യാത്രാപ്രേമികളുടെ ഒരു സ്വപ്നമായിരിക്കും ലക്ഷദ്വീപ് നേരിൽക്കാണുക എന്നത്. ഇന്ത്യയുടെ ഭാഗമായ, മലയാളം ഭാഷയായി സ്വീകരിച്ചിട്ടുള്ള ഈ മനോഹര ദ്വീപുകൾ ആരെയും മോഹിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ്. ലക്ഷദ്വീപിൽ പോകുന്നവർ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെയാണ് ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ പോകുന്നത്.
മിനിക്കോയ് ദ്വീപ് : ലക്ഷദ്വീപ് സമൂഹത്തിലെ ഒരു ദ്വീപാണ് മിനിക്കോയ് അഥവാ മലിക്കു. ഇവിടെ, സമീപ രാജ്യമായ മാലദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു സംസാരിക്കപ്പെടുന്നത്. മലികു ദ്വീപിന് സാംസ്കാരികമായി ലക്ഷ്ദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. മനോഹരമായ വൃത്തിയുള്ള ബീച്ചുകളും റിസോർട്ടുകളുമൊക്കെ ഈ ദ്വീപിലുണ്ട്. ഹണിമൂൺ ആഘോഷിക്കുവാൻ വരുന്നവർക്ക് വേണ്ട എല്ലാ റൊമാന്റിക് ഘടകങ്ങളും ഇവിടെയുണ്ട്.
അഗത്തി : ലക്ഷദ്വീപിന്റെ കവാടം എന്നറിയപ്പെടുന്ന, 5 ചെറുദ്വീപുകളാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് അഗത്തി. വിമാനമാർഗ്ഗം ലക്ഷദ്വീപിലേക്ക് വരുന്നവർ അഗത്തിയിലാണ് വിമാനമിറങ്ങുന്നത്. അഗത്തി എയർപോർട്ടിന്റെ ആകാശദൃശ്യം വളരെ മനോഹരമാണ്. തൂവെള്ള മണൽ ബീച്ചുകളും, ഇളംനീലനിറത്തിലുള്ള തെളിഞ്ഞ കടലുമെല്ലാം അഗത്തിയെ കൂടുതൽ സുന്ദരിയാക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു ആശുപത്രി ഇവിടെയുണ്ട്.
ബംഗാരം ദ്വീപ് : ലക്ഷദ്വീപിൽ പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ബംഗാരം ദ്വീപ്. അഗത്തിയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. അഗത്തിയിൽ നിന്നും 15-20 മിനിറ്റുകൾ കൊണ്ട് ബോട്ട് മാർഗ്ഗം ഇവിടേക്ക് എത്താവുന്നതാണ്. ഹണിമൂൺ ആഘോഷിക്കുന്നവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഒരു കിടിലൻ സ്പോട്ട് ആണിത്. കൂടാതെ സ്കൂബാ ഡൈവിംഗ്, കയാക്കിംഗ് തുടങ്ങിയ ആക്ടിവിറ്റികളും ഇവിടെ ലഭ്യമാണ്.
കവരത്തി : ലക്ഷദ്വീപിലെ പ്രധാനപ്പെട്ട ദ്വീപായ കവരത്തി ലക്ഷദ്വീപുകളുടെ തലസ്ഥാനം കൂടിയാണ്. ലക്ഷദ്വീപിൽ വരുന്നവർ കൂടുതലായും ചെലവഴിക്കുന്നത് കവർത്തിയിൽ തന്നെയായിരിക്കും. വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ ചെയ്യുവാൻ താല്പര്യമുള്ളവർക്ക് ഇവിടെ അതിനുള്ള സൗകര്യങ്ങൾ ധാരാളമുണ്ട്. ഡോള്‍ഫിന്‍ ഡൈവ് സെന്ററാണ് മറ്റുനിരവധി വാട്ടര്‍ സ്പോര്‍ട്സ് കളികള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന കേന്ദ്രം. അതോടൊപ്പം തന്നെ ഇവിടെ സ്ഥിതി ചെയ്യുന്ന മറൈൻ പാർക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്.
കടമത്ത് : ലക്ഷദ്വീപിലെ മറ്റൊരു ശ്രദ്ധാകേന്ദ്രമായി ദ്വീപാണ് കടമത്ത്. അഗത്തിയിൽ വിമാനമിറങ്ങുന്നവർക്ക് അവിടെ നിന്നും ഫെറി വഴി കടമത്ത് ദ്വീപിൽ എത്തിച്ചേരാം. എവിടെ നോക്കിയാലും കിടിലൻ ഫ്രയിമുകളുള്ള ഇവിടം ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടകേന്ദ്രം കൂടിയാണ്.
കൽപേനി : കൊച്ചിയിൽ നിന്നും 287 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ഈ ദ്വീപ്. 2.8 കിലോമീറ്റർ നീളവും, 1.2 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. തെക്ക് വടക്കായി സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ പടിഞ്ഞാറ് വശം ലഗൂണുകളാൽ ചുറ്റപ്പെട്ടതിനാലും, ആഴമുള്ള കിഴക്ക് ഭാഗത്ത് കടൽപ്പാലം പണിയുവാൻ സാധിക്കാഞ്ഞതിനാലും ദ്വീപിൽ കപ്പലുകൾക്കും മറ്റും കയറാൻ പറ്റിയ തുറമുഖം ഇല്ല. ലഗൂണിന് പുറത്താണ് കപ്പലുകൾ നങ്കൂരമിടുന്നത്. തിലാക്കം, പിറ്റി, ചെറിയം എന്നി ദ്വീപുകള്‍ ചേര്‍ന്നതാണ് കാല്‍പേനി ദ്വീപസമൂഹം. ടിപ് ബീച്ച്, കൂമയിൽ ബീച്ച്, മൊയിദീൻ പള്ളി, ലൈറ്റ് ഹൗസ്, അഗത്തിയാട്ടി പാറ, ബനിയൻ നിർമ്മാണശാല, കൊക്കനട്ട് പൗഡർ ഫാക്റ്ററി എന്നിവയാണ് കൽപേനിയിൽ പ്രധാനമായും ടൂറിസ്റ്റുകൾക്ക് കാണുവാനുള്ളത്.
അറബിക്കടലിൽ ചിതറിക്കിടക്കുന്ന ലക്ഷദ്വീപിലെ മൊത്തം 36 ദ്വീപുകളിൽ ആകെ 10 ദ്വീപുകളിൽ മാത്രമേ ആൾത്താമസമുള്ളൂ. അപ്പോൾ നിങ്ങളുടെ അടുത്ത യാത്ര ലക്ഷദ്വീപിലേക്ക് ആയിക്കൊള്ളട്ടെ. ഒപ്പം മേൽപ്പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും കൂടി നിങ്ങളുടെ കാഴ്ചകളിൽ ഉൾപ്പെടുത്തുക.