ഹൈറേഞ്ചുകാരുടെ സ്വന്തം പാറേക്കര മോട്ടോർ സർവ്വീസിൻ്റെ കഥ

എറണാകുളം ജില്ലയിലെ പ്രധാന സ്വകാര്യ ബസ് കമ്പനി ആയിരുന്നു PMS. പാറേക്കര മോട്ടോർ സർവ്വീസ് എന്നായിരുന്നു PMS ന്റെ മുഴുവൻ പേര്. ഇരുപത്തഞ്ചിലേറെ ഹൈറേഞ്ച് സർവീസുകളാണ് ഇവർക്ക് പല റൂട്ടുകളിലായി ഉണ്ടായിരുന്നത്. ബസ് സർവീസുകൾ കൂടാതെ ഇവർക്ക് സ്വന്തമായി ബസ് ബോഡി ബിൽഡിങ് വർക്ക്ഷോപ്പും ഉണ്ടായിരുന്നു.

ഇടുക്കി ജില്ലയിലെ മലയോര പ്രദേശങ്ങളായ അടിമാലി, മുന്നാർ, കോവില്ലൂർ, കാന്തല്ലൂർ, രാജാക്കാട്, കുമളി, ബൈസ്സൺവാലി എന്നിവടങ്ങളിലേക്ക് ആയിരുന്നു PMS കൂടുതൽ സർവ്വീസുകൾ നടത്തിയിരുന്നത്. ഇന്ന് ഹൈറേഞ്ച് റൂട്ട് വഴുന്നത് KSRTC ആണെങ്കിലും PMS എന്ന ഈ നാമം അങ്ങനെ വേഗത്തിൽ മറക്കാൻ സാധിക്കില്ല. അതുകൊണ്ടു തന്നെയാണ് ചില പെർമിറ്റുകളിൽ ഇപ്പോഴും ആ പേര് നില നിൽക്കുന്നതും.

ഹൈറേഞ്ച് റൂട്ടുകളിൽ വിരലിൽ എണ്ണാവുന്ന KSRTC കൾ ഉണ്ടായിരുന്ന സമയത്താണ് PMS, PPK, NMS, Sangamam തുടങ്ങി അനേകം ബസ് ഓപ്പറേറ്റർമാർ സർവീസുകൾ തുടങ്ങിയത്. ധാരാളം കടുത്ത പ്രതിസന്ധികൾ എല്ലാ സർവീസുകളും അക്കാലത്ത് നേരിട്ടിട്ടുണ്ട്. കോവിലൂർ റൂട്ടിലോടിയിരുന്ന PMS പണ്ടുകാലത്ത് ടോപ് സ്റ്റേഷൻ മുതൽ ചെളിയിലുടെയാണ് ഓടിയിരുന്നത്. കാന്തല്ലൂർ പോകുന്ന വഴി പയസ് നഗറിലെ വളവുകൾ മുന്നും നാലും തവണ റിവേഴ്സ് എടുക്കുന്നതും പുലർച്ചെ ടൈറ്റ് ലോഡുമായി കഷ്ടപ്പെട്ടു കയറി വരുന്നതുമൊക്കെ ഇന്നും മനസ്സിൽ നിന്ന് മായാത്ത കാഴ്ചകളാണ്.

ആദ്യ കാലത്ത് കല്ലാർ വഴി മുന്നാറിനും, കുഞ്ചിത്തണ്ണി വഴി രാജാക്കാടിനായിരുന്നു കൂടുതൽ സർവീസുകളും. പിന്നീട് ആനച്ചാൽ വഴിയും പൊൻമുടി വഴിയും PMS ഓടിത്തുടങ്ങി. കോവിലൂർ പ്രദേശത്തെ കൃഷി വിളകൾ എറണാകുളം എത്തിക്കുന്നതിലും ഇവന്റെ പങ്ക് അതു വലുതായിരുന്നു.

ഇടുക്കി ജില്ലയിലെ സാധാരണക്കാർക്ക് പിഎംഎസ് വെറുമൊരു ബസ് മാത്രമായിരുന്നില്ല. അതിലെ ജീവനക്കാർ ബസിലെ പണിക്കാരും മാത്രമായിരുന്നില്ല. അവർ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയായിരുന്നു. അവർ വണ്ടിപ്പണിക്കാരുടെ കൈവശം മരുന്നുകൾ കൊടുത്തുവിട്ടു. നാട്ടിലില്ലാത്ത ബന്ധുക്കൾക്ക് ഒരുപൊതി ഏലയ്ക്കാ കൊടുത്തുവിട്ടു. എല്ലാം എത്തേണ്ടിടത്ത് കൃത്യമായി എത്തി. പണിക്കാർ തങ്ങളെ ഏൽപിച്ച ദൗത്യം ഭംഗിയായി നിർവഹിച്ചു. അങ്ങനെ പിഎംഎസ് എന്ന മൂന്നക്ഷരങ്ങൾക്ക് മറ്റൊരു നിർവചനം കൂടി അവർ ചാർത്തി. പോസ്റ്റ് മെയിൽ സർവീസ്.

