എന്തിനാണ് അന്ന് ഡോക്ടര്‍മാര്‍ പക്ഷികളെപ്പോലെ വേഷം ധരിച്ചത്?

എന്തിനാണ് അന്ന് പ്ലേഗ് ഡോക്ടര്‍മാര്‍ പക്ഷികളെപ്പോലെ വേഷം ധരിച്ചത്? എന്തായിരുന്നു പിന്നിലെ വിശ്വാസം? പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പ് ഒരു മഹാമാരിയുടെ പിടിയില്‍ അകപ്പെട്ടു. ബ്ലാക്ക് ഡെത്ത് എന്ന് വിളിക്കപ്പെട്ട പ്ലേ​ഗ്. മൂന്ന് നൂറ്റാണ്ടുകളിലായി, ഇടയ്ക്കിടെ ബ്ലാക്ക് ഡെത്ത് ലോകത്തെ ആക്രമിച്ചുകൊണ്ടിരുന്നു. മഹാമാരിയുടെ ഓരോ കുതിച്ചുചാട്ടവും നൂറുകണക്കിനല്ല, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് അപഹരിച്ചത്. തടുക്കാന്‍ കഴിയാതിരുന്ന ആ മഹാമാരി, ഒരുകാട്ടുതീ കണക്കെ പടര്‍ന്ന് പിടിച്ചു.

എന്നാല്‍, അത്തരമൊരു മഹാമാരിയെ നേരിടാന്‍ ആവശ്യമായിരുന്ന സജ്ജീകരണങ്ങളൊന്നും അന്നത്തെക്കാലത്ത് ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഡോക്ടര്‍മാരെല്ലാം ചികിത്സിക്കാന്‍ വിസ്സമതിച്ച്‌ രോഗികളില്‍ നിന്ന് അകന്ന് നിന്നു.

അന്ന് ശാസ്ത്രം ഇത്രയ്ക്ക് പുരോഗമിച്ചിട്ടില്ല. രോഗാണു സിദ്ധാന്തത്തെയും ബാക്ടീരിയയെയും കുറിച്ച്‌ മനസിലാക്കാതെ ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കുന്നതിനും അണുബാധ ഒഴിവാക്കുന്നതിനും അന്ധവിശ്വാസത്തിനെയും പൂര്‍വകാല തെളിവുകളെയും ആശ്രയിച്ചു. അങ്ങനെയാണ് പ്ലേഗിന് ചികിത്സിക്കാന്‍ നിയോഗിച്ച ഡോക്ടര്‍മാര്‍ പ്ലേഗ് വസ്ത്രം ധരിക്കാന്‍ തുടങ്ങിയത്.

പതിനേഴാം നൂറ്റാണ്ടിലെ ഭയാനകമായ നിരവധി തൊഴിലുകളില്‍ ഒന്നായിരുന്നു വൈദ്യസേവനം. രോഗികളെ ചികിത്സിക്കാന്‍ അവര്‍ക്ക് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് യാത്ര ചെയ്യേണ്ടതായി വന്നു. യൂറോപ്പിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും പ്ലേഗ് പകര്‍ച്ചവ്യാധികള്‍ ഉണ്ടായപ്പോള്‍ അവര്‍ക്ക് ഒരുപാട് യാത്രകള്‍ ആവശ്യമായി വന്നു. സൂക്ഷ്മാണുക്കളെയും ആന്‍റിബയോട്ടിക്കുകളെയും കുറിച്ച്‌ അറിവില്ലാത്ത ആ കാലത്ത് രോഗികളുടെ മരണനിരക്ക് കൂടിവന്നു. എപ്പോള്‍ വേണമെങ്കിലും അണുബാധയോ മരണമോ ഡോക്ടര്‍മാരെ കീഴ്‌പ്പെടുത്താമെന്ന അവസ്ഥയായി.

മരിക്കുന്നവരെ നിരീക്ഷിക്കുന്നതിനു പുറമേ, പ്ലേഗ് ഡോക്ടര്‍മാര്‍ക്ക് ചിലപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടങ്ങളില്‍ പങ്കെടുക്കേണ്ടതായും വന്നു. രോഗികളെ സുഖപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ സമയം പോസ്റ്റ്‌മോര്‍ട്ടങ്ങളിലും കണക്കുകള്‍ ശേഖരിക്കുന്നതിനുമായി അവര്‍ ചെലവിട്ടു. അവര്‍ സമൂഹത്തില്‍ ബഹുമാനിക്കപ്പെട്ടവരായിരുന്നു എങ്കിലും, സമൂഹം അവരെ ഒറ്റപ്പെടുത്തി. തികഞ്ഞ ഏകാന്തതയില്‍ അവര്‍ക്ക് കഴിയേണ്ടി വന്നു.

