വിവരണം – ബിബിൻ സെബാസ്റ്റിയൻ.
കൊടും കാട്ടിൽ ഒരു രാത്രി സേഫ് ആയിട്ടു താമസിക്കുക എന്നുള്ളത് കാടിനെ സ്നേഹിക്കുന്ന പലരുടെയും ഒരു സ്വപ്നമാണ്. എന്നാൽ ഇത്തരം സ്വപ്‌നങ്ങൾ മിക്കപ്പോഴും സ്വപ്നമായിട്ട് മാത്രം നിലനിൽക്കാറാണ് പതിവ്. എന്നാൽ ആ സ്വപ്നം യഥാർഥ്യമാക്കാനുള്ള ഒരവസരമാണ് പെരിയാർ ടൈഗർ റിസർവിലുള്ള എടപ്പാളയം വാച്ച്ടവർ നമുക്ക് തരുന്നത്.
കേരളത്തിൽ തന്നെയുള്ള ഏറ്റവും മികച്ച ഡീപ് ഫോറസ്ററ് സ്റ്റേ ഇതാണെന്ന് പറയാം. മൂന്നു നേരത്തെ ഫുഡും, ട്രെക്കിങ്ങും അടക്കമുള്ള ഒരു നൈറ്റ് സ്റ്റേ പ്രോഗ്രമാണ് ഇത്, കാടിനു നടുവിൽ ഏറ്റവും കൂടതൽ വൈൽഡ്ലൈഫ് സൈറ്റിംഗ് കിട്ടുന്ന രീതിയിൽ ബ്രിട്ടീഷ്കാരുടെ കാലത്ത് നിർമിച്ച മനോഹരമായ ഒരു വാച്ച് ടവർ, അത് നവീകരിച്ചു സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നു.
യൂട്യൂബിൽ, തേക്കടിയിലെ ടൈഗർ ട്രെയിലിന്റെ ഡീറ്റെയിൽസ് തപ്പുമ്പോൾ യാദൃശ്ചികമായിട്ടാണ് ഈ വാച്ച്ടവറിന്റെ ഒരു വീഡിയോ എന്റെ കണ്ണിൽപെട്ടത്. പിന്നെ ടൈഗർ ട്രെയിൽ പെൻഡിങ് വച്ചിട്ട്, ഇതിന്റെ പുറകേ പോയി. ഒടുവിൽ വാച്ച് ടവർ ബുക്ക് ചെയ്യാൻ തീരുമാനിച്ചു. പെരിയാർ ടൈഗർ റിസർവ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്തു. ഞാനും എന്റെയൊരു ഫ്രണ്ടും ചേർന്നാണ് ബുക്ക് ചെയ്തത്.
കുമളി ടൗണിലുള്ള, ബോട്ടിങ്ങ് ബസ് പാർക്കിങ്ങിൽ ഉച്ചക്ക് ഒരു മണിക്ക് റിപ്പോർട്ട് ചെയ്യണം. അവിടെയെത്തിയാൽ പിന്നെ തേക്കടി ബോട്ടിങ്ങിനു പോകുന്ന അതേ ബസിൽ കയറി, ബോട്ടിങ്ങിന് പോകുന്നവരുടെ കൂടെ തന്നെ ബോട്ടിൽ പോകണം. ഞങ്ങൾ കറക്റ്റ് സമയത്ത് തന്നെ ബസ് കയറുന്ന സ്ഥലത്തെത്തി, ഓൺലൈൻ ബുക്ക് ചെയ്ത ടിക്കറ്റ് കാണിച്ചു. ഞങ്ങളുടെ വണ്ടി അവിടെ തന്നെ പാർക്ക് ചെയ്തു, ബസിൽ കയറി.
