ദക്ഷിണേന്ത്യയിലേക്ക് സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് നീലഗിരിയുടെ റാണിയായ ഊട്ടി. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. . മഞ്ഞില്‍ പൊതിഞ്ഞ നീലഗിരിക്കുന്നുകളുടെ പശ്ചാതലമാണ് ഊട്ടിയെ ഇത്ര സുന്ദരമാക്കുന്നത്. ഊട്ടിയിലെ സുഖദായകമായ കാലാവസ്ഥയും മലനിരകളും പ്രകൃതിഭംഗിയും കൂടിചേർന്ന് മലകളുടെ റാണി എന്നും ഊട്ടിയെ വിശേഷിപ്പിക്കിന്നതിൽ തെറ്റില്ല. ടൂറിസത്തിന് പുറമെ കൃഷിയും ഈ പട്ടണത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമാണ്. ഔഷധ സസ്യങ്ങളും ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് രുചിയൂറുന്ന ഭക്ഷണങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കിട്ടും. ഹരിതഭംഗിയിൽ പരന്ന് കിടക്കുന്ന തേയിലതോട്ടങ്ങളും കാപ്പി തോട്ടങ്ങളും സഞ്ചാരികളിൽ വശ്യസൗന്ദര്യം തുളുമ്പുന്ന കാഴ്ചയാണ്. കൂടാതെ പേരുകേട്ട ഒരുപാട് എസ്റ്റേറ്റുകളും ഇവിടെയുണ്ട്.
ഉദഗമണ്ഡലം എന്നാണ് ഊട്ടിയുടെ ഔദ്യോഗിക നാമം. തോട ഭാഷയിൽ മലകളിലെ വീട് എന്നർത്ഥമുള്ള ‘ഒത്തക്കൽ’ ‘മുണ്ട്’ എന്ന വാക്കുകളിൽ നിന്നാണ് ഉദകമണ്ഡലം എന്ന പേര് ഉണ്ടായത് പാട്ക് മുണ്ട് (Patk – Mund) എന്ന വാക്കിൽ നിന്നാണ് ഇത് ഉണ്ടായതെന്നും പറയപ്പെടുന്നു. ബ്രിട്ടിഷ് സർക്കാർ ഇത് ‘ഊട്ടക്കമണ്ട്’ എന്നാക്കി. ഊട്ടി എന്നത് പറയാൻ എളുപ്പത്തിനായി ഉപയോഗിച്ചു വന്ന പേര് ആണ്. എന്നാൽ ഇന്ന് സാർവ്വത്രികമായി ഉപയോഗിക്കുന്ന പേര് ഇതാണ്.ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ് ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണിത്. മേട്ടുപ്പാളയം-ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.
ഊട്ടി ഉൾപ്പെടുന്ന നീലഗിരി മലനിരകൾ ഏകദേശം 35 മൈൽ നീളവും 20മൈൽ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഠഭൂമിയാണ്. ഇത് പശ്ചിമഘട്ടത്തിനും പൂർവ്വഘട്ടത്തിനും ഇടക്കാണ് സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാൽ ചുറ്റപ്പെട്ടുകിടക്കുകയാണ്. വടക്കുഭാഗം മൊയാർ നദിയാണ്. ഇത് ദന്നായന്‌കോട്ടയ്ക്കടുത്തായി ഭവാനി നദിയിൽ ചേരുന്നു. ഒരു ഭാഗത്തായി ഭവാനി സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് വയനാടാണ്. കിഴക്കു ഭാഗത്ത് പൈക്കാര നദി അതിർ സൃഷ്ടിക്കുന്നു.
ഒരിക്കലെങ്കിലും ഊട്ടിയിൽ പോകണം എന്ന ആഗ്രഹമില്ലാത്തവർ ഇല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്ത ഹിൽ സ്റ്റേഷനുകളിലൊന്നായ ഊട്ടിയുടെ ഭംഗി പറഞ്ഞു കേൾക്കുന്നതിലും ചിത്രങ്ങൾ കാണുന്നതിലും അധികം എത്രയോ വലുതാണെന്ന് നേരിട്ടെത്തിയാൽ മാത്രമേ മനസ്സിലാവുകയുള്ളൂ. എന്നാൽ ഊട്ടിയിലേക്കുള്ള യാത്ര പുറപ്പെടുമ്പോൾ തന്നെ എല്ലാരുടെ മനസ്സിലും ഉയരുന്ന ആദ്യത്തെ ചോദ്യമാണ് ഏതൊക്കെയാണ് തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ എന്നത്? ഊട്ടിയിലെ കാഴ്ചകൾ അത്രെ പെട്ടന്നൊന്നും കണ്ടു തീർക്കുവാൻ സാധിച്ചില്ലെങ്കിലും ചില സ്ഥലങ്ങൾ കണ്ടില്ലെങ്കിൽ വലിയ നഷ്ടം തന്നെയായിരിക്കും, ഊട്ടിപ്പട്ടണത്തിൽ കറങ്ങുമ്പോൾ മറക്കാതെ കണേണ്ട ഇടങ്ങൾ നോക്കാം.
