അതീവ ശ്രദ്ധയോടെ വളരെ സുരക്ഷിതമായി സ്കൂൾ കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരെ കണ്ടിട്ടില്ലേ? അവർ എത്ര കൃത്യനിഷ്ഠയോടെയാണ് തങ്ങളില്‍ നിക്ഷിപ്തമായ ഡ്യൂട്ടി ചെയ്യുന്നത് എന്നു നോക്കൂ. അവരുടെ മുഖഭാവങ്ങളില്‍ത്തന്നെ മാതൃസ്നേഹം എന്താണെന്ന് നമ്മെയെല്ലാം വിളിച്ചറിയിക്കുന്ന പുഞ്ചിരിയും ദൃഢ ബോധവും ഉണ്ട്.
ഇതുപോലെ ധാരാളം പോലീസ് അമ്മമാര്‍ സ്കൂള്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ടാറിട്ട റോഡുകളില്‍ പൊരിവെയിലത്ത് സൂര്യാഘാതവുമേറ്റ് മണിക്കൂറുകളോളം ജോലി ചെയ്യുന്നുണ്ട്. ഒരു കാര്യം നമ്മളെല്ലാം മനസ്സിലാക്കണം. ഇവർക്കും മക്കളുണ്ട്. ആ മക്കളും സ്കൂളിൽ പോകുന്നവരാണ്. പക്ഷേ, ഇപ്പറഞ്ഞ പോലീസ് ഉദ്യോഗസ്ഥരിൽ എത്രപേർക്ക് അവരുടെ സ്വന്തം മക്കളെ രാവിലെ സ്കൂളിൽ കൊണ്ടാക്കാൻ കഴിയുന്നുണ്ട് എന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?ഇവരുടെ കൃത്യനിർവഹണം എന്താണെന്ന് പോലും ഓർക്കാറില്ല.
എന്താണ് പിങ്ക് പോലീസ്? എന്തിനീ പിങ്ക് പോലീസ്?? FOR THE WOMEN, OF THE WOMEN, BY THE WOMEN.. അതാണ് പിങ്ക് പോലീസ്. സ്ത്രീകളുടെ മേല്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അവരുടെ സുരക്ഷയ്ക്ക് വേണ്ടി ശക്തമായ നടപടികളെടുക്കാനായി 2016 ഓഗസ്റ്റ് 15 നു കേരള സര്‍ക്കാര്‍ രൂപംകൊടുത്ത സംവിധാനമാണ് സംസ്ഥാന പിങ്ക് പോലീസ്.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ വനിതകള്‍ മാത്രമടങ്ങുന്ന കേരള പോലീസിന്‍റെ പിങ്ക് പട്രോള്‍ സംവിധാനം രാജ്യത്തിനു തന്നെ മാതൃകയായി കഴിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ പൂര്‍ണമായും വനിതാ പോലീസുകാര്‍ കൈകാര്യം ചെയ്യുന്ന പട്രോളിങ് വാഹനം കൂടുതലായും പട്രോളിങ് നടത്തുന്നത് സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ആണ്. മാത്രമല്ല, സ്ത്രീകളെ പിന്‍തുടര്‍ന്ന് ശല്യപ്പെടുത്തുക, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുക്കുക തുടങ്ങിയവ തടയുന്നതിനും പിങ്ക് പോലീസ് പെട്രോള്‍ സാന്നിധ്യം ഏറെ സഹായകമാകുന്നുണ്ട്. പൊതുസ്ഥലങ്ങളിലും സ്‌കൂള്‍, കോളേജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പിങ്ക് പട്രോള്‍ സംഘം പട്രോളിങ് നടത്തും.
സ്ത്രീകളെ / പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്നിന്‍റെ വില്പ്പന തുടങ്ങിയവ തടയുന്നതിന് പിങ്ക് പട്രോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സ്ത്രീകളുടേയും കുട്ടികളുടേയും യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പിങ്ക് പോലീസ് പട്രോള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പിങ്ക് പട്രോള്‍ കണ്‍ട്രോള്‍ റൂമില്‍ അതിക്രമങ്ങള്‍ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും തുടര്‍ന്ന് എത്രയും വേഗം പിങ്ക് പട്രോളിന്‍റെ സേവനം സംഭവസ്ഥലത്ത് ലഭ്യമാക്കുകയുമാണ് പിങ്ക് പട്രോള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
വനിതാ പോലീസ് സേ്റ്റഷനുകളും പിങ്ക് പോലീസും തമ്മിലുള്ള വ്യത്യാസങ്ങള്‍ : വനിതാ പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പ്രത്യേക ട്രെയിനിങ് നല്‍കിയാണ് പിങ്ക് പോലീസ് സംഘത്തിലേക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. വനിതാസെല്ലില്‍ കൂടുതലായും വരുന്ന പെറ്റീഷനുകള്‍ക്കു കൗണ്‍സിലിംഗും മേല്‍നടപടികള്‍ക്കുള്ള ശുപാര്‍ശയുമാണ് നല്‍കുക. പിങ്ക് പോലീസ് പ്രധാനമായും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഏതൊക്കെ തരത്തില്‍ സഹായിക്കാം എന്നതിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. കാലതാമസമില്ലാതെ എത്രയും വേഗം പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും.