ബോട്ടിങ്ങ് ലാൻഡിംഗിൽ ചെന്ന് ബസിറങ്ങുമ്പോൾ എന്റെ കയ്യിലുണ്ടായിരുന്ന കവറിൽ ആരോ പിടിച്ചു വലിക്കുന്നു. നോക്കുമ്പോൾ ഒരു കുരങ്ങനാണ്, ഭക്ഷണമാണെന്ന് കരുതിയാണ്. ഭാഗ്യത്തിന് കവർ കയ്യിൽ കോർത്തിട്ടിരുന്നത് കൊണ്ട് രക്ഷപെട്ടു. പിന്നെ റിസ്ക് എടുത്തില്ല കവർ നേരെ ബാഗിൽ കുത്തിനിറച്ചു.
ബോട്ടിങ്ങ് ടിക്കറ്റ് കൗണ്ടറിൽ ചെന്ന് വാച്ച് ടവർ ബുക്ക് ചെയ്തിട്ട് വന്നതാണെന്ന് പറഞ്ഞപ്പോൾ ഒരു ഫോം ഫിൽ ചെയ്യാൻ തന്നു. അതിൽ നമ്മുടെ അഡ്രസ്സും മറ്റു ഡീറ്റെയിൽസും ഫിൽ ചെയ്തു കൊടുത്തപ്പോളേക്കും നമ്മുടെ കൂടെ പോകാനുള്ള ഗൈഡും ഗാർഡുമെത്തി. കാക്കി യൂണിഫോമും തോക്കുമൊക്കെയായി കൊല്ലംകാരനായ നമ്മുടെ അഖിൽ ബ്രോയാണ് ഫോറസ്ററ് ഗാർഡ്. അരുണും സജീവ് ചേട്ടനുമാണ് ഗൈഡ്മാരായിട്ടുള്ളത്. അവരുടെ കയ്യിൽ നമുക്ക് കുക്ക് ചെയ്യാനുള്ള ഭക്ഷണസാധനങ്ങളുമുണ്ട്.
ഉച്ചക്ക് ഒന്നേമുക്കാലിനുള്ള ബോട്ടിലാണ് ഞങ്ങൾ കയറിയത്, പോകുന്ന വഴിയിൽ തടാകത്തിന്റെ കരയിലായി ഒരു കൂട്ടം മ്ലാവുകൾ പുല്ല് മേയുന്നു. ബോട്ട് വീണ്ടും മുന്നോട്ട് പോയപ്പോൾ അങ്ങ് ദൂരെയുള്ള മലയുടെ ഒരു ചെരുവിൽ കാട്ടുപോത്തും മറു ചെരുവിൽ ആനയും, ഒരുപാട് ദൂരത്തിലാണെങ്കിലും കാണാൻ പറ്റി. ബോട്ടിൽക്കയറി ഒരു പത്തോപതിനഞ്ചോ മിനുട്ടിൽ ഞങ്ങൾക്കിറങ്ങേണ്ട സ്ഥലമായി.
തേക്കടി ലേക് പാലസിന്റെ മുന്നിലാണ് ഇറങ്ങിയത്. മുൻപ് പലപ്പോഴും ബോട്ടിലിരുന്നു കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അവിടെയൊന്നിറങ്ങാൻ പറ്റിയത്. ഒരു തുരുത്തിൽ പണിത സുന്ദരമായ ഒരു കൊട്ടാരം, ചുറ്റും കാട്, ഇപ്പോൾ ഇതൊരു ആഡംബര റിസോർട്ടാണ്. ടൂറിസ്റ്റുകൾക്ക് ബുക്ക് ചെയ്യാം.
ലേക്ക് പാലസിന്റെ മുറ്റത്തൂടെ കയറി, പുറകിലെ IB യുടെ മുറ്റത്തെത്തിയപ്പോൾ ഞങ്ങൾക്ക് വലിയ സോക്സ് തന്നു. ലീച്ച് ഉള്ളത് കൊണ്ട് ഷൂവിന്റെ ഉള്ളിലൂടെ ഈ സോക്സ് ഇട്ടിട്ടു മുട്ടിനു താഴെയായി കെട്ടണം. സോക്സ് കെട്ടിയ ശേഷം ലേക്പാലസിന്റെ പുറകിലെ ട്രഞ്ച് ക്രോസ്സ് ചെയ്തു കാട്ടിലേക്കു കയറി. ഒന്നൊന്നര കിലോമീറ്റർ ഉൾക്കാട്ടിലേക്കു പോകണം വാച്ച്ടവറിലെത്താൻ.