#ബോട്ടാണിക്കൽ_ഗാർഡൻ : ഊട്ടിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ഇവിടുത്തെ ബോട്ടാണിക്കൽ ഗാർഡൻ. നീലഗിരി മലകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഡൊഡ്ഡബെട്ടയുടെ താഴ്ന്ന ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന ഗാർഡൻ 55 ഏക്കർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ആറു വ്യത്യസ്ത വിഭാഗങ്ങളായി ബോട്ടാണിക്കൽ ഗാർഡനെം വിഭജിച്ചിട്ടുണ്ട്. ലോവർ ഗാർഡൻ, ന്യൂ ഗാർഡൻ, ഇറ്റാലിയൻ ഗാർഡൻ, കൺസെർവേറ്ററി, ഫൗണ്ടൻ ടെറസ് , നഴ്സറി എന്നിവയാണവ. ഉദകമണ്ഡലം ബോട്ടാണിക്കൽ ഗാർഡൻ എന്നും ഇത് അറിയപ്പെടുന്നുണ്ട്. അപൂർവ്വങ്ങളായ ഒട്ടേറെ ചെടികളും പൂക്കളും ഇവിടെ കാണാം. കുരങ്ങനു കയറാനാവാത്ത മങ്കി പസ്സിൽ മരം,കോർക്കുമരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് 6.30 വരെയാണ് ഇവിടെ പ്രവേശനം.
#റോസ്_ഗാർഡൻ : 3600 തരത്തിലുള്ള വ്യത്യസ്ത ഇനങ്ങളിലുള്ള റോസാ ചെടികളുമായി നിൽക്കുന്ന റോസ് ഗാർഡമാണ് ഇവിടുത്തെ മറ്റൊരാകർഷണം. ഇന്ത്യയിസെ തന്നെ ഏറ്റവും വലിയ റോസ് ഗാർഡനായ ഇത് പത്ത് ഹെക്ടർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ഊട്ടിയുടെ പ്രത്യേകതയുള്ള കാലാവസ്ഥ കാരണമാണ് ഇവിടെ ഇത്രയധികം റോസകൾ വളരുന്നത്. 1995 ൽ ഈ ഗാർഡൻ സ്ഥാപിക്കുമ്പോൾ 1919 തരത്തിലുള്ള റോസാ ചെടികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നിവിടെ ഏകദേശം 3600 ൽ അധികം വെറൈറ്റികൾ കാണാൻ സാധിക്കും.
ടീ റോസ്, ക്യാക്റ്റസ് റോസ്, മിനിയേച്ചർ റോസ്, ബ്ലാക്ക് റോസ്, ഗ്രീൻ റോസ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയാണ് ഇവിടെ പ്രവേശനം.
#ഊട്ടി_ലേക്ക് (തടാകം): ഏകദേശം 65 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഊട്ടി ലേക്ക് ഊട്ടിയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങളിലൊന്നാണ്. നീലഗിരി മലനിരകൾക്കു താഴെയായി, താഴ്വരകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഊട്ടി തടാകം പച്ചപ്പിനാൽ പൊതിഞ്ഞു നിൽക്കുന്ന ഇടമാണ്. 1824 ൽ ജോൺ സള്ളിവൻ എന്ന ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിലാണ് ഈ കൃത്രിമ തടാകം നിർമ്മിക്കുന്നത്. ഇന്ന് ഊട്ടിയിലെ പ്രധാന വിനോദ സഞ്താര സ്ഥാനങ്ങളിലൊന്നാണ്.
#പൈക്കര_ലേക്ക് : ഊട്ടിയിൽ നിന്നും ഏകദേശം 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പൈകര. ഇവിടുത്തെ തോഡ വിഭാഗത്തിൽ പെട്ട ആളുകൾ ഏറെ വിശുദ്ധമായി കണക്കാക്കുന്ന പൈക്കര തടാകം കാടിനാൽ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. പൈകാര ഫാള്‍സ് എന്ന പേരില്‍ ഇവിടെ ഒരു വെള്ളച്ചാട്ടവും ഉണ്ട്. വിവിധ സീരിസുകളായി ആറു കിലോമീറ്ററോളം ദൂരത്തിലാണ് ഈ വെള്ളച്ചാട്ടം ഉള്ളത്. അവസാനത്തെ രണ്ടെണ്ണം 55 മീറ്റര്‍ ഉയരത്തില്‍ നിന്നും 61 മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. ഇവിടെ ബോട്ടിങ്ങിനു സൗകര്യം ഉണ്ട്.
രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടെ പ്രവേശനം.
#ഡൊഡ്ഡബെട്ടാ_പീക്ക് : ഊട്ടിയുടെ ഉയരത്തിലുള്ള കാഴ്ചകൾ കണ്ട് ആസ്വദിക്കുവാൻ പറ്റിയ ഇടമാണ് ഡൊഡ്ഡബെട്ടാ പീക്ക്. നീലഗിരിയിലെ ഏറ്റവും ഉയരത്തിലുള്ള കുന്നായ ഇവിടം ട്രക്കിങ്ങിനു പറ്റിയ ഇടം കൂടിയാണ്. ഊട്ടിയില്‍ നിന്നും 9 കിലോമീറ്റർ അകലെ കോട്ടഗിരി റോഡരുകിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ആനമുടിയും മീശപ്പുലിമലയും കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുപ്പമേറിയ പർവ്വതം കൂടിയാണിത്.
ആകാശക്കാഴ്ചകൾക്കായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന ടെലസ്കോപിക് ഹൗസാണ് മറ്റൊരു ആകർഷണം.
#ഷൂട്ടിങ്_പോയന്റ് : വാഗമണ്ണിലെ മൊട്ടക്കുന്നുകളോട് സാമ്യമുള്ള ഊട്ടിയിലെ സ്ഥലമാണ് ഷൂട്ടിങ്ങ് പോയന്റ്. വിവിധ ഭാഷകളിലെ ഒട്ടേറെ സിനിമകളുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണിത്. ഷൂട്ടിങ് മേട് എന്നും ഇവിടം അറിയപ്പെടുന്നു. വൈകുന്നേരങ്ങൾ കുടുംബവുമായി ഒന്നിച്ചിരിക്കുവാനും വിനോദ യാത്ര സംഘങ്ങൾക്കും മറ്റും ഒന്ന് റിലാക്സ് ചെയ്യാനുമായാണ് കൂടുതലും ആളുകൾ ഇവിടെ എത്തുന്നത്.
#സെന്റ്_സ്റ്റീഫൻസ്_ചർച്ച് : ഊട്ടി അപ്പർ ബസാർ റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് സ്റ്റീഫൻസ് ചർച്ച് നീലഗിരിയിലെ തന്നെ ഏറ്റവും പഴക്കമുള്ള ദേവാലയങ്ങളിലൊന്നാണ്. 19-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം തുടക്കത്തിൽ ബ്രിട്ടീഷുകാർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് 1831 ൽ പൊതുജനങ്ങൾക്കും തുറന്നു കൊടുത്തു. ടിപ്പു സുൽത്താന്റെ ശ്രീരംഗപട്ടണത്തു നിന്നും കൊണ്ടുവന്ന തടകളാണ് ഇതിന്റെ നിർമ്മാണത്തിനായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഒട്ടേറെ പെയിന്റിംഗുകളും കൊത്തുപണികളും ചിത്രപ്പണികളുള്ള ജനാലകളും ഒക്കെ ഇവിടെ കാണാം.
#ടീ_മ്യൂസിയം : തേയിലത്തോട്ടങ്ങൾക്കും നീലഗിരി പർവ്വത നിരകൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഊട്ടി ടീ മ്യൂസിയം ഊട്ടിയിൽ മറക്കാതെ സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. തേയില ഇലയിൽ നിന്നും തേയില പൊടിയിലേക്ക് എത്തുന്നതുവരെയുള്ള കാര്യങ്ങൾ ഇവിടെ കാണാം.
#വാക്സ്_വേൾഡ്_മ്യൂസിയം : പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് വാക്സ് വേൾഡ് മ്യൂസിയം. ശ്രീജി ഭാസ്കരൻ എന്നു പേരായ ഒരു ഐടി പ്രൊഫഷണലാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളും ദേശീയ നേതാക്കളുമാണ് ഇവിടെ ഇടം പിടിച്ചിരിക്കുന്നവർ. ഇതു കൂടാതെ ജനങ്ങളുടെ വ്യത്യസ്ത ജീവിത ശൈലികളും മെഴുകു പ്രതിമകളുടെ രൂപത്തിൽ കാണാം.