ഫ്രഞ്ച് വൈദ്യനായ ചാള്‍സ് ഡി എല്‍ ഓര്‍മ് ഒടുവില്‍ പ്ലേഗ് ഡോക്ടര്‍മാര്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഒരു വസ്ത്രം തയ്യാറാക്കി. എന്നാല്‍, അത് കാണാന്‍ വളരെ വിചിത്രവും ധരിക്കാന്‍ പ്രയാസമേറിയതുമായിരുന്നു. കൊഴുപ്പോ അല്ലെങ്കില്‍ മെഴുകോ ഉപയോഗിച്ചാണ് അതിന്റെ പുറംഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. അതിന് താഴെ ലെതര്‍ ഷര്‍ട്ടും, പാന്റും, ബൂട്ടും അവര്‍ ധരിച്ചു. തല ലെതര്‍ കൊണ്ടുള്ള മുഖംമൂടി ഉപയോഗിച്ച്‌ മറച്ചു. പക്ഷികളുടേത് പോലുള്ള കൊക്കുകള്‍ ഡോക്ടര്‍മാരുടെ വായ മൂടുന്നതിനായി ഉപയോഗിച്ചു. ഡോക്ടര്‍മാര്‍ കണ്ണുകളെ സംരക്ഷിക്കാനായി കണ്ണട ധരിച്ചിരുന്നു. ഇതിനെല്ലാം പുറമെ, അവര്‍ ഒരു വടിയും കൊണ്ടാണ് നടന്നിരുന്നത്. എല്ലാം കൂടി അവരുടെ വസ്ത്രധാരണം കണ്ടാല്‍ ഏതോ പ്രേതസിനിമയിലെ കഥാപാത്രത്തെ ഓര്‍മിപ്പിച്ചു.

പക്ഷേ, ഇത്രയൊക്കെ ചെയ്തിട്ടും, രോഗത്തെ തടുക്കാന്‍ അവര്‍ക്കായില്ല. വിഷവായു വഴിയാണ് ഇത് പടരുന്നത് എന്ന് അവര്‍ വിശ്വസിച്ചു. ഈ ദുഷിച്ച വായുവിനെ തുടങ്ങുനിര്‍ത്താന്‍ അവര്‍ കൊക്കുകളില്‍ ഔഷസസ്യങ്ങളുടെ ഒരുകൂട്ട് നിറച്ചു. അര അടി നീളമുള്ള കൊക്കിന്റെ രണ്ട് ദ്വാരങ്ങളിലായി ഈ കൂട്ട് അവര്‍ നിറച്ചു. 55 ലധികം ഔഷധസസ്യങ്ങളുടെ ഈ കൂട്ടില്‍ കറുവപ്പട്ട, തേന്‍ എന്നിവ ഉള്‍പ്പെടുന്നു. ചില ഫ്രഞ്ച് പ്ലേഗ് ഡോക്ടര്‍മാര്‍ ഈ കൂട്ടിന് തീകൊളുത്തി കൊക്കിനുള്ളില്‍ പുക പുറപ്പെടുവിച്ചു.‌ ഈ പുക വായുവില്‍ ഉണ്ടാകുന്ന ദുഷിപ്പ് ഇല്ലാതാകുമെന്നു അവര്‍ പ്രതീക്ഷിച്ചു.

പക്ഷെ, രോഗത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിക്കാതിരുന്ന ആ കാലത്ത് രോഗബാധിതര്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിയാതെ അവരുടെ വിശാലമായ വസ്ത്രങ്ങള്‍ പലപ്പോഴും ഉപയോഗശൂന്യമായി തീര്‍ന്നു. അവര്‍ ആ രോഗത്തിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ടില്ല. എന്നിരുന്നാലും കൊക്ക് മുഖംമൂടി ഇപ്പോഴും ബ്ലാക്ക് ഡെത്തിന്റെ ഒരു പ്രതീകമായി കണക്കാക്കുന്നു.

എഴുത്ത് – ബിബിൻ ഏലിയാസ് തമ്പി, Source – ആനന്ദവികടൻ.