ഇന്ത്യൻ റെയിൽവേയിൽ ധാരാളം വിപ്ലവകരമായ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും സാധാരണക്കാർ സഞ്ചരിക്കുന്ന മിക്ക ട്രെയിനുകളുടെയും അവസ്ഥ വളരെ പരിതാപകരമാണ്. ഒരിക്കൽ കയറിയാൽ പിന്നീടൊരിക്കലും കയറാൻ തോന്നിക്കാത്ത വിധം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ട്രെയിനുകളുടെ അവസ്ഥ ആരും കണ്ടില്ലെന്നു നടിക്കുന്നതാണോ? വെറും 65 കിലോമീറ്റർ ദൂരം വിവേക് എക്സ്പ്രസ്സിൽ യാത്ര ചെയ്ത കണ്ണൂർ സ്വദേശി നിഖിൽ എന്ന യാത്രക്കാരൻ താൻ യാത്രയ്ക്കിടെ ട്രെയിനിൽ കണ്ട ഞെട്ടിക്കുന്ന, അറപ്പുളവാക്കുന്ന കാഴ്ചകൾ ഒരു ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുകയാണ്. നിഖിലിന്റെ കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു.
“ഞാൻ നിഖിൽ ഒരു കണ്ണൂര് കാരനാണ്. 18-05-2019 നു കണ്ണൂരിൽ നിന്നുള്ള ഒരു ട്രെയിൻ യാത്രയിൽ നേരിട്ട ഒരു അനുഭത്തെക്കുറിച്ചാണ് ഞാൻ പറയാൻ പോകുന്നത്. നിങ്ങൾക്കും ഇതുപോലെ കേരളത്തിനകത്തും പുറത്തും ഒരുപാട് ട്രെയിൻ ദുരനുഭങ്ങൾ ഉണ്ടായിട്ടുണ്ടാകും..
ഇത് വിവേക് എക്സ്പ്രസ്സ്. 2013 ലെ സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ട്രെയിനിനു ഈ പേര് വന്നത് (വിവേകാന്ദ സ്വാമി പൊറുക്കണം). വെസ്റ്റ് ബംഗാളിലെ സാന്ദ്രകച്ചിയിൽ നിന്നും ആരംഭിച്ചു ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരള വഴി കർണാടകയിലെ മംഗലാപുരം വരെ നീളുന്ന ട്രെയിനാണു വിവേക് എക്സ്പ്രസ്സ്. സാന്ദ്രകച്ചിയിൽ നിന്നും 3 ദിവസം സഞ്ചരിച്ചു കണ്ണൂരിൽ എത്തിയ ട്രെയിനിൽ കയറി കാഞ്ഞങ്ങാട് വരെ വെറും 65 കിലോമീറ്റർ മാത്രം യാത്ര ചെയ്ത എനിക്ക് ഛർദ്ദിക്കാൻ വന്നു. അപ്പോൾ ഇത്രയും ദൂരം ഏകദേശം 2488 കിലോമീറ്റർ യാത്ര ചെയ്യുന്ന യാത്രക്കാർ എത്ര ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകും?
നമ്മൾക്ക് അറിയാം വ്യക്തി ശുചിത്വത്തിലും പരിസര ശുചിത്വത്തിലും മലയാളികൾ പാലിക്കുന്ന മര്യാദകൾ. കേരളത്തിന് പുറത്തുള്ള പ്രത്യേകിച്ചു ഉത്തരേന്ത്യക്കാർ (എല്ലാരും അല്ല) അവർക്ക് വീടും ട്രെയിനും ഒക്കെ ഒരുപോലെയാണ്. ഞാൻ ട്രെയിൻ കയറുമ്പോൾ തന്നെ കാണുന്നത് 3, 4 പേര് ഡോറിന്റെ സൈഡിൽ നിന്നും പുകവലിക്കുന്നു (ഞാൻ വലിക്കാത്ത ആളല്ല ), ടോയ്‌ലറ്റിന്റെ നടുവിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നു. ആ ഭക്ഷണത്തിന്റെ വേസ്റ്റ് മുഴുവൻ വാഷ്‌ബേസിലും ടോയ്‌ലെറ്റിലും നിക്ഷേപിക്കുന്നു. ഹോ കണ്ടിട്ട് തന്നെ ഓക്കാനം വരുന്നു.
