, മയിൽ തുടങ്ങിയ പക്ഷികളെയും ഇവിടെ വളർത്തുന്നുണ്ട്. പാമ്പുകളെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കാൻ ഓരോ മണിക്കൂർ ഇടവിട്ട് പ്രദർശനക്ലാസുകളും നടത്താറുണ്ട്. വിഷമില്ലാത്ത ചിലപാമ്പുകളെ തൊടാൻ സഞ്ചാരികൾക്ക് അവസരവും ലഭിക്കും ചിലപ്പോൾ.
ഈ പാർക്കിൽ മറൈന്‍ അക്വേറിയം എന്നപേരില്‍ ഒരു മത്സ്യപ്രദര്‍ശനകേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരേയാണ് സ്നേക്ക് പാർക്കിലെ പ്രവേശന സമയം. സന്ദർശകർക്ക് ഏകദേശം ഒരു മണിക്കൂറോളം ചിലവഴിക്കാൻ വേണ്ട കാര്യങ്ങൾ ഇവിടെയുണ്ട്. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 80 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും പാർക്കിൽ പ്രവേശനം ഫ്രീയാണ്. 5 വയസു മുതൽ 18 വയസ്സ് വരെയുള്ളവർക്ക് 20 രൂപയും 18 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് 30 രൂപയുമാണ് ഇവിടെ പ്രവേശന ഫീസ്. DSLR ക്യാമറയ്ക്ക് 30 രൂപയും വീഡിയോ ക്യാമറയ്ക്ക് 50 രൂപയും വേറെ അടക്കുകയും വേണം.
പറശ്ശിനിക്കടവിൽ വരുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ മറ്റൊരു സ്ഥലം ഇവിടെ അടുത്തുതന്നെയുള്ള വിസ്മയ അമ്യൂസ്‌മെന്റ് പാർക്ക് ആണ്.കുട്ടികളുമായി വരുന്നവർക്ക് ഇത് നല്ലൊരു ചോയ്സ് കൂടിയാണ്. സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ പാർക്കിൽ മ്യൂസിക്കല്‍ ഫൗണ്ടന്‍ വിത്ത് ലേസര്‍ ഷോ ഇന്‍ വാട്ടര്‍ സ്‌ക്രീന്‍, സ്‌കൈട്രെയിന്‍ ഒണ്‍ മോണോ വീല്‍സ്, ഡാന്‍സിങ് ഫ്ലോര്‍, വമ്പന്‍ ആര്‍ട്ടിഫിഷ്യല്‍ ലേക്ക്, ക്രേസി റൈഡ്, ടൊര്‍ണാഡോ, മിനിപെന്‍ഡുലം, ജയന്റ് വീല്‍, വാട്ടര്‍ സപ്ലാഷ് തുടങ്ങിയ വിനോദങ്ങൾ ഉണ്ട്. ലോകത്തിലെ തന്നെ പരിസ്ഥിതി സൗഹൃദ വാട്ടർ തീം പാർക്കാണ് ഇത്. മഴവെള്ള സംഭരണികളാണ് ഈ പാർക്കിന്റെ മറ്റൊരു പ്രത്യേകത. പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണിക്ക് അഞ്ഞൂറ് ലക്ഷം ലിറ്റര്‍ മഴ വെള്ളം സംഭരിക്കാവുന്നത്ര ശേഷിയുണ്ട്.
കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നും പറശ്ശിനിക്കടവിലേക്ക് ബസ്സുകൾ ലഭിക്കും. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ബസിൽ കയറിയും ഇവിടെ എത്തിച്ചേരാം.