നടക്കാൻ തുടങ്ങിയപ്പോൾ തന്നെ മഴ പെയ്തു തുടങ്ങി. വഴിയിൽ മുഴുവൻ അട്ടയും. ഒരു സെക്കന്റ് നിന്നാൽ മുഴുവൻ അട്ട കയറും. അട്ടയെ വകവെക്കാതെ മുന്നോട്ട് നടന്നു. മുൻപിൽ സജീവും അരുണും അവര് മുന്നോട്ട് പോയി നോക്കി വഴിയിൽ മൃഗങ്ങളൊന്നുമില്ല സേഫ് ആണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഞങ്ങൾ പുറകേ പോകുന്നത്. ഏറ്റവും പുറകിൽ അഖിൽ, തോക്കും കൊണ്ട്.
പാതി വഴിയായപ്പോഴേക്കും മഴ മാറി, അങ്ങ് ദൂരെയായി ഒരു സ്ഥലം സജീവ് കാണിച്ചു തന്നു അവിടെയാണ് വാച്ച്ടവർ. അതിനോടടുത്തപ്പോളേക്കും സൈഡിലായി കുറേ മൃഗങ്ങൾ ഓടിപ്പോകുന്നു. ഒരു കൂട്ടം മ്ലാവുകൾ ഞങ്ങളെ കണ്ടിട്ട് പേടിച്ചോടിപോകുന്നതാണ്.
സ്വല്പ ദൂരം കൂടെ കഴിഞ്ഞപ്പോൾ, ദൂരത്തായി വാച്ച്ടവർ കാണാം. മഴ മാറി നല്ല വെയില് തെളിഞ്ഞു. മുന്നിൽ അതി മനോഹരമായ ഒരു പുൽമേട്, അതിന്റെ ബാക്ക്ഗ്രൗണ്ടിലായി പുൽമേട്ടിലേക്കു ഫേസ്ചെയ്യുന്ന രീതിയിലാണ് വാച്ച് ടവർ. രണ്ടു സൈഡിലും പുറകിലും കൊടുംകാട്. മുന്നിലുള്ള ഈ പുൽമേട്ടിൽ നിന്നാണ് കുറച്ചുമുൻപ് മ്ലാവുകൾ ഓടിപ്പോയത്.
വാച്ച് ടവർ മുഴുവൻ തടിയിൽ പണിതതാണ്, കണ്ടാൽ ഒരു ട്രീ ഹൗസ് പോലെയുണ്ട്, ഒരു നില പൊക്കത്തിൽ നല്ല കാതലുള്ള വലിയ തടിയിൽ തീർത്ത തൂണുകൾ അതിന് മുകളിലായി ഒരു ഡ്രീം സ്റ്റേ. വാച്ച് ടവറിന് ചുറ്റും വലിയ കിടങ്ങു കുഴിച്ചിട്ടുണ്ട്, ഉള്ളിലേക്ക് കയറാൻ രണ്ടു തടികൾ വിലങ്ങനെ ഇട്ടേക്കുന്നു, അതിലൂടെ ബാലൻസ് ചെയ്ത് വേണം കയറാൻ. ഉയരത്തിലുള്ള വാച്ച് ടവറിന് താഴെയായി സൈഡിൽ ഒരു ചെറിയ ഷെഡ് കെട്ടിയിട്ടുണ്ട്, അതാണ് കിച്ചണും കൂടെ വന്നവർക്ക് കിടക്കാനുള്ള സ്ഥലവും.