ഇതൊക്കെ നടക്കുന്നത് കണ്ണൂർ സ്റ്റേഷനിൽ നിർത്തിയിരിക്കുന്ന സമയത്താണ്. അവിടെ CRPF ഉം കേരള പോലീസും ഉണ്ട്. നോക്കു കുത്തികളെ പോലെ നിക്കുന്നു ആരും ഒരക്ഷരം മിണ്ടുന്നില്ല. പെട്ടന്നൊരുത്തൻ മദ്യപിച്ചു കൂട്ടത്തിലുള്ളവരെ തന്നെ തല്ലാൻ പോകുന്നു(ഞാൻ മദ്യപിക്കാത്ത ആളല്ല). ഉച്ചക്ക് മുമ്പേ എത്തേണ്ടത് കൊണ്ട് ഇറങ്ങി പോകാൻ തോന്നിയില്ല. എല്ലാം കണ്ടു സഹിച്ചു അവിടെ തന്നെ നിന്നു. കുറച്ചു കഴിഞ്ഞു മൂത്രമൊഴിക്കാൻ തോന്നി ടോയ്‌ലെറ്റിൽ കേറി. ന്റെ സിവനെ, പെറ്റ തള്ള സഹിക്കൂല. ഓണം ആകുന്നതേ ഉള്ളു. അതിനു മുന്നേ ധാ കിടക്കുന്നു ഗംഭീരം പൂക്കളം. ഇത്രയും വൃത്തിയില്ലാത്ത ട്രെയിൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. നമ്മുടെ പാസ്സന്ജർ ട്രെയിനിൽ പോലും ഇതിലും വൃത്തിയുണ്ടാകും.
കുപ്പത്തൊട്ടിയേക്കാൾ വൃത്തിഹീനമായ ട്രെയിനിനു മഹാത്മാവായ സ്വാമി വിവേകാന്ദന്റെ പേരുമിട്ടു എക്സ്പ്രസ്സ് ട്രെയിൻ ആണെന്ന് പറഞ്ഞു ഇത്രയും ദൂരം സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയെ കുറ്റം പറയണോ? സ്വന്തം വീടുപോലെ കാണേണ്ട ട്രെയിൻ കുപ്പൊത്തൊട്ടിയാക്കിയ വൃത്തിയും ശുചിത്വവും തൊട്ടു തീണ്ടാത്ത യാത്രക്കാരെ പഴിചാരണോ? പ്രോപ്പർ ടിക്കറ്റ് പോലും ഇല്ലാതെ ഇതുപോലുള്ള ആളുകളെ നിയന്ത്രിക്കാൻ അധികാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇതുപോലുള്ള സാമൂഹ്യ ദ്രോഹികൾ ഇനിയും വളരും.
ദയവായി ഇന്ത്യൻ റെയിൽവേ അധികാരികൾ ഇതിനൊരു അറുതി വരുത്തണം. പൈസ കൊടുത്തു ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന എന്നെ പോലെ ഉള്ള ഒരുപാട് യാത്രക്കാർ കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നുണ്ട്. ട്രെയിൻ സ്റ്റേഷനിൽ എത്തിയത് കൊണ്ട് ടിക്കറ്റ് എടുക്കാൻ പറ്റാതെ പോകുന്ന യാത്രക്കാരെ ഇറക്കി വിടുന്നതും 350 ഉം 700 ഉം ഒക്കെ ഫൈൻ വാങ്ങിക്കുന്നതും ഞാൻ ദിവസവും കാണുന്നതാണ്. അവരോടു കാണിക്കുന്ന അധികാരത്തിന്റെ ഹുങ്ക് ഇതുപോലുള്ള സാമൂഹ്യ ദ്രോഹികളോട് കാണിച്ചാൽ എന്നേ നമ്മുടെ നാട് നന്നായേനെ. എന്ന് ഇന്ത്യൻ റെയിൽവേയെയും, KSRTC യെയും, യാത്രയെയും ഇഷ്ടപ്പെടുന്ന ഒരു സാധാരണ പൗരൻ.”