സായാഹ്നക്കാഴ്ചകൾ മലമുകളിൽ ആസ്വദിക്കുവാൻ ഇടുക്കിയിലെ പരുന്തുംപാറ..

വിവരണം – ഷഹീർ അരീക്കോട്.

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറ്റിൽ ചുമ്മാ ബോറടിച്ച് കോട്ടുവായിട്ടിരിക്കുന്ന ഒരു സായാഹ്നം, “ചായ കുടിക്കാൻ ടൗണിൽ പോയാലോ” അശരീരി കേട്ട് ഞാൻ തിരിഞ്ഞു നോക്കി, ഞങ്ങളുടെ സാറാണ്. ‘കേട്ടത് പാതി കേൾക്കാത്തത് പാതി’ ഞങ്ങൾ നാലുപേരും റെഡി. അങ്ങനെ സാറിന്റെ കാറിൽ ടൗണിലെത്തിയപ്പോഴേക്കും അടുത്ത ഉൾവിളി, ചായ പിന്നെ കുടിക്കാം പരുന്തുംപാറക്ക് വിട്ടാലോ, കൂടുതൽ ആലോചനയൊന്നുമില്ല. സാർ ആക്സിലേറ്ററിൽ കാലമർത്തിയപ്പോൾ ഞാൻ ഗൂഗിളാന്റിയെ വിളിച്ചുണർത്തി. ആന്റി പറഞ്ഞ വഴിയെ മുന്നോട്ട്.

അങ്ങനെ ഞങ്ങൾ ലക്ഷ്യത്തോടടുക്കുന്നു. ആൻറി പറഞ്ഞു ടേൺ ലെഫ്റ്റ്. കാർ സ്ലോചെയ്ത് നോക്കുമ്പോൾ ചെറിയ എസ്റ്റേറ്റുവഴിയാണ് കാണുന്നത്. പരുന്തുംപാറക്കുള്ള വഴിയാകാൻ നോ ചാൻസ്. എന്തായാലും മ്മടെ ആന്റിയെ നന്നായിട്ടറിയാവുന്നത് കൊണ്ട് അവിടെ കണ്ട എസ്റ്റേറ്റ്തൊഴിലാളിയോട് വഴി ചോദിച്ചു. ഉടനെ വന്നു അദ്ദേഹത്തിന്റെ മറുപടി “ഇത് വന്ത് എസ്റ്റേറ്റ് വളി സാാർ, കൊഞ്ച ദൂരം സ്ട്രൈറ്റാ പോയി അപ്പുറം ലെഫ്റ്റ് ഒറ് റോഡ് ഇറ്ക്ക് അന്ത വളി പോങ്കോ സാർ”. “സെരി ചാമീ, റൊമ്പ നൻട്രി” എന്ന് ഞാനും, ശേഷം ഗൂഗിളാൻറിയെ തള്ളക്ക് വിളിച്ച് ഞങ്ങൾ മുന്നോട്ട് വച്ചുപിടിച്ചു.

തള്ള് മതിയാക്കി ഇനി അൽപം കാര്യം പറയാം: ഇടുക്കി ജില്ലയിൽ കോട്ടയം കുമളി റൂട്ടിൽ പീരുമേട് നിന്നും ഏകദേശം 6 കിലോമീറ്ററോളം മാത്രം അകലെയാണ് പരുന്തും പാറ. പോകുന്ന വഴിയിൽ തേയില തോട്ടങ്ങൾ കാണാം, ആ പച്ചപ്പിന് നടുവിൽ പാറക്കൂട്ടങ്ങൾ നിറഞ്ഞ പരുന്തും പാറ. സിനിമാക്കാരുടെ ഇഷ്ട ലോക്കേഷനാണ് ഇവിടം. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരെയും പച്ചപ്പും മഞ്ഞും ആസ്വദിക്കുന്നവരെയും ഒരു പോലെ തൃപ്തിപ്പെടുത്താൻ പരുന്തുംപാറയ്ക്ക് സാധിക്കും. ശബരിമല-മകരവിളക്ക് ദിനത്തിലെ മകരജ്യോതി ദർശനവും ഇവിടത്തെ പ്രത്യേകതയാണ്.

ഞങ്ങളവിടം സന്ദർശിച്ചത് മനോഹരമായ ഒരു സായാഹ്നത്തിലാണ്. ഞങ്ങൾ കണ്ട അസ്തമയം പോലെത്തന്നെ ഇവിടുത്തെ പുലര്‍കാല കാഴ്ചകളും അതിമനോഹരങ്ങളാണ്. നമ്മള്‍ ആകാശങ്ങള്‍ക്ക് മുകളിലാണെന്നു തോന്നും, അനുഭസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ‘കണ്ടത് മനോഹരമെങ്കിൽ കാണാനിരിക്കുന്നത് അതിമനോഹരം’ എന്നു മാത്രമേ എനിക്കു പറയാനൊക്കൂ. ചുരുക്കിപ്പറഞ്ഞാൽ പ്രകൃതി നമുക്കായ് കാത്തുവച്ചിരിക്കുന്ന ദൃശ്യ വിസ്മയമാണ് പരുന്തുംപാറ. മനോഹരമായ അസ്തമയ കാഴ്ചകൾക്ക് കോപ്പുകൂട്ടിയ പ്രകൃതി നല്ലൊരു സായാഹ്നം ഞങ്ങൾക്ക് സമ്മാനിച്ചു.

പാറപ്പുറത്ത് വലിഞ്ഞുകയറിയും ഊർന്നിറങ്ങിയുമുള്ള സാഹസങ്ങൾക്കും നയന മനോഹര കാഴ്ചകൾക്കും വിരാമമിട്ട് ഞങ്ങൾ ബജിക്കടയിലേക്ക് നടന്നു. കാരണം, ചായ കുടിച്ചില്ല എന്ന വെളിവുണ്ടാക്കിത്തന്ന് ഇരുട്ടു പരന്നു തുടങ്ങിയിരിക്കുന്നു. ”ബജി സൂപ്പറാ, ബജിക്കടക്കാരൻ ചേട്ടനും…” 50 രൂപക്ക് 10 സൂപ്പർ മുളക് ബജി. അങ്ങനെ ഞങ്ങളുടെ അന്നത്തെ യാത്രക്ക് വിരാമമിട്ടു.