പെർമിറ്റ് നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കിയ ശേഷം ഞങ്ങൾ ഭൂട്ടാനിലെ ഫ്യുന്റ്ഷോലിംഗിൽ നിന്നും ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിലേക്ക് യാത്രയായി. ഏതാണ്ട് ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു ചെക്ക്പോസ്റ്റ് കണ്ടു. അവിടെ നമ്മുടെ വണ്ടികളൊന്നും അവർ തടയില്ലെങ്കിലും നമ്മൾ അവിടെ വണ്ടി നിർത്തി എമിഗ്രെഷൻ സ്റ്റാമ്പ് പാസ്‌പോർട്ടിൽ അടിപ്പിക്കണം. തിരിച്ചിറങ്ങി വരുന്ന സമയത്തും ഇതുപോലെ ചെയ്യണം.ഭൂട്ടാൻ കാഴ്ചകളൊക്കെ കണ്ട് ഞങ്ങൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു. അതിനിടയിൽ അതി ഭീകരമായ മഴ തുടങ്ങി. പുറത്ത് നല്ല മഴയും ഞങ്ങളുടെ വയറിനകത്ത് നല്ല വിശപ്പും താളംകൊട്ടിയപ്പോൾ വഴിയരികിൽ കണ്ട ഒരു ഹോട്ടലിലേക്ക് ഞങ്ങൾ കയറി.
റെസ്റ്റോറന്റ് എന്ന ബോർഡ് കണ്ടിട്ടാണ് ഞങ്ങൾ വണ്ടി നിർത്തി അവിടേക്ക് കയറിയത്. ഒരു വീട് പോലത്തെ സെറ്റപ്പ് ആയിരുന്നു അവിടെ. അകത്തേക്ക് കയറിയപ്പോഴാണ് ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ആ കാഴ്ച – റെസ്റ്റോറന്റ് ഹാളിലെ കസേരകളിലിരുന്നുകൊണ്ട് ചിലർ ബിയർ രുചിക്കുന്നു. അവിടെയൊക്കെ ഹോട്ടലുകളിൽ ഇതുപോലത്തെ കാഴ്ചകളൊക്കെ സാധാരണയാണെന്നു ഹോട്ടലിൽ ചോദിച്ചപ്പോൾ പറഞ്ഞു. അവിടെ ആകെ കഴിക്കുവാനുണ്ടായിരുന്നത് ന്യൂഡിൽസ് മാത്രമായിരുന്നു. ഓർഡർ ചെയ്തു സാധനം വന്നപ്പോൾ ആകെയൊരു വ്യത്യസ്തത. ന്യൂഡിൽസ് കഞ്ഞിപോലിരിക്കുന്നു. എന്തായാലും നല്ല രുചിയുണ്ടായിരുന്നു.
വിശപ്പടക്കിയ ശേഷം ഞങ്ങൾ വീണ്ടും തിംഫു ലക്ഷ്യമാക്കി യാത്ര തുടർന്നു. വഴിയിൽ മിക്കയിടങ്ങളിലും കോടമഞ്ഞു മൂടിക്കിടക്കുന്ന കാഴ്‌ചയായിരുന്നു. അപ്പോൾ സമയം വൈകുന്നേരം മൂന്നു മണി കഴിഞ്ഞിരുന്നു. വഴിയിൽ വെസ്റ്റ് ബെംഗാൾ രജിസ്ട്രേഷനിലുള്ള വണ്ടികളൊക്കെ ധാരാളം കാണാമായിരുന്നു. ഞങ്ങളുടെ കേരള രജിസ്‌ട്രേഷൻ വണ്ടി കണ്ടിട്ട് എല്ലാവര്ക്കും അദ്ഭുതമായിരുന്നു. അങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുന്നതിന്ടെ കോടമഞ്ഞു മൂടി ഒന്നും കാണാത്ത അവസ്ഥയായി. എവിടെയും നിർത്താൻ പറ്റാത്ത അവസ്ഥയായിരുന്നു. അതിനിടെ ഒരു പിക്കപ്പ് വാൻ ഞങ്ങളുടെ മുന്നിൽ കയറിപ്പോയി. അതോടെ ഞങ്ങൾക്ക് സമാധാനമായി.ആ വണ്ടിയുടെ പിന്നാലെ ഞങ്ങൾ യാത്രയായി.