അടിയന്തര സാഹചര്യങ്ങളില്‍ പിങ്ക് പോലീസിന്റെ സഹായത്തിനായി 1515 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം എടുത്ത് പറയുന്നെങ്കിലും സഹായത്തിനു വിളിക്കുന്നത് ആണുങ്ങളായാലും പിങ്ക് കൈവിടില്ല. ഉടനെ തന്നെ പട്രോളിംഗ് സംഘം അവിടെയെത്തും. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനവും ഫോണ്‍ സന്ദേശം ലഭിച്ചത് എവിടെ നിന്നാണെന്നു ട്രാക്ക് ചെയ്ത് മിന്നല്‍വേഗത്തില്‍ എത്തിച്ചേരാന്‍ ഉപകരിക്കുന്ന സോഫ്റ്റ്വെയറും ഉണ്ട് . പിങ്ക് പട്രോള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ നിമിഷനേരംകൊണ്ട് പിങ്ക് പട്രോള്‍ വാഹനത്തിന് കൈമാറും. സി – ഡാക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് സോഫ്റ്റ് വെയറും വാഹനവും തയ്യാറാക്കിയിരിക്കുന്നത്. അതാത് സ്റ്റേഷന്‍ പരിധിയിലെ സിആര്‍വി (കണ്‍ട്രോള്‍ റൂം വെഹിക്കിള്‍) യുടെ സേവനവും ഉറപ്പാക്കും. നിമിഷനേരംകൊണ്ട് പിങ്ക് പട്രോള്‍ വാഹനത്തിന് നിര്‍ദ്ദേശം കൈമാറും.
പൂവാലശല്യവും ഗാര്‍ഹിക പീഡനവും മോശം പെരുമാറ്റവുമാണ് സ്ഥിരമായി കണ്ടുവരുന്ന പരാതികള്‍. വീട്ടുവഴക്ക്, മര്‍ദ്ദനം എന്നിവയുമായി ബന്ധപ്പെട്ടും ഫോണ്‍വിളികള്‍ എത്താറുണ്ട്. എസ്.ടി നല്‍കാതെയും കൈകാണിച്ചിട്ടു നിര്‍ത്താതെയും പോകുന്ന സ്വകാര്യ ബസ്സുകളെക്കുറിച്ചൊക്കെ സ്‌കൂള്‍കുട്ടികള്‍ പരാതിപറയും. ആന്റി -ചേച്ചി എന്നൊക്കെ വിളിച്ച് വീട്ടിലൊരാളോട് പറയുംപോലെ സ്വാതന്ത്ര്യവും സ്നേഹവും അവരുടെ സംസാരത്തിലുണ്ട്. കാക്കിയ്ക്കുള്ളില്‍ കരുതലുള്ള ഹൃദയം ഉണ്ടെന്നു തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണ്. കുട്ടികളുടെ മേല്‍ പ്രത്യേക നിരീക്ഷണമുണ്ട്. റോഡ് ക്രോസ്സ് ചെയ്യുന്നതിന് സഹായിക്കുകയും കുട്ടിപ്പോലീസുകള്‍ക്ക് നിയമങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്യും.
PINK POLICE Toll Free Number : 1515. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി രംഗത്തെത്തിയ പിങ്ക് പോലീസിനെക്കുറിച്ചും, പിങ്ക് പോലീസിന്‍റെ ടോള്‍ ഫ്രീ നമ്പരായ 1515 നെക്കുറിച്ചും സകല സ്ത്രീകളും കുട്ടികളും അറിയുന്നതിലേക്കായി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.
കടപ്പാട് – Kerala Police Fans – Thiruvananthapuram, Mangalam.