ചെന്നപാടെ എല്ലാവരും സോക്സ് അഴിച്ചു പരിശോധിച്ചു. നിറയെ അട്ടകളാണ്. അവയെ കുടഞ്ഞു കളഞ്ഞ ശേഷം ഷൂവും സോക്സും ഊരി ഉണക്കാൻ വച്ചു. ഞാൻ വാച്ച് ടവറിന് ചുറ്റും നടന്നു കണ്ടു. മുറ്റത്തു തന്നെ ഒരു കിണറുണ്ട്, മോട്ടോർ വച്ചിട്ടുണ്ട്, ചെറിയ ഡീസൽ മോട്ടറാണ്. പിന്നെ ഒരു മുൻകരുതലായി കയറും കപ്പിയുമുണ്ട്.
വാച്ച് ടവറിന് താഴെയായാണ് ബാത്ത്റൂമുള്ളത്. നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ചുറ്റുമുള്ള കിടങ്ങുകൾ കല്ലുകൊണ്ട് കെട്ടി ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇല്ലെങ്കിൽ ആന ഇടിച്ചു കളയും. കിടങ്ങിനപ്പുറം മുഴുവൻ ചുറ്റോട് ചുറ്റും ആനക്കൂട്ടം കുത്തിയിളക്കിയിട്ടിരിക്കുന്നു. കിടങ്ങിനു കുറുകെ മുൻപിൽ ഇട്ടിരിക്കുന്നപോലെ രണ്ടു തടികൾ പുറകിലും ഇട്ടിട്ടുണ്ട്.
മുകളിലുള്ള റൂമിലേക്ക് കയറാൻ തടികൊണ്ടുണ്ടാക്കിയ പടികളാണ്. മുകളിൽ കയറി ചെല്ലുമ്പോൾ ഒരു കുഞ്ഞു ബാൽക്കണി, രണ്ടു കസേര ഇട്ടിട്ടുണ്ട്, പുൽമെട്ടിലേക്കാണ് വ്യൂ. ബാൽക്കണിയിൽ നിന്നുള്ള കാഴ്ച്ചകൾ പറഞ്ഞറിയിക്കാൻ വയ്യ. പുൽമേട്ടിൽ ദൂരെ കുറേ കാട്ടുപന്നികളും മ്ലാവിൻകൂട്ടവും മേയുന്നു. ബാൽക്കണിയുടെ ഒരു സൈഡിൽ ചെറിയൊരു റാന്തൽ വിളക്ക് തൂക്കിയിട്ടിരിക്കുന്നു.
ദൈവമേ കൊടും കാടിനു നടുവിൽ രാത്രിയിൽ റാന്തൽ മാത്രമാണോ വെട്ടത്തിനു വേണ്ടി, എന്നാലോചിച്ചു നോക്കുമ്പോൾ അതിനുള്ളിൽ ബൾബ് ഉണ്ട്. വാച്ച്ടവർ ഫുൾ ലൈറ്റും ചാർജിങ് പോയിന്റുമെല്ലാം സോളാർ ആണ്. റൂം വളരെ ചെറുതാണ്, എന്നാൽ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. രണ്ടു പേർക്ക് കിടക്കാവുന്ന തരത്തിൽ ബെഡ്, ഒരു ചെറിയ ടേബിൾ, മൊത്തത്തിൽ ചെറിയ ഒരു ഡീസന്റ് റൂം. കാട്ടിനുള്ളിലെ ട്രീ ഹൗസിൽ ഇത് തന്നെ ലാവിഷാണ്. ലക്ഷുറി പ്രതീക്ഷിച്ചു ആരും കാട്ടിൽ വരില്ലെന്നു കരുതാം. അങ്ങനെയുള്ളവർക്ക് ഇത് പറ്റില്ല, അവർക്കു തേക്കടി ലേക് പാലസ് നോക്കാവുന്നതാണ്.