മഴ ഒട്ടും തോരുന്ന ലക്ഷണമില്ലായിരുന്നു. ഞങ്ങൾ ഗൂഗിൾ മാപ്പൊക്കെ ഇട്ടായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. അതിനിടെ സലീഷേട്ടന്റെ തമാശകളും നന്നായി ആസ്വദിച്ചു. അങ്ങനെ കുറച്ചു സമയം ഞാൻ അറിയാതെ ഒന്നു മയങ്ങിപ്പോകുകയും ചെയ്തു. ഉറങ്ങിയെഴുന്നേറ്റപ്പോൾ മഴ തോർന്നിരുന്നു. പകരം കോടമഞ്ഞു അന്തരീക്ഷത്തിലേക്ക് ഇറങ്ങി. ചുരം റോഡിലെ വീതിയുള്ള ഒരു ഭാഗം നോക്കി ഞങ്ങൾ വണ്ടി നിർത്തി പുറത്തിറങ്ങി. അവിടെ ഞങ്ങളെ കാത്തിരുന്നത് മനോഹരമായ കാഴ്ചകളായിരുന്നു. അവിടെ കുറച്ചു സമയം ചെലവഴിച്ച ശേഷം വീണ്ടും യാത്ര തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും മഴയും മഞ്ഞും കൂടി ഒരുമിച്ചു വന്ന അവസ്ഥയായി. ഞങ്ങളുടെ കാറിന്റെ ഫോഗ് ലാംപ് ഒക്കെ കിടിലനായി പ്രവർത്തിച്ചിരുന്നത് മൂലം കോടമഞ്ഞിനെയൊക്കെ ഒരുവിധത്തിൽ ഒതുക്കുവാൻ സാധിച്ചിരുന്നു. അങ്ങനെ പോകുന്നതിനിടയിൽ വഴിയരികിൽ ഒരു മനോഹരമായ വെള്ളച്ചാട്ടം കണ്ടു. ഞങ്ങൾ അവിടെ വണ്ടി നിർത്തി ഇറങ്ങി. അതിരപ്പിള്ളി – വാഴച്ചാൽ റൂട്ടിലെ ചാർപ്പ വെള്ളച്ചാട്ടത്തിനെ അനുസ്മരിപ്പിക്കുന്ന ഒരു വെള്ളച്ചാട്ടമായിരുന്നു അത്. ‘ഭൂട്ടാനിലെ ചാർപ്പ’ എന്നുവേണമെങ്കിൽ ഇതിനെ വിളിക്കാം.
വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യങ്ങൾ കണ്ടും ഭയാനകത അനുഭവിച്ചറിഞ്ഞും ഞങ്ങൾ പിന്നെയും മുന്നോട്ടു നീങ്ങി. ഞങ്ങൾക്ക് പിന്നെയും നല്ല വിശപ്പ് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അടുത്തു കണ്ട ഒരു റെസ്റ്റോറന്റിൽ ഞങ്ങൾ വണ്ടി നിർത്തി കയറി. ഇന്ത്യൻ വിഭവങ്ങൾ എല്ലാം അവിടെ കിട്ടുമായിരുന്നു. ബീഫും പോർക്കുമെല്ലാം അവിടെ ലഭിക്കുമെന്ന് പ്രത്യേകം എഴുതി വെച്ചിട്ടുമുണ്ടായിരുന്നു. ഞങ്ങൾ നല്ല ചൂട് ചായയാണ് ഓർഡർ ചെയ്തത്. റെസ്റ്റോറന്റിലെ ജീവനക്കാരെല്ലാം വളരെ ഫ്രണ്ട്ലി ആയിട്ടായിരുന്നു ഞങ്ങളോട് പെരുമാറിയിരുന്നത്.