ഊട്ടി ഇന്ന് മറ്റു സ്ഥലങ്ങളുമായി നല്ല പൊലെ ബന്ധപ്പെട്ടിരിക്കുന്നു. ചെന്നൈയിൽ നിന്ന് 535 കി.മി.റോഡ് മാർഗ്ഗം സേലം വഴി ഇവിടേക്ക് എത്തിച്ചേരാം. മേട്ടുപ്പാളയത്തിൽ നിന്ന് കോത്തഗിരി വഴിയോ നേരിട്ടോ ഊട്ടിയിലേക്ക് റോഡ് ഉണ്ട്. കോത്തഗിരിയിൽ നിന്ന് കുണൂർ വഴിയും ഊട്ടിയിലേക്ക് റോഡ് നിലവിൽ ഉണ്ട് (8 കി.മീ.). കോയമ്പത്തൂരിൽ നിന്നും 89 കി.മീ. ആണ് ഊട്ടിയിലേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് 187 കി.മീ. ദൂരം വരുന്ന റോഡ് ഉണ്ട്. മൈസൂർ നിന്നും ഗുഡല്ലൂർ വഴിയും (155 കി.മീ) ഉട്ടിയിലേക്ക് വരാം. ഈ വഴി അല്പം ദുർഘടം പിടിച്ചതും താറുമാറായതുമാണ്. അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് 236 കി.മീ. ദൂരമാണ് ഉള്ളത്. ഊട്ടിയിലെ റോഡുകൾ ടാറിട്ടതും നന്നായി സംരക്ഷിക്കപ്പെട്ടവയുമാണ്. ഇവയുടെ മേൽനോട്ടം നീലഗിരി മുനിസിപ്പാലിറ്റിയാണ് നടത്തുന്നത്. വിനോദസഞ്ചാരികളിൽ നിന്ന് ഈടാക്കുന്ന നികുതിയിൽ നിന്ന് ഒരു നിശ്ഴിത ശതമാനം മരാമത്തു പണികൾക്കായി നീക്കി വച്ചിരിക്കുന്നു.
മേട്ടുപ്പാളയത്തിൽ നിന്നുള്ള നീലഗിരി മൗണ്ടൻ റെയിൽ ആണ് ഊട്ടിയിലേക്കുള്ള റെയിൽപ്പാത. ഇത് മീറ്റർഗേജ് ആണ്. പൽച്ചക്രം ഉപയോഗിച്ച് കയറ്റം കയറുന്ന പാതയും വണ്ടിയും (റാക്ക് റെയിൽവേ) ഇന്ത്യയിൽ ഇവിടെ മാത്രമാണ് ഉള്ളത്. 1891-ൽ തുടങ്ങി 1908-ൽ പൂർത്തിയാക്കിയ ഇതിന്റെ നിർമ്മാണം ബ്രിട്ടീഷ് നിർമ്മാണ വിദഗ്ദ്ധരാണ് നിർവ്വഹിച്ചത്. ഈ തീവണ്ടിയുടെ ആവി എൻജിൻ സ്വിറ്റ്സർലാന്റിലെ വിന്റർത്തുരിൽ നിർമ്മിച്ചതാണ്.ലോക പൈതൃക സ്മാരകങ്ങളിലൊന്നായി ഇതിനേയും ഡാർജിലിങ്ങിലെ ഹിമാലയൻ റെയിൽവേയേയും യുനെസ്ക്കോ തിരഞ്ഞെടുത്തിട്ടുണ്ട് . മേട്ടുപ്പാളയം പിന്നിട്ട് കുറച്ചു ദൂരം കഴിഞ്ഞാൽ ഈ സംവിധാനം ഉപയോഗിച്ചാണ് വണ്ടി മല കയറുന്നത്. ഇത്രയും ദൂരം വളരെപ്പഴക്കം ചെന്ന ആവി എൻജിൻകൊണ്ടാണ് വണ്ടി ഓടുന്നത്. കൂനൂർ എത്തുംവരെ ഈ രീതിതുടരുന്നു. കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ തീവണ്ടിയാത്ര ദൃശ്യ മനോഹരമായ ഒന്നാണ്. ഇന്ന് മറ്റു മാർഗ്ഗങ്ങളിലൂടെ എളുപ്പം ഊട്ടിയിൽ എത്താമെങ്കിലും വളരെയധികം സന്ദർശകർ ഇതിന്റെ പ്രത്യേകതമൂലം ഈ തീവണ്ടിയിലാണ് ഊട്ടിയിൽ എത്തുന്നത്.
വിവരങ്ങൾക്ക് കടപ്പാട് – ദീനദയാൽ വി.പി.(യാത്രികൻ ഗ്രൂപ്പ്), വിക്കിപീഡിയ. Photos – Respective Owners.