റൂമൊക്കെ കണ്ടു ബാൽക്കണിയിലെ കാഴ്ചളൊക്കെ ആസ്വദിച്ചിരിക്കുമ്പോ, തൊട്ടു പുറകിലായി ഭയങ്കര അലർച്ച കേട്ടു. ആനയുടെ പോലുള്ള ശബ്ദം. എന്നാൽ സാധാരണ കേൾക്കുന്ന പോലെയല്ല അതിഭീകര പേടിപ്പെടുത്തുന്ന ശബ്ദം. ഓടി താഴെയിറങ്ങുമ്പോളേക്കും സജീവും അരുണും അഖിലും കൂടെ പുറത്തിറങ്ങി നോക്കുന്നുണ്ട്. മിണ്ടരുതെന്നു സജീവ് കൈകൊണ്ടു കാണിച്ചിട്ട്, ശബ്ദം കേട്ട ഭാഗത്തേക്ക് മെല്ലെ നടന്നു. കൂടെ ഞങ്ങളും.
അപ്പോഴും കരച്ചിൽ കേൾക്കാം. ഇടക്ക് കടുവയുടേതുപോലുള്ള ഗർജ്ജനവും. അസുലഭമായ ആ ടൈഗർ സൈറ്റിംഗ് ഇപ്പോൾ കിട്ടുമെന്ന് ഞാനൊരു നിമിഷം കൊതിച്ചുപോയി. എന്നാൽ അതുണ്ടായില്ല പകരം ഒരു ചെറിയ ആനക്കൂട്ടം കൂട്ടത്തിൽ ചെറിയ ഒരു കുഞ്ഞുണ്ട്. അതിനെ കടുവ ആക്രമിക്കാൻ വന്നതാവാം എന്നാണ് അവർ പറഞ്ഞത്. കടുവയുടെ സൗണ്ടും കേട്ടിരുന്നു. അല്ലാതെ ആന ഇത്രയും ശബ്ദമുണ്ടാക്കുന്നത് കേട്ടിട്ടില്ല.
കുറച്ചു നേരം അവിടെ നിന്ന് ആനക്കൂട്ടത്തെ സസൂക്ഷ്‌മം നിരീക്ഷിച്ചു. വേറൊരു ചെറിയ കൂട്ടം അപ്പുറത്ത്നിന്നും വന്നു ഈ കൂട്ടത്തിൽ കൂടി. മുൻവശത്തുള്ള പുൽമേട്ടിൽ മുൻപ് ഞങ്ങളെകണ്ടു ഓടിപ്പോയ മ്ലാവിൻകൂട്ടം പതിയെ തിരികെ വന്നിട്ടുണ്ട്. അതിലൊരെണ്ണം തലയുയർത്തി എന്നെയൊന്നു നോക്കി “ആരാ നീ, എന്താ ഇവിടെ” എന്നൊരു ഭാവം. വാച്ച്ടവറിന്റെ ചുവട്ടിൽ നിന്ന് ക്യാമറ ഒന്ന് കറക്കിയാൽ ഒരു സൈഡിൽ ആനക്കൂട്ടം മറു സൈഡിൽ മ്ലാവും കാട്ടുപന്നിയും.