ചായയും കുടിച്ചു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. കുറെ ദൂരം ചെന്നപ്പോൾ മഞ്ഞൊക്കെ മാറി ആൾതാമസമുള്ള ഏരിയകളൊക്കെ എത്തിത്തുടങ്ങി. മഴ അപ്പോഴും അത്യാവശ്യം നന്നായി പെയ്തുകൊണ്ടിരുന്നു. കുറച്ചു ദൂരം ചെന്നപ്പോൾ വണ്ടിയുടെ നിയന്ത്രണം എമിലിന്റെ കയ്യിൽ നിന്നും ഞാൻ ഏറ്റെടുത്തു. അപ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. ചെക്ക്‌പോസ്റ്റുകളിൽ ഞങ്ങൾ വണ്ടി നിർത്തി പെർമിറ്റുകൾ ഒക്കെ അവിടെ കാണിച്ചുകൊണ്ട് യാത്ര തുടർന്നു.
അങ്ങനെ ഞങ്ങൾ രാത്രി എട്ടുമണിയോടെ തിംഫുവിലേക്ക് പ്രവേശിച്ചു. തിംഫുവിൽ ‘ഹോട്ടൽ ഭൂട്ടാൻ’ എന്നൊരു ഹോട്ടലിലായിരുന്നു ഞങ്ങൾ റൂം ബുക്ക് ചെയ്തിരുന്നത്. രാത്രിയായതു കൊണ്ടാണോ എന്തോ ടൗണിലും റോഡുകളിലുമൊക്കെ തിരക്ക് അൽപ്പം കുറവായിരുന്നു. അങ്ങനെ വലിയൊരു യാത്രയ്ക്കു ശേഷം ഞങ്ങൾ തിംഫുവിൽ താമസിക്കുവാൻ ഉദ്ദേശിച്ചിരുന്ന ‘ഹോട്ടൽ ഭൂട്ടാൻ’ എന്നു പേരുള്ള ഹോട്ടലിനു മുന്നിലെത്തിച്ചേർന്നു. രാത്രിയിൽ ഹോട്ടലാകെ ലൈറ്റുകൾ കൊണ്ട് അലംകൃതമായിരുന്നു. ഹോട്ടലിലെ ഞങ്ങളുടെ റൂമും മികച്ചതായിരുന്നു. 13 ഡിഗ്രിയായിരുന്നു അവിടത്തെ താപനില. നല്ല തണുത്ത കാലാവസ്ഥയായിരിക്കും എപ്പോഴും എന്നതിനാൽ റൂമിൽ എസിയോ ഫാനോ ഒന്നും ഉണ്ടായിരുന്നില്ല.
ഹോട്ടൽ റൂമിൽ ഞങ്ങളുടെ ലഗേജുകളൊക്കെ വെച്ചശേഷം ഭക്ഷണം കഴിക്കുവാനായി ഞങ്ങൾ പുറത്തിറങ്ങി. എട്ടുമണിയോടെ കടകളെല്ലാം അടയ്ക്കുന്നതു കൊണ്ട് ഭക്ഷണം ലഭിക്കുവാനായി ഞങ്ങൾ അലച്ചിൽ ആരംഭിച്ചു. ഒടുവിൽ ഒരിടത്തു നിന്നും ഭക്ഷണം കഴിച്ചു ഞങ്ങൾ തിരികെ റൂമിൽ വന്നു കിടന്നുറങ്ങി. ഇനി നാളെ മുതൽ ഭൂട്ടാനിലെ കാഴ്ചകൾ ആസ്വദിക്കുവാനുള്ളതാണ്. ആ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ…
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.