ഹൈറേഞ്ച് റൂട്ടുകളിലെ ആദ്യകാല ഫാസ്റ്റ് പെർമിറ്റുകൾ PMS സിന്റെ പേരുകളിലായിരിക്കും. അതിൽ പ്രധാനിയായിരുന്നു കോട്ടയം – രാജാക്കാട് FP. KLE 7475 എന്ന കടും ചുവപ്പ് നിറത്തിലുള്ള ഗ്ലാസ് വണ്ടി ഈ പെർമിറ്റിലെ പ്രധാനിയായിരുന്നു. ഇന്നത്തെ റോഡിന്റെ സ്പീഡ് അന്ന് കിട്ടില്ലെങ്കിലും കോതമംഗലം – തൊടുപുഴ ഒരു മണിക്കൂർ കൊണ്ട് PMS ഓടിയെത്തുമായിരുന്നു. ഒരിക്കലും മുടക്കാറില്ലാത്ത സർവ്വീസ് ആയിരുന്നു ഇത്.

അതുപോലെ തന്നെ വണ്ടിയുടെ എല്ലാ ജോലികളും അറിയാവുന്നവരായിരുന്നു PMS ലെ ജീവനക്കാർ. യാത്രയ്ക്കിടയിൽ എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ മാറ്റുന്നതിനായി അഡീഷണൽ ആക്‌സിൽ വരെ പുറകിലായി കെട്ടിവെച്ചായിരുന്നു PMS സർവ്വീസ് നടത്തിയിരുന്നത്. വണ്ടിക്ക് എന്തെങ്കിലും പണി ഉണ്ടെങ്കിൽ കോതമംഗലത്ത് നിന്ന് പണിക്കാരെ കയറ്റി രാത്രി കോട്ടയത്ത് ചെന്ന് പണിയും.

2000 ത്തിൽ PMS കോട്ടയം – രാജാക്കാട് സർവ്വീസ് നിർത്തി. പിന്നാലെ ഒരുപാട് സർവ്വീസുകൾ ഇതേപോലെ PMS നിർത്തുകയാണുണ്ടായത്. 2015 ഓടെ അവസാനത്തെ സർവ്വീസും വിട്ടുകൊണ്ട് PMS നിരത്തിൽ നിന്നും എന്നെന്നേക്കുമായി വിടവാങ്ങി. കെഎസ്ആർടിസിയുടെ കടന്നുകയറ്റവും, നഷ്ടക്കണക്കുകളും തുടങ്ങി സാധാരണയായി ബസ് ഓപ്പറേറ്റർമാർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ തന്നെയായിരുന്നു PMS നെയും ബാധിച്ചത്.

വർഷങ്ങളായി സർവ്വീസ് നടത്തി പേരെടുത്ത PMS ബസുകൾ എന്നെന്നേക്കുമായി നിർത്തിപ്പോയത് യാത്രക്കാർക്ക് വലിയ നഷ്ടം തന്നെയാണ്. മായാത്ത ഓർമകൾ സമ്മാനിച്ചു PMS ഓർമ്മകളിലേക്ക് ഒളിച്ചിട്ട് നാളുകൾ കഴിഞ്ഞു. ഇടുക്കിയുടെ മണ്ണിൽ ബസ് സർവീസിനു ചുക്കാൻ പിടിച്ച PMS ന്റെ പിൻവാങ്ങൽ പത്രങ്ങളിൽ വരെ വാർത്ത ആയിരുന്നു. അത്രമേൽ ഉണ്ടായിരുന്നു PMS നു ഇടുക്കിയിൽ ജനസമ്മതി. PMS ന്റെ പെർമിറ്റുകളിൽ സർവീസ് നടത്തുന്ന ഓപ്പറേറ്റർമാർ ഇന്നും ആ പേര് നെറുകയിൽ സൂക്ഷിക്കുന്നു.

കടപ്പാട് – ബേസിൽ ബാബു, Private Bus Kothamangalam, Private Bus Kerala.