വൈൽഡ് ലൈഫ് സൈറ്റിംഗ് അതിന്റെ പാരമ്യത്തിൽ കാണാൻ സാധിച്ചു. അതും അവിടെ ചെന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ. ചുറ്റുപാടുമൊക്കെ കറങ്ങി കണ്ടു എല്ലാ മൃഗങ്ങളുടെയും ഫോട്ടോയും വിഡിയോയുമൊക്കെയെടുത്തു തിരിച്ചെത്തിയപ്പോളേക്കും ചായ റെഡി. ചായ നമ്മൾ ഒരുപാട് കുടിക്കാറുണ്ട്. പക്ഷേ ഇതൊരു സ്പെഷ്യൽ ചായയാരുന്നു. കൊടും കാടിനു നടുവിൽ കാട്ടാനക്കൂട്ടത്തെയും മറ്റു വന്യമൃഗങ്ങളെയും കണ്ടു കാട് ആസ്വദിച്ചൊരു ചായ. അന്നേ വരെ കുടിച്ചതിൽ ഏറ്റവും ബെസ്റ്റ് അനുഭവം എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ഞങ്ങൾക്ക് ചായ തന്നിട്ട് അരുണും സജീവും പണി തുടങ്ങി. വൈകിട്ടത്തേക്കുള്ള ഭക്ഷണം, ചപ്പാത്തിയും ചിക്കൻ കറിയും. ഇടക്ക് വേണമെങ്കിൽ ചിക്കൻ ഫ്രൈ ചെയ്ത് തരും ടച്ചിങ്ങിന്. ഞാനിടക്കിടക്കു നമ്മുടെ ആനക്കൂട്ടത്തെ പോയി നോക്കും. അതിൽ ഒരു തള്ളയും കുഞ്ഞും ഇപ്പോഴും അവിടെ തന്നെ നിൽപ്പുണ്ട്. നിലത്തു നിന്ന് എന്തോ പറിച്ചു വായുവിൽ കറക്കി കുടഞ്ഞു മണ്ണ് കളഞ്ഞു കഴിക്കുന്നു. ഒരുപാട് നേരമായി ഈ പരിപാടി തുടങ്ങിയിട്ട്. ഞങ്ങളുടെ സാമീപ്യം അവ അറിയുന്നുണ്ടെങ്കിലും മൈൻഡ് ചെയ്യുന്നില്ല. ഞങ്ങളെക്കൊണ്ട് ഉപദ്രവമൊന്നുമില്ല എന്ന് തോന്നിയത് കൊണ്ടാവണം. എന്റെ ക്യാമറകൾക്ക് ഒട്ടും വിശ്രമമുണ്ടാരുന്നില്ല. ഒടുവിൽ വീഡിയോ എടുത്തു ഞാൻ മടുത്തു.
സൂര്യൻ മെല്ലെ പിൻവലിഞ്ഞു തുടങ്ങി. തൊട്ട് മുൻപിലുണ്ടാരുന്ന മ്ലാവിന്റെ കൂട്ടം മെല്ലെ കാട്ടിലേക്കു വലിഞ്ഞു. പുറകിലുണ്ടാരുന്ന ആനകളെയും കാണാനില്ല. കാടിന്റെ നിഗൂഢതയിലേക്ക് അവ ഊളിയിട്ടിട്ടുണ്ടാവും. മുൻ വശത്തു അങ്ങ് ദൂരെയായി ഒരു പന്നിക്കൂട്ടം ഇപ്പോഴുമുണ്ട്.
കാട്ടുപോത്തുകൾ സാധാരണ കാണാറുള്ളതാണെന്നു സജീവ് പറഞ്ഞു. പക്ഷേ അതിനെ മാത്രം നമുക്ക് കിട്ടിയില്ലലോ എന്നും പറഞ്ഞിരിക്കുമ്പോളാണ്, മുൻവശത്ത് പുൽമേടിന്റെ അരികിലേക്ക് കാട്ടിൽ നിന്നും എന്തോ നടന്നിറങ്ങുന്നു. ഞങ്ങൾക്ക് ദർശനം താരനായി മാത്രം വന്ന ഒരു കാട്ടുപോത്ത്. ഞാൻ ഒന്നൂടെ ശ്രെദ്ധിച്ചു നോക്കി ഒരെണ്ണം മാത്രമേയുള്ളൂ. കാലിൽ വൈറ്റ് സോക്സ് ഇട്ടിരിക്കുന്ന പോലെ, പതിയെ ഇരുട്ട് വീണു ആ കാഴ്ചയും മറച്ചു.
