ഒരു അംബാസിഡർ ടാക്സി കാറുമായി തുടങ്ങിയ പർവീൺ ട്രാവൽസിൻ്റെ കഥ

സൗത്ത് ഇന്ത്യയിലെ മികച്ച കോൺട്രാക്ട് കാരിയേജ് ബസ് ഓപ്പറേറ്റർമാരിൽ ഒന്നാണ് പർവീൺ ട്രാവൽസ്. ഒരു സിംഗിൾ ടാക്സി ടൂറിസ്റ്റ് ഓപ്പറേറ്ററിൽ നിന്നും വളർന്നു പന്തലിച്ച പർവീൺ ട്രാവൽസിൻ്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം.

1967 ൽ ചെന്നൈയിലെ ഒരു സംരംഭകനായ അല്ലാ ബക്ഷ് രണ്ടു അംബാസിഡർ മീറ്റർ ടാക്സി കാറുകളുമായി ടൂറിസ്റ്റ് ഓപ്പറേറ്ററായി ബിസിനസ്സ് രംഗത്തേക്കിറങ്ങി. ടൂറിസ്റ്റ് ടാക്സി രംഗത്ത് മികച്ച പേരെടുത്തതോടെ അവർ കുറച്ചു ലോറികൾ വാങ്ങുകയും കാർഗോ സർവ്വീസുകൾ ആരംഭിക്കുകയും ചെയ്തു.

അല്ലാ ബക്ഷിൻ്റെ 15 വയസ്സുകാരനായ മകൻ അഫ്സലും അക്കാലത്ത് പഠനത്തിനിടയിൽ ബിസിനസ്സ് കാര്യങ്ങളിൽ പിതാവിനെ സഹായിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. കാലങ്ങൾ കടന്നു പോയി. 1980 ൽ അഫ്‌സൽ ഡിഗ്രി ഒന്നാം വർഷവിദ്യാർത്ഥി ആയിരിക്കുമ്പോൾ ഒരു അംബാസഡർ കാറുമായി ‘പർവീൺ ട്രാവൽസ്’ എന്ന പേരിൽ ഒരു ടൂറിസ്റ്റ് ടാക്സി സർവ്വീസ് സ്വന്തമായി ആരംഭിച്ചു. പർവീൺ എന്നത് അദ്ദേഹത്തിൻ്റെ സഹോദരിയുടെ പേരായിരുന്നു.

ഈ സമയത്ത് പിതാവായ അല്ലാ ബക്ഷ് തൻ്റെ കൈവശമുണ്ടായിരുന്ന മീറ്റർ ടാക്‌സികൾ വിൽക്കുകയും, പാർസൽ ലോറി ബിസിനസ്സ് നിർത്തുവാൻ തയ്യാറെടുക്കുകയുമായിരുന്നു. എന്നാൽ മകൻ തുടങ്ങിയ പർവീൺ ട്രാവൽസ് അതിഗംഭീരമായ തുടക്കത്തോടെ മുന്നോട്ടു കുതിക്കുകയായിരുന്നു. ചെന്നൈയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള പർവീൺ ട്രാവൽസിന്റെ കസ്റ്റമൈസ്‌ഡ്‌ പാക്കേജ് ടൂറുകൾ ഹിറ്റായി.

ഒരു അംബാസിഡർ കാർ മാത്രമായി പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികയുമ്പോൾ പർവീൺ ട്രാവൽസിനു ആറ് അംബാസിഡർ കാറുകൾ ഉണ്ടായിരുന്നു. 1981 ൽ പർവീൺ ട്രാവൽസ് ചെന്നൈ – ബെംഗളൂരു റൂട്ടിൽ അവരുടെ ആദ്യത്തെ ഇന്റർസിറ്റി ബസ് സർവ്വീസ് ആരംഭിച്ചു. ഉടമയായ അഫ്‌സൽ വീക്കെൻഡുകളിൽ ബസ്സിൽ യാത്ര ചെയ്ത് യാത്രക്കാരുടെ ആവശ്യങ്ങളും, സർവ്വീസിലെ പോരായ്മകളുമൊക്കെ നേരിട്ടു മനസ്സിലാക്കിയിരുന്നു.

