‘സുഖയാത്ര സുരക്ഷിതയാത്ര’ എന്നാണു കെഎസ്ആർടിസിയുടെ പരസ്യ വാചകം. എന്നാൽ ചില സമയങ്ങളിൽ കെഎസ്ആർടിസി സർവ്വീസുകൾ യാത്രക്കാർക്ക് മുന്നിൽ വില്ലനായിത്തീരാറുണ്ട്. കെഎസ്ആർടിസിയെ കുറ്റമറ്റതാക്കാൻ ശ്രദ്ധിക്കേണ്ട ചില ജീവനക്കാരുടെയും അധികാരികളുടേയുമൊക്കെ ശ്രദ്ധക്കുറവാണ് മിക്കവാറും കെഎസ്ആർടിസി ബസ്സുകളെക്കുറിച്ച് യാത്രക്കാർ പരാതി പറയേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നത്.
റോഡപകടങ്ങൾ സംഭവിക്കുന്നതിനെ ഒരിക്കലും നമുക്ക് കുറ്റപ്പെടുത്താൻ കഴിയില്ല, എങ്കിലും മനഃപൂർവ്വം വരുത്തിത്തീർക്കുന്ന അപകടങ്ങളാണെങ്കിൽ അതിനു പൊതുജനം ആരെ കുറ്റം പറയണം? ദീർഘദൂര സർവ്വീസുകൾ നടത്തുന്ന ബസ്സുകൾ വരെ കൃത്യമായ അറ്റകുറ്റപ്പണികൾ ഒന്നും ചെയ്യാതെയും പരിശോധിക്കാതെയുമാണ് ഓടാൻ അനുവദിക്കുന്നതെന്നു കെഎസ്ആർടിസിയ്ക്കെതിരെ ആരോപണങ്ങൾ ധാരാളം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന ഒരു കാഴ്ച ബെംഗളൂരു – കോട്ടയം റൂട്ടിലോടുന്ന, കെഎസ്ആർടിസി വാടകയ്ക്ക് എടുത്ത് സർവ്വീസ് നടത്തുന്ന സ്‌കാനിയ ബസ്സിൽ നിന്നും പുറത്തു വന്നിരിക്കുന്നത്.
ബസ്സിന്റെ ടയറുകളാണ് സംഭവത്തിൽ വില്ലനായിരിക്കുന്നത്. സാധാരണയായി നല്ല ഗ്രിപ്പ് വേണ്ട ടയറുകൾ ഇടേണ്ടതിനു പകരം തേഞ്ഞു തീർന്ന രീതിയിലുള്ള ‘മൊട്ട’ ടയറുകളുമായി ഇത്രയും ദൂരം സർവ്വീസ് നടത്തുന്ന അധികാരികളെയൊക്കെ എന്തു വിളിക്കണം? ബെംഗളൂരു – കോട്ടയം റൂട്ടിലെ യാത്രക്കാരിൽ ഒരാളാണ് ഈ സംഭവം ചിത്രങ്ങൾ സഹിതം ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള കുറിപ്പ് ഇങ്ങനെ – “ഇന്ന് ബാംഗ്ലൂർ നിന്ന് കോട്ടയത്തേക്ക് പുറപ്പെടുന്ന കേരള ആർ റ്റി സി യുടെ TL – 10 നമ്പർ മൾട്ടി ആക്സിൽ ബസിന്റെ ടയറിന്റെ ദയനീയ അവസ്ഥയാണ് ഇതോടൊപ്പമുള്ള ചിത്രത്തിലുള്ളത്. ഈ ടയറിലാണ് മണിക്കൂറുകൾ നീളുന്ന കിലോമീറ്ററുകളോളമുള്ള യാത്ര കേരളത്തിലേക്ക് പുറപ്പെടുന്നത്. KL – 01 – CD 5550 എന്ന രജിസ്ട്രേഷനിലുള്ള KSRTC കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുത്ത ബസിന്റെ അവസ്ഥയാണ് ഇത്.”
കഴിഞ്ഞ കുറച്ചു നാളുകളിൽ സംഭവിച്ചിട്ടുള്ള പ്രീമിയം സർവീസുകളുടെ അപകടങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും കൂടുതലും വാടക സ്‌കാനിയ ബസ്സുകളാണ് അപകടത്തിൽപ്പെടുന്നത് എന്ന്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? കരാർ പ്രകാരം കണ്ടക്ടർ മാത്രമേ വാടക ബസ്സുകളിൽ കെഎസ്ആർടിസിയുടെ ഭാഗത്തു നിന്നും ഉണ്ടാകുകയുള്ളൂ. ബസ് വാടകയ്ക്ക് കൊടുത്ത കമ്പനിയുടെ ഡ്രൈവർ ആയിരിക്കും ഈ ബസ്സുകൾ നിയന്ത്രിക്കുന്നത്. പ്രോപ്പർ ട്രെയിനിംഗുകൾ കിട്ടിയിട്ടുണ്ട് എന്നവകാശപ്പെടുന്ന കമ്പനി ഡ്രൈവർമാർ തന്നെയാണ് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കുന്നതും. ഇതിൽ ആരെ കുറ്റം പറയാൻ സാധിക്കും? ഡ്രൈവറെ മാത്രം കുറ്റം പറയാൻ പറ്റുമോ? ഇല്ല. പിന്നെയാരെ?
വാടകയ്ക്ക് എടുത്തത് അടക്കമുള്ള ബസുകളുടെ പോരായ്‌മകളും കേടുപാടുകളും ഒക്കെ കെഎസ്ആർടിസിയുടെ ഭാഗത്തു നിന്നും കൃത്യമായി ദിവസേന പരിശോധിക്കണം. ടയർ ക്ഷാമമുണ്ടെന്നു കരുതി ‘മൊട്ട’ ടയറുകൾ ഇട്ട് ബസ്സോടിച്ച് അപകടം വരുത്തി വെക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ആ സർവ്വീസ് ഓടാതിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് കുമളി – കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ബസ് മുണ്ടക്കയത്തിനു സമീപം മറിഞ്ഞിരുന്നു. ഈ ബസ്സിന്റെ ടയറുകളുടെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയായിരുന്നു.
പ്രൈവറ്റ് ബസ്സുകാരെ വിട്ട് ധാരാളം യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ഈ സമയത്ത് ബസുകളുടെ സുരക്ഷയെക്കുറിച്ച് കെഎസ്ആർടിസി അധികൃതർ ബോധവാന്മാരായിരിക്കണം. ഇനി ഇതുപോലൊരു കാഴ്ച്ച കെഎസ്ആർടിസി ബസുകളിൽ കാണുവാൻ ഇടവരാതിരിക്കട്ടെ. അധികാരികളുടെ കണ്ണ് തുറക്കുവാൻ ഈ ചിത്രത്തിനും വാർത്തയ്ക്കും കഴിയട്ടെ…