ക്യാമറ കൊണ്ട് പോയി ചാർജ് ചെയ്യാൻ വച്ചിട്ട് താഴെയിറങ്ങി വന്നു. രാത്രിയിൽ കാട്ടിലെ അന്തരീക്ഷം ഒന്നനുഭവിക്കേണ്ടതാണ്. ചുറ്റും ഇരുട്ടിൽ വന്യമൃഗങ്ങൾ പതിയിരുപ്പുണ്ടാവും. മൊത്തം ചീവീടുകളുടെ ശബ്ദം, ആവോളം ശുദ്ധ വായു, പൊടിയോ മറ്റു പൊല്യൂഷനുകളോ ഇല്ല, വാഹനങ്ങളുടെ ശബ്ദമില്ല, മൊബൈൽ സിഗ്നൽ പോലുമില്ല, ശാന്തം സുന്ദരം വന്യം.
ഭക്ഷണം കഴിക്കുമ്പോഴും എന്റെ ശ്രെദ്ധ ചുറ്റുപാടുമുള്ള ഇരുട്ടിലേക്കായിരുന്നു. തിളങ്ങുന്ന രണ്ടു കണ്ണുകളോ, ഇലപ്പടർപ്പിൽ ഒരനക്കമോ ഒക്കെ തിരയുകയാരുന്നു. ചിക്കൻ കറിക്കും ചപ്പാത്തിക്കും നല്ല ടേസ്റ്റ്. ഭക്ഷണം കഴിച്ചിട്ട് വീണ്ടും കുറച്ചു നേരം ഞാൻ കാട്ടിലെ ഇരുട്ടിൽ തപ്പി, ഒന്നും കിട്ടിയില്ല.
രാവിലെ നേരത്തെ എഴുന്നേൽക്കണം. വെയിൽ വീഴുന്നതിന് മുൻപ് ട്രെക്കിങ്ങിനു പോകണം. ഉൾക്കാട്ടിലൂടെയുള്ള ട്രെക്കിങ്ങ് കിടിലമായിരിക്കും. അതും കാലങ്ങളായി അങ്ങനെ ആളനക്കമില്ലാത്ത വഴികളിലൂടെ. തേക്കടി വാച്ച് ടവർ ട്രെക്കിങ്ങിന്റെ വിശേഷങ്ങളുമായി ഞാൻ വീണ്ടും വരും.
ഈ പ്രോഗ്രാം ബുക്ക് ചെയ്യാൻ periyartigerreserve.org വെബ്സൈറ്റിൽ കയറി, വാച്ച് ടവർ സെലക്ട് ചെയ്താൽ മതി. ആകെ രണ്ടാൾക്കു മാത്രമേ ഇവിടെ സ്റ്റേ ചെയ്യാൻ പറ്റൂ അതും 12 വയസിനു മുകളിലുള്ളവർക്ക് മാത്രം. ചാർജ് 8000 രൂപയാണ് രണ്ടാൾക്കും കൂടെ, അതിൽ മൂന്ന് നേരത്തെ ഫുഡും ട്രെക്കിങ്ങും ബോട്ട് ചാർജ്ജും ഉൾപ്പെടും. പാർക്ക് എൻട്രി ഫീയും, പാർക്കിങ്ങ് ചാർജും ക്യാമറ ഫീയും എക്സ്ട്രാ അടക്കണം.
ഒറ്റനോട്ടത്തിൽ ചാർജ് കുറച്ചു കൂടതലാണെന്നു തോന്നാമെങ്കിലും എന്റെ അനുഭവത്തിൽ നിന്നും പറയട്ടെ, മുടക്കുന്ന ഓരോ രൂപയും മുതലാണ്. പെരിയാർ ടൈഗർ റിസർവ്വിലെ ഈ കിടിലൻ Edappalayam Watch Tower Stay ടെ വീഡിയോ ഞങ്ങളുടെ DotGreen യൂട്യൂബ് ചാനലിൽ ഉണ്ട്, താല്പര്യമുള്ളവർക്ക് കാണാം.