പ്രളയം, ശബരിമല വിഷയം, കൊറോണ ഈ മൂന്നു വിഷമഘട്ടങ്ങളെയും അനായാസം തരണം ചെയ്ത പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ.പി.ബി.നൂഹ് ഐ എ എസിന്റെ നേതൃപാടവവും പ്രവർത്തനമികവും ഏവരാലും പ്രകീർത്തിക്കപ്പെട്ടതാണ്.
ഉത്തരേന്ത്യൻ മാധ്യമങ്ങൾ അദ്ദേഹത്തെ സൂപ്പർ സ്റ്റാർ എന്നും മറ്റുള്ളവർക്ക് റോൾ മോഡൽ എന്നുമാണ് വിശേഷിപ്പിക്കുന്നത്. കൊറോണയുടെ സമൂഹ വ്യാപനം സംഭവിക്കുമായിരുന്ന ഒരു ജില്ലയെ വളരെ കൃത്യമായ മുൻകരുതലുകളും പഴുതടച്ച പ്ലാനിംഗുകളും നടത്തി റെഡ് സോണിൽനിന്നും കേവലം 45 ദിവസം കൊണ്ട് ഗ്രീൻ സോണിലെത്തിച്ചതിന്റെ ക്രെഡിറ്റ് കളക്ടർ ശ്രീ നൂഹിന് തന്നെയാണ്.
കോവിഡ് പോസിറ്റിവായ ഇറ്റലിയിൽനിന്നുള്ള പത്തനംതിട്ടയിലെ NRI കളുടെ ഏകദേശം 1300 പേരുമായുള്ള സമ്പർക്ക റൂട്ടുമാപ്പ് തയ്യാറാക്കൽ ഏവരും ഉത്ക്കണ്ഠയോടെ ഉറ്റുനോക്കിയ വിഷയമായിരുന്നു. പിന്നീട് കേരളത്തിലാകെ ആ രീതി അംഗീകരിക്കപ്പെട്ടു. കൂടാതെ കൊറോണ ബാധിതരെന്ന് സംശയിക്കുന്നവരെ കണ്ടെത്തി അവരെ Quarantine ചെയ്യുന്ന രീതിയും ഇന്ത്യയാകെ പിന്തുടർന്നു.
ജില്ലാഭരണകൂടം, പോലീസ്, ഹെൽത്ത് വർക്കർമാർ, ഡോക്ടർമാർ, NGO, രാഷ്ട്രീയ നേതൃത്വം ഇവരെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി പോരാടാൻ കഴിഞ്ഞ അദ്ദേഹത്തിൻറെ നേതൃപാടവം പരക്കെ പ്രകീർത്തിക്കപ്പെടുന്നു. ബോളിവുഡ് നടനായ കാർത്തിക് ആര്യൻ കളക്ടറുമായി നടത്തിയ ഓൺലൈൻ ഇന്റർവ്യൂവിൽ ഇക്കാര്യം പ്രത്യേകം പ്രതിപാദിക്കുകയുണ്ടായി.
അമേരിക്കയിലെ മാസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യുടെ റിവ്യൂ മാഗസിനില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തന മികവ് ഉയര്‍ത്തിക്കാട്ടി പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹിനെക്കുറിച്ച് ഒരു ലേഖനംതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു സാധാരണകുടുംബത്തിലെ 8 മക്കളിൽ ഏഴാമനായിപ്പിറന്ന പി.ബി.നൂഹിനോട് പാവങ്ങളുടെ കഷ്ടപ്പാടുകളെപ്പറ്റി ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. അതുകൊണ്ടാണ് ലോക്ക് ഡൗൺ കാലത്ത് MLA ക്കൊപ്പം മുതുകിൽ ഭക്ഷണസാമഗ്രികളുമായി അച്ചൻകോവിലാറു താണ്ടി ആവണിപ്പാറയിലെ ഗിരിജൻ കോളനിയിലെ 37 കുടുംബങ്ങൾക്ക് അരിയും മറ്റു ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകിയത്.
ഉപ്പയുടെ കൊച്ചുകടയിലെ ചേരുവരുമാനം കൊണ്ടാണ് അന്ന് കളക്ടറുടെ കുടുംബം കഴിഞ്ഞത്. മക്കളെയെല്ലാം പഠിപ്പിക്കുന്നതിൽ ഉപ്പയും ഉമ്മയും വളരെ ശ്രദ്ധാലുക്കളായിരുന്നു. പഠിത്തത്തിൽ കേമനായിരുന്ന ചേട്ടൻ IAS കരസ്ഥമാക്കിയപ്പോഴാണ് ഡോക്ടറാകണമെന്ന മോഹമുപേക്ഷിച്ചു നൂഹ് IAS എഴുതിയത്. 2012 ൽ രണ്ടാമത്തെ തവണ 43 മത്തെ റാങ്കിന്റെ മികച്ച വിജയത്തോടെയാണ് IAS കരസ്ഥമാക്കിയത്.
2018 ൽ പത്തനംതിട്ട കളക്ടറായി നിയമിതനായ ശ്രീ പി.ബി.നൂഹ് രണ്ടുതവണയുണ്ടായ പ്രളയം, ശബരിമല വിഷയം തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങളിൽ സ്വീകരിച്ച സ്തുത്യർഹമായ പ്രവർത്തനങ്ങളും ഏവർക്കും സ്വീകാര്യമായ മുൻകരുതലുകളും പകർന്നു നൽകിയ ഊർജ്ജമാണ് കോവിഡ് കാലത്ത് പത്തനംതിട്ടയെ കൊറോണവിമുക്തമാക്കാൻ തനിക്കു സഹായകമായതെന്നദ്ദേഹം പറയുകയുണ്ടായി.
പ്രശംസകളും അനുമോദനങ്ങളും ലവലേശവും ഇഷ്ടപ്പെടാത്ത അദ്ദേഹം, എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണീ വിജയമെന്നും ഒരു ഭരണാധികാരി എന്ന നിലയിൽ താൻ നേതൃത്വം മാത്രമാണ് നൽകുന്നതെന്നും പറയുമ്പോൾ ആ മനസ്സിന്റെ എളിമയെ നാമറിയതെ നമിച്ചുപോകുകയാണ്.
എഴുത്ത് – പ്രകാശ് നായർ മേലില.