അങ്ങനെ ടൂറിസ്റ്റ് ടാക്സി സർവ്വീസുകൾക്കൊപ്പം കോൺട്രാക്ട് കാരിയേജ് ബസ് സർവ്വീസുകളും പർവീൺ ട്രാവൽസ് നടത്തുവാൻ തുടങ്ങി. തൊണ്ണൂറുകളിൽ യാത്രക്കാർക്ക് മികച്ച സേവനങ്ങളും കരുതലുകളും നൽകി പർവീണിൻ്റെ ബസ്സുകൾ നല്ല പേരെടുത്തു. ഇതിനിടെ വിവിധ കമ്പനികൾക്കു വേണ്ടി സ്റ്റാഫ് ട്രാൻസ്‌പോർട്ട് ബസ്സുകളും പർവീൺ ട്രാവൽസ് സർവ്വീസ് നടത്തിയിരുന്നു.

ട്രാവൽ രംഗത്ത് പർവീണിന് മാത്രമായി അവകാശപ്പെടാവുന്ന നിരവധി വസ്തുതകൾ ഉണ്ട്. അന്തർസംസ്‌ഥാന സർവീസ് രംഗത്ത് ആദ്യമായി ഓൺലൈൻ ബുക്കിങ് സംവിധാനം കൊണ്ടുവന്നത് പർവീൺ ട്രാവൽസാണ്. മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ മൾട്ടി ആക്സിൽ ബസ്സ് വാങ്ങിയത് പർവീൺ ട്രാവൽസാണ്. കൂടാതെ വോൾവോ, സ്‌കാനിയ തുടങ്ങിയ ലക്ഷ്വറി ബസുകൾ പർവീൺ ട്രാവൽസ് ഫ്‌ലീറ്റിലുണ്ട്.

ട്രാവൽ & ടൂറിസം രംഗത്ത് 14 ഓളം അവാർഡുകൾ പർവീൺ ട്രാവൽസ് സ്വന്തമാക്കിയിട്ടുണ്ട്. ഡെക്കാൻ ഓട്ടോസിന്റെ നിർമ്മിതിയായ സോങ്‌ടോങ് ബസ്സ് സ്വന്തമായി ഉള്ള ഏക അന്തർസംസ്‌ഥാന ബസ് ഓപ്പറേറ്ററാണ് പർവീൺ ട്രാവൽസ്. ഈ ബസ്സ് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചും ആണ് സർവീസ് നടത്തുന്നത്. ഇവയ്‌ക്കെല്ലാം പുറമെ സമൂഹ നന്മ പ്രൊമോട്ട് ചെയ്യുന്ന ഗോ ഗ്രീൻ, റെസ്പെക്ക്ട് വിമൺ എന്നിങ്ങനെ ഇനീഷ്യേറ്റിവുകൾ പർവീൺ ട്രാവൽസ് പ്രാവർത്തികമാക്കിയിട്ടുണ്ട്.

ഇന്ന് 1400 ലധികം വാഹനങ്ങൾ പർവീൺ ട്രാവൽസ് ഫ്‌ലീറ്റിലുണ്ട്. ചെന്നൈ ആസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ഇവർക്ക് സൗത്ത് ഇന്ത്യയൊട്ടാകെ നൂറോളം സർവീസുകൾ ദിനംപ്രതി ഉണ്ട്. ചെന്നൈയിൽ നിന്നും ബെംഗളൂരു, എറണാകുളം, ഹൈദരാബാദ്, കോയമ്പത്തൂർ, മധുര, കൊടൈക്കനാൽ, കന്യാകുമാരി, നാഗർകോവിൽ, രാമേശ്വരം, തഞ്ചാവൂർ, തിരുപ്പതി, തിരുവനന്തപുരം, ഊട്ടി, വേളാങ്കണ്ണി തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കൊക്കെ പർവീൺ ട്രാവൽസ് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.

കേവലം ഒരു അംബാസിഡർ ടാക്സി കാറുമായി തുടങ്ങിയ പർവീൺ ട്രാവൽസ് ഇന്ന് കോടിക്കണക്കിനു ലാഭം കൊയ്യുന്ന കമ്പനിയായി വളർന്നതിനു പിന്നിൽ പരിശ്രമത്തിൻറെയും ഉത്തരവാദിത്വത്തിൻ്റെയും കൈക്കരുത്താണ് ഉള്ളത്,